Showing posts with label ചരിത്രം. Show all posts
Showing posts with label ചരിത്രം. Show all posts

Wednesday, 22 June 2016

നബിയേ...! അവന്‍ മരിച്ചു വീണിരിക്കുന്നു!!

Muhammad Sajeer Bukhari's photo.


ഹിജ്റ രണ്ടാമാണ്ട് റമളാന്‍ പതിനേഴിനാണ് യുദ്ധം നടന്നത്. പതിനാലു പേരാണ് യുദ്ധത്തില്‍ ശഹീദായത്. മുഹാജിറുകളില്‍ നിന്ന് ആറും അന്സ്വാറുകളില്‍ നിന്ന് എട്ടും. ഈയിടെ ബദ്ര്‍ രണാങ്കണം സന്ദര്ശി ച്ചിരുന്നു. അവിടെ ശുഹദാഇന്‍റെ നാമം എഴുതിവെച്ചിട്ടുണ്ട്.

മുഹാജിറുകളില്‍ നിന്ന് ഉമൈര്‍ ബിന്‍ അബീവഖാസ്, ഉബൈദതുബ്നുല്‍ ഹാരിസ്, ദുശ്ശിമാലൈന്‍, ആഖിലു ബ്നുല്‍ ബുകൈര്‍, മഹ്ജഅ്, സ്വഫ്വാന്‍ ബിന്‍ ബൈളാഅ് എന്നിവരാണ് ശഹീദായത്. ചില ചരിത്രകാരന്മാര്‍ മറ്റു ചില പേരുകളും പറയുന്നുണ്ട്.

ഹാരിസ ബിന്സുറാഖ, സഅ്ദ്ബിന്ഖൈസമ, മുബശ്ശിര്‍ ബ്ന്‍ അബ്ദില്‍ മുന്‍ദിര്‍, യസീദ്ബിന്ഹാരിസ്, ഉമൈര്‍ ബ്നുല്‍ ഹമാം, റാഫിഉ ബ്നുല്‍ മുഅല്ലാ, ഔഫ്ബിന്ഹാരിസ്, മുഅവ്വിദ്ബിന്ഹാരിസ് എന്നിവരാണ് അന്സ്വാറുകളായ ശുഹദാക്കള്‍.

ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഉമൈര്‍ ബിന്‍ അബീ വഖാസ്(റ) ആയിരുന്നു. പതിനാറ് വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. തിരുനബി സ്വ. ബദ്റിലേക്ക് പുറപ്പെടാനുള്ള സംഘത്തെ തയ്യാറാക്കുകയാണ്. കൂട്ടത്തിലൊരാള്‍ തന്‍റെ കണ്ണില്‍ പെടാതെ ഒളിഞ്ഞു നില്ക്കുന്നത് അവിടത്തെ ശ്രദ്ധയില്‍പെട്ടു. ഉമൈറായിരുന്നു അത്. കുട്ടികളാണെന്ന് തോന്നിയാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും തിരിച്ചയക്കപ്പെടുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, രക്തസാക്ഷിയാവാനുള്ള അടങ്ങാത്ത മോഹം ഉമൈറിനെ പിന്തിരിപ്പിച്ചില്ല. അദ്ദേഹത്തെ തിരിച്ചറിഞ്ഞ മുത്തുനബി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഉമൈര്‍ പൊട്ടിക്കരഞ്ഞു. ഉമൈറിന്‍റെ ആവേശവും ആത്മഅര്‍ത്ഥയും മനസ്സിലാക്കിയ തിരുമേനി അവസാനം സമ്മതം മൂളുകയായിരുന്നു.

ബദ്റിലെ ആദ്യത്തെ രക്തസാക്ഷി ഹാരിസ ബിന്‍ സുറാഖയാണ്. അദ്ദേഹം ശഹീദായ വാര്‍ത്ത കേട്ട് അവരുടെ മാതാവ് റബീഅ തിരുനബിയുടെ സമീപത്ത് ഓടിയെത്തി: "നബിയേ...! ഞാന്‍ എന്‍റെ പുത്രനെ എത്രയധികം സ്നേഹിക്കുന്നുവെന്ന് അങ്ങേക്കറിയാമല്ലോ. അവന്‍ മരിച്ചു വീണിരിക്കുന്നു. അവന്‍ ഇതോടെ സ്വര്‍ഗാവകാശിയായിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്നായി അവനെ അര്‍പ്പിക്കാനായതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അല്ലാത്തപക്ഷം, ഞാന്‍ ചെയ്യാന്‍ പോകുന്നത് താങ്കള്‍ കാണേണ്ടിവരും."
മുത്തുനബി പ്രതികരിച്ചു: "സ്വര്‍ഗം ഒന്നല്ല, പലതാണ്. അവയില്‍ ഏറ്റവും ഉന്നതമായ ഫിര്‍ദൌസിലാണ് ഹാരിസയുടെ സ്ഥാനം."
അത് കേട്ട ആ ധീരമാതാവ് സന്തോഷത്തോടെ തിരിച്ചുപോയി, അവരുടെ നയനങ്ങള്‍ സന്തോഷാശ്രു പൊഴിക്കുന്നുണ്ടായിരുന്നു

"ശഹീദായവര്‍ക്കെല്ലാം ഇറയ്ഹന്നാനെ
ശറഫാല്‍ വഴങ്ങ് നിന്‍ രിള മന്നാനെ
വഹബാല്‍ തുലയ്ക്ക് എന്‍റെ മുറാദും ദയ്നാ
ഒക്കാ ബിഹഖിഹിം ഉനയ്ക്കുള്‍ ഔനാല്‍"

Tuesday, 21 June 2016

ഓര്‍മകളില്‍ ബളര്‍ക്കൊടി മൂണ്ടെണ്ണം



ഇന്ന്‍ബദ്ര്‍ദിനം,
ലോക ചരിത്രം എക്കാലത്തും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്ന വിസ്മയമാണ് ബദ്ര്‍ യുദ്ധം. പൂര്‍ണ നിരായുധരും നിസ്സഹായരുമായ ഒരു ചെറുസംഘം സര്‍വായുധ സജ്ജരായി യുദ്ധഭേരി മുഴക്കിവന്ന അലകടലിനു മീതെ വിജയകാഹളം മുഴക്കിയ ഐതിഹാസിക പോരാട്ടത്തിന്‍റെ സ്മരണ. ആയുധമല്ല, വിശ്വാസമാണ് ശക്തി എന്നു തെളിയിച്ച സമരമുഖം.

ഓര്‍മകളില്‍ തിരുനബിയും സഹചരും ബദ്റിലേക്ക് പുറപ്പെടുന്ന രംഗം തെളിയുന്നുണ്ട്:
                  "ബദ്‌റുല്‍ ഹുദാ യാസീനന്നബി ഖറജായന്നേരം
                    ബളര്‍ക്കൊടി മൂണ്ടെണ്ണം കെട്ടിടയതിലുണ്ടെ- അബ്‌യള്
                    വര്‍ണമതാം ഫിന്‍രണ്ടും അസ്‌വദുമാമേ..."


അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ ആയുധ വിഭൂഷിതരായി അണിഞ്ഞൊരുങ്ങിയാണ് ശത്രുവ്യൂഹം വന്നത്: "പുറപ്പെട്ട ബുജാഹിലുടന്‍ കിബര്‍ പൊങ്കിയെളുന്ത ലിബാസ് ചമയ്ന്ത്..." കത്തിക്ക് മൂര്‍ച്ചയുണ്ട്, കുന്തത്തിനു മുനയുണ്ട്, വാള്‍ത്തല മിനുങ്ങുന്നുണ്ട്.... എന്നിട്ടും അവര്‍ തോറ്റു. കാരണം അപ്പുറത്തെ ആയുധം അല്ലാഹു അഹദ് എന്ന വിശുദ്ധ മന്ത്രണമാണ്.

