( രിസാലയിൽ എഴുതിയത്)
വിശ്വസിച്ചവരായുള്ളോരേ… നിങ്ങളുടെ പൂര്‍വീകര്‍ക്കെന്നപോലെ വ്രതാനുഷ്ഠാനം നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മ-ഭക്തിയുള്ളവര്‍ ആകുന്നതിനത്രെ അത് (വി. ഖുര്‍ആന്‍).
പുണ്യങ്ങളുടെ പൂക്കാലം വിടര്‍ന്നിരിക്കുന്നു. വിശ്വാസിയുടെ കണ്ണിലും ഖല്‍ബിലും വസന്തം പൂത്തുനില്‍ക്കുന്നു. ഇലാഹീ പ്രീതിയില്‍ സ്വയം വിലയം പ്രാപിച്ച് വ്രതാനുസാരിയായി ആ മഹദ് സന്നിധിയില്‍ വിജയ പക്ഷം ചേരാനാണ് ഓരോ വിശ്വാസിയുടെയും ഹൃദയം വ്യഗ്രപ്പെടുന്നത്. നാഥാ… റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് അനുഗ്രഹം വര്‍ഷിക്കേണമേ… വിശുദ്ധ റമളാനിലേക്കെത്തിക്കുകയും നിസ്‌കാര വ്രതാദികര്‍മങ്ങളും വര്‍ധിത ഖുര്‍ആന്‍ പാരായണവും നിര്‍വഹിക്കാന്‍ കടാക്ഷിക്കേണമേ…! എന്ന ഹൃദയമുരുകിയുള്ള പ്രാര്‍ത്ഥനകളുടെ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിലാണ് നാമീ വസന്തത്തെ സ്വീകരിച്ചത്. തീര്‍ച്ചയായും അല്‍ റയ്യാന്‍ നമ്മെയാണ് സ്വാഗതം ചെയ്യുന്നത്. ഐഹിക ജീവിതത്തിന്റെ തുടര്‍ച്ചയായാണ് പരലോക ജീവിതം സംവിധാനിക്കപ്പെട്ടിരിക്കുന്നത്. അനുസരിക്കുന്നവര്‍ക്ക് രക്ഷയും ധിക്കരിക്കുന്നവര്‍ക്ക് ശിക്ഷയും നല്‍കപ്പെടുന്ന വിധിനാളിന്റെ സമാപ്തി. കൃഷിയിടമായി ഒരുക്കിത്തന്ന ഭൗമജീവിതത്തില്‍ മുള്ളും മുല്ലയും പാകിയവര്‍ വിതച്ചതു കൊയ്യുന്ന ദിനം. വിധിപൂര്‍വ്വകം വിലയിരുത്തി സുവര്‍ണ സുന്ദരമായ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്ന വിശ്വാസികളില്‍ നോമ്പുകാര്‍ക്ക് മാത്രം സ്വാഗതമരുളാന്‍ എന്ന നിലയില്‍ ധന്യമായി പ്രഭാസിക്കുന്ന ഗോപുര കവാടമാണ് അല്‍റയ്യാന്‍. മഹാസുകൃതികള്‍ പോലും സ്വര്‍ഗപ്പൂങ്കാവനത്തിന്റെ ഇതരകവാടങ്ങളിലൂടെ അകംപ്രവേശിക്കുമ്പോള്‍ ഇലാഹിന്റെ സ്‌നേഹാശ്ലേഷമായി നോമ്പുകാരനെ പുല്‍കുകയാണ് അല്‍റയ്യാന്‍. അവന്‍ തന്നെ പറഞ്ഞുവല്ലോ: നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നവനും ഞാന്‍തന്നെ!.
