Showing posts with label സഞ്ചാരം. Show all posts
Showing posts with label സഞ്ചാരം. Show all posts

Wednesday, 15 June 2016

ഒലിവു മലയില്‍

posted on 2016, April 18
സൈത്തൂൻകുന്ന്...!
മസ്ജിദുൽ അഖ്സ്വായുടെയും ഖുബത്തുസ്സഖ്റായുടെയും പനോരമിക് വ്യൂ കിട്ടുന്നത് ഇവിടെ നിന്നാണ്. മസ്ജിദുൽ അഖ്സ്വായുടെ പരിസരം അനുഗ്രഹീതമാണെന്ന് വി.ഖുർആൻ പറഞ്ഞിട്ടുണ്ടല്ലൊ. അതിനാൽ അനേകം പേർ ആ അനുഗ്രഹ ലബ്ധിക്കായി ഇവിടെ തമ്പടിച്ച് ആരാധനാ നിമഗ്നരായി കഴിഞ്ഞിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് ഞങ്ങൾ ഇവിടെ സന്ദർശിച്ചത്. സ്വഹാബിയായ സൽമാനുൽ ഫാരിസി (റ) വന്ന് നിന്നിരുന്ന സ്ഥലവും പള്ളിയുമെല്ലാം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. സർവ്വവും മറന്ന് ഇലാഹീ പ്രണയത്തിൽ വിലയിച്ച റാബിഅതുൽ അദവിയ്യ(റ)യുടെ വിശ്രമവും ഇവിടെയാണ്
മലമുകളിലെ ഒരു കല്ല് കാണാൻ ധാരാളം സന്ദർശകർ വരുന്നു. ഈ സാ (അ) മിനെ ആകാശത്തേക്ക് ഉയർത്തിയപ്പോൾ അദ്ദേഹം അവസാനമായി ചവിട്ടി നിന്നത് ഈ കല്ലിലാണ് എന്നാണ് പരമ്പരാഗതമായി വിശ്വസിച്ചു വരുന്നത്. ബാക്കി ഇൻഷാ അല്ലാഹ് യാത്രാവിവരണത്തിൽ. പൂർത്തിയാക്കാൻ ദുആ ചെയ്യുമല്ലോ.

സ്വാലിഹ് നബി (അ)

posted on 2016 April 18

സ്വാലിഹ് നബി (അ)മിന്റെ മഖ്ബറ
St. Catherine Mount ലേക്കുള്ള വഴിയിൽ പാതയോരത്തു നിന്ന് ഏതാനും മീറ്റർ മാത്രം അകലെയാണ്. തൊട്ടടുത്ത് പൂർവ കാലം മുതലേ ആളുകൾ സന്ദർശനത്തിനെത്തുന്ന മറ്റൊരു മഹാനുഭാവനും ഉണ്ട്. ഈ മൈതാനം നിറയെ ഖബ്റുകളാണ്. ചുറ്റും ഭാഗത്തും മാനം മുട്ടെ ഉയർന്നു നിൽക്കുന്ന "കല്ലുമലകൾ ". ഈ കല്ലുകളേക്കാൾ പരുഷവും കഠിനവുമായ ശിലാ ഹൃദയർക്കിടയിലാണ് അവർ പ്രബോധന ജീവിതം നയിച്ചത്. അല്ലാഹുവേ...! അവരുടെ ഹഖ് ജാഹ് ബറകത് കൊണ്ട് ഞങ്ങളെയും നന്നാക്കേണമേ ..!!

ഹാറൂൺ നബി (അ)


 posted on 2016,April 18


ഇത് ഹാറൂൺ നബി (അ)മിന്റെ മഖ്ബറ
സീനായി പർവത നിരകളിൽ ത്വുവായുടെ പരിസരത്ത് തന്നെയാണ് ഉള്ളത്. എതിരെയുള്ള പർവതത്തിൽ ശമരിയക്കാരനായിരുന്ന മോശെ ഉണ്ടാക്കിയ പശുവിന്റെ മാതൃക ശിലയിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ഹാറൂൺ (അ) മും അല്ലാഹു വിന്റെ പ്രവാചകൻ ആയിരുന്നു. എന്നാൽ ജൂത ക്രിസ്ത്യാനികൾ അക്കാര്യം അംഗീകരിക്കുന്നില്ല. അവർക്ക് അദ്ദേഹം മഹാപുരോഹിതൻ മാത്രമാണ്. ഈ പ്രദേശം St. Catharine Monastery യുടെ അധീനതയിലാണ് എന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. മഖ്ബറ ഉള്ളത് ഈ ഫോട്ടോകളിൽ കാണുന്ന വൃത്താകൃതിയിലുള്ള ചെറിയ ഒറ്റ മുറി കെട്ടിടത്തിലാണ്. അതിന്റെ പിറകിലുള്ള ചെറിയ കെട്ടിടം ക്രിസ്ത്യാനികളുടേതാണ് എന്ന് അതിനെ മുമ്പിലുള്ള കുരിശ് തന്നെ പറയുന്നുണ്ട്. എങ്കിലും അവറാരും ഹാറൂൺ (അ) സന്ദർശനത്തിന് വരാറില്ല എന്നാണ് ഖബ്ർ കാണുമ്പോൾ മനസ്സിലാവുന്നത്.

കനീസതുൽ ഖിയാമ

posted on 2016, April 18
ഇത് കനീസതുൽ ഖിയാമ അഥവാ പുനരുത്ഥാന പള്ളി. ക്രൈസ്തവ പ്രചാരണം അനുസരിച്ച് യേശുവിനെ റോമക്കാർ കുരിശിലേറ്റിയത് ഇതിന്റെ നടുമുറ്റത്ത് വച്ചാണ്. അകത്ത് ഒരു പരന്ന വലിയ "കല്ലുകട്ടിൽ " ഉണ്ട്. കുരിശിൽ നിന്ന് ഇറക്കിയ ശരീരത്തിൽ സുഗന്ധലേപനങ്ങൾ പൂശിയതും വെച്ചു കെട്ടിയതും ഇതിൽ കിടത്തിയാണ്. യേശുവിന്റെ കുരിശു മരണ നാടകത്തെ നന്നായി ചോദ്യം ചെയ്യുന്നതാണ് ബൈബിൾ കഥകളിലെ ഈ വിസ്തൃത വർണന. മരിച്ച ശരീരത്തിൽ സുഗന്ധലേപനം പുരട്ടുന്ന സമ്പ്രദായം ജൂതൻമാർക്കോ റോമക്കാർക്കോ ഇടയിൽ നിലവിലുണ്ടായിരുന്നില്ല. കുരിശിൽ നിന്നിറക്കിയ ജീവനുള്ള ശരീരത്തിൽ സുഗന്ധലേപനം ചെയ്യുകയാണ് എന്ന വ്യാജേന മരുന്നുകൾ വച്ചു കെട്ടുകയാണ് അരിമത്ഥ്യായിലെ യോസേഫും നിക്കൊദെമൊസും ചേർന്ന് ചെയ്തിട്ടുള്ളത് എന്ന് ചരിത്രവിദ്യാർത്ഥികൾക്കറിയാം. തൊട്ടപ്പുറത്തുള്ള ഒരു ഗുഹയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത് അഥവാ ഒളിപ്പിച്ചത്....! മുമ്പ് - കേശവമേനോൻ എഴുതിയ യേശുദേവൻ എന്ന പുസ്തകത്തിൽ ആണെന്നാണ് എന്റെ ഓർമ - ഈ ഗുഹയുടെ വലുപ്പം വായിച്ചപ്പോളേ കുരിശിൽ നിന്നിറക്കിയ വ്യക്തിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയായിരുന്നു അത്രയും വലിയ ഗുഹയിൽ പാർപ്പിച്ചതിന്റെ ഉദ്ദേശം എന്ന ഗവേഷകരുടെ നിരീക്ഷണം ശരിയാണ് എന്ന് തോന്നിയിരുന്നു. അപ്പോഴും ഇതിന് ഇത്രയും വലിപ്പം ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നില്ല. ശബത്ത ദിനത്തിലെ പ്രത്യേക പ്രാർത്ഥനകൾ നടന്നുകൊണ്ടിരുന്നതിനാൽ ചിത്രങ്ങൾ പകർത്തുന്നത് തടയാൻ അവിടെ ജൂതൻമാർ കാവലുണ്ടായിരുന്നു. അവരുടെ കണ്ണു വെട്ടിച്ചാണ് ഏതാനും ചിത്രങ്ങൾ പകർത്തിയത്. കൂടുതൽ വിശദാംശങ്ങൾ എന്റെ യാത്രാ വിവരണത്തിൽ ഉണ്ടാകും, ഇൻഷാ അല്ലാഹ്....! 