ബദ്റിന്‍റെ ഓരോ രംഗവും ലോകത്തെവിടെയുമുള്ള മുസ്‌ലിം സമൂഹത്തിനു സര്‍വത്ര പാഠമാണ്. കേരളത്തില്‍ അമുസ്‌ലിം സഹോദരങ്ങളുടെ നാക്കിന്‍ തുമ്പത്തു പോലും ആ രണഭേരിയുടെ തപ്തസ്മരണകള്‍ നിലനിര്‍ത്താന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ടിനു സാധിച്ചിട്ടുണ്ട്:
                 
               "പുടവി കിടുകിട നെടിയെ നെടില്‍കളും
                ചൊടിയെ മുതുകിട ചമയം സമനെടു
                കുടവെ ഇടയിട ചിലര്‍കള്‍ കയറയും
               ഇടയില്‍ നട നട പുനവെ വരിവരി
     വരികള്‍ തിക്കുവതായും - ഇടയില്‍ നിക്കുവതായും
     വരുവര്‍ ഒക്കുവതായും - അണികള്‍ ഇപ്പടിതായം"

അല്ലാഹുവില്‍ വിശ്വസിക്കുക. അവന്‍റെ സഹായമാണ് വലുത്. ബദര്‍ ല്‍കുന്ന ഏറ്റവും നല്ല പാഠമാണിത്. ഖുര്‍ആന്‍ പറഞ്ഞു: “ഉറപ്പാണ്, ബദ്റില്‍ അല്ലാഹുനിങ്ങളെ സഹായിച്ചിരിക്കുന്നു. സത്യത്തില്‍ നിങ്ങള്‍ ദുര്‍ബലരായിരുന്നു.” (ആലു ഇംറാന്‍)

അസ്ഹാബുല്‍ ബദ്റിന്‍റെ സഹായം തന്നു അല്ലാഹു നമ്മെയും അനുഗ്രഹിക്കട്ടെ
                 "ബെല്ലാന്‍ ബദ് രീങ്കള്‍ സഹബോര്‍ ഹഖാല്‍
                  വീട്ടെന്‍ ദുയൂന്‍ ഇഹ്സില്‍ മുറാദും മിക്കാ
                  ചൊല്ലും ഫിഅ്ല്‍ കേള്‍വി നള്റാല്‍ വന്തേ
                  ദോഷം അടങ്കലും പൊറുത്തീടള്ളാ..."

Sunday, 19 June 2016

ഖുതുബുസ്സമാന്‍ മമ്പുറം തങ്ങള്‍






ശൈഖ്‌ ജിഫ്രി തങ്ങളുടെ (മരണം ഹി . 1222 ദുല്‍ഖഅദു 8) സഹോദരി സയ്യിദത്ത്‌ ഫാത്വിമ ജിഫ്രിയുടെയും സയ്യിദ്‌ മുഹമ്മദ്‌ബ്നു സഹ്ല്‍ മൌലദ്ദവീലയുടെയും മകനായി ഹി.1166 ദുല്‍ഹജ്ജ് 23 ന് ഹളര്‍മൌതിലെ തരീം പ്രദേശത്ത് ജനിച്ചു.

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചു. ഹി.1183 ല്‍ അമ്മാവന്മാരായ ശൈഖ്‌ ജിഫ്രിയെ (ഖബര്‍ കോഴിക്കോട്‌ ജിഫ്രി ഹൌസ്) കാണാനും ശൈഖ്‌ ഹസന്‍ ജിഫ്രിയെ (ഖബര്‍ മമ്പുറം മഖാമിനുള്ളില്‍) സിയാറത്ത്‌ ചെയ്യാനും വേണ്ടിയാണ് മലബാരിലെത്തിയത്.

തന്‍റെ മകളെ സഹോദരിപുത്രനായ സയ്യിദ്‌ അലവിക്ക് വിവാഹം ചെയ്തു കൊടുക്കണമെന്നും അദ്ദേഹം ഇവിടെ വരുമെന്നും ഹസന്‍ ജിഫ്രി പറഞ്ഞിരുന്നു. സയ്യിദ്‌ ഹസന്‍ ജിഫ്രിയുടെ വസിയ്യത്ത് പോലെ തന്നെ സയ്യിദ്‌ അലവി തങ്ങള്‍ ഹസന്‍ ജിഫ്രിയുടെ മകള്‍ ഫാത്വിമയെ വിവാഹം ചെയ്തു.ഈ ബന്ധത്തില്‍ രണ്ട് കുട്ടികള്‍ ജനിച്ചു.

ഫത്വിമയുടെ മരണ ശേഷം മമ്പുറം തങ്ങള്‍ കൊയിലാണ്ടിയിലെ അമ്പക്കാന്‍റെകത്ത്‌ അബൂബക്കര്‍ മദനിയുടെ പുത്രി ഫാത്വിമയെ വിവാഹം ചെയ്തു.ഈ ബന്ധത്തിലാണ് സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്. മഹാനായ വെളിയങ്കോട് ഉമര്‍ ഖാസി മമ്പുറം തങ്ങളുടെ സ്നേഹിതനും മുരീദുമായിരുന്നു.ഉമര്‍ ഖാസി ജയിലില്‍ നിന്ന് മമ്പുറം തങ്ങള്‍ക്കയച്ച കത്ത്‌ പ്രസ്താവ്യമാണ്.

നിരവധി കറാമതുകളുടെ ഉടമയായിരുന്ന മമ്പുറം തങ്ങള്‍ പല ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലും പങ്കെടുത്ത് നേത്രത്വം നല്‍കി.അവയില്‍ പ്രധാന പെട്ടതാണ് മുട്ടിയറയിലും ചേറൂരും നടന്നത്. സ്വന്തം കുതിരപ്പുറത്തു കയറി ബ്രിട്ടീഷ്‌ സേനക്ക് നേരെ കുതിച്ച് ശത്രുക്കളെ അരിഞ്ഞുവീഴ്ത്തുകയായിരുന്നു മമ്പുറം തങ്ങള്‍ ചേറൂരില്‍ ചെയ്തത്. മുട്ടിയറയില്‍ പതിനൊന്നും ചേറൂരില്‍ ഏഴും ആളുകള്‍ രക്തസാക്ഷികളായി.

കേരളത്തില്‍ നിരവധി പള്ളികള്‍ മമ്പുറം തങ്ങള്‍ പണി കഴിപ്പിച്ചിട്ടുണ്ട. ഏറനാട്ടിലും, വള്ളുവനാട്ടിലും ‍ മുസ്ലിം കുടുംബങ്ങളില്‍ ജനിക്കുന്ന ആണ്‍കുട്ടികളില്‍ പലര്‍ക്കും ഇന്നും തങ്ങളുടെ പേര്‍ വിളിക്കുന്നതായി കാണാം. ഹി.1260 മുഹറം ഏഴിന് മഹാനായ ആ നേതാവ് ഈ ലോകത്തോട്‌ വിടപറഞ്ഞു.

അല്ലാഹു മഹാനവര്‍കളുടെ ദറജ ഉയര്‍ത്തട്ടെ.
>>>
മമ്പുറം ഖുതുബുസ്സമാനി സയ്യിദലവി തങ്ങളെ
ജാഹ് ബറകത്ത് കൊണ്ട് കാക്ക്‌ റബ്ബേ ഞങ്ങളെ
നല്‍വഴിയില്‍ ആക്കിടേണേ നല്ലവര്‍ പിന്നാലെ
നന്മയേറെ ചെയ്ത് തിന്മ പോക്കിട് ഫള് ലാലെ

Saturday, 18 June 2016

പ്രണയിനി ഉറങ്ങുകയാണെങ്കിലും രാജാവു ഉണര്‍ന്നിരിക്കുകയാണ്




അന്നും പതിവു പോലെ റാബിഅ തഹജ്ജുദും ദിക്റും ദുആയുമായി രാത്രി കഴിച്ചുകൂട്ടി. സുബ്ഹി നിസ്കാരാനന്തരം പതിവു പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അല്‍പം വിശ്രമിക്കാനായി കിടന്നു.