വ്രതത്തിന്റെ ശ്രേഷ്ഠതയും അകക്കാമ്പും പരാമര്‍ശിക്കാന്‍ ആയുമ്പോഴൊക്കെ തിരുവചനങ്ങള്‍ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ അറിയാതെയറിയാതെ വാചാലമാവുന്നതും ആവേശപ്പെടുന്നതും കാണാനാവും. ‘ജനങ്ങളേ! നിങ്ങള്‍ക്കിതാ റമളാന്‍ സമാഗതമായിരിക്കുന്നു. ദിവ്യാനുഗ്രഹീത മാസമാണിത്. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ഒരു രാവുണ്ടതില്‍. അതിന്റെ പുണ്യം ആര്‍ക്കു തടയപ്പെട്ടുവോ അയാള്‍ സര്‍വ നന്മകളും തടയപ്പെട്ടവനെപ്പോലെയായി. ആരാധനകളില്‍ താല്‍പര്യമില്ലാത്ത നിര്‍ഭാഗ്യവാന്മാര്‍ക്കാല്ലാതെ അത് തടയപ്പെടുകയില്ല. റമളാന്റെ പകലില്‍ നിങ്ങള്‍ക്ക് അല്ലാഹു വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിലെ രാത്രി നിസ്‌കാരം (തറാവീഹ്) സുന്നത്തുമത്രെ, അതില്‍ ഒരു ഐഛിക നന്മ അനുഷ്ഠിക്കുന്നവന് ഇതര മാസങ്ങളില്‍ ഒരു നിര്‍ബന്ധ കര്‍മം അനുഷ്ടിച്ചതു പോലെയുള്ള പ്രതിഫലം നല്‍കപ്പെടും. നിര്‍ബന്ധ കര്‍മത്തിനാകട്ടെ, ഇതര മാസങ്ങളിലെ എഴുപത് നിര്‍ബന്ധ കര്‍മത്തിന്റെ പ്രതിഫലമാണ് നല്‍കപ്പെടുന്നത്(ബുഖാരി).
നോമ്പുകാരന്റെ ശ്വാസഗന്ധമാണ് കസ്തൂരിയുടെ പരിമളത്തെക്കാള്‍ അല്ലാഹുവിന് ഹൃദ്യം എന്നു കൂടിയുണ്ട് വിശുദ്ധാധ്യാപനത്തില്‍. മുന്തിയ അന്നപാനീയങ്ങളുടെയോ വിശിഷ്ഠ ഭോജ്യങ്ങളുടെയോ മോഹിപ്പിക്കുന്ന ഗന്ധമല്ല ആ ശ്വാസഗന്ധിയെ ഇഷ്ടപ്പെടുത്തുന്നത്. പ്രത്യുത, അവനില്‍ മേളിതമായ വ്യക്തി വിശുദ്ധിയുടെ മഹത് ശിഖരങ്ങള്‍- പ്രതികാരവാഞ്ജ വറ്റിയ മനസും അപരാധം കാണിക്കാത്ത കരങ്ങളും അസത്യമുരയാത്ത അധരങ്ങളുമാണവനെ സൃഷ്ടി സാകല്യത്തില്‍ നിന്ന് വേറിട്ട് അടയാളപ്പെടുത്തിയത്. സകലമാന തിന്മകളില്‍ നിന്നും അകന്നു നില്‍ക്കുകയും സദാചാര നിഷ്ഠമായ ആരാധനകളിലവസ്ഥാനം ചെയ്യുകയും ചെയ്യുന്ന ഒരു സുകൃതമാനസന്റെ വ്രതനിശ്വാസത്തിന് അനിതര സാധാരണമായ സൗരഭ്യം ഉണ്ടെന്ന് പറയുന്നതില്‍ അതിശയോക്തിയൊന്നുമില്ല.