നൈല്‍ നദിപ്പരപ്പിലൂടെ....

posted on April 20, 2016

അൽഹംദുലില്ലാഹ്!
ഈജിപ്തിലെത്തിയിട്ട് ഇത് നാലാം ദിവസമാണ്. മഹാനായ ഇമാമു നാ ശ്ശാഫിഈ (റ), അവിടത്തെ ഗുരുവര്യനായ വകീ ഹ്(റ), ഇബ്നു ഹജറിൽ അസ്ഖലാനി(റ), സകരിയ്യൽ അൻസാരീ (റ) തുടങ്ങി അനേകം മഹാൻമാരെ സിയാറത്ത് ചെയ്തു. പ്രസിദ്ധമായ കയ്റോ മ്യൂസിയം സന്ദർശിച്ചത് തികച്ചും വേറിട്ട ഒരു അനുഭവമായി. The Royal Mummies Museum ആണ് ഏറെ അത്ഭുതപ്പെടുത്തിയത്. അനേകം ഫറോവമാരുടെ മൃത ശരീരങ്ങൾ അവിടെ മമ്മികളായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ജഡത്തിന്റെ ആമാശയം അടക്കമുള്ള ആന്തരികാവയങ്ങൾ ചുരണ്ടിയെടുത്ത ശേഷം അകത്തും പുറത്തും വിവിധ തരത്തിലുള്ള preservatives കൊണ്ടു പൊതിഞ്ഞാണ് ജഡങ്ങൾ മമ്മിഫൈ ചെയ്യുന്നത്. എന്നാൽ, ഈ ജഡങ്ങളിലൊന്ന് മമ്മിഫൈ ചെയ്തിട്ടില്ല! ഖുർആനിന്റെ അമാനുഷികത വിളിച്ചോതി മൂസാ നബിയുടെ പ്രബോധന കാലത്തെ ഫറോവയുടെ ജഡം തെല്ലും ജീർണിക്കാതെ ഇപ്പോഴും ശേഷിക്കുന്നു! Royal Mummies ഒഴിച്ചുള്ളതെല്ലാം 50 ഗിനി അധികച്ചാർജ് കൊടുത്താൽ ഫോട്ടാ എടുക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ സുരക്ഷാ കാരണങ്ങളാൽ റോയൽ മമ്മികളുടെ ഫോട്ടോ പകർത്താൻ സമ്മതിക്കുന്നില്ല. അകത്തു കടത്തുന്നത് തന്നെ സ്പെഷ്യൽ ചാർജ് ഈടാക്കിയിട്ടാണ്. പൂർണമായും സി.സി.ടി.വി. വലയത്തിലായത് കൊണ്ട് ഫോട്ടോ സാഹസത്തിന് മുതിർന്നില്ല. നമ്മൾ സാധാരണ ചിത്രങ്ങളിൽ കണ്ടു പരിചയിച്ച അതേ രൂപം തന്നെ! അതു യഥാർത്ഥത്തിൽ ആരുടേതാണ്? അതിനോട് ചേർന്നുള്ള ചെറിയ കുറിപ്പിൽ എഴുതിയിട്ടുള്ള പോലെ Ramesess II ന്റെയോ അതോ അദ്ദേഹത്തിന്റെ പുത്രനായിരുന്ന Merenptah ന്റെയോ? ആരെയാണ് മൂസാ നബി അ .മിന്റെ കാലത്തു മുക്കിക്കൊന്നത്? മൂസാ നബിയുടെ കാലത്ത് എത്ര ഫറോവമാർ ജീവിച്ചിട്ടുണ്ട്? ചരിത്ര വിദ്യാർത്ഥികളുടെ അതിശയം ഉണർത്തുന്ന അന്വേഷണമായിരിക്കുമത്. തീർച്ചയായും അതേ കുറിച്ച് എന്റെ യാത്രാവിവരണത്തിൽ വായിക്കാം, ഇൻഷാ അല്ലാഹ്!
പിന്നീട് ലോകാത്ഭുതങ്ങളിലൊന്നായി നമുക്ക് കേട്ട് പരിചയമുള്ള പിരമിഡുകൾ കാണാൻ പോയി. പല വിധത്തിൽ പോസ് ചെയ്യിച്ച ഞങ്ങളുടെ ഗൈഡ് മിസ്രിയായ യൂസുഫ് ഓരോരുത്തരെയും ഫോട്ടോ എടുത്തപ്പോഴും അതിശയത്തേക്കാളേറെ മനസിൽ കനലു കോരിയിടുന്ന ഒരു ചിന്ത കടന്നു പോയി. 5000ൽ കൂടുതൽ കിലോഗ്രാം ഭാരമുള്ള ആ ഭീമൻ കല്ലുകൾ 165 ലധികം മീറ്റർ ഉയരത്തിലേക്ക് ഉയർത്തുവാൻ ആ പാവം 'അടിമകൾ ' എത്രമാത്രം കഠിന ധ്വാനവും പ്രയാസവും സഹിച്ചിട്ടുണ്ടാകും! അവയിൽ മിക്കവയും കല്ലല്ല !! ചുണ്ണാമ്പു കുഴച്ചെടുത്തു തീയിൽ ചുട്ടെടുത്തതാണ് !! എത്രയധികം പണിയെടുക്കേണ്ടി വന്നിട്ടും ആ പാവം ജനങ്ങൾ. ഫറോവമാരുടെ മർധക ഭരണം എത്രമാത്രം ക്രൂരമായിരിക്കും II
മുല കുഞ്ഞായിരിക്കുമ്പോൾ മൂസാ (അ) മിനെ ഇലാഹീ നിർദേശ പ്രകാരം പെട്ടിയിലാക്കി ഉമ്മ ഒഴുക്കിവിട്ട നൈൽ നദിയിലൂടെ ആ ചരിത്ര ഗാഥകളെ സ്മരണകളിൽ താലോലിച്ച് ബോട്ടിൽ യാത്ര ചെയ്തു . നൈൽ നദിയുടെ ജലപ്പരപ്പിൽ കയ്യിട്ടപ്പോഴും ഓളം തള്ളി വെള്ളം കുപ്പായക്കൈ നനച്ചപ്പോഴും കാറ്റിലുലഞ്ഞ് ബോട്ട് ഇളകിയാടിയപ്പോ ഴും ആ ഉമ്മയുടെ നിശ്ചയദാർഢ്യം അക ഖൽബിനെ മദിച്ചു. വീശിയടിക്കുന്ന കാറ്റിന്റെ സീൽക്കാരത്തേക്കാൾ ഉച്ചത്തിൽ സഹയാത്രികനായ അബ്ദുൽ ഗഫ്ഫാർ സഅദി ഈണത്തിൽ നീട്ടിപ്പാടി...
"കണ്ണീരാൽ നിർമ്മിച്ചൊരു പെട്ടിയതാ....
പെട്ടി തൻ ഉള്ളിലൊരാൺ കുട്ടിയതാ..... "

കൈറോ വിട!!

posted on April 20
രാവിലെ 3.53 ന് സുബ്ഹി ബാങ്ക് കൊടുക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പു തന്നെ ഞങ്ങൾ എഴുന്നേറ്റു യാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സുബ്ഹി നിസ്കാരം കഴിഞ്ഞ് അധികം വൈകാതെ ഇമാം സുയൂഥിയും നഫീസതുല് മിസ്രിയയുമുള്പപടെയുള്ള മഹത്തുക്കളുടെ മണ്ണായ കൈറോ നഗരത്തോട് വിട പറഞ്ഞു. അലക്സാൻഡ്രിയയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. വരുന്ന വഴിയിൽ അഖ്ത്വാബിൽ പെട്ട സയ്യിദ് ഇബ്രാഹീം ദസൂഖി(റ)വിനെയും സയ്യിദ് അഹ്മദുൽ ബദവി തങ്ങളെയും സന്ദർശിച്ചു. അവരുടെ ചാരത്ത് അനേകം മഹത്തുക്കൾ വേറെയും വിശ്രമിക്കുന്നുണ്ട്. ഇമാമുനശ്ശാഫിഈ (റ)വിന്റെ ഖബ്റിന്നടുത്ത് തിരുനബി സ്വയുടെ ഒരു തൃപ്പാദം പതിഞ്ഞ കല്ല് കണ്ടിരുന്നു. അഹ്മദുൽ ബദവീ (റ)വിന്റെ ചാരത്ത് അവിടത്തെ രണ്ടു തൃപ്പാദങ്ങളും പതിഞ്ഞ ശില കണ്ടു. തിരുദൂതർ അണിഞ്ഞിരുന്ന ഒരു വസ്ത്രത്തിന്റെ ചെറിയ ഭാഗവും ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞു അനേകം തിരുശേഷിപ്പുകൾ അവിടെ വേറെയും ഉണ്ടായിരുന്നു. കൂട്ടത്തിൽ ശഅറു മുബാറക്കും ഉണ്ട്. പക്ഷെ അവ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ താക്കോൽ പള്ളി ഇമാമിന്റെ കയ്യിലാണ്, അദ്ദേഹം വരണമെങ്കിൽ ളുഹർ ബാങ്ക് വിളിക്കണം. സമയം പത്തു മണിയേ ആകുന്നുള്ളൂ. ഞങ്ങളുടെ ഷെഡ്യൂൾ അത്രയും കാത്തിരിക്കുന്നതിന് വിഘ്നമായിരുന്നതിനാൽ ദസൂഖി (റ)വിന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചു. പൂമുത്തുനബിയുടെ തൃക്കരം' പതിഞ്ഞ ഒരു ശില അവിടെയുമുണ്ട്! അതിനെ കൈകൾ കൊണ്ട് നേരിട്ട് സ്പർശിക്കാൻ അവസരമുണ്ട്. അൽഹംദുലില്ലാഹ്! അങ്ങേയറ്റത്തെ ആതിഥ്യമരാദ കൊണ്ട് പള്ളിയിലെ ഇമാമും ഖത്വീബും മുദർരിസുമായ ബശീർ മുഹമ്മദ് അബ്ദുൽ അസീസ് അല് അസ്ഹരിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഞങ്ങളെ വീർപ്പു മുട്ടിച്ചു.
പിന്നീട് ഞങ്ങൾ അലക്സാണ്ഡ്രിയയിലെത്തി. നേരെ പോയത് ഇമാം ബൂസ്വീരി (റ)വിന്റെയും അവിടുത്തെ ഗുരുവര്യനായ അബുൽ അബ്ബാസ് മുർസി (റ)വിന്റെയും അടുത്തേക്കാണ് . അതിന്റെ പരിസരത്ത് അദ്ദേഹത്തിന്റെ രണ്ടാൺ മക്കളും ദ സൂഖി തങ്ങളുടെ ഉമ്മയുമുൾപ്പടെ അനേകം മഹദ് ജനങ്ങളെയും സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. ആത്മാനുഭൂതിയുടെ ആ ധന്യ നിമിഷങ്ങളെ കുറിച്ച് ഇൻഷാ അല്ലാഹ് എഴുതാതിരിക്കില്ല!