തക്കം നോക്കി മോഷ്ടാവ് അകത്തുകടന്നു. അകത്ത് ഒന്നുംഉണ്ടായിരുന്നില്ല. ആകെകിട്ടിയത് അവരുടെ വസ്ത്രം മാത്രമാണ്. അതെങ്കിലത്, കിട്ടിയതും എടുത്ത് അയാള്‍ വാതിലിനു നേരെനടന്നു. വാതില്‍ കാണാനില്ല. പരതി നിരാശനായപ്പോള്‍ അയാള്‍ വസ്ത്രം മെല്ലെ അവിടെ തന്നെയിട്ടു. അത്ഭുതം! അതാ വാതില്‍ തുറന്നു കിടക്കുന്നു. തക്കത്തിനു വീണ്ടും വസ്ത്രം കയ്യിലെടുത്തു പോകാനൊരുങ്ങി. വീണ്ടും വാതില്‍ കാണാനില്ല. അതേ രീതിയില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു. അപ്പോള്‍ മുറിയുടെ ഒരു കോണില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു: "ആ വസ്ത്രം അവിടെയിട്ടിട്ടു പൊയ്ക്കോളൂ, പ്രണയിനി ഉറങ്ങുകയാണെങ്കിലും രാജാവു ഉണര്‍ന്നിരിക്കുകയാണ്" (റാസി 1/167, ഗറാഇബുല്‍ ഖുര്‍ആന്‍ 1/79)


ജീവിതകാലമത്രയും നിസ്സ്വാർത്ഥമായി അല്ലാഹുവിനെ മാത്രം പ്രണയിച്ചു ആത്മപരിത്യാഗിയായി ജീവിച്ച മഹതിയായിരുന്നു റാബിഅ. ഫലസ്ത്വീനിലെ അവരുടെ ഖബറിടം സന്ദര്‍ശിക്കാന്‍ ഭാഗ്യം എന്നെയും കനിഞ്ഞിട്ടുണ്ട്. മഹതിയെ പോലെ അല്ലാഹുവിന്‍റെ വലയത്തില്‍ സുരക്ഷിതരാവുക.

Friday, 17 June 2016

വെറുമൊരു ആയത്തില്‍ ഉറങ്ങാത്ത രാവ്





യസീദ് ബ്നു ലൈസ് സ്മരിക്കുന്നു:

ഇമാം നിസ്കാരത്തില്‍ إِذَا زُلْزِلَتِ الْأَرْضُ സൂറത്താണ് ഓതിയത്. "ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോള്‍....., ഭൂമി അതിനുള്ളിലെ ഭാരങ്ങള്‍ പുറംതള്ളുമ്പോള്‍...., ഇതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യന്‍ വിലപിക്കുമ്പോള്‍.....," ഇമാമുല്‍ അഅ്ളം അബൂഹനീഫ(റ) പിറകിലുണ്ട്. നിസ്കാരം കഴിഞ്ഞ് ഞാന്‍ നോക്കി. അദ്ദേഹം ചിന്താനിമഗ്നനായി ഇരിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്‍റെ ഗതിവേഗത്തില്‍ മേലനങ്ങുന്നുണ്ട്.


ഏകാഗ്രത നശിപ്പിക്കണ്ട എന്ന്കരുതി ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. വിളക്കില്‍ എണ്ണ കുറവായിരുന്നെങ്കിലും ശ്രദ്ധ തെറ്റിക്കണ്ട എന്നു വിചാരിച്ചു അതും അവിടെ തന്നെ വെച്ചു.


സുബ്ഹിക്കാണ് ഞാന്‍വരുന്നത്. അപ്പോഴും അദ്ദേഹം അവിടെ തന്നെ നില്‍ക്കുന്നുണ്ട്! പരവശനായി സ്വന്തം താടിയില്‍ പിടിച്ചു ഒരേ നിര്‍ത്തം. ഞാന്‍ ശ്രദ്ധിച്ചു, അദ്ദേഹം ദുആ ചെയ്യുകയാണ്: "അണുഅളവ് നന്മ ചെയ്തിട്ടുള്ളവന് നന്മ തന്നെ പ്രതിഫലം കൊടുക്കുന്നവനേ... അണു അളവ് തിന്മ ചെയ്തിട്ടുള്ളവന് അതിന്‍റെ ശിക്ഷയും നല്‍കുന്നവനേ... നുഅ്മാനെ നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ... നിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയില്‍ എനിക്കും ഇടം തരേണമേ..."

ഞാനൊന്നും അറിയാത്ത പോലെ അകത്തു കടന്നു. വിളക്ക്മുനിഞ്ഞു കത്തുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: " വിളക്കെടുക്കാനായി, ല്ലേ?"

" സുബ്ഹി ബാങ്ക് വിളിച്ചിരിക്കുന്നു" എന്ന്ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം: "നീ കണ്ടത് മറച്ചു വെക്കുക, ആരോടും പറയരുത്"


പിന്നീട് അദ്ദേഹം സുബ്ഹിയുടെ സുന്നത്ത് രണ്ടു റക്അത് നിസ്കരിച്ചു. ഇഖാമത്ത് കൊടുക്കുന്നത് വരെ കാത്തിരുന്നു. പിന്നീട് ഞങ്ങളോടൊപ്പം ജമാഅത്തിലും പങ്കെടുത്തു, രാത്രിയുടെ ആദ്യ യാമത്തില്‍ എടുത്ത അതേ വുളുഅ് കൊണ്ട്!!

(താരീഖു ബഅ്ദാദ്13/357, ഉഖൂദുല്‍ ജമാന്‍ 230, ഖൈറാതുല്‍ ഹിസാന്‍ 78)


അല്ലാഹുവേ, അവരുടെ ബറകത്ത് കൊണ്ട് ഞങ്ങളെയും നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ... നിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയില്‍ ഞങ്ങള്‍ക്കും ഇടം തരേണമേ..."

പണയപ്പെടുത്താത്ത ആദര്‍ശവീര്യം



അസ്ലമു ബ്നു സുര്‍അയോട് ആരോ പറഞ്ഞു: മിര്‍ദാസിന്‍റെ അണികള്‍ക്കൊപ്പം നില്‍ക്കില്ലെങ്കില്‍ ഭരണാധികാരിയായ ഉബൈദുല്ലാഹി ബ്നു സിയാദ് നിങ്ങളോട് അരിശം പിടിക്കും”. ഖവാരിജുകളുടെ നേതാവാണ്‌ മിര്‍ദാസ് ബ്നു അദിയ്യ. അസ്ലം പ്രതികരിച്ചു: “പ്രാണന്‍ പോയാലും അവനെന്നില്‍ സംതൃപ്തിപ്പെടുന്നതിനേക്കാള്‍ അവന്‍റെ കോപം പേറി ജീവിച്ചിരിക്കുന്നതാണ് നല്ലത്” (വഫയാതുല്‍ അഅ് യാന്‍ 7/67)

ആദര്‍ശം ഏതു സാഹചര്യത്തിലും കാത്തുസൂക്ഷിക്കുക. എല്ലാവരെയും എപ്പോഴും തൃപ്തിപ്പെടുത്താന്‍ വിശ്വാസിക്കു കഴിയില്ല

Wednesday, 15 June 2016

ഇലക്ട്രിക് ബൾബിലേക്ക് മദീന പള്ളി മാറിയ ചരിത്രം


first bulb__1465739560_5.246.106.75
109 വർഷം മുംബ് മദീന പള്ളിയിൽ സ്ഥാപിച്ച ആദ്യത്തെ ബൾബ്


