Wednesday, 15 June 2016

കൈറോ വിട!!

posted on April 20
രാവിലെ 3.53 ന് സുബ്ഹി ബാങ്ക് കൊടുക്കുന്നതിന്റെ ഒരു മണിക്കൂർ മുമ്പു തന്നെ ഞങ്ങൾ എഴുന്നേറ്റു യാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സുബ്ഹി നിസ്കാരം കഴിഞ്ഞ് അധികം വൈകാതെ ഇമാം സുയൂഥിയും നഫീസതുല് മിസ്രിയയുമുള്പപടെയുള്ള മഹത്തുക്കളുടെ മണ്ണായ കൈറോ നഗരത്തോട് വിട പറഞ്ഞു. അലക്സാൻഡ്രിയയിലാണ് ഇപ്പോൾ എത്തി നിൽക്കുന്നത്. വരുന്ന വഴിയിൽ അഖ്ത്വാബിൽ പെട്ട സയ്യിദ് ഇബ്രാഹീം ദസൂഖി(റ)വിനെയും സയ്യിദ് അഹ്മദുൽ ബദവി തങ്ങളെയും സന്ദർശിച്ചു. അവരുടെ ചാരത്ത് അനേകം മഹത്തുക്കൾ വേറെയും വിശ്രമിക്കുന്നുണ്ട്. ഇമാമുനശ്ശാഫിഈ (റ)വിന്റെ ഖബ്റിന്നടുത്ത് തിരുനബി സ്വയുടെ ഒരു തൃപ്പാദം പതിഞ്ഞ കല്ല് കണ്ടിരുന്നു. അഹ്മദുൽ ബദവീ (റ)വിന്റെ ചാരത്ത് അവിടത്തെ രണ്ടു തൃപ്പാദങ്ങളും പതിഞ്ഞ ശില കണ്ടു. തിരുദൂതർ അണിഞ്ഞിരുന്ന ഒരു വസ്ത്രത്തിന്റെ ചെറിയ ഭാഗവും ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞു അനേകം തിരുശേഷിപ്പുകൾ അവിടെ വേറെയും ഉണ്ടായിരുന്നു. കൂട്ടത്തിൽ ശഅറു മുബാറക്കും ഉണ്ട്. പക്ഷെ അവ സൂക്ഷിച്ചിരിക്കുന്ന മുറിയുടെ താക്കോൽ പള്ളി ഇമാമിന്റെ കയ്യിലാണ്, അദ്ദേഹം വരണമെങ്കിൽ ളുഹർ ബാങ്ക് വിളിക്കണം. സമയം പത്തു മണിയേ ആകുന്നുള്ളൂ. ഞങ്ങളുടെ ഷെഡ്യൂൾ അത്രയും കാത്തിരിക്കുന്നതിന് വിഘ്നമായിരുന്നതിനാൽ ദസൂഖി (റ)വിന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ചു. പൂമുത്തുനബിയുടെ തൃക്കരം' പതിഞ്ഞ ഒരു ശില അവിടെയുമുണ്ട്! അതിനെ കൈകൾ കൊണ്ട് നേരിട്ട് സ്പർശിക്കാൻ അവസരമുണ്ട്. അൽഹംദുലില്ലാഹ്! അങ്ങേയറ്റത്തെ ആതിഥ്യമരാദ കൊണ്ട് പള്ളിയിലെ ഇമാമും ഖത്വീബും മുദർരിസുമായ ബശീർ മുഹമ്മദ് അബ്ദുൽ അസീസ് അല് അസ്ഹരിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഞങ്ങളെ വീർപ്പു മുട്ടിച്ചു.
പിന്നീട് ഞങ്ങൾ അലക്സാണ്ഡ്രിയയിലെത്തി. നേരെ പോയത് ഇമാം ബൂസ്വീരി (റ)വിന്റെയും അവിടുത്തെ ഗുരുവര്യനായ അബുൽ അബ്ബാസ് മുർസി (റ)വിന്റെയും അടുത്തേക്കാണ് . അതിന്റെ പരിസരത്ത് അദ്ദേഹത്തിന്റെ രണ്ടാൺ മക്കളും ദ സൂഖി തങ്ങളുടെ ഉമ്മയുമുൾപ്പടെ അനേകം മഹദ് ജനങ്ങളെയും സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. ആത്മാനുഭൂതിയുടെ ആ ധന്യ നിമിഷങ്ങളെ കുറിച്ച് ഇൻഷാ അല്ലാഹ് എഴുതാതിരിക്കില്ല!

0 comments:

Post a Comment