നഫീസതുൽ മിസ്വരിയ്യയുടെ ചാരത്ത്

posted on 2016,April 21
ഇമാമുനശ്ശാഫിഈ (റ) യുടെ കാലത്തു തന്നെ ജീവിച്ചിരുന്ന ഒരു മഹതിയാണ് നഫീസതുൽ മിസ്വരിയ്യ. കേരളക്കാർക്ക് മഹതിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടി വരില്ല. നഫീസതുമാല പാരായണം ചെയ്യാത്ത വീടുകൾ നമ്മുടെ നാട്ടിൽ അപൂർവമായിരിക്കും. മഹാനവർകൾ തനിക്കു വേണ്ടി ദുആ ചെയ്യാൻ ആവശ്യപ്പെട്ട് മഹതിയുടെ അടുക്കലേക്ക് ആളയ്ക്കാറുണ്ടായിരുന്നുവല്ലോ. താൻ മരിച്ചാൽ മയ്യിത്ത് ആദ്യം നഫീസതുൽ മിസ്വ്രിയ്യയുടെ അടുക്കൽ കൊണ്ടുവരാൻ വസ്വിയ്യത്ത് ചെയ്തിരുന്നു. ആ പതിവു ഇന്നും നിലനിൽക്കുന്നുണ്ട് എന്ന് അങ്ങോട്ടുള്ള യാത്രാമധ്യേ അബ്ദുൽ ഗഫ്ഫാർ സഅദി പറഞ്ഞിരുന്നു മഗ് രിബ് ബാങ്ക് വിളിക്കാനടുത്ത സമയത്താണ് എത്തിയത്. അല്പം കഴിഞ്ഞാൽ ഇരുട്ടു പരക്കുന്നതു കൊണ്ട് മഖ്ബറ യുടെ പുറത്തു നിന്നുള്ള ദൃശ്യം പകർത്തുന്നത് ബുദ്ധിമുട്ടാകുമെന്നതിനാൽ ചിയ്യൂർ അബ്ദുല്ല സഅദിയും ഞാനും ചേർന്ന് ആദ്യത്തെ ഷോട്ട് എടുത്തു. അതു കഴിയും മുമ്പേ ബാങ്കിന്റെ നാദം ഉയർന്നു. ത്തങ്ങളും മഗ്രിബ് ജമാഅത്തിൽ പങ്കെടുത്തു ആ വഖ്തിലും ഏതോ ഒരു സഹോദരന്റെ മയ്യിത്ത് എത്തിയിട്ടുണ്ടായിരുന്നു. നമ്മുടെ നാട്ടിൽ പതിവുള്ള പോലെ മരിച്ചയാളുടെപേര് അനൗൺസ് ചെയ്യുന്നതിനു പകരം മയ്യിത്ത് പുരുഷനാണ് എന്നും അയാളുടെ കുടുംബപ്പേരും ഗ്രാമത്തിന്റെ പേരും മാത്രമാണ് പരിചയപ്പെടുത്തിയത്‌. നഫീസതു ബീവി(റ)യുടെ സാന്നിധ്യം എത്ര അനുഗ്രഹീതമായിട്ടാണ് മിസ്വ്രികൾ കാണുന്നത് എന്നതിന്റെ മികച്ച ഒരു ഉദാഹരണമായിട്ടാണീ സംഭവം അനുഭവപ്പെട്ടത്. മഹതിയുടെ ബറകത് അല്ലാഹു നമുക്കും തരട്ടെ!

ഇബ്നു ഹജരിൽ അസ്ഖലാനി(റ)വിനെ കാണാന്‍

posted on April 21, 2016

ഇമാമു നശ്ശാഫിഈ(റ)വിന്റെയും സകരിയ്യൽ അൻസ്വാരി (റ)വിന്റെയും മഖ്ബറയിൽ നിന്ന് ഇടുങ്ങിയ ഒരു വഴിയിലൂടെ 'പത്തു മിനിട്ട് നടന്നാൽ ഇബ്നു ഹജറിൽ അസ്ഖലാനി(റ)വിന്റെ അടുത്തെത്താം. പോകുന്ന വഴിയിൽ ഇരുവശത്തുമായി അഹ് ലുബൈത്തിൽ പെട്ടവരും അല്ലാത്തവരുമായ ധാരാളം പേരുടെ മഖ്ബറകൾ ഉണ്ട്, അതിനിടയിൽ കൊച്ചു കൊച്ചു കുടിലുകൾ കെട്ടി ധാരാളം സാധുക്കളെയും കണ്ടു. വഴിവക്കിൽ ചപ്പുചവറുകൾ കൂട്ടിയിട്ടതിൽ കയ്യിട്ട് തപ്പുന്ന ഒരു പടുവൃദ്ധൻ! ഒരു നേരത്തെ പശിയടക്കാൻ വല്ലതും കിട്ടുമോ എന്നു നോക്കുകയാണയാൾ. കരളലിയിപ്പിച്ച ആ രംഗം കാമറയിൽ പകർത്താനായി ഞാൻ ഫോക്കസ് ചെയ്തു. അപ്പോഴേക്കും എന്തോ ഒന്ന് കയ്യിൽ തടഞ്ഞ സന്തോഷത്തിൽ അയാൾ തലയുയർത്തി. മുഖമാകെ വികസിച്ചിട്ടുണ്ട്. അയാൾ കാണുമെന്ന് കരുതി ഫോട്ടോ എടുക്കാനുള്ള ശ്രമം ഞാനുപേക്ഷിച്ചു - ഒരാളുടെയും ആത്മാഭിമാനത്തിന് പോറലേൽപ്പിക്കരുതല്ലോ. ഇടയ്ക്ക് കുതിരകളെയും അവയെ തളയ്ക്കാറുള്ള ലായവും കണ്ടു.
ഇബ്നു ഹജരിൽ അസ്ഖലാനി(റ) ! ഫത്ഹുൽ ബാരിയുടെ രചയിതാവ്. എത്രയോ തവണ കേട്ടും വായിച്ചും പരിചയിച്ച വ്യക്തിത്വമാണ്, അങ്ങോട്ടുള്ള ഓരോ ചവിട്ടടിയിലും ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. ഹദീസു വിമർശകരുടെ എത്രയെത്ര ആരോപണശരങ്ങളെയാണ് അദ്ദേഹം പ്രതിരോധിച്ചു നിർത്തിയത് !! പക്ഷെ .....! അവിടെയെത്തിയപ്പോൾ .....
ആകെ ഹൃദയം തകർന്നു പോയി. ചുറ്റുമതിലിന്റെ അകത്തേക്ക് കടക്കുവാനുള്ള കവാടം ആരോ കല്ലുകൾ വെച്ച് പൂർണമായും അടച്ചു കളഞ്ഞിരിക്കുന്നു. ഞങ്ങളുടെ യാത്രാ സംഘത്തിന് ഒപ്പം ഉണ്ടായിരുന്ന മിസ്രിയായ ത്വാരിഖ് അബ്ദുൽ ഹഫീള് മുഹമ്മദ് ആറു മാസം മുമ്പ് വരെ അവിടെ സന്ദർശിച്ചിട്ടുണ്ട് .അപ്പോഴൊന്നും ഈ കെട്ട് ഉണ്ടായിരുന്നില്ല, എനിക്കാകാംക്ഷയേറി. വഴിയടച്ചവർ ഖബറും പൊളിച്ചു കാണുമോ? ത്വാരിഖിന്റെ സഹായത്തോടെ മതിൽക്കെട്ടിന്റെ വിടവിൽപൊത്തിപ്പിടിച്ചു കയറി നോക്കി. നിരാശ ബാക്കിയായി. മുകൾഭാഗം പനയോലകൾ കൊണ്ട് മേൽക്കൂരയിട്ട് മുകളിൽ മണ്ണ് വാരിയിട്ടു ട്ടുണ്ട്. ഒരു ഭാഗത്ത് വിടവുണ്ട്' ഏന്തി വലിഞ്ഞു നോക്കി - കഴുത്തിന് നീളം പോരാ! ഇമാം ബുഖാരിയെയും ഇബ്നു ഹജർ തങ്ങളെയും മനസ്സിരുത്തി വിളിച്ചു കാനോണിന്റെ കാമറ നീട്ടിപ്പിടിച്ചു ഫോക്കസ് ചെയ്തു ഫലമുണ്ടായില്ല മതിലിൽ നിന്ന് പിറകോട്ട് ചാടിയിറങ്ങിയപ്പോൾ ചുറ്റും ഉയർന്നു പൊങ്ങിയ പൊടിപടലം പോലെ എന്റെ മനസും ധൂളിയായിരുന്നു. ഇമാം ബുഖാരിയെ സിയാറത്ത് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിന് പകുതി ആശ്വാസമാകുമെന്ന് നിനച്ചിരുന്നതാണ് പക്ഷെ ....
അപ്പോൾ അബ്ല്ല സഅദി ഓടി വന്നു പറഞ്ഞു നീണ്ട ആ മതിൽക്കെട്ടിന്റെ കുറച്ചപ്പുറത്ത് അതിന്റെ മുകളിൽ ഒരു ചെറിയ കുട്ടി നിൽക്കുന്നു, അവന്റെ കയ്യിൽ കൊടുത്താൽ അവൻ ഫോട്ടോ എടുത്തു തരും. ഞാനങ്ങോട്ടോടി. മുകളിൽ ഒരു ചെറിയ കുട്ടി നിൽക്കുന്നു. ഏഴോ എട്ടോ വയസ് പ്രായം കാണും. അവൻ കാമറക്കു കൈ നീട്ടി. എനിക്കു തോന്നി, ഞാൻ തന്നെ കയറിയിലെന്താ ?! ഞാനും അവന്റെ ഭാരം തന്നേ കാണൂ! വെറും ഒറ്റവരി ഇഷ്ടികയിൽ കെട്ടിയ മതിലിൽ തൊട്ടപ്പോൾ അതു ഇളകിയാടി. അടുത്തു തന്നെ നിന്നിരുന്ന മറ്റൊരു കുട്ടിക്ക് എന്റെ ആഗ്രഹമെന്തെന്ന് മനസ്സിലായി. ഏതാണ്ട് പന്ത്രണ്ട് വയസു കാണും. അവൻ രണ്ടു കൈകളും കോർത്തു പിടിച്ച് അതിൽ ചവിട്ടിക്കയറാൻ പറഞ്ഞു. ഞാനതു സ്വീകരിച്ചില്ല. കാമറ താഴെയുള്ളവരെ ഏല്പിച്ച് മതിലിൽ അള്ളിപ്പിടിച്ച് കയറി. മുകളിൽ നിന്ന ചെറിയ കുട്ടി കൈ നീട്ടിയെങ്കിലും അതും വേണ്ടെന്നു വെച്ചു - വീണാൽ രണ്ടു പേരും വീഴും. എന്റെ ആഗ്രഹത്തിന്റെ കൂടി തീവ്രത കൊണ്ടാവാം അതിന്റെ മുകളിലെത്തിയത് എത്ര വേഗത്തിലായിരുന്നെന്നോ. അകത്തു കടന്നു അലപം മുന്നോട്ട് നsന്നു മഖ്ബറയിലേക്ക് പ്രവേശിച്ചു. സലാം പറയുമ്പോൾ കാമറ ആ കുട്ടിയെ ഏല്പിച്ചു. ആ മിടുക്കൻ രണ്ടോ മൂന്നോ തവണ ക്ലിക്ക് ചെയ്തു. അതിനവന് സാധിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പിന്നീട് ഞാനും മഖ്ബറയുടെയും ശിലാഫലകത്തിന്റെയും ഒന്നു രണ്ടു ഷോട്ടുകൾ എടുത്തു. ഒരു പക്ഷെ, ഇനി ഇതിനും അവസരമില്ലാതായെങ്കിലോ? അല്ലാഹു തുണ! ആ കുട്ടികളുടെ പേര് ഞാൻ അന്വേഷിച്ചിരുന്നു. മറന്നു പോയി. അല്ലാഹു അവർക്ക് റഹ്മത്ത് ചെയ്യട്ടെ! ഇമാം ബുഖാരിയെയും ഇബ്നു ഹജറ് തങ്ങളെയും വിളിച്ചത് വെറുതെയായില്ലെന്ന ആത്മസായൂജ്യത്തോടെയാണ് അവിടെ നിന്ന് മടങ്ങിയത്.

