Saturday 7 January 2017

യാ അല്ലാഹ്! - 3

യാ അല്ലാഹ്!
എന്നുമ്മ തൻ ഗർഭാശയത്തിൽ 
ഒരിളം തുടിപ്പായി ഞാനുയിർകൊണ്ടത് 
നിൻ ഹിതമായിരുന്നു. 
 ശൈശവത്തിൽ കണ്ണിണകളിൽ നിറഞ്ഞ നിദ്ര
നീ തന്നതായിരുന്നു.
ഉറങ്ങുന്ന കുഞ്ഞിന്റെ ചുണ്ടിളം പുഞ്ചിരി
നിന്റെ സമ്മാനമായിരുന്നു.
ഓരോ ചുവടുവെയ്പിലും തരളനിഗൂഢമായ്
നിറഞ്ഞു നിന്നത് നിന്റെ ജീവനസ്പർശം.
എന്റെ ബോധത്തിലീ ബോധ്യത്തിൻ ദീപം
കൊളുത്തിവെച്ചതും റബ്ബീ നീ തന്നെ.
ചിത്തത്തിലേക്കാണു നിൻ നോട്ടമെന്നറിഞ്ഞു
ചിന്തകൾ മിഥ്യകളിൽ നിന്നകറ്റി നിർത്താം,
സർവാംഗങ്ങളും നിനക്കു വിധേയമെന്നറിഞ്ഞു
സദാ വെടിപ്പായി കാത്തു കൊള്ളാം,
നിൻ ശക്തിയാണെൻ കർമശേഷിയെന്നറിഞ്ഞു
കരണചരണങ്ങൾ നിർമലമാക്കി വെക്കാം.
മറ്റൊന്നുമില്ലെന്റെ മാനത്തൊരു പൂതി മാത്രം,
നിൻ ദർശനത്തിനുൻമാദ ലഹിരിയിലലിയണം.



യാ അല്ലാഹ് - 2

യാ അല്ലാഹ്
നിന്നെ വർണിക്കാൻ മോഹിച്ചിരുന്നു ഞാൻ.
വാക്കുകൾ നാവിൻ തുമ്പോളമെത്തിയിട്ടും
പെയ്യാമഴയായി മാഞ്ഞു പോയി.
വിഭോ, എൻ പാഴ്ശ്രമങ്ങളെ പഴിച്ചു
പകലിരവുകൾ ചിരിയലകളുതിർക്കയാൽ
ഭ്രമിച്ചു പോയെൻ വാക്കുകൾ
ചങ്കിൽ ശിലയായുറച്ചു നിന്നു.
ഇനിയീ പ്രപഞ്ച വിസ്മയത്തിൽ നീ നിറച്ച
നിഗൂഢ സംഗീതത്തിനു കാതോർക്കട്ടെ ഞാൻ.
കിളികൂജനങ്ങളുടെ സംഗീതലഹരിയിൽ
നീലനഭസ്സിൽ സുവർണരാജി പരന്നു.
കടലിലും കരയിലും നിറഞ്ഞ ധവളപ്രഭ
ഈ സംഗീതത്തിന്റെ ഉജ്ജ്വല മുദ്ര.
ആർദ്രമീ സ്നേഹഗീതത്തിന്റെ ദിവ്യധാര
തടശ്ശിലകൾ തകർത്തു പ്രവഹിച്ചതാണു സമുദ്രം.
നിതാന്തമായി നിൻ കീർത്തനങ്ങൾ വാഴ്ത്തി അലകടലും സദാ തിരച്ചാർത്തുയർത്തി.
അഴകിന്റെ പുഷ്പകങ്കണങ്ങൾ നിവർത്തിവിരിച്ചു
പൂങ്കാവനങ്ങളും നിന്നെ വർണിച്ചു രസിച്ചു.
ഉലകിലാകെ വ്യാപരിക്കുമീ ലഹരിയിൽ
ഉൻമത്തനായ് നിന്നിലലിയാൻ കൊതിപ്പൂ ഞാൻ.
എന്നിട്ടുമെന്റെ മാനത്തു മാത്രം വർണരാജി വിരിഞ്ഞില്ല,
എന്റെ തംബുരു മാത്രം ശ്രുതി മീട്ടിയില്ല,
എന്റെ വാക്കുകൾ മാത്രം ഗാനമായ് തീർന്നില്ല,
എന്നാണെന്റെ ഹൃദയതന്ത്രികളിൽ
നിർവൃതിയുടെ സ്വരലയങ്ങളുതിരുക?

യാ അല്ലാഹ് -1


യാ അല്ലാഹ്
പാടുവാനങ്ങ് കല്പിച്ചാൽ 
അഭിമാനഗർവത്തോടെ പാടാം
കടൽ താണ്ടി വരുന്ന കാറ്റിനെ പോലെ 
ശ്രുതി താളങ്ങളുടെ ചിറകു വിതിർക്കാം
കുന്നും മലയും താണ്ടി ആനന്ദത്തിന്റെ
അതിരറ്റ അവാച്യസ്വരങ്ങളുതിർക്കാം
ഹർഷലഹരിയിൽ സ്വയം മറന്ന്
നിത്യനവങ്ങളായ രാഗങ്ങൾ ഊതിയുണർത്താം
കൈക്കുടം നിറയ്ക്കാൻ പാരിതോഷികം വേണ്ട;

കണ്ണും ഖല്‍ബും നിറഞ്ഞുന്‍മത്തനായ്
നിന്നെയൊന്നനുഭവിച്ചു കണ്ടാല്‍ മതി.