Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, 7 January 2017

യാ അല്ലാഹ്! - 3

യാ അല്ലാഹ്!
എന്നുമ്മ തൻ ഗർഭാശയത്തിൽ 
ഒരിളം തുടിപ്പായി ഞാനുയിർകൊണ്ടത് 
നിൻ ഹിതമായിരുന്നു. 
 ശൈശവത്തിൽ കണ്ണിണകളിൽ നിറഞ്ഞ നിദ്ര
നീ തന്നതായിരുന്നു.
ഉറങ്ങുന്ന കുഞ്ഞിന്റെ ചുണ്ടിളം പുഞ്ചിരി
നിന്റെ സമ്മാനമായിരുന്നു.
ഓരോ ചുവടുവെയ്പിലും തരളനിഗൂഢമായ്
നിറഞ്ഞു നിന്നത് നിന്റെ ജീവനസ്പർശം.
എന്റെ ബോധത്തിലീ ബോധ്യത്തിൻ ദീപം
കൊളുത്തിവെച്ചതും റബ്ബീ നീ തന്നെ.
ചിത്തത്തിലേക്കാണു നിൻ നോട്ടമെന്നറിഞ്ഞു
ചിന്തകൾ മിഥ്യകളിൽ നിന്നകറ്റി നിർത്താം,
സർവാംഗങ്ങളും നിനക്കു വിധേയമെന്നറിഞ്ഞു
സദാ വെടിപ്പായി കാത്തു കൊള്ളാം,
നിൻ ശക്തിയാണെൻ കർമശേഷിയെന്നറിഞ്ഞു
കരണചരണങ്ങൾ നിർമലമാക്കി വെക്കാം.
മറ്റൊന്നുമില്ലെന്റെ മാനത്തൊരു പൂതി മാത്രം,
നിൻ ദർശനത്തിനുൻമാദ ലഹിരിയിലലിയണം.



യാ അല്ലാഹ് - 2

യാ അല്ലാഹ്
നിന്നെ വർണിക്കാൻ മോഹിച്ചിരുന്നു ഞാൻ.
വാക്കുകൾ നാവിൻ തുമ്പോളമെത്തിയിട്ടും
പെയ്യാമഴയായി മാഞ്ഞു പോയി.
വിഭോ, എൻ പാഴ്ശ്രമങ്ങളെ പഴിച്ചു
പകലിരവുകൾ ചിരിയലകളുതിർക്കയാൽ
ഭ്രമിച്ചു പോയെൻ വാക്കുകൾ
ചങ്കിൽ ശിലയായുറച്ചു നിന്നു.
ഇനിയീ പ്രപഞ്ച വിസ്മയത്തിൽ നീ നിറച്ച
നിഗൂഢ സംഗീതത്തിനു കാതോർക്കട്ടെ ഞാൻ.
കിളികൂജനങ്ങളുടെ സംഗീതലഹരിയിൽ
നീലനഭസ്സിൽ സുവർണരാജി പരന്നു.
കടലിലും കരയിലും നിറഞ്ഞ ധവളപ്രഭ
ഈ സംഗീതത്തിന്റെ ഉജ്ജ്വല മുദ്ര.
ആർദ്രമീ സ്നേഹഗീതത്തിന്റെ ദിവ്യധാര
തടശ്ശിലകൾ തകർത്തു പ്രവഹിച്ചതാണു സമുദ്രം.
നിതാന്തമായി നിൻ കീർത്തനങ്ങൾ വാഴ്ത്തി അലകടലും സദാ തിരച്ചാർത്തുയർത്തി.
അഴകിന്റെ പുഷ്പകങ്കണങ്ങൾ നിവർത്തിവിരിച്ചു
പൂങ്കാവനങ്ങളും നിന്നെ വർണിച്ചു രസിച്ചു.
ഉലകിലാകെ വ്യാപരിക്കുമീ ലഹരിയിൽ
ഉൻമത്തനായ് നിന്നിലലിയാൻ കൊതിപ്പൂ ഞാൻ.
എന്നിട്ടുമെന്റെ മാനത്തു മാത്രം വർണരാജി വിരിഞ്ഞില്ല,
എന്റെ തംബുരു മാത്രം ശ്രുതി മീട്ടിയില്ല,
എന്റെ വാക്കുകൾ മാത്രം ഗാനമായ് തീർന്നില്ല,
എന്നാണെന്റെ ഹൃദയതന്ത്രികളിൽ
നിർവൃതിയുടെ സ്വരലയങ്ങളുതിരുക?