ജിദ്ദയിലേക്ക്

posted on April 22, 2016.· 
ഇന്നലെ രാത്രി 10:50 ന് (ഇന്ത്യൻ ടൈം 2: 20) ഈജിപ്തിലെ അലക്സാൺട്രിയയിലെ ബുർജുൽ അറബ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് SV3332 നമ്പർ വിമാനത്തിൽ ജിദ്ദയിലേക്ക് കയറുമ്പോൾ മനസ്സിൽ നിറയെ വേപഥു ആയിരുന്നു.
മിസ്൪...., നീയെത്ര ഭാഗ്യവതിയാണ്! എത്രയെത്ര മഹത്തുക്കളാണ് നിന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം കൊള്ളുന്നത്. ആ പുണ്യപുരുഷരെ അന്വേഷിച്ച് എത്രയെങ്ങാനും പേർ നിന്നെത്തേടി വന്നു!! അവരുടെ അധ്യാത്മിക ദാഹം തീർക്കാൻ ഭാഗ്യം കിട്ടിയ നിന്നെപ്പിരിയാൻ മനസ് വരുന്നില്ല. കയ്റോയിൽ ഇമാം സുയൂത്വിയുടെയോ ഇമാം അസ്ഖലാനിയുടെയോ ജ്ഞാനസാഗരമായ ഇമാമുനാ ശ്ശാഫിഈയുടെയോ ചാരത്തു തന്നെയങ്ങു കൂടിയാൽ മതിയായിരുന്നു. ജീവിതം ഏല്പിച്ചു തന്ന കനത്ത ഉത്തരവാദിത്തങ്ങൾ അതിനു സമ്മതിക്കുന്നില്ലല്ലൊ. അറിവിന്റെ ആ മഹാസാഗരങ്ങളോട് യാത്ര ചോദിക്കാൻ മനസില്ലാതെ ആഫ്രിക്കൻ വൻകരയിൽ നിന്ന് തിരിച്ചുവരവ് ആരംഭിച്ചു. പറ്റിയാൽ അധികം താമസിയാതെ ഇറാഈലും ഈജിപ്തും സന്ദർശിക്കാൻ വീണ്ടും വരാമെന്ന് ഇസ്രാഈലിലെ ഗൈഡ് ജമീലിനോടും ഈജിപ്തിലെ സഹായി സയ്യിദ് മുസ്ത്വഫായോടും പറഞ്ഞതു യാഥാർത്ഥ്യമാകട്ടെ എന്ന അകം നിറഞ്ഞ ആഗ്രഹത്തോടെ.
വരുന്നതിന് മുമ്പ് ദാനിയാൽ നബിയുടെയും ലുഖ്മാനുൽ ഹകീം തങ്ങളുടെയും അടുത്തും സ്വഹാബിയായ അബുദ്ദർദ്ദാഅ (റ)വിന്റെ ചാരത്തും പോയി. അതിന്റെ ശേഷമാണ് ലോകത്തെ ഒട്ടുമിക്ക ഭാഷകളിലെയും എല്ലാ വിജ്ഞാന ശാഖകളിലെയും ഗ്രന്ഥങ്ങൾ സമാഹരിച്ചിട്ടുള്ള Bibliotheca Alexandrina സന്ദർശിച്ചത്. അതു വല്ലാത്തൊരു ലോകമാണ്! യാത്രാ വിവരണത്തിലാകട്ടെ ബാക്കി വിശേഷങ്ങൾ. നിങ്ങളുടെ കാത്തിരിപ്പു ഇൻഷാ അല്ലാഹ് വെറുതെയാകില്ല, ദുആ ചെയ്യുമല്ലോ.