മദീന പള്ളിയിൽ വിളക്കുകൾ സ്ഥാപിച്ച നാൾവഴികൾ
മദീന പള്ളിയിൽ ആദ്യ കാലത്ത് വെളിച്ചം ലഭിക്കാൻ ഈത്തപ്പന മടലുകൾ കത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഹിജ്-റ 9 ആം വർഷം(എ.ഡി.630) ഇസ്ലാം സ്വീകരിച്ച പ്രവാചകാനുയായി തമീമുദ്ദാരിയാണു മടലുകൾ കത്തിക്കുന്നതിനു പകരം എണ്ണ വിളക്കുകൾ സ്ഥാപിക്കാനുള്ള മാർഗനിർദ്ദേശം നൽകിയത്. അങ്ങനെ പള്ളിയിൽ എണ്ണ വിളക്കുകൾ തെളിയാൻ തുടങ്ങി.
രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബാണു മദീനാ പള്ളിയിൽ കൂടുതൽ വിളക്കുകൾ സ്ഥാപിക്കാൻ മുൻ കൈയെടുത്തത് എന്നാണു ചരിത്രകാരന്മാർ പറയുന്നത്. തറാവീഹ് നമസ്ക്കാരം ഒരു ഇമാമിന്റെ കീഴിലായി ഉമർ ബിൻ ഖത്താബിന്റെ കാലത്ത് നടപ്പാക്കിയപ്പോൾ ജനങ്ങൾ ധാരാളമായി രാത്രിയിൽ പള്ളിയിൽ വരികയും വിളക്കുകളുടെ എണ്ണം വർധിപ്പിക്കൽ ആവശ്യമാകുകയും ചെയ്യുകയുമായിരുന്നു.
പിന്നീട് വിവിധ ഭരണാധികാരികളുടെ കീഴിൽ ആവശ്യമായ വിളക്കുകൾ സ്ഥാപിച്ചുവെങ്കിലും എ.ഡി 1850 കളിൽ ഉസ്മാനിയ ഖലീഫ സുൽത്താൻ അബ്ദുൽ മജീദ് 600 എണ്ണ വിളക്കുകൾ പള്ളി വികസനത്തോടനുബന്ധിച്ച് സ്ഥാപിച്ചത് ചരിത്രത്തിൽ ഇടം പിടിച്ചു.
സുൽത്താൻ അബ്ദുൽ മജീദ് രണ്ടാമന്റെ കാലത്ത് 1908 സെപ്തബറിലാണു മദീന പള്ളിയിൽ ആദ്യമായി വൈദ്യുത വിളക്ക് തെളിയാൻ തുടങ്ങിയത്.

tyu
പള്ളി വൈദ്യുതീകരണം നടന്ന പ്രാരംഭ കാലത്തെ ഒരു ചിത്രം


1950 കളിൽ സൗദി രാഷ്ട്രപിതാവ് അബ്ദുൽ അസീസ് രാജാവിന്റെ പള്ളി വികസന പ്രക്രിയയോടനുബന്ധിച്ച് പള്ളിയിൽ 2427 ബൾബുകൾ സ്ഥാപിച്ചു. പള്ളിയിൽ വെളിച്ചം ലഭ്യമാക്കുന്നതിനായി പ്രത്യേക  സ്റ്റേഷൻ അദ്ദേഹത്തിന്റെ കാലത്താണു ആരംഭിച്ചത്.
മദീന പള്ളിയും പരിസരവും വില കൂടിയ ബൾബുകൾ കൊണ്ട് പരമാവധി അലങ്കരിക്കാൻ ശേഷം വന്ന എല്ലാ രാജാക്കന്മാരും  എല്ലാ പിന്തുണയും സഹായവും ചെയ്യുകയായിരുന്നു. അത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു.
———————————-
post by ജിഹാദുദ്ദീൻ അരീക്കാടൻ on 14/6/2016

ഇതാണ് റസൂല്‍ സ്വ. സാധിച്ച മാറ്റം



ഒരുവേള നിങ്ങളുടെ കണ്ണുകള്‍ അടച്ചുപിടിച്ച് പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറേബ്യന്‍ മണലാരണ്യത്തെ ഉള്‍കണ്ണുകളില്‍ കാണാമോ? കാതിലലയ്ക്കുന്ന ഈ ശബ്ദവീചികള്‍ക്കു പകരം ശബ്ദായമാനമായ ആ സൈകതഭൂവിലേക്ക് മനസിന്റെ ചെവിക്കുടകള്‍ തുറന്നുവെക്കാമോ? നാനാഭാഗത്തും നടമാടുന്ന രക്തച്ചൊരിച്ചിലും കവര്‍ച്ചയും ഗോത്രപ്പോരും യുദ്ധവും സംഘട്ടനവും മൂലം ആ പ്രദേശമാകെ വിറങ്ങലിച്ച് നില്‍ക്കുന്നു. ശത്രുക്കള്‍ തങ്ങള്‍ക്കുമേല്‍ ചാടിവീണേക്കുമോ എന്ന ഉത്കണ്ഠയില്ലാതെ ഒരാള്‍ക്കും രാപാര്‍ക്കാന്‍ കഴിയാത്ത അവസ്ഥ. രാത്രിക്കാലം ശാന്തമായി കടന്നുപോയല്ലോ എന്ന് ആശ്വസിക്കാന്‍ കഴിയാതെ ഭീതിയില്‍ പുതഞ്ഞ പകലുകള്‍. സ്വത്തോ പണമോ കാലിയോ കൊള്ളയടിക്കാനോ സ്ത്രീകളെയോ കുട്ടികളെയോ അടിമകളാക്കാനോ കത്തിയാളുന്ന കാമാസക്തിയുടെ തള്ളിച്ചയിലോ ആരും ഏതു സമയത്തും കടിച്ചുകുടയപ്പെടാം എന്ന നില. കുടിച്ചു മഥിച്ചു രമിച്ചു രസിച്ചു തിമിര്‍ത്താടുന്ന കൊള്ളക്കാരും യുദ്ധക്കൊതിയന്മാരും പ്രഭുകുടുംബങ്ങളും. തൃഷ്ണകളപ്പാടെ ആഘോഷമായ കാലം. പേടിയൊന്ന് മാറിജീവിക്കാന്‍ ചേതനവും അചേതനവുമായ സകലതിലും ദിവ്യത്വം അദ്ധ്യാരോപിച്ച് പൂജയും ഉപാസനയുമായി ജീവിതം തീരുന്ന പാമരജനം. നേരും നെറിയുമായി ജനതക്ക് ആത്മവിശ്വാസം നല്‍കേണ്ട പൗരോഹിത്യമാകട്ടെ, ഉദരപൂരണത്തിനു വേണ്ടതെല്ലാം ദൈവത്തിന്റെ പേരില്‍ എഴുതിയുണ്ടാക്കി തങ്ങളുടെ കോയ്മ ഭദ്രമാക്കാനാണ് ശ്രമിച്ചത്. ഭാവനാദരിദ്രരായ നിരക്ഷരര്‍ക്കിടയില്‍ പ്രണയവും ഉന്മാദവും പോരാട്ടവും ഇതിവൃത്തമാക്കി ആടിപ്പാടി മേനിനടിച്ചു നടക്കുന്ന കുറേ പദകുചേലന്‍മാര്‍. ഒരു രക്ഷകന്‍?എല്ലാവരുടെയും മനസ്സ് കാത്തിരിക്കുകയാണ്. വേദഗ്രന്ഥപ്രവചനങ്ങളില്‍ വിശ്വാസമുള്ളവര്‍ വാഗ്ദത്ത രക്ഷകന്റെ ഊരും പേരും പഠിച്ചറിഞ്ഞു വിശുദ്ധമന്ദിരത്തിന്റെ പ്രാന്തങ്ങളില്‍ തമ്പടിച്ചു. ഒടുക്കം വന്നു ആ രക്ഷകന്‍. അറിയുമോ അത്? അന്‍തല്ലദി സുമ്മീത ഫില്‍ഖുര്‍ആനി, അഹ്മദ മക്തൂബന്‍ അലല്‍ ജിനാനി’ അസ്സ്വലാതു വസ്സലാമു അലയ്ക യാ റസൂലല്ലാഹ്!!