യാ അല്ലാഹ് -1


യാ അല്ലാഹ്
പാടുവാനങ്ങ് കല്പിച്ചാൽ 
അഭിമാനഗർവത്തോടെ പാടാം
കടൽ താണ്ടി വരുന്ന കാറ്റിനെ പോലെ 
ശ്രുതി താളങ്ങളുടെ ചിറകു വിതിർക്കാം
കുന്നും മലയും താണ്ടി ആനന്ദത്തിന്റെ
അതിരറ്റ അവാച്യസ്വരങ്ങളുതിർക്കാം
ഹർഷലഹരിയിൽ സ്വയം മറന്ന്
നിത്യനവങ്ങളായ രാഗങ്ങൾ ഊതിയുണർത്താം
കൈക്കുടം നിറയ്ക്കാൻ പാരിതോഷികം വേണ്ട;

കണ്ണും ഖല്‍ബും നിറഞ്ഞുന്‍മത്തനായ്
നിന്നെയൊന്നനുഭവിച്ചു കണ്ടാല്‍ മതി.

Wednesday, 15 June 2016

അമ്പിയരാജന്‍റെ തിരുമുറ്റത്തെത്തിടാന്‍


വര്‍ഷങ്ങള്‍ക്കു മുമ്പെപ്പഴോ എഴുതിയ ഒരു കവിതയാണിത്. പഴയ ചില നോട്ടുബുക്കുകള്‍ക്കിടയില്‍ ചില കുറിപ്പുകള്‍ പരതുമ്പോളാണ് കണ്ണില്‍ പെട്ടത്. ഇതെഴുതിയതിനു ശേഷം രണ്ടു തവണ മദീനത്തു പോയി. കാവ്യഗുണങ്ങളൊന്നും ഇല്ലെന്നറിയാം. എങ്കിലും ഇനിയും അവിടെയെത്താനുള്ള കൊതി കൊണ്ട് മാത്രം ഇതിവിടെ പ്രസിദ്ധീകരിക്കുന്നു.
----- മുഹമ്മദ്‌ സജീര്‍ ബുഖാരി
*****
പൂമദീനയില്‍ പാര്‍ക്കേണ്ടെനിയ്ക്കാ
പുണ്യമണ്ണിലൊന്നു കവിളുരച്ചാല്‍ മതി
പൂമുത്തിന്‍ ഗന്ധം പേറുമാ ത്വയ്ബയില്‍
പൂവിളം തെന്നലായ് വീശിയാല്‍ മതി
മുത്തിന്‍ മലര്‍വനിയിലാ മാരുതനില്ലേല്‍
മലര്‍വാടികളെങ്ങനെ പൂത്തുനില്‍ക്കാന്‍?
മാനത്തു പ്രഭയായ് യുദിത്തൊരു പൌര്‍ണമീ
മഹിതര്‍ നബിക്കുമേല്‍ നീയുദിച്ചതെങ്ങനെ?!
കളകളാരവം മുഴക്കുമാഴിയും പൊയ്കയും
കിളികൂജനം പൊഴിക്കുമാ കുരുവികള്‍ തന്നെയും
കാതരം കിന്നാരം ചൊന്നുചൊന്നു കാത്തതാ
കാരുണ്യപ്പൂനബി പ്പൂതിങ്കളെ കാണുവാന്‍
പാപക്കറയില്‍ കറുത്തിരുണ്ടെനിയ്ക്കാ
പാദം കൊണ്ട മണ്ണല്ലാതെന്തു ശരണം
പാവനപ്പൂങ്കനിയാം സ്നേഹനിധിയേ
പാവമാ മെനിയ്ക്കൊരു കൈ തരേണമേ..
അനുരാഗ വിവശമായെന്‍ ഹൃത്തടം വിതുമ്പീ
അമ്പിയരാജന്‍റെ തിരുമുറ്റത്തെത്തിടാന്‍
ആ ഉമ്മറപ്പടിയില്‍ നെറ്റിവച്ചുരച്ചു മരിച്ചു-
പോയില്ലെങ്കില്‍ ഞാനെന്തു ഹതഭാഗ്യവാന്‍!!