എല്ലുതുളക്കുന്ന തണുപ്പില്‍ ദാഹത്തോടെ


യാത്രാവിവരണം/ രിസാല 25 മെയ് 2016
2016 ഏപ്രില്‍ പതിമൂന്ന്.
റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. നല്ല ആള്‍ത്തിരക്കുണ്ട്. സ്‌കൂള്‍ വിട്ട സമയത്ത് നമ്മുടെ നാട്ടിലെ ഏതോ ബസ് ടെര്‍മിനലില്‍ എത്തിയ പോലെ. വിമാനത്താവളം അതിഗംഭീരമാണ്. ആഢംബരപൂര്‍ണവും. മരുഭൂമിയുടെ ദുര്‍ഘടത കാരണം ദൂരയാത്രക്ക് നല്ലത് വിമാനം തന്നെ. വലിയ കീറാമുട്ടികളൊന്നുമില്ലാത്ത കസ്റ്റംസ് മുറിച്ചുകടന്നു.
സഊദി സമയം 5:45. സായാഹ്നം. ജോര്‍ദാനിലേക്കുള്ള ഞങ്ങളുടെ വിമാനം SV0637 കൃത്യസമയത്ത് തന്നെ പറന്നുയര്‍ന്നു. ഇനി 1309കി.മി നിലം തൊടാതെ… താഴെ കണ്ടും കേട്ടും ഒരുപാട് വായിച്ചും പരിചയിച്ച മഹാ മരുഭൂമി. മുകളില്‍ അനന്തതയിലേക്ക് വിരിച്ചിട്ട വിഹായസ്സ്. എന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് ഒരു ബ്രിട്ടീഷുകാരനാണ്. പേര് തോമസ് എഡ്വാര്‍ഡ്! ഇതയാളായിരിക്കുമോ; ടി ഇ ലോറന്‍സ്? ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ് ചാരനായി ജോര്‍ദാനിലേക്ക് വന്ന ടി ഇ ലോറന്‍സ് എന്ന തോമസ് എഡ്വാര്‍ഡ് ലോറന്‍സ്? ഏതാണ്ടതുപോലെത്തന്നെ. വെളുമ്പന്‍ സ്‌കിന്നും പൂച്ചക്കണ്ണും. വെട്ടിയൊതുക്കിയ മുടി. മെലിഞ്ഞുനീണ്ട മുഖം. ആകെക്കൂടി ഒരു സ്ലിം ബ്യൂട്ടി. നിങ്ങളുടെ പേര് ലോറന്‍സിനോട് ചേരും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ മെല്ലെ ചിരിച്ചു. അയാളും ലോറന്‍സ് ഓഫ് അറേബ്യ കണ്ടിട്ടുണ്ട്. അറബികള്‍ക്കിടയില്‍ അവരുടെ വേഷവിധാനങ്ങളും മറ്റും സ്വീകരിച്ച് ജീവിക്കുകയും അവരോടൊപ്പം ഉസ്മാനിയ ഖിലാഫത്തിനെതിരെ പൊരുതുകയും ചെയ്ത ടി ഇ ലോറന്‍സിന്റെ (1888-1935) ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് ലോറന്‍സ് ഓഫ് അറേബ്യ. അദ്ദേഹം അറിയപ്പെട്ടിരുന്നത് ഈ പേരിലാണ്. പീറ്റര്‍ ഒടുള്‍ അഭിനയിച്ച ആ ഡോക്യുമെന്ററിയിലെ സാഹസികരംഗങ്ങളും മരുഭൂകാഴ്ചകളും ആര്‍ക്കും മറക്കാനാവില്ല. ഒന്നാം ലോക യുദ്ധാനന്തരം നടന്ന പാരീസ് പീസ് കോണ്‍ഫറന്‍സിന്റെ തീരുമാനമനുസരിച്ചുള്ള അറേബ്യന്‍ വിഭജനമടക്കമുള്ള ചരിത്രം പഠിക്കാന്‍ ആ ഡോക്യുമെന്ററി വലിയൊരളവോളം സഹായിക്കും. ലോറന്‍സ് തന്നെ എഴുതിയ ജ്ഞാനത്തിന്റെ സപ്തസ്തൂപങ്ങള്‍ (Seven Pillars of Wisdom) അവലംബിച്ച് തയ്യാറാക്കപ്പെട്ട ലോറന്‍സ് ഓഫ് അറേബ്യ ഏഴ് ഓസ്‌കാര്‍ അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്!
എട്ടുമണിക്ക് ക്യൂന്‍ ആലിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അര മണിക്കൂര്‍ വൈകിയിട്ടുണ്ട്. മഴയാണ്. മരുഭൂമിയില്‍ മഴ വിരളമാണല്ലോ. ജോര്‍ദാന്റെ വടക്കന്‍ ഭാഗങ്ങളിലും ജോര്‍ദാന്‍ നദിക്കരയിലും മാത്രമാണ് സാധാരണ മഴ ലഭിക്കാറുള്ളത്. കൃഷിയുള്ളതും അവിടെയൊക്കെത്തന്നെ. മഴയില്‍ എയര്‍പോര്‍ട്ട് സത്യത്തില്‍ ഉടുത്തൊരുങ്ങിയ രാജ്ഞിയെപ്പോലെ തോന്നിച്ചു. ചന്തമുള്ള എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ അകത്തും പുറത്തും കത്തുന്ന വര്‍ണദീപങ്ങള്‍ മഴകൊണ്ട് റണ്‍വേയില്‍ തട്ടി പ്രതിഫലിക്കുന്ന മനോഹര കാഴ്ച കാണേണ്ടതു തന്നെ. വൃത്തിയും വെടിപ്പുമുള്ള വിശാല സുന്ദരമായ എയര്‍പോര്‍ട്ട് ജോര്‍ദാന്റെ രണ്ട് ഇന്റര്‍നാഷണല്‍ വിമാനത്താവളങ്ങളിലൊന്നാണ്. പട്ടുടുത്ത ആ റണ്‍വേയിലൂടെ വിമാനം നീങ്ങിയപ്പോള്‍ വല്ലാത്ത ഹരം തോന്നി. എണീറ്റ് നടന്ന് കോറിഡോറിലൂടെ വരുന്ന വഴിയില്‍ തന്നെ ഞങ്ങളെ സ്വാഗതം ചെയ്ത് സംഘത്തെ നയിച്ചിരുന്ന അബ്ദുല്‍ ഗഫ്ഫാര്‍ സഅദിയുടെ പേരെഴുതിയ പ്ലക്കാര്‍ഡുമായി ട്രാവല്‍ ഏജന്‍സിയുടെ പ്രതിനിധി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ജോര്‍ദാനില്‍ ഓണ്‍ എറൈവല്‍ വിസ(ഢഛഅ) ലഭിക്കുന്നതുകൊണ്ട് ആ സൗകര്യം ഉപയോഗപ്പെടുത്തുവാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. വിസ സ്റ്റാമ്പ് ചെയ്തു കിട്ടുന്നതിന് ഞങ്ങള്‍ ഓരോരുത്തരും ക്യൂ നില്‍ക്കുന്ന മുഷിപ്പ് ട്രാവല്‍ ഏജന്റ് ഇടപെട്ട് ഒഴിവാക്കി. ആ സമയത്ത് ഞങ്ങള്‍ ലഗേജുകള്‍ സ്വീകരിക്കാമെന്ന് വെച്ചു. അപ്പോഴേക്ക് എല്ലാം ശരിയാക്കി യാത്രാനായകനുമെത്തി.
മനസ്സില്‍ ജോര്‍ദാനെക്കുറിച്ചുള്ള പലതരം വിചാരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഓര്‍ക്കാനും സന്തോഷിക്കാനും ചിരിക്കാനും പറ്റിയവയുണ്ട്. നൊമ്പരപ്പെട്ട് നെടുവീര്‍പ്പിടുന്ന കദനാനുഭവങ്ങളുമുണ്ട്. സമ്മിശ്രമായ വികാരങ്ങള്‍ മനസ്സില്‍ തിരത്തള്ളിച്ചയുണ്ടാക്കി.
പൂര്‍വകാല തിരുദൂതന്മാരുടെ പാദസ്പര്‍ശമേറ്റ മണ്ണാണിത്. അവരില്‍ പലരും ഇവിടെ അന്തിയുറങ്ങുന്നു. മുത്തുനബി(സ) ബാല്യകാലത്തും യുവാവായിരുന്നപ്പോഴും പ്രവാചകത്വ ലബ്ധിക്കുശേഷവുമൊക്കെ ഈ നാട്ടില്‍ വന്നിട്ടുണ്ട്. അനേകം സ്വഹാബികളുടെ ആത്മീയ സാന്നിധ്യവും ഈ മരുഭൂമിക്ക് കിട്ടിയിട്ടുണ്ട്. തിരുനബി(സ)യുടെ ജീവിതകാലത്തുതന്നെ നടന്ന മുഅ്തത് യുദ്ധം, എ.ഡി. 636ല്‍ ഖാലിദ്ബ്‌നു വലീദ്(റ)വിന്റെ ദിഗ്വിജയം അടയാളപ്പെടുത്തിയ യര്‍മൂക്ക് യുദ്ധം തുടങ്ങിയ പോരാട്ടങ്ങളുടെ രണഭൂമിയാണിത്. നൂറ്റാണ്ടുകള്‍ നീണ്ട ഇസ്‌ലാമിക ഖിലാഫത്തിന്റെ പ്രതാപവും പതനവും കണ്ട മണ്ണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഡെയ്‌സ് ഇന്‍ ഹോട്ടലിലേക്ക് നാല്‍പത്തിയൊന്ന് കിലോമീറ്ററുണ്ട്. സഹയാത്രികരില്‍ അധികവും ദീര്‍ഘമായ യാത്രയുടെ ക്ഷീണത്തില്‍ ഉറക്കത്തിലാണ്. ചരിത്രമുറങ്ങുന്ന മണ്ണിലൂടെയുള്ള വരും ദിവസങ്ങളിലെ യാത്രയെക്കുറിച്ച് മനക്കോട്ട കെട്ടുകയായിരുന്നു ഞാന്‍.