ചരിത്രാനുഭവത്തിനു ചിരപരിചിതമല്ലാതിരുന്ന ചലനങ്ങള്‍ക്കാണ് അറേബ്യ സാക്ഷിയായത്. തിരുദൂതര്‍ (സ്വ) നാന്ദികുറിച്ച വിപ്ലവത്തിന്റെ അലയൊലികള്‍ ദേശഭാഷകളുടെ അതിര്‍ത്തിഭേദങ്ങളെ മുറിച്ചു കടന്ന് മുന്നേറി. ചിലര്‍ ജനിക്കുമ്പോള്‍ തൊലി വെളുത്തിരിക്കുന്നു. മറ്റു ചിലര്‍ കറുത്തിട്ടും, ചിലര്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നു, മഹാഭൂരിപക്ഷം വറുതികള്‍ക്ക് അറുതിയില്ലാതെ പൊറുതിമുട്ടുന്നു. ചിലര്‍ ഭരിക്കുന്നവരും മറ്റുള്ളവര്‍ ഭരിക്കപ്പെടുന്നവരുമാണ്. പട്ടണത്തിലും ഗ്രാമത്തിലും ജനിക്കുന്നവര്‍. അറബിയോ അനറബിയോ സംസാരിക്കുന്നവര്‍. ഇത് ലോകഘടനയാണ്. പരമജ്ഞാനിയും യുക്തിഭദ്രനും നിര്‍മാണ വല്ലഭനുമായ ഒരു കര്‍ത്താവിന്റെ നിര്‍മിതിയത്രെ എല്ലാം. അതിനാല്‍, ഒന്ന് പ്രശംസയുടെയും മറ്റേത് നൃശംസയുടെയും ആധാരമായിക്കൂടാ. ഈ ഭേദങ്ങളെ വകയിരുത്തി ശണ്ഠയും വൈരവും അരുത്. പച്ചമണ്ണില്‍ നിന്ന് സര്‍ജ്ജനം ചെയ്യപ്പെട്ട ആദമിന്റെ സന്തതികളാണെല്ലാവരും. ഒരാള്‍ മറ്റൊരാളുടെ സഹോദരനാണ്. ഒരേ ആത്മാവിന്റെ ജന്‍മങ്ങള്‍. വൈവിധ്യം അന്യോന്യം അറിയാനാണ്. അതിനാല്‍ ഓരോരുത്തരുടെയും വേദന എല്ലാവരുടേതുമാണ്. അപരനാണ് അത് ഒപ്പേണ്ടത്. കള്ളും കാമവും കാഞ്ചനവുമല്ല ഉന്നം വെക്കേണ്ടത്; കരുണയുടെയും പാരസ്പര്യത്തിന്റെയും ഉദാത്ത മൂല്യങ്ങളാണ്. ഒരിക്കല്‍ ആ പാരസ്പര്യത്തെ അവിടുന്ന വര്‍ണിച്ചതിങ്ങനെ: വിശ്വാസികള്‍ ഒരൊറ്റ മേനി പോലെയാണ്. ഒരവയവത്തിനു വേദനിച്ചാല്‍ മറ്റെല്ലാ അവയവങ്ങളും ഉറക്കമൊഴിച്ചും പനിച്ചും ആ വേദനയില്‍ പങ്കുചേരുന്നു.'(ബുഖാരി മുസ്‌ലിം).




ഒരിക്കല്‍ അബൂദര്‍റിന് അരിശം വന്നു. ഗിഫാര്‍ ഗോത്രക്കാരനായിരുന്ന അറബിയായിരുന്നു അദ്ദേഹം. സാമാന്യം തരക്കേടില്ലാത്ത മേനിയഴകും തിണ്ണമിടുക്കുമുണ്ട്. പോരാത്തതിന് നാലാള്‍ വകവെക്കുന്ന മാന്യനും കുബേരനും. അപ്പുറത്തുള്ളത് ബിലാലുബ്‌നു റബാഹ്. എത്യോപ്യയില്‍ നിന്നു വന്ന കാപ്പിരി. തലമുടി ചുരുണ്ട നീഗ്രോ. തൊലികറുത്ത അടിമ. ഇരുവരും സ്വഹാബികളാണ്. നബിതിരുമേനിയുടെ സന്തതസഹചാരികള്‍ – റളിയല്ലാഹു അന്‍ഹുമാ. കശപിശ മൂത്ത് തര്‍ക്കമായി. തര്‍ക്കം ശണ്ഠയായി. അതിനിടക്കെപ്പോഴോ‘കറുത്തവളുടെ പുത്രാ…’ എന്നു വിളിച്ചുപോയി. അബൂദര്‍റ്,തൊലിയുടെ നിറം! ബിലാലിന് വല്ലാതെ നൊന്തു. തിരുനബിയോട് പരാതിപ്പെട്ടു. ഉടനെ അബൂദര്‍റിനെ വിളിച്ചു തിരുനബി (സ്വ) : ‘താങ്കളദ്ദേഹത്തെ തന്റെ മാതാവിന്റെ പേരില്‍ പരിഹസിച്ചോ? ഇപ്പോഴും ജാഹിലിയ്യത്ത് പൂര്‍ണമായി വിട്ടിട്ടില്ലേ?! അതിന്റെ ശിഷ്ടങ്ങള്‍ ഇപ്പോഴും താങ്കളില്‍ ശേഷിക്കുന്നല്ലോ. അവരും നിങ്ങളുടെ സഹോദരങ്ങളാണ്. ഓര്‍ക്കുക. (ബുഖാരി, മുസ്‌ലിം)




സമൂഹം പ്രധാനമെന്നു കല്പിച്ച നാലുതരം മാപകങ്ങള്‍ കൊണ്ട് അളന്നാലും പരിഹാസ്യനാവേണ്ടതാണ് ബിലാല്‍. ഒന്നാമതായി അടിമ. പിന്നെ തൊലി കറുത്തവന്‍. പരദേശി,സര്‍വ്വോപരി പരമദരിദ്രനും. എന്നാല്‍ ഉച്ചനീചത്വങ്ങളുടെ മാനദണ്ഡം ഇവയൊക്കെയാണ് എന്ന് വിശ്വസിക്കുന്ന മനോവൈകല്യത്തോടാണ് തിരുമേനിയുടെ സംവാദം. – ‘അവരും നിങ്ങളുടെ സഹോദരങ്ങളാണ്!’ തിരുദൂതരുടെ പ്രതികരണം അബൂദര്‍റിനെ ഖിന്നനാക്കി. ബിലാലിനോട് തന്റെ മുഖത്ത് കാല്‌കൊണ്ട് ചവിട്ടാന്‍ ആവശ്യപ്പെടുമാറ് ശക്തമായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം. അമേരിക്ക ന്യൂയോര്‍ക്കില്‍ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി പ്രതിഷ്ഠിച്ചതു പോലെ,സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി വല്ല പ്രതിമയും സ്ഥാപിക്കുകയായിരുന്നില്ല അവിടുന്ന് ചെയ്തത്. ലോകം മുഴുവന്‍ അധിനിവേശപ്പിശാചായി അലച്ചാര്‍ത്തു ചെല്ലുമ്പോള്‍ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി അവിടെയുണ്ടായിട്ടെന്ത്? സ്വന്തം അധീനതയില്‍ പാര്‍ക്കുന്ന ജനതക്കുപോലും നിഷേധിക്കപ്പെട്ട ഫ്രാന്‍സിന്റെ മൂല്യത്രയം പോലെ മൃതാക്ഷരികളായില്ല തിരുനബിയുടെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും.




