Showing posts with label അല്‍ ജവാബ്. Show all posts
Showing posts with label അല്‍ ജവാബ്. Show all posts

Thursday, 8 September 2016

മറിയ ദൈവമാണോ?

ഉസ്താദെ, മറിയം  (റ ) ദൈവമല്ല എന്നാണോ ദൈവമാണ് എന്നാണോ ക്രൈസ്തവർ വിശ്വസിക്കുന്നത്.? അതല്ലാതെ ചിലയാളുകൾ മാത്രമാണോ ദൈവമാണെന്ന് വിശ്വസിക്കുന്നത്.?
jaleel kalad

മറിയ ഇന്നത്തെ ക്രൈസ്തവ ത്രിയേകത്വത്തിലെ ഭാഗമല്ലെങ്കിലും അവർ സാധാരണ മനുഷ്യസ്ത്രീയാണെന്ന വിശ്വാസം ഭൂരിപക്ഷം പേർക്കുമില്ല. പ്രൊട്ടസ്റ്റന്റുകാരും നെസ്തോറിയൻകാരും ഒഴിച്ചുള്ള വർമറിയയെ തിയോടോകോസ് എന്നാണ് പരിചയപ്പെടുത്തുന്നത്. പൊതുവർഷം 431-ൽ എഫേസോസിൽ നടന്ന ഒന്നാം സൂനഹദോസ്, യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തു ചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം 'ദൈവജനനി' അല്ലെങ്കിൽ 'ദൈവസംവാഹക' (Theotokos) ആണെന്നു തീർപ്പുകല്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യേശുവിന്റെ അമ്മ മറിയത്തിന് കത്തോലിക്കരും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഉൾപ്പെടെയുള്ള ചില ക്രിസ്തീയവിഭാഗങ്ങൾ ദൈവമാതാവ് എന്ന് വിളിക്കുന്നത്. ഈ വിഷയത്തിൽ എഫേസോസ് സൂനഹദോസ് എടുത്ത തീരുമാനത്തോടുള്ള എതിർപ്പിലാണ് നെസ്തോറിയൻ ക്രിസ്തീയതയുടെ തുടക്കം തന്നെ. നെസ്തോറിയന്മാർ മറിയത്തെ ക്രിസ്തുമാതാവ് (christotokos) മാത്രമായി അംഗീകരിക്കുന്നു.
@ Jaleel Kalad
മരിയ ഭക്തി ഇപ്പോഴും നിലനിൽക്കുന്നു. മറിയയെ വിളിച്ചു പ്രാർത്ഥിക്കുന്നു. അതിനെ അംഗീകരിക്കാത്തവർക്കെതിരെ വാഗ്വാദങ്ങൾ നടക്കുന്നു. ഒരുദാഹരണമാണ് താഴെ കൊടുത്തിട്ടുള്ള ഫേസ്ബുക്ക് പ്രൊഫൈൽ
 https://m.facebook.com/AVE.MARIYA777/?locale2=ml_IN

Monday, 20 June 2016

നോമ്പും നിയ്യതും



ചോദ്യം: നോമ്പിനു നിയ്യത്ത് വെക്കാന്‍ മറന്നു പോയാല്‍ പരിഹാരമുണ്ടോ?
--- ത്വാലിബ്‌, ഭൂതാനം

ഉത്തരം: പരിഹാരമുണ്ട്, പറയാം.
ഏതു കര്‍മത്തിനും നിയ്യത്ത് നിര്‍ബന്ധമാണ്‌. അതു യഥോചിതം നിര്‍വഹിക്കണം. കുറുക്കുവഴികള്‍ ആരാധനയുടെ വിഷയത്തില്‍ ഉണ്ടാകരുത്. ഇക്കാര്യം  മനസിലുണ്ടായിരിക്കട്ടെ.

രാത്രി നിയ്യത്ത് വെക്കാന്‍ മറന്നു പോയവര്‍ക്ക് ഇമാം അബൂഹനീഫ (റ) വിന്‍റെ മദ്ഹബ് തഖ്‍ലീദ് ചെയ്ത് പകലാദ്യത്തില്‍ നിയ്യത്ത് ചെയ്താല്‍ അന്നത്തെ നോമ്പു നഷ്ടപ്പെടില്ല.