പല ചരിത്രകാരന്മാര്‍ക്കും പിണഞ്ഞിട്ടുള്ള ഒരു ഭീമാബദ്ധമുണ്ട്. ആദ്യം സര്‍വത് സൗലതിനെ ഉദ്ധരിക്കാം. പാക്കിസ്താന്‍കാരനായ ബഹുഭാഷാപണ്ഡിതനും ചരിത്രകാരനുമാണ് സൗലത്. മുന്നൂറിലേറെ നിബന്ധങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ നാല് വാള്യങ്ങളുള്ള മില്ലത്തെ ഇസ്‌ലാമിയാ കീ മുഖ്ത്വസ്വര്‍ താരീഖ്- ഇസ്‌ലാമിക സമൂഹം കടന്നുപോയ ആയിരത്തി നാനൂറ് കൊല്ലത്തെ ചരിത്രം ചുരുക്കിപ്പറയുന്നുണ്ട്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മലയാള പരിഭാഷയില്‍ ജോര്‍ദാനെ പരിചയപ്പെടുത്തുന്ന ഭാഗത്ത് ഇങ്ങനെ കാണാം:
‘പുരാതനമായ ബുസ്വ്‌റാ പട്ടണം സ്ഥിതി ചെയ്യുന്നത് ജോര്‍ദാനിലാണ്. പ്രവാചകത്വലബ്ധിക്കുമുമ്പ് നബിതിരുമേനി പിതൃവ്യന്‍ അബൂത്വാലിബിനോടൊപ്പം നടത്തിയ ശാം യാത്രക്കിടയില്‍ അവര്‍ ബുഹൈറാ എന്ന ക്രൈസ്തവ പുരോഹിതനെ കണ്ടുമുട്ടുകയും അയാള്‍ ബാലനായ മുഹമ്മദിന്റെ ഭാവി പ്രവചിക്കുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ബുസ്വ്‌റായില്‍ വെച്ചാണ് ആ സംഭവം നടന്നത്” (വാള്യം 3, പേ.277).
ഉഷ്ണകാലത്തും ശൈത്യകാലത്തും മക്കയുടെ തെക്കും വടക്കും ഭാഗങ്ങളിലേക്ക് ഖുറൈശികള്‍ നടത്തിയിരുന്ന വാണിഭയാത്രകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലുണ്ട്; രിഹ്‌ലത്തുശ്ശിത്താഇ വസ്സ്വയ്ഫ്. ശൈത്യകാലത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളായ ദക്ഷിണ അറേബ്യയിലെ യമനിലേക്കും ചെങ്കടല്‍ കടന്ന് ഹബ്ശ(എത്യോപ്യ)യിലേക്കും വര്‍ത്തക സംഘങ്ങള്‍ പോയി. തഥൈവ, ഉഷ്ണകാലത്ത് ശൈത്യപ്രദേശങ്ങളായ മക്കയുടെ ഉത്തരഭാഗത്തുള്ള ശാം, ഇറാഖ് എന്നിവിടങ്ങളിലേക്കും വാണിജ്യ ലക്ഷ്യങ്ങളോടെ ഖുറൈശികള്‍ യാത്ര ചെയ്തു. നബിതിരുമേനി(സ)യുടെ പിതാമഹനായിരുന്ന അബ്ദുമനാഫിന്റെ നാലു മക്കളാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. യമനിലേക്കും ഹബ്ശയിലേക്കും യഥാക്രമം മുത്ത്വലിബും അബ്ദുശംസുമാണ് പോയിരുന്നത്. നൗഫല്‍ ഇറാഖിലേക്കുള്ള സംഘത്തെ നയിച്ചു. ഹാഷിം ശാമിലേക്കും പോയി. ശാമിലെ അനേകം പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും അവിടുത്തുകാരുമായി നന്നായി ഇടപഴകുകയും ചെയ്തിരുന്നു. ഫലസ്ത്വീനിലെ ഗസ്സയിലേക്കായിരുന്നു അദ്ദേഹം ഏറെ സഞ്ചരിച്ചത്. അവിടുത്തുകാരുടെ വിശേഷങ്ങള്‍ അറേബ്യയില്‍ വന്ന് അദ്ദേഹം മറ്റുള്ളവരോട് അതിശയത്തോടെ പറയും. അതിനാല്‍ ആ പ്രദേശത്തെ അറബികള്‍ ഗസ്സത്തുഹാഷിം (ഹാഷിമിന്റെ ഗസ്സ) എന്നാണ് വിളിച്ചിരുന്നത്.
തങ്ങളുടെ പിതാക്കളുടെ കാലശേഷം താന്താങ്ങളുടെ മക്കള്‍ തന്നെ അങ്ങോട്ടുള്ള വാണിഭ സംഘങ്ങളെ നയിച്ചു. ഹാഷിമിനു ശേഷം അദ്ദേഹത്തിന്റെ പുത്രനായിരുന്ന അബ്ദുല്‍മുത്വലിബും ശേഷം അബൂത്വാലിബും. ശാമിലേക്കാണ് കച്ചവടാവശ്യാര്‍ത്ഥം സഞ്ചരിച്ചിരുന്നത്. അത്തരത്തിലുള്ള ഒരു യാത്രയിലാണ് എ.ഡി. 582ല്‍ തിരുമേനി(സ) അബൂത്വാലിബിനെ അനുഗമിച്ചതും ബുസ്വ്‌റാ പട്ടണത്തില്‍ ഇറങ്ങിയതും ബഹീറയുടെ സല്‍കാരം സ്വീകരിച്ചതും പ്രവാചകത്വത്തിന്റെ മുദ്ര ബഹീറ തിരിച്ചറിഞ്ഞതുമൊക്കെ.
യേശുക്രിസ്തുവില്‍ ദൈവികത അധ്യാരോപിക്കുവാനുണ്ടായ പരിശ്രമങ്ങള്‍ എ ഡി നാലാം നൂറ്റാണ്ടിലാണ് ഉണ്ടായത്. എന്നാല്‍ തുടക്കം മുതലേ വളരെ വലിയ ഒരു കൂട്ടം ക്രിസ്തീയ പണ്ഡിതന്മാര്‍ ഇതിനെ എതിര്‍ത്തിരുന്നു. അദ്ദേഹം ദൈവസൃഷ്ടിയും പ്രവാചകനും ആണെന്നും ദൈവതുല്യം ആരാധിക്കുന്നത് തെറ്റാണെന്നും വാദിച്ച അരിയൂസിനെയും അനുയായികളെയും ഭരണമെഷിനറിയുടെ സഹായത്തോടെ അടിച്ചുപുറത്താക്കിയാണ് നിഖ്യായിലെ ആദ്യത്തെ സാര്‍വത്രിക സുന്നഹദോസ് ത്രിയേകത്വ വിശ്വാസം പ്രഖ്യാപിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന നെസ്‌തോറും ഇതേ ആശയക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് നെസ്‌തോറിയനിസം എന്ന പേരില്‍ പ്രസിദ്ധമായത്. ബാബിലോണിയ, സിറിയ (ശാം) തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇദ്ദേഹത്തിന് ധാരാളം അനുയായികളുണ്ടായി. കേരളത്തിലും നാലു ശതാബ്ധത്തിലേറെ കാലം ഈ ആശയം ശക്തമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ദായസഭ നെസ്‌തോറിയനാണ് എന്നാണ് പറയപ്പെടുന്നത്.
മുത്തുനബിയും അബൂത്വാലിബും കണ്ട ബഹീറ നെസ്‌തോറിയനായിരുന്നു. വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്റെ അടയാളങ്ങളെ തിരുമേനിയില്‍ അദ്ദേഹം കണ്ടു. ബഹീറ എന്നത് അഗാധപണ്ഡിതന്‍ എന്നര്‍ത്ഥം കുറിക്കുന്ന സുരിയാനീ ഭാഷയിലുള്ള ഒരു പദമാണെന്ന് മുഹമ്മദ് രിള എഴുതിയ മുഹമ്മദുര്‍റസൂലുല്ലാഹി(സ) എന്ന കൃതിയില്‍ വായിച്ചതോര്‍ക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലുള്ള അരാമ്യ പദമാകാം എന്നും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. രണ്ടായാലും പേരല്ല, ബഹുമതിപ്പട്ടമാണ്. പേര് സെര്‍ജിയൂസ്.