അദിയ്യുബ്‌നു ഹാതിമത്ത്വാ ഈ മദീനയിലേക്കു വരുമ്പോള്‍ അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചിട്ടുണ്ടായിരുന്നില്ല. തിരുമേനിയെ കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. അറേബ്യയിലാകെ ചര്‍ച്ചാ വിഷയമായിരിക്കുന്നു ആ മാതൃകാജീവിതം. വ്യക്തികളും ഗോത്രങ്ങളും ഖാഫിലകളും യാത്രയുടെ ഉന്നം മദീനയാക്കിയതു പോലെ. അറിഞ്ഞവരെല്ലാം അവിടുത്തോട് ആകൃഷ്ടരാകുന്നു,അനുരക്തരാകുന്നു, ജീവന്‍ പോലും സമര്‍പ്പിക്കാന്‍ കൊതിപൂണ്ടു കൂടെ നില്‍ക്കുന്നു. എന്താവാം കാരണം? നേരില്‍ കണ്ട് വിലയിരുത്താം. അദിയ്യ് തിരുമേനിയുടെ സദസ്സിലെത്തി. അവിടുന്ന് സുസ്‌മേരവദനനായി ഇരിക്കുന്നു. ചുറ്റും അനുചര വൃന്ദം. അവരേതോ യുദ്ധം കഴിഞ്ഞു വന്നതേയുള്ളൂ. പടയങ്കിപോലും അഴിച്ചു മാറ്റിയിട്ടില്ല. അവര്‍ തിരുമേനിയോട് കാണിക്കുന്ന സ്‌നേഹം. പക്ഷേ, അവരാരും ഇമ്മാതിരി സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കുകയോ നേടിയെടുക്കുകയോ ചെയ്തിരുന്നില്ല. ഇവിടെ നിറച്ചുവെച്ച പാനപാത്രങ്ങളോ നിരത്തിവെച്ച ഉപധാനങ്ങളോ വിരിച്ചിട്ട പരവതാനികളോ ഇല്ല. സമൂഹഗാത്രത്തില്‍ മാന്യമായ പരിഗണന അനുവദിക്കപ്പെട്ടതിന്റെ സംപ്രീതിയാണ് അവരുടെ മുഖത്ത് പ്രശോഭിച്ചു നില്‍ക്കുന്നത്. നോക്കിയിരിക്കെ ഒരു സ്ത്രീ വന്നു. മദീനക്കാരി തന്നെ. പരമസാധുവായ ഒരടിമപ്പെണ്ണ്. ദാരിദ്ര്യത്തിന്റെ കഠോരത അവരുടെ മുഖത്ത് വരഞ്ഞിട്ടുണ്ട്. എനിക്കങ്ങയോട് ഒരു സ്വകാര്യം പറയാനുണ്ടായിരുന്നു. അവര്‍ പറഞ്ഞു. ‘മദീനയിലെ ഏതു തെരുവിലും ഞാന്‍ നിനക്കുവേണ്ടി ഏകനായി നിന്നു തരാമല്ലോ? പറഞ്ഞോളൂ.’ എന്നായിരുന്നു അവിടുത്തെ പ്രതികരണം. ആള്‍ക്കൂട്ടത്തില്‍ നിന്നു അല്പം മാറി അവരുടെ ദൃഷ്ടിവട്ടത്തില്‍ തന്നെ തിരുമേനി നിന്നു. ദീര്‍ഘനേരം അവര്‍ക്ക് ചെവി കൊടുത്തു. പലരെയും പോലെ അദിയ്യും. അതെല്ലാം നോക്കി നിന്നു. വെറുമൊരു അടിമപ്പെണ്ണിനു തിരുമേനി നല്‍കുന്ന മാനുഷിക പരിഗണന അദ്ദേഹത്തിന്റെ മനസ്സിനെ സ്വാധീനിച്ചു. വിശ്വാസികളുടെ ഗുണത്തിലേക്ക് ഒരാള്‍കൂടി – അശ്ഹദു അല്‍ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്നക റസൂലല്ലാഹ്! – സ്വല്ലല്ലാഹു അലയ്ഹി വസല്ലം!!




മിക്ക വിപ്ലവങ്ങളും കടലാസു പുലികളായിരുന്നു. വിമോചനം ചുവപ്പുനാടയില്‍ കുരുങ്ങി കാലവിളംബരത്തില്‍ പൊടിപിടിച്ച സ്വപ്‌നങ്ങള്‍ മാത്രമായിരുന്നു. ഊര്‍ദ്ധ്വന്‍ വലിച്ചു കിടക്കുന്ന ഉരുവില്‍ നിന്നു ഉയരുന്ന ചിലയ്പ്പ് പോലെയായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം (Charter of Human Rights) പോലെ. യുഎന്‍ പ്രഖ്യാപനത്തിന്റെ ആണ്ടറുതികളില്‍ തിമര്‍ത്താഘോഷിക്കാനായി എല്ലാവരും ഒത്തുചേരുന്നതിനപ്പുറത്തേക്ക് അംഗരാജ്യങ്ങള്‍ക്കിടയില്‍ പോലും പ്രഖ്യാപിത അവകാശരേഖ പ്രായോഗികതലത്തില്‍ ആവിഷ്‌കരിക്കാന്‍ യുഎന്നിന് സാധിച്ചില്ല. എന്നാല്‍ തിരുജീവിത മാതൃകകള്‍ തന്റെ സമകാലത്തിന്റെ പിടുത്തത്തില്‍ നിന്നു കുതറിമാറി സാര്‍വകാലികത്വം നേടിയെടുത്തത് എത്ര സുന്ദരമായാണ്. അതറിയാന്‍ ഇസ്‌ലാമിക രാജ്യത്തിന്റെ നേതൃത്വം പ്രജകളുടെ മാനവും അന്തസ്സും അഭിമാനവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും പരിരക്ഷിക്കാന്‍ കാണിച്ച ഔത്സുക്യം മാത്രം വായിച്ചാല്‍ മതി. ഇത പര്യന്തമുള്ള മനുഷ്യചരിത്രത്തില്‍ ആദ്യമായി വെറുമൊരു സാധാരണ പൗരന്‍ തന്റെ ഭരണാധികാരി ധരിച്ചിരിക്കുന്ന വസ്ത്രത്തെ പ്രതി വിചാരണ നടത്തിയത് ഇസ്‌ലാമിക് സ്റ്റേയ്റ്റിലാണ്. ഭരണകര്‍ത്താവിന്റെ മുഖത്തുനോക്കി താന്‍ അണിഞ്ഞിട്ടുള്ള വസ്ത്രം എവിടെ നിന്നു കിട്ടിയെന്ന് പൊതുസഭയില്‍ വെച്ച് പരസ്യമായി ചോദ്യം ചെയ്യുന്നു! എന്നിട്ടും ആരും അയാളെ തൂക്കിക്കൊന്നില്ല. നാടുകടത്തുകയോ ജയിലലടക്കുകയോ ലാത്തികൊണ്ട് പ്രഹരിക്കുകയോ ചെയ്തില്ല. പ്രത്യുത, ആ രാഷ്ട്രത്തിന്റെ സുപ്രീംഅതോറിറ്റിയായ ആ ഭരണാധികാരി ആ പൗരന്റെ മുമ്പില്‍ കണക്കു ബോധിപ്പിച്ചു!! തന്റെ കൈവശം വന്നു ചേര്‍ന്നിട്ടുള്ള ചില്ലിക്കാശു പോലും വിഹിതമല്ലാത്തതില്ലെന്ന് ബോധ്യമുള്ള ആ രാഷ്ട്ര നായകന്‍ ഭയപ്പെടാനെന്തിരിക്കുന്നു?! ചോദ്യം ചെയ്തയാള്‍ക്കു മാത്രമല്ല,കൂടിനിന്ന ശ്രോതാക്കള്‍ക്ക് ഓരോരുത്തര്‍ക്കും വ്യക്തമാകുമാറ്,അദ്ദേഹമത് വിശദീകരിച്ചു. ഉത്തുംഗങ്ങളില്‍ പ്രതിഷ്ഠിച്ചുവെച്ച മണിമാടങ്ങളിലും ചില്ലുകൊട്ടാരങ്ങളിലുമല്ല, സാധാരണ ജനങ്ങള്‍ക്കിടയിലാണ് തന്നെയന്വേഷിക്കേണ്ടത് എന്ന് പഠിപ്പിച്ച തിരുമേനി (സ്വ)യുടെ അരുമശിഷ്യനായ ഉമറായിരുന്നു ആ ഖലീഫ. റളിയല്ലാഹു അന്‍ഹു.