ഇതര നിര്‍ബന്ധ കര്‍മങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് നോമ്പ്. നിസ്‌കാരമോ സകാത്തോ ഹജ്ജോ ആവട്ടെ, ആചരിക്കുന്നത് മറ്റുള്ളവരുടെ നേത്രവട്ടത്തില്‍ നിന്ന് ഒളിച്ചുപിടിക്കാനാവില്ല. എന്നാല്‍ വ്രതം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള നിഗൂഢമായ വ്യവഹാരമത്രെ. ശരിയായി വ്രതം അനുഷ്ടിക്കുന്നവനെ ശ്രദ്ധിക്കുന്നവനും നിയാമകനും നിയന്താവുമായ ഉടയവന്‍ മാത്രം. അതുകൊണ്ടു കൂടിയാണ് അവന്‍ അരുള്‍ ചെയ്തത്: നോമ്പ് എനിക്കുള്ളതാണ്. അതിന് ഫലം ചെയ്യുന്നതും ഞാന്‍ തന്നെ.
എന്നാല്‍ ഇന്ന് കാര്യങ്ങളുടെ സ്ഥിതി നേരെ മറിച്ചായിരിക്കുന്നു. വ്രതാനുഷ്ഠാനം പോലും പ്രകടനപരതയില്‍ വഴിമുട്ടി പോവുന്നു. മറ്റുള്ളവര്‍ക്കു മുമ്പില്‍ ആഹാരപാനങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രം കിട്ടുന്നതാണോ നോമ്പ്? നോമ്പിന്റെ സമ്പൂര്‍ത്തിക്ക് ഒരുവന്‍ നിര്‍ബന്ധ ബുദ്ധിയാ അനുസരിച്ചിരിക്കേണ്ട അനേകം നിയമങ്ങളും നിര്‍ദേശങ്ങളും മതം മുന്നോട്ടുവെക്കുന്നു. അവയത്രയും വ്യക്തിജീവിതത്തില്‍ അക്ഷരംപ്രതി ആവിഷ്‌കൃതമാവുന്നില്ലെങ്കില്‍ പ്രകടനപരതയുടെ മലവെള്ളപ്പാച്ചിലില്‍ നമ്മുടെ വ്രതവും കൂലംകുത്തിയൊലിച്ചുപോവും. കാമ്പ് കളഞ്ഞു തൊലിയില്‍ സായൂജ്യമടഞ്ഞ വിഡ്ഡിയായ വെള്ളക്കാരന്റെ ജ്ഞാന ശൂന്യമായ നിര്‍വൃതിയായിരിക്കും നമുക്കും കിട്ടുക. ദോഷബാധക്കെതിരെ ആത്മ നിയന്ത്രണങ്ങള്‍ കൊണ്ട് ശക്തമായ പ്രതിരോധം ഉയര്‍ത്തിയാവണം വൃതാനുസാരി ചലിക്കേണ്ടത്. സൂക്ഷ്മഭക്തിയുള്ളവരാകാന്‍ വേണ്ടിയാണല്ലോ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. പൊളിവാക്കുരയുകയും തെറ്റ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കപട ഭക്തിയാണ്. അതിനെതിരെ തിരുപ്രവാചകര്‍ ഏറെ രോഷപ്പെട്ടിട്ടുണ്ട്: ഒരുവന്‍ വ്യാജം മൊഴിയുന്നതും തദനുസാരം കപടം പ്രവര്‍ത്തിക്കുന്നതും വര്‍ജിക്കുന്നില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങളെ വെടിയണമെന്ന് അല്ലാഹുവിന് തീരെ താല്‍പര്യമില്ല.
മറ്റൊരിക്കല്‍ അവിടുന്ന് ഇപ്രകാരം അരുള്‍ ചെയ്യുകയുണ്ടായി: എത്രയെത്ര നോമ്പുകാര്‍!! തങ്ങളുടെ വ്രതം കൊണ്ടു വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും നേടാന്‍ ആവാത്തവര്‍! എത്രയെത്ര രാത്രി നിസ്‌കാരക്കാര്‍!! രാത്രി മുഴുവന്‍ നിന്ന് നിസ്‌കരിക്കുന്നതിനായി ഏറെ ഉറക്കമിളച്ചെന്നല്ലാതെ മറ്റൊന്നും കിട്ടാത്തവര്‍!.