പറഞ്ഞുവന്നത് സര്‍വത് സൗലത് എഴുതിയതിനെ പറ്റിയായിരുന്നല്ലോ. ബഹീറയും നബിതിരുമേനിയും കണ്ടുമുട്ടിയ ബുസ്വ്‌റാ പട്ടണം ജോര്‍ദാനിലാണ് എന്ന സര്‍വത് സൗലതിന്റെ അഭിപ്രായം ശരിയല്ല. ആധുനിക സിറിയയുടെ ദക്ഷിണ ഭാഗത്തെ ദര്‍ആ ജില്ലയില്‍പെട്ട സ്ഥലമാണ് ബുസ്വ്‌റാ. ഇപ്പോഴും സന്ദര്‍ശകര്‍ക്ക് പോയിക്കാണാവുന്ന വിധത്തില്‍ ബഹീറയുടെ സന്യാസിമഠത്തിന്റെ (Monastery) കല്‍ച്ചുമരില്‍ തീര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ കാര്യമായ കേടുപാടുകളില്ലാതെ അവിടെ ശേഷിക്കുന്നുണ്ട്. ജോര്‍ദാനിലും ഒരു ബുസ്വ്‌റഃ പട്ടണമുണ്ട്. തലസ്ഥാന നഗരിയായ അമ്മാനിന്റെ ഇരുപത് കിലോമീറ്റര്‍ വടക്കു മാറിയാണ് അതു സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് വീണ്ടും അറുപത് കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാലേ അതിര്‍ത്തി കടന്ന് ദക്ഷിണ സിറിയയിലെ ബുസ്വ്‌റായിലെത്തൂ. അറബിയിലെഴുതുമ്പോള്‍ അവസാനത്തില്‍ ഹാത്താ (താഉ മര്‍ബൂത്വ) ചേര്‍ത്താണ് ജോര്‍ദാനിലെ ബുസ്വ്‌റഃ എഴുതുന്നത്. സിറിയയിലെ ബുസ്വ്‌റാ എഴുതുമ്പോള്‍ റാക്ക് ശേഷം ദീര്‍ഘ അകാരത്തെ കാണിക്കുന്ന യാഅ് ഉണ്ടാകും. പുരാതനകാലത്തെ ശാമിന്റെ(സിറിയ) ഭാഗമായിരുന്നു ഈ രണ്ടു പ്രദേശങ്ങളെങ്കിലും ബഹീറയുടെ നാടിന് മാത്രം ബുസ്വ്‌റശ്ശാം എന്ന് അപരനാമമുണ്ട്, മുമ്പും ഇപ്പോഴും.
വേദഗ്രന്ഥങ്ങളില്‍ അഗാധ പരിജ്ഞാനിയായിരുന്നു ബഹീറ. പ്രവചിത പ്രവാചകന്റെ ആഗമത്തിന് നേരമെടുത്തെന്ന് അദ്ദേഹം മനസ്സിലാക്കി. ചില നിവേദനങ്ങളില്‍ അതീന്ദ്രിയമായ ഒരു ദര്‍ശനവും അദ്ദേഹത്തെ തുണച്ചിരുന്നുവെന്ന് കാണുന്നുണ്ട്. അങ്ങനെയാണദ്ദേഹം ദെമ്മക്കേശില്‍ (ദമസ്‌കസ്) നിന്ന് യഥ്‌രിബിലേക്കുള്ള വഴിയുടെ പ്രാന്തത്തില്‍ മൊണാസ്റ്ററി സ്ഥാപിച്ച് കാത്തിരുന്നത്.
അവിടെ അകലെ ഒരു വൃക്ഷമുണ്ടായിരുന്നു. സാധാരണ യാത്രാസംഘങ്ങള്‍ സഞ്ചരിക്കുന്ന പാതയായിരുന്നതിനാല്‍ എല്ലാവര്‍ക്കും അതറിയാം. നൂറുകണക്കിന് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വേറെ ഒരു കുറ്റിച്ചെടി പോലും ഉണ്ടായിരുന്നില്ല. കണ്ണില്‍ ആവി പതയ്ക്കുന്ന ആ മരുമണലില്‍ ആ മരച്ചോട്ടിലെത്തുമ്പോഴാണ് അവര്‍ക്കൊന്ന് വിശ്രമിക്കാനാവുക. അതുവഴി കടന്നുപോവുന്ന വര്‍ത്തകക്കൂട്ടങ്ങളെ ബഹീറ നിരീക്ഷിച്ചു കൊണ്ടേയിരുന്നു; വാഗ്ദത്ത ദൂതന്റെ ആഗമം അറിയിക്കുന്ന എന്തെങ്കിലും അടയാളങ്ങള്‍ കാണുന്നുണ്ടോ?!
അങ്ങനെയിരിക്കെ ബഹീറ കാത്തിരുന്ന ദൃശ്യമെത്തി. വളരെയകലെ ഒരു യാത്രാസംഘം. അവര്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് ഒരു മേഘക്കീറ് അവര്‍ക്ക് തണലിട്ട് ഒപ്പം സഞ്ചരിക്കുന്നു. തന്റെ മൊണാസ്റ്ററിയുടെ മുകള്‍ത്തട്ടില്‍ നിന്ന് അദ്ദേഹമത് കൃത്യമായി കണ്ടു. എല്ലാവര്‍ക്കും തണലില്ല, കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കൊച്ചുബാലന് മാത്രം! അവര്‍ വന്നുവന്ന് ആ മരത്തണലില്‍ വിശ്രമിക്കാനിരിക്കുന്നു. അത്ഭുതം, മേഘവും വിശ്രമിക്കുന്നു! അതു മരത്തിനു മുകളില്‍ തന്നെ നില്‍പാണ്. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നത് പോലെ കാര്‍മുകില്‍ ആ സുന്ദരവദനനെ കരുതലോടെ കൊണ്ടുനടക്കുന്നു.
പിന്നീട് നടന്നതെല്ലാം നിങ്ങള്‍ പല തവണ വായിച്ചിരിക്കും. ബഹീറ ആകാംക്ഷ വിടാതെ മഠത്തില്‍ നിന്നിറങ്ങി ധൃതിയില്‍ അവരെ സമീപിച്ചത്, വിരുന്നിന് ക്ഷണിച്ചത്, എല്ലാവരും വന്നപ്പോള്‍ തിരുനബി അവിടെ തന്നെ നിന്നത്, ബഹീറ ചെന്നു വിളിച്ചത്, അപ്പോള്‍ തിരുനബിക്കൊപ്പം തണലിട്ട് കാര്‍മുകിലും വന്നത്, ലാത്ത-ഉസ്സയുടെ നാമത്തില്‍ വന്ന അന്നം നിഷേധിച്ചത്, അല്ലാഹുവിന്റെ പേരിലുള്ളത് മാത്രം സ്വീകരിച്ചത്, ‘ഖാതമുന്നുബൂവ്വ’ കണ്ടത്, ജൂതദൃഷ്ടിയില്‍പ്പെടാതെ മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടത്. എല്ലാമെല്ലാം…. സ്വല്ലല്ലാഹു അലയ്ക യാ റസൂലല്ലാഹ്!
അതേ മരത്തണലിലാണ് ഇരുപത്തഞ്ചാം വയസ്സില്‍ ബീവി ഖദീജയുടെ ചരക്കുമായി പോകുമ്പോഴും മുത്തുനബി(സ്വ) വിശ്രമിച്ചത്. അന്നവിടെ വെച്ച് തിരുമേനിയെ കണ്ട നസ്ത്വൂറാ എന്ന ക്രൈസ്തവ പുരോഹിതന്‍ അത്ഭുതത്തോടെ അവിടുത്തെ അനുഗമിച്ചിരുന്ന മയ്‌സറത്തിനോട് പറഞ്ഞു: ‘മാ നസല തഹ്ത ഹാദിഹി ശ്ശജറതി ഖത്ത്വു ഇല്ലാ നബിയ്യുന്‍… ആ മരത്തണലില്‍ വിശ്രമിക്കാനിരുന്നത് ഒരു നബിയല്ലാതെ മറ്റാരുമാകാന്‍ തരമില്ല…’
സൗഭാഗ്യവതിയായ ആ പുണ്യവൃക്ഷത്തെ നിങ്ങള്‍ക്കിപ്പോഴും കാണാം! ഇവിടെ, ജോര്‍ദാനിലാണതുള്ളത്. അമ്മാനില്‍ നിന്നു 150 കിലോമീറ്റര്‍ വടക്ക് ബഖീആവിയയില്‍. സിറിയയോട് ഏതാണ്ട് അടുത്ത് സര്‍ഖയുടെയും മഫ്‌റഖിന്റെയും ഇടയില്‍, മഫ്‌റഖില്‍ നിന്ന് 90 കിലോമീറ്റര്‍. സ്വഫാവീയെന്നും ആ നാടിനു പേരുണ്ട്. സര്‍ക്കാര്‍ അങ്ങോട്ടുമാത്രമായി പാതയൊരുക്കുകയും കമ്പി കൊണ്ടുള്ള ചുറ്റുവേലി കെട്ടി വൃക്ഷം പ്രത്യേകം സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പതിനൊന്നു മീറ്റര്‍ ഉയരവും 283 സെ.മി ചുറ്റളവുമുള്ള മരം. ഇപ്പോഴും നൂറുകണക്കിന് ചതുരശ്ര കിലോമീറ്റര്‍ പരിസരത്ത് ഒരു പുല്‍ക്കൊടി പോലുമില്ല!! 1450 വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഈ വൃക്ഷത്തെ ജോര്‍ദാന്‍ രാജാവിന്റെ മകന്‍ ഗാസി ബിന്‍ മുഹമ്മദ് രാജകുമാരന്‍ വിശേഷിപ്പിച്ചത് The Sahabee Tree എന്നായിരുന്നു. ഈയിടെ ദിവംഗതനായ സിറിയയിലെ പ്രസിദ്ധ സ്വൂഫി പണ്ഡിതനായ ശൈഖ് റമളാന്‍ ബൂത്വിക്കും കേരളക്കാര്‍ക്ക് സുപരിചിതനായ ശൈഖ് ഹബീബ് ജിഫ്രിക്കുമൊപ്പം ഈ മരം കാണാന്‍ പോയപ്പോഴാണ് രാജകുമാരന്‍ അഭിമാനത്തോടെ ഇങ്ങനെയൊരു വിശേഷണം പറഞ്ഞത്. മുത്തുനബിക്ക് തണലും വിശ്രമവും നല്‍കിയ, തിരുസ്പര്‍ശത്താല്‍ പുളകിതമായ ആ സ്‌നേഹവൃക്ഷം ഇപ്പോഴും ഹരിതഖുബ്ബ പോലെ വിടര്‍ന്നു നിന്നു നമ്മെ മാടി വിളിക്കുകയാണ്. മുഅ്തസ്സു ബില്ലാഹിയെ പറ്റിയുള്ള ബഹ്തരിയുടെ വരികള്‍ പാടേണ്ടതിവിടെയാണ്: കണ്ണുള്ളവര്‍ കാണേണ്ടതിതാണ്, കാതുള്ളവര്‍ കേള്‍ക്കേണ്ടതീ വൃത്താന്തമാണ് – അന്‍യറാ മുബ്‌സ്വിറുന്‍ വ യസ്മഅ വാഈ…