അതുപോലെ, റമളാനിന്‍റെ ആദ്യരാത്രിയില്‍ ഈ റമളാനിലെ എല്ലാ നോമ്പും നിര്‍വഹിക്കുവാന്‍ നിയ്യത് വെച്ചാല്‍ അതു മതിയാകുമെന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം. അതിനാല്‍ ആ രാത്രി അങ്ങനെ നിയ്യത്ത് വെക്കല്‍ നല്ലതാണെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. പക്ഷേ, ശാഫിഈ മദ്ഹബ് പ്രകാരം നിയ്യത്തിനു അത് മതിയാവില്ല. അതു കൊണ്ട് പ്രസ്തുത നിയ്യത് ചെയ്യുന്നത് ഇമാം മാലിക് (റ)വിനെ തഖ്‍ലീദ് ചെയ്തു കൊണ്ടായിരിക്കണം. അങ്ങനെ തഖ്‍ലീദ് ചെയ്തിട്ടുണ്ടെങ്കില്‍, രാത്രിയില്‍ പ്രത്യേകം നിയ്യത്ത് ചെയ്യാന്‍ വിട്ടു പോയ നോമ്പിനു അത് മതിയാകും, ഖളാഅ് വീട്ടേണ്ടതില്ല.

ബുദ്ധിയുള്ള ഭ്രാന്തന്മാര്‍!



ചോദ്യം: ഔലിയാകൾക്ക് ശരീഅത്ത് നിയമം ബാധകമല്ലേ...? നോമ്പിന് ഭക്ഷണം കഴിച്ചും, സമയത്ത് നിസ്ക്കരിക്കാത്തവരും ഔലിയാക്കളായി പരിഗണിക്കുന്നുണ്ട്. CM വലിയുളളാഹി ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ഇതിന്‍റെ മറുപടി ജദ്ബിന്‍റെ ഹാൽ എന്നാണ് പറയാറുള്ളത്. അപ്പോൾ കള്ള ഔലിയാക്കൾക്കും ഈ ന്യായം തന്നെ പറഞ്ഞ് കൂടെ...? അപ്പോൾ യഥാർത്ഥ ഔലിയാക്കളെ ഏങ്ങനെ തിരിച്ചറിയും...?
--- കെ.എൻ അബ്ദുൽ ലത്തീഫ് മുണ്ടേരി. കണ്ണൂർ

ഉത്തരം: അല്ലാഹുവിനെ അടുത്തറിയുന്നവനാണ് വലിയ്യ്. ആരാധനകള്‍ വഴി അവന്റെ സാമീപ്യം കരസ്ഥമാക്കുകയാണ് ഈ ഉന്നതി പ്രാപിക്കാനുള്ള മാര്‍ഗം. അതല്ലാതെ വിലായതിലേക്ക് കുറുക്കുവഴികളൊന്നുമില്ല. ശരീഅത്തിന്റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരിക്കും വലിയ്യ്. ഈ നിയമങ്ങള്‍ എത്ര നിസ്സാരമാണെങ്കില്‍ പോലും അത് പരിഗണിക്കാത്തവന്‍ വിലായതിലെത്തുകയില്ല.
സഅ്ദുദ്ദീനുത്തഫ്താസാനി (റ) വലിയ്യിനെ ഇപ്രകാരം നിര്‍വചിക്കുന്നു: “അല്ലാഹുവിനെയും അവന്‍റെ ഗുണത്തെയും പരമാവധി അറിയുകയും ആരാധനകളില്‍ വ്യാപൃതരാവുകയും ദോഷങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുന്നവരാണ് വലിയ്യ്. ഭൌതികാനന്ദങ്ങള്‍ക്കും വികാരങ്ങള്‍ക്കും നേരെ പുറം തിരിഞ്ഞു നില്‍ക്കുന്നവരാണവര്‍” (ശറഹുല്‍ അഖാഇദ് 139).

