Friday, 17 June 2016

വെറുമൊരു ആയത്തില്‍ ഉറങ്ങാത്ത രാവ്





യസീദ് ബ്നു ലൈസ് സ്മരിക്കുന്നു:

ഇമാം നിസ്കാരത്തില്‍ إِذَا زُلْزِلَتِ الْأَرْضُ സൂറത്താണ് ഓതിയത്. "ഭൂലോകം ഭീകരമായി വിറപ്പിക്കപ്പെടുമ്പോള്‍....., ഭൂമി അതിനുള്ളിലെ ഭാരങ്ങള്‍ പുറംതള്ളുമ്പോള്‍...., ഇതിനെന്തു പറ്റിപ്പോയി! എന്ന് മനുഷ്യന്‍ വിലപിക്കുമ്പോള്‍.....," ഇമാമുല്‍ അഅ്ളം അബൂഹനീഫ(റ) പിറകിലുണ്ട്. നിസ്കാരം കഴിഞ്ഞ് ഞാന്‍ നോക്കി. അദ്ദേഹം ചിന്താനിമഗ്നനായി ഇരിക്കുന്നു. ശ്വാസോച്ഛ്വാസത്തിന്‍റെ ഗതിവേഗത്തില്‍ മേലനങ്ങുന്നുണ്ട്.


ഏകാഗ്രത നശിപ്പിക്കണ്ട എന്ന്കരുതി ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. വിളക്കില്‍ എണ്ണ കുറവായിരുന്നെങ്കിലും ശ്രദ്ധ തെറ്റിക്കണ്ട എന്നു വിചാരിച്ചു അതും അവിടെ തന്നെ വെച്ചു.


സുബ്ഹിക്കാണ് ഞാന്‍വരുന്നത്. അപ്പോഴും അദ്ദേഹം അവിടെ തന്നെ നില്‍ക്കുന്നുണ്ട്! പരവശനായി സ്വന്തം താടിയില്‍ പിടിച്ചു ഒരേ നിര്‍ത്തം. ഞാന്‍ ശ്രദ്ധിച്ചു, അദ്ദേഹം ദുആ ചെയ്യുകയാണ്: "അണുഅളവ് നന്മ ചെയ്തിട്ടുള്ളവന് നന്മ തന്നെ പ്രതിഫലം കൊടുക്കുന്നവനേ... അണു അളവ് തിന്മ ചെയ്തിട്ടുള്ളവന് അതിന്‍റെ ശിക്ഷയും നല്‍കുന്നവനേ... നുഅ്മാനെ നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ... നിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയില്‍ എനിക്കും ഇടം തരേണമേ..."

ഞാനൊന്നും അറിയാത്ത പോലെ അകത്തു കടന്നു. വിളക്ക്മുനിഞ്ഞു കത്തുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: " വിളക്കെടുക്കാനായി, ല്ലേ?"

" സുബ്ഹി ബാങ്ക് വിളിച്ചിരിക്കുന്നു" എന്ന്ഞാന്‍ പറഞ്ഞു. ഉടനെ അദ്ദേഹം: "നീ കണ്ടത് മറച്ചു വെക്കുക, ആരോടും പറയരുത്"


പിന്നീട് അദ്ദേഹം സുബ്ഹിയുടെ സുന്നത്ത് രണ്ടു റക്അത് നിസ്കരിച്ചു. ഇഖാമത്ത് കൊടുക്കുന്നത് വരെ കാത്തിരുന്നു. പിന്നീട് ഞങ്ങളോടൊപ്പം ജമാഅത്തിലും പങ്കെടുത്തു, രാത്രിയുടെ ആദ്യ യാമത്തില്‍ എടുത്ത അതേ വുളുഅ് കൊണ്ട്!!

(താരീഖു ബഅ്ദാദ്13/357, ഉഖൂദുല്‍ ജമാന്‍ 230, ഖൈറാതുല്‍ ഹിസാന്‍ 78)


അല്ലാഹുവേ, അവരുടെ ബറകത്ത് കൊണ്ട് ഞങ്ങളെയും നരകത്തില്‍ നിന്നും അതിലേക്കു നയിക്കുന്ന സകല കാര്യങ്ങളില്‍ നിന്നും രക്ഷിക്കേണമേ... നിന്‍റെ കാരുണ്യത്തിന്‍റെ വിശാലതയില്‍ ഞങ്ങള്‍ക്കും ഇടം തരേണമേ..."

0 comments:

Post a Comment