ഉദ്ധൃത വചനങ്ങള്‍ തെര്യപ്പെടുത്തുന്നത് എന്താണ്? ഏറെ ഉറക്കം ഒഴിവാക്കുന്നതോ അന്നപാനീയങ്ങളെ ഉപേക്ഷിക്കുന്നതോ അല്ല ഇബാദത്ത് -പരമമായ വണക്കം. അത് ലോകരുടെ അഭയവും ശരണസ്ഥനുമായ അല്ലാഹുവിനു മുമ്പില്‍ പൂര്‍വാധികം എളിമയോടും വിധേയത്വത്തോടുമുള്ള സര്‍വാധി സമര്‍പ്പണമാണ്. വിദ്വേഷങ്ങളുടെ അപശ്രുതികളും ദുഷ്‌ചെയ്തികളുടെ അസ്വാരാസ്യങ്ങളും മാത്രം നിറഞ്ഞ ജീവപരിസരത്തോട് സമരസപ്പെടാനല്ല, സമരം ചെയ്യാനാണ് നോമ്പ് നിങ്ങളെ ക്ഷണിക്കുന്നത്. അടങ്ങാത്ത ഇഛാശക്തിയുടെയും അണയാത്ത ആത്മപ്രചോദനത്തിന്റെയും പിന്‍ ബലമില്ലെങ്കില്‍ ശാരീരികമായ വ്രതാനുഷ്ഠാനം കൊണ്ട് ഫലമൊന്നുമില്ല. അത് ആന്തരികമായ ഉപവാസത്തിന്റെ യഥാരൂപത്തിലുള്ള ബാഹ്യാവിഷ്‌കരണമായിരിക്കണം. സത്യം പ്രകാശിപ്പിക്കുന്നതിനുള്ള, സത്യമല്ലാതെ മറ്റൊന്നും പ്രകാശിപ്പിക്കാതിരിക്കാനുള്ള അദമ്യമായ അഭിലാഷമാണ് വ്രതം സമ്മാനിക്കുന്നത.് അതിനാല്‍ സത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കും എതിരാളികളെ കുറിച്ച് പോലും സ്‌നേഹം വെച്ച് പുലര്‍ത്തുന്നവര്‍ക്കും മൃഗീയ വികാരങ്ങളില്‍ നിന്നു മുക്തി നേടിയവര്‍ക്കും മാ്രതമേ ഭൗതിക സമ്പത്തുകളും അഭിലാഷങ്ങളും വര്‍ജിച്ച് വ്രതം നല്‍കുന്ന ആത്മ വിശുദ്ധിയുടെ അന്തര്‍ധാരയെ പുല്‍കാന്‍ സാധിക്കൂ.
നോമ്പ് നിര്‍ബന്ധമാക്കിയത് നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയാണെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. തഖ്‌വക്ക് നല്‍കിയ സൂക്ഷ്മഭക്തി എന്ന അര്‍ത്ഥം അപൂര്‍ണമാണ്. ശരിയായ അര്‍ത്ഥം അല്ലാഹുവിന്റെ കല്‍പനകളെ പൂര്‍ണമായും നിര്‍ബന്ധബുദ്ധ്യാ അനുസരിക്കുകയും നിരോധനങ്ങളെല്ലാം കര്‍ശന ബുദ്ധ്യാ വെടിയുകയും ചെയ്യുക എന്നതാണ്. പരിശുദ്ധിയുടെയും സമ്പൂര്‍ണതയുടെയും ആത്മാര്‍പ്പണത്തിന്റെയും നിത്യഭാസുരമായ സത്യത്തിന്റെ രാജവീഥിയാണത്. അച്ചടക്കവും അനുധ്യാനവും തുടുത്തുനില്‍ക്കേണ്ട കഠിനമായ ആത്മീയ സാധനയാണ ്വ്രതത്തെ ശ്രേഷ്ടമാക്കുന്നത്. അതിനാലെത്ര വ്രതത്തിന്റെ അഭിവാജ്യ ഘടകമായി പ്രാര്‍ത്ഥന പരാമര്‍ശിക്കപ്പെട്ടത്.