ഫിഖ്‌ഹ് ഇല്ലാത്ത തസ്വവ്വുഫില്ല -കാരണം ഫിഖ്ഹില്‍ നിന്നു മാത്രമേ അല്ലാഹുവിന്‍റെ സ്പഷ്ടമായ വിധിവിലക്കുകള്‍ മനസ്സിലാക്കാനാകൂ. അതുപോലെ 
തസ്വവ്വുഫില്ലാതെയുള്ള ഫിഖ്ഹും ഇല്ല-കാരണം സത്യസന്ധമായും ആത്മാര്‍ഥമായി റബ്ബിനെ അഭിമുഖീകരിച്ചുമുള്ള കര്‍മങ്ങള്‍ക്കേ ഫലമുണ്ടാകൂ. അതുപോലെത്തന്നെ സത്യവിശ്വാസം കൂടാതെയുള്ള ഫിഖ്ഹും തസ്വവ്വുഫും ഇല്ല. കാരണം ഒന്ന് ശരിയാകാതെ മറ്റേതിന് സാധുതയില്ല. അപ്പോള്‍ എല്ലാം പരസ്പരം അനിവാര്യതയിലാണ്. ആത്മാവും ശരീരവും എന്ന പോലെയാണവ. ഒരു ശരീരത്തിലേ ആത്മാവിന് നിലനില്‍പുണ്ടാകൂ; ശരീരത്തിന് ജീവനുണ്ടാകണമെങ്കില്‍ ആത്മാവു വേണംതാനും. ഇക്കാര്യം നന്നായി മനസ്സിലാക്കണം. ഇക്കാര്യം ഇമാം  ഗസ്സാലിയെ പ്പോലെയുള്ള മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അല്ലാഹുവില്‍ സ്വയം സമര്‍പ്പിതരായി, ഭൌതിക പ്രലോഭനങ്ങളില്‍ നിന്ന് മോചിതരായി ജീവിക്കുന്നവരാണ് അല്ലാഹുവിന്‍റെ ഔലിയാക്കള്‍. എന്നാല്‍, അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയില്‍ എല്ലാം മറന്ന് വിവേകബുദ്ധി നഷ്ടപ്പെടുന്ന ഒരു വിഭാഗം ഔലിയാക്കളുടെ ഇടയിലുണ്ട്. അവര്‍ ശരീഅത് നിയമങ്ങള്‍ അനുസരിക്കണ മെന്ന നിര്‍ബന്ധത്തില്‍ നിന്ന് പുറത്തായതിനാല്‍ അവ പാലിക്കണമെന്നില്ല. സാധാരണക്കാരില്‍ ചിലര്‍ക്കു ഭൌതിക കാരണങ്ങളാല്‍ ഭ്രാന്ത് സംഭവിക്കുന്നതു പോലെ ആത്മീയകാരണങ്ങളാല്‍ ഭ്രാന്തു പിടിച്ചവരാണ് ഈ വിഭാഗം. സ്രഷ്ടാവിനെ സംബന്ധിച്ച ചിന്തയില്‍ എല്ലാം മറക്കുന്നവര്‍. പരലോക ജീവിതം സുഖകരമാക്കാനാണവര്‍ ശ്രമിക്കുന്നത്.ഇവരെ സംബന്ധിച്ചു കൂടുതല്‍ പഠനത്തിന് ‘രിസാലതുല്‍ ഖുശൈരിയ്യഃ’, ഇബ്നു തൈമിയ്യഃയുടെ ‘മജ്മൂഉല്‍ ഫതാവ’ എന്നിവ നോക്കുക. 

ഇത്തരം അവസ്ഥ പ്രാപിക്കു ന്നവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ ബാധകമല്ലെന്ന് ഇബ്നുഹജറുല്‍ ഹൈതമിയുടെ ‘ഫതാവല്‍ ഹദീസിയ്യഃ’ പേജ് 224 ല്‍ വ്യക്തമാക്കുന്നുണ്ട്.  “നിഷിദ്ധമല്ലാത്ത കാരണത്താല്‍ ബുദ്ധി നഷ്ടപ്പെട്ടവര്‍ക്ക് ശരീഅതിന്റെ വിധികള്‍ ബാ ധകമല്ല”  എന്നു ഇബ്നുതൈമിയ്യഃയും തന്‍റെ ഫതാവയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവര്‍ക്ക് ശരീഅതിന്‍റെ നിയമങ്ങള്‍ നിര്‍ബന്ധമില്ലാത്തത് അവരുടെ സ്ഥാന വലിപ്പം കൊണ്ടല്ല. ബുദ്ധിക്ക് സ്ഥിരത നഷ്ടപ്പെട്ടത് കൊണ്ടാണ്. അല്ലാതെ ബുദ്ധിയുള്ള കാലത്തോളം ശരീഅതിന്‍റെ നിയമങ്ങള്‍ ഒഴിവാക്കാന്‍ ഒരാള്‍ക്കും അനുമതിയില്ല. ദിക്ര് ചൊല്ലിയാല്‍ മതിയെന്നു ചില വ്യാജ ത്വരീഖത്തുകാര്‍ പറയുന്നുണ്ട്. അത്തരക്കാര്‍ വഴിപിഴച്ചവരും മറ്റുള്ളവരെ വഴിപിഴപ്പിക്കുന്നവരുമാണ്.

വ്യാജോക്തികള്‍ക്കിടയില്‍ യഥാര്‍ഥ ആത്മീയത നിഷേധിക്കപ്പെടരുത്. വലിയ്യ്, കറാമത്ത്, വിലായത് എന്നിവയെക്കുറിച്ച് ശരിയായി മനസ്സിലാക്കണം. വ്യാജന്മാരെ ചൂണ്ടിക്കാട്ടി ശരിയായ വലിയ്യിനെ തള്ളിപ്പറയുന്ന പുത്തന്‍ ചിന്താഗതിക്കാരുടെ കാപട്യം തിരിച്ചറിയണം.