പരദേശികളായ ഒരു വര്‍ത്തകസംഘം മദീനയില്‍ വന്നു. കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഖലീഫ ഉമര്‍(റ) സന്തതസഹചാരിയായ അബ്ദുര്‍റഹ്മാനുബ്‌നു ഔഫിനോട് അന്വേഷിച്ചു: ‘ഈ രാത്രി അവര്‍ക്ക് കാവല്‍ നില്‍ക്കാന്‍ എന്റെ കൂടെ വരാമോ?’ അദ്ദേഹം സമ്മതിച്ചു. അങ്ങനെ അന്നുരാത്രി ഇരുവരും ആ കച്ചവടസംഘത്തിനു കാവല്‍ നിന്നു. രണ്ടുപേരും നിസ്‌കരിച്ചുകൊണ്ടിരിക്കെ ഉമര്‍(റ) ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. നിസ്‌കാരത്തില്‍ നിന്ന് വേഗം വിരമിച്ച് കുട്ടിയുടെ മാതാവിന്റെ അടുക്കലേക്ക് ഓടിച്ചെന്നു അദ്ദേഹം:‘അല്ലാഹുവിനെ ഭയക്കുക. കുട്ടിയോട് നന്നായി പെരുമാറുക.’



സ്വസ്ഥാനത്ത് മടങ്ങിയെത്തിയതേയുള്ളൂ, അപ്പോഴേക്കും ഉമറിനെ വീണ്ടും ആ കുട്ടിയുടെ കരച്ചില്‍ അസ്വസ്ഥനാക്കി. അദ്ദേഹം മാതാവിന്റെ അടുക്കല്‍ ചെന്ന് മാതൃബാധ്യത ആവര്‍ത്തിച്ചു ഓര്‍മപ്പെടുത്തി. തിരിച്ചുവന്നു നിസ്‌കാരമാരംഭിച്ചു. വീണ്ടും കുട്ടിയുടെ കരച്ചില്‍! നിസ്‌കാരത്തില്‍ നിന്നു വേഗം വിരമിച്ചു മാതാവിന്റെ അടുക്കല്‍ ഓടിക്കിതച്ചെത്തി. ഇത്തവണ അദ്ദേഹത്തിന്റെ ഭാഷ അല്പം രൂക്ഷവുമായിരുന്നു: ‘നിങ്ങളെത്രമോശം ഉമ്മയാണ്! നിങ്ങളുടെ കുട്ടി രാത്രിമുഴുവനും ഒന്ന് സ്വസ്ഥവും സൈ്വര്യവുമായി അടങ്ങിക്കിടക്കുക പോലും ചെയ്തിട്ടില്ല.’




അറേബ്യന്‍ സാമ്രാജ്യത്തിന്റെ പരമാധികാരിയായ അമീറുല്‍മുഅ്മിനീനാണ് അദ്ദേഹം എന്നറിയാതെ ആ മാതാവ് പ്രതികരിച്ചു :’രാത്രിയുടെ ആദ്യയാമം തൊട്ടു തുടങ്ങിയതാണല്ലോ നിങ്ങളെന്നെ കുറ്റപ്പെടുത്തല്‍. ഞാനീ കുട്ടിയുടെ മുലകുടി നിര്‍ത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതാണെങ്കില്‍ നിര്‍ത്താന്‍ കൂട്ടാക്കുന്നുമില്ല!’
‘എന്തിനാണിത്ര ധൃതിപിടിച്ച് അതിന്റെ മുലകുടി മാറ്റുന്നത്?അതിനു രണ്ട് വയസ് തികഞ്ഞോ?’
‘ഇല്ല. പക്ഷേ, മുലകുടി മാറാത്ത കുട്ടികള്‍ക്ക് പൊതുമുതലില്‍ നിന്ന് ഉമര്‍ വിഹിതമനുവദിക്കില്ലല്ലോ?’
‘കുട്ടിക്കെന്തു പ്രായമായി.’
‘ഏതാനും മാസങ്ങള്‍.’
‘എങ്കില്‍ മുലകുടി മാറ്റാന്‍ ധൃതികാട്ടേണ്ടതില്ല. വഴിയുണ്ടാകും.’ഇത്രയും പറഞ്ഞു ഉമര്‍(റ) തിരിച്ചുനടന്നു. വേപഥു പൂണ്ട അധരങ്ങള്‍ പോലെ അദ്ദേഹത്തിന്റെ ചുവടുകളും വേച്ചുവേച്ചു പോയി. ഈറനണിഞ്ഞ കണ്ണുകള്‍ കാഴ്ച മായ്ച്ചു.
അന്നു സുബ്ഹി നിസ്‌കാരത്തിനു നേതൃത്വം കൊടുത്ത ഖലീഫയുടെ ഖുര്‍ആന്‍ പാരായണം ഗദ്ഗദം കൊണ്ടു പലപ്പോഴും മുറിഞ്ഞു പോയി. കൂട്ടുപ്രാര്‍ത്ഥനക്കു ശേഷം എഴുന്നേറ്റു നിന്നപ്പോഴും അദ്ദേഹം വാക്കുകള്‍ക്കായി വിഷമിച്ചു: ‘എത്രകഷ്ടമാണീ ഉമറിന്റെ സ്ഥിതി. എത്ര കുട്ടികളെയാണിവന്‍ കൊന്നു കളഞ്ഞത്.’ നീറുന്ന വേദനയില്‍ പുളയുന്ന വാക്കുകള്‍.




പിന്നീട് വിളംബരക്കാരനോട് ‘ആരും കുട്ടികളുടെ മുലകുടി നിറുത്താന്‍ ധൃതികൂട്ടരുതെന്നും ജനിച്ചുവീഴുന്ന ഓരോ ശിശുവിനും പൊതുഖജനാവില്‍ നിന്നു വിഹിതമുണ്ടാകുമെന്നും’ വിളംബരം ചെയ്യാന്‍ കല്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിലേക്ക് ആ ഉത്തരവ് എഴുതിയ കത്തുമായി അശ്വരൂഢരായ ഭടന്മാര്‍ പാഞ്ഞു പോയി.




ധീരപരാക്രമിയും വില്ലാളിവീരനും ശത്രുവിന്റെ ഓര്‍മകളില്‍ പോലും ഇടിമുഴക്കവുമായിരുന്ന ഉമറിനെ, ഏതോ നാട്ടില്‍ നിന്നു വന്ന ഒരു അപരിചിത സംഘത്തിലെ ഏതോ ഒരു സ്ത്രീയുടെ മുലകുടി മാറാത്ത കുട്ടിയുടെ കരച്ചില്‍ തരളിതനും അസ്വസ്ഥനുമാക്കിയതെന്താണ്? ഇതാണ് തിരുനബി(സ്വ) സാധിച്ചെടുത്ത അനുപമമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃക. ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്.


നീതി നിലാവൊളി നായകകണ്‍മണി
ദീനിസ്‌ലാം വഴി ഐനുല്‍ഹുദാമിഴി
ഖാദിര്‍കബീറിന്‍ അരുമൈ മുര്‍ത്തളാ റസൂലേ…’
സ്വല്ലല്ലാഹു അലയ്ക്ക വസല്ലം.

നീ കുരങ്ങിനെ ഓർത്തു കാണും


ഫലിതപ്രിയനായ ഒരു ചങ്ങാതി ജീവിച്ചിരുന്നു. ആർക്കെങ്കിലും പല്ലുവേദന വന്നാൽ താൻ മന്ത്രിച്ചു കൊടുത്താൽ സുഖപ്പെടുമെന്നാണ് അയാൾ അവകാശപ്പെടാറ്. ആരെങ്കിലും വന്നാൽ മന്ത്രിച്ച ശേഷം പറയും: "ഇന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കുരങ്ങിനെ ഓർക്കരുത്. ഓർത്താൽ മന്ത്രം പൊളിയും". അയാൾ സ്വഭാവികമായും അതിനെ ഓർത്തു പോകും. ശമനമില്ലാതെ രാത്രി കഴിച്ചുകൂട്ടും. രാവിലെ വീണ്ടും ഓടി വരും: "ഇന്നലെ വേദന കാരണം ഉറങ്ങിയിട്ടേയില്ല"
"കുരങ്ങിനെ ഓർത്തു കാണും, അല്ലേ?"
"അതെ "
"അതു മുതൽ മന്ത്രം ഫലിക്കാതെയായല്ലോ"
( ജാഹിള്, തഹ്ദീബുൽ ഹയവാൻ, പേ. 124)
>> മറക്കരുത്, മറ്റുള്ളവരുടെ വേദന നമുക്ക് ആഘോഷിക്കാനുള്ളതല്ല

എന്‍റെ അവസരം ഞാനാര്‍ക്കു നല്‍കാനാണു നബിയേ.....!