മനുഷ്യജീവിതം അനുവദിക്കപ്പെട്ടത് തന്നെ അല്ലാഹുവിനെ ഉപാസിക്കാനും ആരാധിക്കാനുമാണ് എന്നാണല്ലോ ഖുര്‍ആനികാധ്യാപനം. ജീവിതത്തോണിയുടെ പങ്കായമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയെന്നാല്‍ സമയക്രമങ്ങളും ചിട്ടവട്ടങ്ങളുമൊപ്പിച്ച് നിര്‍വഹിക്കുന്ന ഒരു പ്രത്യേക ഉപാസനയാെണന്നാണല്ലോ പ്രഥമദൃഷ്ട്യാ ഗ്രഹിക്കാറ്. എന്നാല്‍ അതിനെക്കാളേറെ വിശാലമായ അര്‍ത്ഥതലങ്ങളുണ്ട് പ്രാര്‍ത്ഥനക്ക്. പ്രാര്‍ത്ഥന തന്നെയാണ് ആരാധന. പ്രാര്‍ത്ഥന ആരാധനയുടെ സത്തയത്രെ! തുടങ്ങിയ പ്രവാചക മൊഴികള്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവിശാലതയെ സ്ഥാനപ്പെടുത്തുന്നുണ്ട്. പ്രാര്‍ത്ഥനയെക്കുറിച്ച് ഖുര്‍ആന്‍ നടത്തിയ ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശം വ്രതത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ക്കിടയിലാണ്: എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് അവിടുത്തോട് ആരാഞ്ഞാല്‍(അങ്ങ് പറയുക) നിശ്ചയം ഞാനവരുടെ സമീപസ്ഥനത്രെ. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാനവന് ഉത്തരം ചെയ്യും. അതിനാല്‍ അവര്‍ എന്റെ വിളിക്കുത്തരം ചെയ്യുകയും എന്നാല്‍ എന്നില്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ. പ്രാര്‍ത്ഥനയും വ്രതവും അഭേദ്യമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ വചനം. വ്രതം ഒരു ആരാധനയാണ്. ആരാധനകളുടെ സത്തയാണ് പ്രാര്‍ത്ഥന. വ്രതം എന്ന ശരീരത്തിന്റെ ആത്മാവാണ് പ്രാര്‍ത്ഥന. ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ ഒന്ന് ഗ്രഹിക്കാം; വ്രതം ഒരു സാധനയാവണം. നിത്യവ്യവഹാരത്തില്‍ ഉദ്ദേശിക്കപ്പെടാറുള്ളത് പോലെ ഏകാഗ്രമായ ഒരു ആത്മീയ പ്രക്രിയ ആയിരിക്കണം അത്. ശരീരവും മനസ്സും ത്രസിക്കുന്ന ആത്മീയാനുഭൂതിയായി നോമ്പ് മാറണം. വിരസമായ ഒരു പൂജാമുറയല്ല അത്. മാനുഷിക ധര്‍മത്തിന്റെ തെളിമയും ചൈതന്യവുമത്രെ. ആത്മീയ ഔന്നിത്യത്തിലേക്കുള്ള പടിപടിയായ വളര്‍ച്ചയുടെ അനുഭൂതിധായകമായ പ്രചോദകമാണ് വ്രതം.