Friday, 17 June 2016

കാന്തപുരം പള്ളി


"എല്ലാ പള്ളികളും അല്ലാഹുവിന്‍റെതാണ്‌ " എന്ന് ഖുർആൻ പറയുന്നു. എന്നിട്ടും "കാന്തപുരം പള്ളി" എന്ന് പറയുന്നത് ശരിയാണോ?
-- ഒരു അനുഭാവി
ഉത്തരം: ശരിയാണ്, പറയാം!
റൂഹുൽ മആനിയിൽ നിന്നു വായിക്കാം: "തീർച്ചയായും, എല്ലാ പള്ളികളും അല്ലാഹുവിന്‍റെതാണ്‌ " എന്നതിന്‍റെ വിവക്ഷ അവ അല്ലാഹുവിനെ മാത്രം ഉപാസിക്കാനുള്ളതാണ് എന്നത്രെ. മറ്റു പരിഗണനകളെ ആധാരമാക്കി അല്ലാഹുവല്ലാത്തവരിലേക്ക് ചേർത്തു പളളികളെ പരിചയപ്പെടുത്തുന്നതിൽ കുഴപ്പമില്ല. ചിലപ്പോളത് മസ്ജിദിന്‍റെ നിർമ്മാതാവിലേക്കാവാം: മസ്ജിദുറസൂലില്ലാഹി പോലെ, മറ്റു ചിലപ്പോൾ ഇടമാകാം, മസ്ജിദു ബയ്തിൽ മഖ്ദിസ് പോലെ. അങ്ങനെ വേറെയും പരിഗണനകൾക്കനുസരിച്ചാകാം " (10/197).
ചോദ്യ കർത്താവിന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയം തോന്നുന്നത് എന്‍റെ മനസിന്‍റെ ദോഷമാവാം. എന്നാലും ഒരപേക്ഷ, ഈ ബ്ലോഗിന്‍റെ ഉന്നം ഇസ്‌ലാമിനെ അന്വേഷിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരുടെ സംശയ നിവാരണമാണ്. വഴിതിരിച്ചു വിടരുത്.
>> ചോദ്യങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ ബ്ലോഗില്‍ അവസരമുണ്ട്.

Thursday, 16 June 2016

അല്ലാഹു സലാം ചൊല്ലില്ലേ?


ചോദ്യം: "അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് മേല്‍ സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക" എന്ന ആയത്തില്‍ വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സലാം എന്തുകൊണ്ടാണ് അല്ലാഹുവും മലക്കുകളും ചെയ്യുന്നുണ്ട് എന്ന് പറയാത്തത്?
-- അബൂറാസി, ഏറോം
ഉത്തരം: സലാം എന്ന വാക്കിനു ശാന്തി കൊണ്ടുള്ള അഭിവാദനം എന്നും കീഴൊതുങ്ങുക, വിധേയപ്പെടുക എന്നും ഇവിടെ വിവക്ഷയുണ്ട്. രണ്ടു അര്‍ത്ഥവും വിശ്വാസികള്‍ക്ക് യോജിക്കും. എന്നാല്‍ രണ്ടാമത്തേത് അവരല്ലാത്തവരിലേക്ക് ചേര്‍ത്തു പറയുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകും. ആ സാധ്യത ഇപ്പോളില്ല. ഇതാണ് കാരണം (അല്ലാഹു അഅ് ലം).
ഇന്നു വെള്ളിയാഴ്ച. ഔസ്(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു:നിങ്ങളുടെ ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച ദിവസമാണ്. അതുകൊണ്ട് നിങ്ങളാ ദിവസത്തിൽ എന്‍റെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലുക. നിശ്ചയം നിങ്ങളുടെ സ്വലാത്ത് എന്‍റെ മുമ്പിൽ വെളിവാക്കപ്പെടും സഹാബാക്കൾ ചോദിച്ചു. നബിയേ, അങ്ങ് മണ്ണായിപ്പോയിരിക്കെ. ഞങ്ങളുടെ സ്വലാത്ത് അങ്ങേക്ക് എങ്ങനെ വെളിവാക്കപ്പെടും. അവിടുന്ന് പ്രതികരിച്ചു: നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങൾ ഭൂമിക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. (അബൂദാവൂദ് )
ദുആകളില്‍ എന്നെയും ഓര്‍ക്കുക.
>> കൂടുതല്‍ ചോദ്യങ്ങള്‍ക്കും നിങ്ങളുടെ ചോദ്യം അയക്കുന്നതിനും സന്ദര്‍ശിക്കുക: http://ajwibathulbukhari.blogspot.in/

