Saturday 7 January 2017

യാ അല്ലാഹ് - 2

യാ അല്ലാഹ്
നിന്നെ വർണിക്കാൻ മോഹിച്ചിരുന്നു ഞാൻ.
വാക്കുകൾ നാവിൻ തുമ്പോളമെത്തിയിട്ടും
പെയ്യാമഴയായി മാഞ്ഞു പോയി.
വിഭോ, എൻ പാഴ്ശ്രമങ്ങളെ പഴിച്ചു
പകലിരവുകൾ ചിരിയലകളുതിർക്കയാൽ
ഭ്രമിച്ചു പോയെൻ വാക്കുകൾ
ചങ്കിൽ ശിലയായുറച്ചു നിന്നു.
ഇനിയീ പ്രപഞ്ച വിസ്മയത്തിൽ നീ നിറച്ച
നിഗൂഢ സംഗീതത്തിനു കാതോർക്കട്ടെ ഞാൻ.
കിളികൂജനങ്ങളുടെ സംഗീതലഹരിയിൽ
നീലനഭസ്സിൽ സുവർണരാജി പരന്നു.
കടലിലും കരയിലും നിറഞ്ഞ ധവളപ്രഭ
ഈ സംഗീതത്തിന്റെ ഉജ്ജ്വല മുദ്ര.
ആർദ്രമീ സ്നേഹഗീതത്തിന്റെ ദിവ്യധാര
തടശ്ശിലകൾ തകർത്തു പ്രവഹിച്ചതാണു സമുദ്രം.
നിതാന്തമായി നിൻ കീർത്തനങ്ങൾ വാഴ്ത്തി അലകടലും സദാ തിരച്ചാർത്തുയർത്തി.
അഴകിന്റെ പുഷ്പകങ്കണങ്ങൾ നിവർത്തിവിരിച്ചു
പൂങ്കാവനങ്ങളും നിന്നെ വർണിച്ചു രസിച്ചു.
ഉലകിലാകെ വ്യാപരിക്കുമീ ലഹരിയിൽ
ഉൻമത്തനായ് നിന്നിലലിയാൻ കൊതിപ്പൂ ഞാൻ.
എന്നിട്ടുമെന്റെ മാനത്തു മാത്രം വർണരാജി വിരിഞ്ഞില്ല,
എന്റെ തംബുരു മാത്രം ശ്രുതി മീട്ടിയില്ല,
എന്റെ വാക്കുകൾ മാത്രം ഗാനമായ് തീർന്നില്ല,
എന്നാണെന്റെ ഹൃദയതന്ത്രികളിൽ
നിർവൃതിയുടെ സ്വരലയങ്ങളുതിരുക?

0 comments:

Post a Comment