ഞങ്ങള്‍ അര്‍റാബിയയിലെത്തി. ഉമര്‍ബ്ന്‍ അബ്ദില്‍ അസീസ് സ്ട്രീറ്റിലാണ് ഡെയ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍. ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വല്ലാത്ത തണുപ്പ്. മഴ നിലച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ മകരമാസത്തിലെ മരംകോച്ചുന്ന തണുപ്പത്ത് വയനാട്ടിലും ഹൈറേഞ്ചിലുമൊക്കെ ഞാന്‍ പോയിട്ടുണ്ട്. കാശ്മീറിലെ നനുനനുത്ത മഞ്ഞിന്റെ സ്പര്‍ശവും അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഈ തണുപ്പ് അതല്ല, എല്ലാ റെയിഞ്ചിനും പുറത്താണിത്. അതിലപ്പുറം തുളക്കുന്ന കാറ്റും. ഘോരമായ മുഴക്കത്തോടെ സീല്‍ക്കാരം പുറപ്പെടുവിച്ച് ഞങ്ങളുടെ അസ്ഥിയും തുളച്ച് അത് ഉള്ളില്‍ കയറി വീശിക്കൊണ്ടേയിരുന്നു. ഞാന്‍ മുഹമ്മദ് അസദിനെയും ആടുജീവിതത്തിലെ നജീബിനെയും ഓര്‍ത്തു. വായിച്ചറിഞ്ഞതിനെക്കാള്‍ ഘോരമാണ് കൊണ്ടറിഞ്ഞതെന്ന് പറയാതെ വയ്യ. എല്ലാവരും അവനവന്റെ ലഗേജുകളുമെടുത്ത് ഹോട്ടലിലേക്ക് കയറിവരുന്നത് ഞാന്‍ മുന്നില്‍നിന്ന് കണ്ടു. തണുപ്പ് സഹിക്കാത്തതുകൊണ്ട് വെറും ഹാന്‍ഡ് ബാഗുമെടുത്ത് ഞാന്‍ എപ്പോഴേ റിസപ്ഷനിലേക്ക് ഓടിക്കയറിയിരുന്നു. പിന്നീട് അബ്ദുല്‍കരീം ഖാസിമിയാണ് എന്റെ ലഗേജുകള്‍ അകത്തെത്തിച്ചത്.
വളരെ കണ്ണായ സ്ഥലത്താണ് ഞങ്ങളുടെ ഹോട്ടല്‍. വെറും ഒരു മിനിറ്റ് നടന്നെത്താവുന്ന ദൂരത്തില്‍ ഗ്രാന്റ് ഹുസൈന്‍ മസ്ജിദ്. അഞ്ച് മിനിറ്റ് നടക്കാനില്ലാത്ത ദൂരത്തില്‍ ജോര്‍ദാന്‍ നാഷണല്‍ ഗാലറി ഓഫ് ഫൈന്‍ ആന്‍ഡ് ആര്‍ട്‌സ്. രണ്ടു കി.മീ മാത്രം ദൂരത്തില്‍ അമ്മാന്‍ സിറ്റാഡില്‍. അറബിയില്‍ ജബലുല്‍ ഖല്‍അഃ എന്നറിയപ്പെടുന്ന പര്‍വതനിരകളാണ് അമ്മാന്‍ സിറ്റാഡില്‍. അമ്മാന്‍ നഗരത്തിന്റെ കാവല്‍ക്കോട്ട പോലെ എല്‍(ഘ) ഷെയ്പില്‍ നിരയൊപ്പിച്ച് നില്‍ക്കുന്ന ഏഴു പര്‍വതങ്ങള്‍. ഈ പര്‍വതങ്ങളെ സൂചിപ്പിക്കുന്നതാണ് ജോര്‍ദാന്റെ ദേശീയ പതാകയില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഏഴ് നക്ഷത്രങ്ങള്‍. നിയോലിത്തിക് കാലം മുതല്‍ ഇതഃപര്യന്തം കണ്ണിയറ്റുപോവാതെ മനുഷ്യവാസം നിലനിന്ന ഭൂമിയിലെ അത്യപൂര്‍വമായ ഒരു പ്രദേശമാണിത്. വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും കളിത്തൊട്ടിലാവാനും അമ്മാന്‍ സിറ്റാഡിലിനു ഭാഗ്യമുണ്ടായി. ഇത് തെളിയിക്കുന്ന പല സ്മാരകങ്ങളും ഇവിടെ കാണാം. റോമന്‍ ആധിപത്യക്കാലത്തുണ്ടാക്കിയ ഹെര്‍ക്കുലീസ് ക്ഷേത്രവും ബൈസന്റിയന്‍ കാലത്തെ ചര്‍ച്ചും ഉമവികള്‍ നിര്‍മിച്ച പാലസും ഇപ്പോഴുമുണ്ട്. 1951ലാണ് ഇവിടെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഉണ്ടാക്കിയത്. ബി സി 6000 മുതല്‍ 8000 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ട, ഇതുവരെ കണ്ടെടുക്കപ്പെട്ടതില്‍ മനുഷ്യനിര്‍മിതമായ ഏറ്റവും പഴക്കം ചെന്ന ഐന്‍ ഗസല്‍ പ്രതിമകള്‍ ഈ മ്യൂസിയത്തിന്റെ മുഖ്യമായ ആകര്‍ഷക ഘടകമാണ്.
രാത്രി വൈകിയതിനാല്‍ ഇന്നിനി യാത്രയില്ല. ഭക്ഷണം, വിശ്രമം. ഞങ്ങള്‍ റെസ്റ്റോറന്റിലേക്കു പോയി. അവിടെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ പല വിധത്തിലും തരത്തിലുമുള്ളതുണ്ട്. നമ്മള്‍ ശീലിച്ചതിനോട് ഒത്തുപോവുന്നത് അവയില്‍ വളരെ കുറവായിരുന്നെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. പക്ഷേ ഞങ്ങളെ കുഴക്കിയത് കുടിവെള്ളം കിട്ടാതിരുന്നപ്പോഴാണ്. വിഭവങ്ങള്‍ എമ്പാടും; പക്ഷേ, കുടിക്കാന്‍ തുള്ളി വെള്ളമില്ല. ബോട്ട്ല്‍ഡ് വാട്ടര്‍ കിട്ടും. ചോദിച്ചപ്പോള്‍ കണ്ണുതള്ളുന്ന ഡോളര്‍ കണക്ക് പറഞ്ഞു. കാപ്പാട് ബീച്ചില്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌കിട്ടാന്‍ അഞ്ചുരൂപയാണ്. എന്നാല്‍ വിദേശികള്‍ക്ക് നൂറുരൂപയാണ്.നമ്മുടെ നാട്ടില്‍ കോവളത്തും മറൈന്‍ ഡ്രൈവിലും മറീനാബീച്ചിലും ഡോളര്‍ചാക്ക് കെട്ടിവരുന്ന ടൂറിസ്റ്റുകളെപ്പോലെ അവര്‍ക്ക് നമ്മളും ടൂറിസ്റ്റുകളാണ്. ലോകത്ത് എല്ലായിടത്തും ടൂറിസ്റ്റുകള്‍ക്ക് വേറെ നീതിയാണ്!
അടക്കവും ഒതുക്കവും ലംഘിച്ചില്ലെങ്കിലും ഞങ്ങളുടെ സംഘത്തിലെ എല്ലാവരും വെള്ളം തന്നെ ചോദിച്ചുകൊണ്ടിരുന്നു. അതിനിടക്ക് ആ അറിയിപ്പ് കിട്ടി. നാളെ കാലത്ത് എട്ടുമണിക്ക് നമുക്ക് യാത്ര തുടരുവാനുള്ള വാഹനമെത്തും. എല്ലാവരും തയാറായിരിക്കണം. ഒപ്പം ഓരോ കുപ്പിവെള്ളവും കിട്ടും. അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്ക് കുടിക്കാന്‍ ഒരു കുപ്പി!
അതുവരെ ദാഹിച്ചിരിക്കാനോ?! ഇത്രയും വിഭവങ്ങളില്‍ രണ്ടോ മൂന്നോ വെട്ടിക്കുറച്ചിട്ട് ഒരുഗ്ലാസ് വെള്ളം തന്നൂടേ? ആരോ ചോദിച്ചു.
എന്റെ മുമ്പില്‍ ബെന്യാമിന്റെ നജീബും ഹക്കീമും വന്നുനില്‍ക്കുന്നപോലെ തോന്നി. മസറയില്‍നിന്ന് അര്‍ബാബില്ലാത്ത നേരം നോക്കി രക്ഷപ്പെട്ടിട്ട് രണ്ടു രാത്രിയും ഒന്നര പകലും കഴിഞ്ഞിരുന്നു. സൂര്യന്റെ തീക്കനലില്‍ കത്തിത്തിളങ്ങുന്ന മരുഭൂമിയില്‍ വിശ്രമമില്ലാതെ വേച്ചുവേച്ച് നടക്കുകയാണ്. എല്ലാ നിലക്കും ദാഹം അസഹ്യമായപ്പോള്‍ ഹക്കീം തൊണ്ടപൊട്ടി കരഞ്ഞു. അപ്പോള്‍ ഇബ്‌റാഹിം ഖാദിരിയുടെ ശാസന: "അമിതമായി ഭോഗിച്ചുശീലിച്ചതിന്റെ കേടാണിത്. ഒരു മനുഷ്യന് പതിനാല് ദിവസം വരെ വെള്ളവും ആഹാരവുമില്ലാതെ ജീവിക്കാന്‍ കഴിയും. അല്ലാഹുവിനെ ധ്യാനിച്ച് നടക്കാന്‍ നോക്ക്…"
തുടരും