Wednesday, 15 June 2016

മന്ദബുദ്ധികളെയും വികലാംഗരേയും പടച്ചതെന്തിന്?



posted on 
ദൈവം നീതിമാനാണല്ലോ. എന്നാല്‍, മനുഷ്യരില്‍ ചിലര്‍ മന്ദബുദ്ധിളും മറ്റു ചിലര്‍ വികലാംഗരുമാണ്. ഇത് അവരോടു ചെയ്ത കടുത്ത അനീതിയല്ലേ?
പ്രസക്തവും ന്യായവും എന്നു തോന്നിക്കുന്ന ചോദ്യം. എന്നാല്‍ ചെറിയ ആലോചന കൊണ്ട് തന്നെ അതിലൊരു അര്‍ത്ഥവുമില്ലെന്നു മനസ്സിലാക്കാം. എല്ലാം അല്ലാഹുവിന്‍റെ വിധിയാണെങ്കി¬ല്‍ പിന്നെയെന്തിന് അവന്‍ നമ്മെ വിചാരണക്കും രക്ഷ-ശിക്ഷകള്‍ക്കും വിധേയരാക്കുന്നു എന്ന ചോദ്യത്തിന്‍റെ മറുപടിയി¬ല്‍ “അല്‍ ജവാബ്” തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

ആശയം ഗ്രഹിക്കാനുള്ള സൌകര്യത്തിനു വേണ്ടി ഇതിന്‍റെ അനുബന്ധമായി വരാവുന്ന ചില ചോദ്യങ്ങളിലേക്ക് കൂടി ഈ ചോദ്യത്തെ നമുക്ക് ചുരു¬ള്‍ നിവര്‍ത്തി വെക്കാവുന്നതാണ്. 

എന്നെ എന്തുകൊണ്ട് ഇന്ത്യയില്‍ ജനിപ്പിച്ചു, ഇന്തോനേഷ്യയില്‍ ജനിപ്പിച്ചില്ല? എന്തുകൊണ്ട് വിരൂപനാക്കി; സുന്ദരനാക്കിയില്ല? എന്തുകൊണ്ട് വാമനനോ ഭീമാകാരനോ ആക്കി, ആറടി നീളന്‍ ആക്കിയില്ല? എന്തുകൊണ്ട് മഞ്ഞുപെയ്യുന്ന ദക്ഷിണധ്രുവത്തിലോ ഉത്തരധ്രുവത്തിലോ, തുള്ളിയും ജലകണികകള്‍ ഇല്ലാത്ത മരുഭൂമിയിലോ ജനിപ്പിച്ചു, മിതോഷ്ണ മേഖലയില്‍ ജനിപ്പിച്ചില്ല? എന്തുകൊണ്ട് ഞാന്‍ ധനിക¬കുടുംബത്തില്‍ പിറന്നില്ല; നിസ്വനും ദരിദ്രനുമായി? എന്തുകൊണ്ട് ഞാന്‍ ശാസ്ത്ര വിപ്ലവ¬ത്തി¬ന്റെയോ വ്യവസായ വിപ്ലവത്തിന്റെയോ നൂറ്റാണ്ടില്‍ ജനിച്ചില്ല, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പിറന്നു? ഈ ചോദ്യങ്ങളൊക്കെ ഉപര്യുക്ത ചോദ്യങ്ങള്‍ പോലെ പ്രസക്തവും ന്യായവുമാണെന്ന് പറയാം. ഓരോരുത്തരും അവനവന്‍റെ വിതാനത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ അവര്‍ അനീതിക്കിരയായി എന്നു തോന്നാം. ഓരോ മാസവും ഏതാനും ദിവസങ്ങള്‍ ആര്‍ത്തവ സംബന്ധമായ പ്രയാസങ്ങളനുഭവിക്കുന്നവളും ഗര്‍ഭം ചുമക്കേണ്ടവളും പ്രസവിക്കേണ്ടവളും മുല കൊടുക്കേണ്ടവളുമായി തന്നെയെന്തിനു പടച്ചു; പുരുഷന്മാര്‍ക്ക് ഇത്തരം പ്രയാസങ്ങളൊന്നുമില്ലല്ലോ; അതിനാല്‍ എന്നെയും എന്തുകൊണ്ട് ആണായി പടച്ചില്ല എന്ന് ഏതു സ്ത്രീക്കും ചോദിക്കാം. തന്നോട് ദൈവം കടുത്ത അനീതി ചെയ്തുവെന്ന് സ്ഥാപിക്കുകയും ചെയ്യാം. 