മനുഷ്യന്റെ ഏറ്റവും മൗലികമായ രണ്ട് വികാരങ്ങളാണ് വിശപ്പും കാമവും. മനഃശാസ്ത്രപരമായ ഒരു വസ്തുത ഉണ്ട്, മനുഷ്യനിലെ മൗലിക വികാരങ്ങളില്‍ ഒന്നിനെ പോലും ആമൂലാഗ്രം പിഴുതെറിയാനാവില്ല എന്ന.് പ്രത്യുത, അവയെ വിമലീകരിക്കുകയാണ് വേണ്ടത്. തദ്വാരാ അപരിഷ്‌കൃതനായ ഒരു ജീവി മാലാഖയെക്കാള്‍ ഉയര്‍ന്ന വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ വ്രതം ഒരു അഗ്നി പരീക്ഷയാണ്. വികാരങ്ങളെ വിവേകപൂര്‍ണമായി അതിജയിക്കാനുള്ള ഇഛാശക്തിയും ആത്മബലവും നല്‍കുന്ന അനുപമ സാധന. അത് നേടിയെടുക്കേണ്ടത് അഭംഗുരം തുടരുന്ന ആത്മനിയന്ത്രണവും ധ്യാനവും അനുശീലിക്കുന്നതിലൂടെയാണ്. ജീവിതത്തെ വീട്ടുമുറ്റത്ത് അഴിച്ചെറിഞ്ഞ് കാനനമേറിയല്ല ഈ ധ്യാനം നടത്തേണ്ടത്. പ്രത്യുത നഗ്ന യാഥാര്‍ത്ഥ്യങ്ങളുടെ പകല്‍വെളിച്ചത്തില്‍ ജീവിച്ചുകൊണ്ട് ശാരീരികമായ ദുര്‍മേദസ്സുകളെ അഴിച്ചുമാറ്റാനും മനോവൈകല്യങ്ങളെയും അന്തരാത്മാവിലെ മാലിന്യങ്ങളെയും കഴുകിക്കളഞ്ഞ് ധ്യാന ധന്യരാവാനും കഴിയണം. അതിനാണ് വ്രതാനുഷ്ടാനം നമ്മെ ശക്തിപ്പെടുത്തുന്നത്. അത് മൗലികമൂല്യങ്ങളെ പിഴുതെറിയുകയല്ല, വിമലീകരിക്കുകയാണ്. നിയന്ത്രണമില്ലാതെ ലക്ഷ്യം തെറ്റി ഓടുന്ന മനസ്സിന് കടിഞ്ഞാണിടുകയാണ് കഠിനമായ ആത്മനിയന്ത്രണത്തിലൂടെ വ്രതാനുസാരി ചെയ്യുന്നത്. ശരീരത്തിന്റെ ഇഛകള്‍ക്കെതിരെ ആര്‍ജിച്ചെടുക്കുന്ന ആ വിജയമാണ് ഏറ്റവും പ്രാധാന്യമാവുന്നത്.