നബിതിരുമേനി സ്വ.യുടെ സന്നിധിയിൽ ആരോ അവിടുത്തേക്കായി അല്‍പം പാല്‍ കൊണ്ടുവന്നു. വലത് വശത്ത്‌ ഒരു ബാലന്‍. ഇടത്ത് മുതിര്‍ന്നവരും പരിഗണിക്കപ്പെടേണ്ടവരും. സദസ്സില്‍ അന്നപാനീയങ്ങളോ മറ്റോ പങ്കുവെക്കുമ്പോള്‍ വലത്തുള്ളവര്‍ക്ക് പ്രാഥമ്യം നല്‍കണമെന്നാണു മത മര്യാദ. ഇടതു വശത്തിരിക്കുന്ന വലിയവരെ പരിഗണിക്കുകയും വേണമല്ലോ. തിരുമേനി അല്പം കുടിച്ചു. എന്നിട്ട് ബാലനോട് ചോദിച്ചു:
“ഞാനീ പാനപാത്രം മുതിര്‍ന്നവര്‍ക്ക് നല്‍കട്ടേ?”
“എന്റെ അവസരം ഞാനാര്‍ക്കു നല്‍കാനാണു നബിയേ.....!”
തിരുമേനി സ്വ. അതു ബാലനു തന്നെ കൊടുത്തു.
പില്‍കാലത്ത് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവായിത്തീര്‍ന്ന ഇബ്നു അബ്ബാസ് (റ) ആയിരുന്നു അന്നത്തെ ആ ബാലന്‍.
## അർഹതപ്പെട്ട അവകാശങ്ങളും അവസരങ്ങളും ഉപയോഗപ്പെടുത്തുന്നതാണ് ബുദ്ധി.

>> posted on 15/6/2016

എന്തിനാണീ ജനലുകള്‍?


ഒരാള്‍ പുതിയ ഭവനം പണിതപ്പോള്‍ തന്‍റെ ഗുരുവിനെ വിരുന്നിനു ക്ഷണിച്ചു. ഗുരു ചോദിച്ചു: “എന്തിനാണീ ജനലുകള്‍?”
“നല്ല ശുദ്ധവായു വരാന്‍, വെളിച്ചവും കിട്ടും”
“അതാര്‍ക്കാണറിയാത്തത്! സംശയമെന്ത്? ‘ബാങ്ക് കേള്‍ക്കാന്‍’ എന്നായിരുന്നു നീ പറയേണ്ടിയിരുന്നത്. ബാക്കിയൊക്കെ പിന്നെ.”
(മിര്‍ഖാത് : 4/77)

പ്രണയത്തിന്‍റെ അനുഭൂതി


Sajeer Bukhari
15/6/2016
അല്ലാഹുവിനെ മാത്രം പ്രണയിച്ചു ജീവിച്ചിരുന്ന ഒരാളുടെ കാലിൽ പുണ്ണുണ്ടായി. അണുബാധ മൂർഛിച്ച് കാൽ മുറിച്ചു മാറ്റേണ്ട നിലയെത്തി. അല്ലാതെ വേറെ വഴിയില്ലെന്നായി വൈദ്യൻ. അയാളുടെ മാതാവ് പറഞ്ഞു: "അവൻ നിസ്കരിക്കുന്നതു വരെ വെറുതെ വിട്ടേക്കൂ, നിസ്കാരത്തിൽ അവനൊന്നും അറിയില്ല ". പിന്നീട്, അദ്ദേഹം നിസ്കരിച്ചു കൊണ്ടിരുന്നപ്പോൾ കാൽ ഛേദിച്ചു മാറ്റി. അദ്ദേഹം ഒന്നും അറിഞ്ഞതേയില്ല - റളിയല്ലാഹു അൻഹു ( റൗളുർ റയാഹീൻ 224). 
യൂസുഫ് അ.മിനോടുള്ള പ്രേമതിരേകത്തിൽ വിഭ്രമിച്ചു പോയ മിസ്റിലെ പെണ്ണുങ്ങൾ വിരൽ ഛേദിച്ചു കളഞ്ഞുവല്ലോ. പടപ്പുകളോടുള്ള പ്രണയ പാരവശ്യത്തിൽ ഇത്രയും വിലയിക്കാമെങ്കിൽ ആത്മാർത്ഥമായ ഇശ്ഖേ ഇലാഹിയിൽ സ്വയം നഷ്ടപ്പെട്ടവരുടെ അനുഭൂതി എത്രയായിരിക്കും; യാ അല്ലാഹ് ...!


comments:
عبد الحميد ابن صوفي യൂസുഫ് നബിയോടുള്ള പ്രണയത്തിൽ ലയിച്ചാണോ പെണ്ണുങ്ങൾ കൈ മുറിച്ചത്...?
സൗന്ദര്യം കണ്ടല്ലേ...?
LikeReply223 hrs
Muhammad Sajeer Bukhari അവർക്ക് തോന്നിയത് കേവലം സൗന്ദര്യം കണ്ടിട്ടുള്ള അതിശയമായിരുന്നില്ല, ഒരു തരം കാമവിഭ്രമം ആയിരുന്നു. അതുകൊണ്ടാണല്ലോ സലീഖ അവർക്കെതിരെ അതു ആയുധമാക്കിയത്. സലീഖക്ക് കാമ ഭ്രാന്താണ് എന്ന് പറഞ്ഞവരെയാണ് അവർ ഉത്തരം മുട്ടിച്ചത്. പിന്നെ, ഞാൻ കാമം എന്ന പദം ഉപയോഗിക്കാതിരുന്നത് അദബ് വിചാരിച്ചാണ്

Tuesday, 14 June 2016

ആരോടും പറയാത്ത സ്വകാര്യം!


Sajeer Bukhari
15/6/2016



തിരുനബി സ്വ.യുടെ ശിഷ്യനായിരുന്ന അനസ് (റ)വിനെ കൂട്ടുകാരനായ സാബിത് അനുസ്മരിക്കുന്നു:
അനസ് പറഞ്ഞു: കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അപ്പോ­ള്‍ തിരുമേനി അതുവഴി വന്നു, സലാം പറഞ്ഞു. പിന്നെ എന്നെ വിളിച്ചു
ചില സംഗതികള്‍ക്കായി ഒരിടത്തേക്കയച്ചു. അതിനാല്‍, ഉമ്മയുടെ അടുത്ത് തിരിച്ചെത്താന്‍ വൈകി.
ഉമ്മ ചോദിച്ചു; എന്താ വൈകിയത്?
“തിരുമേനി സ്വ. ചില സംഗതികളേല്‍പ്പിച്ചു വിട്ടതായിരുന്നു”
“എന്തു സംഗതി?”
“അതൊരു സ്വകാര്യമാണ്”
ഉടനെ ഉമ്മ: “തിരുനബിയുടെ സ്വകാര്യങ്ങള്‍ ഒരാളോടും പറയരുത്”.
അനസ് പറഞ്ഞു: “അല്ലാഹുവാണേ! ആരോടെങ്കിലും പറയുമായിരുന്നെങ്കില്‍ ഞാനത് നിന്നോടു പറയുമായിരുന്നു, സാബിത്തേ!”
(- മുസ്‌ലിം 2482)
വിശ്വസ്തത (അമാനത്) യാണ് ഏറ്റവും വലിയ വ്യക്തിഗുണം. മുത്തു നബി പ്രവാചകത്വത്തിനു മുമ്പേ "അൽഅമീൻ" ആയിരുന്നു - സ്വല്ലല്ലാഹു അലയ്ഹി വസല്ലം!