വാസ്തവത്തില്‍, നീതിയെ കുറിച്ചുള്ള നമ്മുടെ പരികല്‍പ്പന പിഴക്കുമ്പോള്‍ ആണ് ഈ ചോദ്യങ്ങളെല്ലാം ഉണ്ടാവുന്നത്. ഈ വൈവിധ്യങ്ങളാണ് മാനവരാശിയുടെ നിലനില്‍പ്പിനു ആധാരം എന്നു നാം തിരിച്ചറിയണം. അല്ലാതെ എല്ലാവര്ക്കും ഒരേ തരത്തിലുള്ള അവസരങ്ങള്‍ തന്നെ ലബ്ധമാകണം എന്നു പ്രായോഗികമോ നീതിയുക്തമോ അല്ല. എല്ലാവരും ഒരേ ദിവസം, ഒരേ മാതാപിതാക്കള്‍ക്ക്, ഒരേ സാഹചര്യ¬ത്തില്‍, ഒരേ കാലാവസ്ഥയില്‍, ഒരേ ലിംഗത്തില്‍, ഒരേ ശരീര¬പ്രകൃതിയില്‍, ഒരേ ബുദ്ധി നിലവാരത്തില്‍, ഒരേ ഭാഷാകുടുംബത്തില്‍, ഒരേ ആരോഗ്യാവസ്ഥയില്‍, ഒരേ തൊഴില്‍ സാഹചര്യ¬ത്തില്‍ ജനിച്ചു ജീവിക്കുന്നതാണ് നീതിയെന്ന് കരുതുന്നത് തീര്‍ത്തും യുക്തിരാഹിത്യമാണ്. അത് മാനവരാശിയുടെ നിലനില്‍പ്പ്‌ അസാധ്യമാക്കുന്നതും പാടേ അപ്രായോഗികമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. അതിനാല്‍, വൈവിധ്യങ്ങള്‍ കൂടിയേ തീരൂ.

മനുഷ്യജീവിതം ഈ ഭൌമാവാസത്തോടെ അവസാനിക്കുമെങ്കില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ന്യായവും പ്രസക്തിയുമുണ്ട്. എല്ലാവരും ഒരുപോലെയുള്ള ജീവിതാവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍, സമ്പൂര്‍ണ നീതി പുലരണമെന്ന് ഇച്ഛിക്കുന്ന ദൈവം തമ്പുരാന് പരലോകം സംവിധാനിച്ചിരിക്കുന്നു. ഐഹികജീവിതം കൃഷിയിടമാണ്; പരലോകം കൊയ്ത്തിടവും! വിതക്കുന്നത് കൊയ്യും. മുല്ല വിതക്കുന്നവ¬ന് മുള്ള് കൊയ്യേണ്ടി വരില്ല, മുള്ള് വിതച്ചവന് മുല്ലയും കിട്ടില്ല, വിതക്കുന്നത് തന്നെ കൊയ്യും.

ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള അവസരങ്ങളുടെ അടിസ്ഥാന¬ത്തില്‍ മാത്രമേ അവരോടു കര്‍മ നിര്‍വഹണം ആവശ്യപ്പെട്ടിട്ടുള്ളൂ. നിസ്കാരവും നോമ്പും സക്കാത്തും ഹജ്ജും എല്ലാ¬ വിശ്വാസികള്‍ക്കും നിര്‍ബന്ധമാണ്‌; എന്നാല്‍, കുട്ടികള്‍ക്കും, ബുദ്ധിക്ഷയമുള്ളവര്‍ക്കും ഭ്രാന്തനും നിസ്കരിക്കണമെന്ന ആജ്ഞ ബാധകമല്ല. വ്രതം രോഗിക്കും യാത്രക്കാരനും നിര്‍ബന്ധമില്ല. സകാത്ത് ധനികന് മാത്രമാണ് നിര്‍ബന്ധം. ശാരീരിക – മാനസിക ആരോഗ്യവും, യാത്രാ സന്നാഹങ്ങളും, സാമ്പത്തിക സാഹചര്യങ്ങളും ഒത്തുവന്നാലല്ലാതെ ഹജ്ജ് ആര്‍ക്കും ബാധകമല്ല. അഥവാ, ധനാഢ്യര്‍ക്കുള്ള ബാധ്യതകള്‍ ദരിദ്രജനങ്ങള്‍ക്കില്ല. പ്രതിഭാധനര്‍ക്കുള്ള ഉത്തരവാദിത്വം മന്ദബുദ്ധികള്‍ക്കില്ല. പണ്ഡിതന്‍റെ ചുമതലകള്‍ പാമരനില്ല. അരോഗ ദൃഢഗാത്രര്‍ക്കുള്ള കര്‍ത്തവ്യങ്ങള്‍ രോഗിക്കും അവശര്‍ക്കുമില്ല. തഥൈവ, പുരുഷനും സ്ത്രീക്കും പൂര്‍ണാംഗനും വികലാംഗനും കടപ്പാടുകളിലും ഉത്തരവാദിത്വങ്ങളിലും വ്യത്യാസമുണ്ട്. ഓരോരുത്തരും തങ്ങള്‍ക്കു നല്‍കപ്പെട്ടിട്ടുള്ള ശാരീരിക സാമ്പത്തിക സവിശേഷതക്കും ശേഷിക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തില്‍ മാത്രം കര്‍മങ്ങള്‍ക്ക് കടപ്പെട്ടിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കര്‍മഫലം വിലയിരുത്തപ്പെടുന്നത്. ജയാപജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. രക്ഷ ശിക്ഷകള്‍ നിശ്ചയിക്കപ്പെടുന്നത്. സ്വര്‍ഗ്ഗ നരകങ്ങള്‍ അനുവധിക്കപ്പെടുന്നത്. താന്താങ്ങളില്‍ അര്‍പ്പിതമായിരുന്നത് മാത്രം ഓരോരുത്തരും ചെയ്‌താല്‍ മതി; വിജയികള്‍ക്കെല്ലാം അനശ്വര സ്വര്‍ഗം ഉണ്ടാകും. കര്‍മ ജീവിതത്തില്‍ കാട്ടിയ ശുഷ്കാന്തിയുടെയും ഉത്സാഹത്തിന്‍റെയും തോതനുസരിച്ച് സ്വര്‍ഗീയാനുഗ്രഹങ്ങളിലും ആധിക്യം അനുഭവിക്കാം. 