യഥാര്‍ത്ഥത്തില്‍ വ്രതം ഒരു അഗ്നി പരീക്ഷയാണ്. വികാരങ്ങളെ വിവേകപൂര്‍ണമായി അതിജയിക്കാനുള്ള ഇഛാശക്തിയും ആത്മബലവും നല്‍കുന്ന അനുപമ സാധന. അത് നേടിയെടുക്കേണ്ടത് അഭംഗുരം തുടരുന്ന ആത്മനിയന്ത്രണവും ധ്യാനവും അനുശീലിക്കുന്നതിലൂടെയാണ്. ജീവിതത്തെ വീട്ടുമുറ്റത്ത് അഴിച്ചെറിഞ്ഞ് കാനനമേറിയല്ല ഈ ധ്യാനം നടത്തേണ്ടത്. പ്രത്യുത നഗ്ന യാഥാര്‍ത്ഥ്യങ്ങളുടെ പകല്‍വെളിച്ചത്തില്‍ ജീവിച്ചുകൊണ്ട് ശാരീരികമായ ദുര്‍മേദസ്സുകളെ അഴിച്ചുമാറ്റാനും മനോവൈകല്യങ്ങളെയും അന്തരാത്മാവിലെ മാലിന്യങ്ങളെയും കഴുകിക്കളഞ്ഞ് ധ്യാന ധന്യരാവാനും കഴിയണം. അതിനാണ് വ്രതാനുഷ്ടാനം നമ്മെ ശക്തിപ്പെടുത്തുന്നത്. അത് മൗലികമൂല്യങ്ങളെ പിഴുതെറിയുകയല്ല, വിമലീകരിക്കുകയാണ്. നിയന്ത്രണമില്ലാതെ ലക്ഷ്യം തെറ്റി ഓടുന്ന മനസ്സിന് കടിഞ്ഞാണിടുകയാണ് കഠിനമായ ആത്മനിയന്ത്രണത്തിലൂടെ വ്രതാനുസാരി ചെയ്യുന്നത്. ശരീരത്തിന്റെ ഇഛകള്‍ക്കെതിരെ ആര്‍ജിച്ചെടുക്കുന്ന ആ വിജയമാണ് ഏറ്റവും പ്രാധാന്യമാവുന്നത്.
ശത്രുക്കള്‍ക്കെതിരെ യുദ്ധം ജയിച്ച് വരുന്ന തന്റെ സഖാക്കളോട് പ്രവാചകര്‍ നടത്തിയ, ‘നിങ്ങള്‍ യുദ്ധം ജയിച്ചുവരികയാണല്ലേ എങ്കില്‍ ഏറ്റവും വലിയ യുദ്ധം (ജിഹാദുല്‍ അക്ബര്‍) ഇപ്പോഴും ശേഷിക്കുന്നു’ എന്ന പ്രാക്തന വചസ് നമുക്ക് പാഠമാണ്. ശരീരത്തിന്റെ ഇഛകള്‍ക്കെതിരെയുള്ള അധമമായ കാമവിചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് തിരുദൂതര്‍ ഉദ്ദേശിച്ച ജിഹാദുല്‍ അക്ബര്‍. ഈ ജിഹാദുല്‍ അക്ബറിന്റെ നിര്‍വഹണ വേദിയത്രെ ശഹ്‌റു റമളാന്‍. ഏറ്റവും മുന്തിയ വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ മുന്നിലുണ്ടാവുമ്പോഴും കണ്ണിറുക്കിയടച്ച് വിശപ്പിനെ ഉപാസിക്കുക, മധുര പാനീയങ്ങള്‍ യഥേഷ്ടം പാനം ചെയ്യാനുള്ള അവസരം ഉണ്ടായിട്ടും ദാഹമൂര്‍ഛയെ വരിക്കാന്‍ സര്‍വ്വാത്മനാ തയ്യാറാവുക, അതിശക്തമായ പ്രലോഭനങ്ങളുടെ പ്രകോപനങ്ങള്‍ ഉണ്ടായിട്ടും ഒരു വിരാഗിയെപ്പോലെ പ്രണയിനിയില്‍ നിന്ന് അകന്ന് നില്‍ക്കുക, ഏറെ സാഹചര്യങ്ങള്‍ പ്രേരിപ്പിച്ചിട്ടും പൊളിവാക്കുരയുകയോ വ്യാജം ചെയ്യുകയോ ചെയ്യാതിരിക്കുക… വ്രതത്തിലൂടെ ഒരാള്‍ ആര്‍ജിക്കുന്ന ഈ ആത്മസംസ്‌കരണമല്ലാതെ മറ്റെന്താണ് ജിഹാദുല്‍ അക്ബര്‍. അതെ, ശഹ്‌റുറമളാനില്‍ ജയിക്കുന്നവര്‍ ജിഹാദുല്‍ അക്ബര്‍ ജയിച്ചവര്‍ മാത്രം!
0 comments:
Post a Comment