posted on 2016, May 19 at 8:52pm

എന്‍റെ റസൂല്‍


അലി ജാ അലി ഇസ്സത് ബെഗോവിച്ചിന്റെ Islam between East and West വളരെ മുമ്പ് വായിച്ചതാണ്. ചില ഭാഗങ്ങൾ ഒന്നുകൂടെ ആവർത്തിച്ചു വായിക്കുന്നത് നന്നെന്ന് തോന്നി പഴയ പുസ്തക ശേഖരത്തിൽ നിന്ന് ആ ഗ്രന്ഥം വലിച്ചൂരി. വായിക്കുന്നതിന് മുമ്പ് വെറുതെയൊരു കൗതുകത്തിന് ഒന്നു മറിച്ചു നോക്കി. ഒരു പഞ്ചവരിക്കവിത! എഴുതിയ തിയ്യതിയും അടിയിൽ കുറിച്ചിട്ടുണ്ട്. സാഹചര്യം ഓർമയില്ല. വെറുതേയൊരു രസത്തിന് ഞാനത് യെഫ് ബീയിൽ പ്രസിദ്ധീകരിക്കുന്നു.
വിഷാദം വിരുന്നു വരും
പുലർകാല യാമങ്ങളിൽ
വിരഹ നൊമ്പരങ്ങൾക്കിടയിലും
സാന്ത്വനമായെൻ ഖൽബിനെ
പുണരുന്നനുഭവമാണെനിക്കു റസൂൽ!
.......... എം.എസ്. വള്ളിക്കാട്
.......... ബുഖാരി, 16/7/20O9
posted on 2016, june 4

വർത്തമാനത്തിന്‍റെ വൃത്താന്തം *

ഞാൻ കണ്ട സഹസ്രം കിനാക്കളിൽ
പ്രഭാവം പുലർത്തി വാണായിരം മോഹങ്ങളിൽ
ഇരുളിന്റെ ഘന രൂപങ്ങളെ ഭേദിച്ച്
ദിവ്യശോഭയുടെ വെള്ളിക്കീറുകൾ പകർന്നത്
പുകമഞ്ഞിന്റെ ധവളിമ മാത്രമാണെന്നറിയുമ്പോൾ
ഉലക മൊട്ടാകെ ചുറ്റും നിലക്കാതെ കറങ്ങുന്നു.
സ്വന്തം വാലുതേടിയലഞ്ഞ ശ്വാനനെപ്പോലെ ഞാൻ.
ഉരുകിത്തീർന്ന മെഴുകിന്റെ ഇത്തിരി വെട്ടത്തിൽ
ചിറകു കരിഞ്ഞു വീണ ഈയ്യാംപാറ്റ ഞാൻ.
മഥിച്ചു നിന്നൊരായിരം ഭാവനകളിൽ
വിശുദ്ധ സിംഹാസനത്തിൻ നിഴലെന്ന പൂതി
കാലമിടിച്ചു വീഴ്ത്തിയ ചിതൽപ്പുറ്റായി മാറവെ
ഹൃദ്യമെന്ന ഹങ്കരിച്ചീ താളുകളിൽ
കോറിയിട്ട വരികളെന്നെ പല്ലിളിക്കുമ്പോൾ
നീറി നീറിപ്പിടയുമീ ഭഗ്നന്റെ ലീലകൾ
വിശുദ്ധ തേജസിൽ രമിക്കുമെന്നോർത്ത്
സദയം ക്ഷമിച്ചിടുക, മനസേ-
യീ ജൻമ മഭിശപ്തമാവാതിരിക്കാൻ നീ തുണ
കണ്ണീരിന്റെ പുകമറയിൽ കണ്ട
കയ്ക്കുന്നായിരമായിരം കിനാക്കളും
വിഷാദം വിതുമ്പിയ പകലോന്റെ
ശോഭയിൽ മുങ്ങിയ വേദനകളും
ദിവ്യസ്നേഹ പ്രഭയിൽ ജ്വലിച്ചടങ്ങിയ
നൂറു നൂറായിരം ചിന്തകളും
ക്രോധത്തിൽ ചുട്ടെടുത്ത പാഴ്വാക്കുകളുടെ
മനസുപൊള്ളിക്കുന്ന ബർണറിൽ വീഴുമ്പോൾ
ഭഗ്നനായി നിർവിഘ്നം തുടർന്നീ-
യഭ്യാസത്തെ യെന്തു പേർ വിളിക്കും ഞാൻ .
* മാർച്ച് 6, 2005 ന് എഴുതിയത്
posted on 2016, June 12 at 6:04am