അതിനാല്‍, ഇവിടെയുള്ള ദരിദ്രര്‍ തങ്ങള്‍ക്കുള്ള പരീക്ഷണമാണെന്നു ധനികര്‍ തിരിച്ചറിയുക; തങ്ങള്‍ക്കുള്ളതില്‍ നിന്ന് അവര്‍ക്ക് വേണ്ടി ചിലവഴിക്കാനും ബാധ്യതയുണ്ട്. തങ്ങളുടെ ധിഷണ കൂടുതല്‍ കര്‍ത്തവ്യം തങ്ങളില്‍ ചുമത്തിയിരിക്കുന്നു എന്നു “ബുദ്ധിജീവികള്‍” ഓര്‍ത്തിരിക്കേണ്ടതാണ്‌. അജ്ഞനും അവശനും അംഗഹീനനും മറ്റുള്ളവരുടെ പരിഗണനക്ക് അവകാശികള്‍ ആണെന്ന് വിസ്മരിക്കാതിരിക്കുക. നിസ്കാരവും നോമ്പും മാത്രമല്ല വിചാരണ ചെയ്യപ്പെടുന്നത്, ഇതെല്ലാമാണ്. “നിങ്ങള്‍ പശ്ചിമദിക്കിലേക്കോ പൂര്‍വദിക്കിലേക്കോ മുഖം തിരിക്കുക എന്നതല്ല ധര്‍മം. പിന്നെയോ, അല്ലാഹുവിലും അന്ത്യനാളിലും മലക്കുകളിലും വേദത്തിലും പ്രവാചകന്മാരിലും ആത്മാര്‍ഥമായി വിശ്വസിക്കുകയും അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായമര്‍ഥിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും, നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയുമാകുന്നു ധര്‍മം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും പ്രതിസന്ധികളിലും വിപത്തുകളിലും സത്യാസത്യസംഘട്ടനവേളയിലും സഹനമവലംബിക്കുകയും ചെയ്യുന്നവരല്ലോ ധര്‍മിഷ്ഠര്‍. അവരാകുന്നു സത്യവാന്മാര്‍. അവര്‍തന്നെയാകുന്നു ഭക്തരും” എന്നു ഖുര്‍ആന്‍ പറഞ്ഞത് ഓര്‍മിക്കുക. ബാഹ്യമായ ചില ആചാരങ്ങള്‍ സ്വീകരിക്കുകയോ കേവലം ഒരു ചടങ്ങെന്നോണം ചില നിശ്ചിത കര്‍മങ്ങള്‍ നിര്‍വഹിക്കുയോ ഭക്തിയുടെ ചില അംഗീകൃത രൂപങ്ങള്‍ പ്രകടിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ട് ബാധ്യതകള്‍ അവസാനിക്കുന്നില്ല. ചുരുക്കത്തില്‍, ഓരോരുത്തര്‍ക്കും ലഭ്യമായ കഴിവുകള്‍ ഏതുവിധം വിനിയോഗിച്ചുവെന്നതാണ് വിലയിരുത്തപ്പെടുക. അതിനാല്‍, മരണാനന്തരം മറ്റൊരു ജീവിതമുണ്ട്. അവിടെ മാത്രമേ സമ്പൂര്‍ണമായ നീതി പുലരുന്നുള്ളൂ. 

വാസ്തവത്തില്‍ ഈ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടുന്നത് നിരീശ്വരവാദികളും നാസ്തികരുമാണ്. അവര്‍ ദൈവം ഇല്ലെന്നും പരലോകമില്ലെന്നും വിശ്വസിക്കുന്നു. സമ്പൂര്‍ണ്ണ നീതിയുടെ ലോകവും രക്ഷ ശിക്ഷകളുടെ ഗേഹവും മിഥ്യയാണെന്ന് പ്രചരിപ്പിക്കുന്നു. പ്രപഞ്ചത്തിന്‍റെ നിയതമായ താളവും വ്യക്തമായ ക്രമവും വ്യവസ്ഥയും 'പ്രകൃതി' സ്വയം ആവിഷകരിച്ചതാണെന്ന് പറയുന്നു. എങ്കില്‍, എന്തുകൊണ്ട് പ്രകൃതി മന്ദബുദ്ധികളോടും വികലാംഗരോടും നീതി കാണിച്ചില്ല? പ്രകൃതി ചെയ്ത ഈ കടുത്ത അനീതിക്ക് എന്തു പരിഹാരമാണ് നിങ്ങള്‍ക്ക് നിര്‍ദേശിക്കാനുള്ളത്?
ശബ്ദരേഖ: http://ajwibathulbukhari.blogspot.in/

പണ്ഡിതന്‍മാര്‍ക്ക് കറാമത്തില്ലേ?


ചോദ്യം: അല്ലാഹുവിനെ മാത്രം ഓര്‍ത്തു ഇബാദത്ത് ചെയ്യുന്ന അനേകം പേ­ര്‍ ധാരാളം കറാമതുക­ള്‍ പ്രകടിപ്പിക്കുന്നു. ഉലമാഇല്‍ നിന്ന് അങ്ങനെ പ്രകടമാകുന്നില്ല. എന്താണതിനു കാരണം? ആയിരം ആബിദിനെക്കാ­ള്‍ ശ്രേഷ്ടത ഒരു ആലിമിനു ആണെന്നല്ലേ നാം പറയാറുള്ളത്.
ഉത്തരം: ആലിമിനു ആയിരം ആബിദിനേക്കാള്‍ ശ്രേഷ്ടത ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അവരിലൂടെയാണ് ദീന്‍ നിലനില്‍ക്കുന്നത്. "വിജ്ഞാനമാണ്‌ മതത്തിന്‍റെ ജീവന്‍" എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ചത്ത പുലിയെ ആരെങ്കിലും ഭയപ്പെടുമോ? എന്നാല്‍, നോക്കിനില്‍ക്കേ അതിന്‍റെ വാലൊന്നനങ്ങിയാലോ? നമ്മുടെ പൊടി പോലും പരിസരത്തു കാണുകയില്ല. അതുപോലെ, പാണ്ഡിത്യമുള്ളവരെ ദീനിന്‍റെ അകത്തും പുറത്തുമുള്ള ശത്രുക്കള്‍ ഭയപ്പെടുന്നു, അവര്‍ അടിച്ചേല്‍പ്പിക്കുന്ന വിശ്വാസ വൈകല്യങ്ങള്‍ വില പോകില്ലെന്നു അറിയാവുന്നത് കൊണ്ട്! അസന്മാര്‍ഗികള്‍ ഭയക്കുന്നു, അവരുടെ അധര്‍മം പഴിചാരപ്പെടുമെന്നു അറിയാവുന്നത് കൊണ്ട്!! ഒരു സദസ്സില്‍ ഒരു പണ്ഡിതന്‍ ഇരിക്കുമ്പോള്‍ അവിടെ അനാവശ്യ സംസാരങ്ങള്‍ പോലും ഒഴിവാകുന്നു. അഥവാ, മതത്തിന്‍റെ ബാഹ്യമായ അടയാളങ്ങള്‍ നിലനില്‍ക്കാന്‍ അയാളുടെ സാന്നിധ്യം തന്നെ മതി. വൈജ്ഞാനികമായ സേവനങ്ങള്‍ അതിന്‍റെ ആന്തരിക ചൈതന്യത്തെയും പുഷ്ടിപ്പെടുത്തുന്നു.
ഒരാള്‍ ആരോടും ഒരു ബന്ധവുമില്ലാതെ അല്ലാഹുവിനെ മാത്രം ഉപാസിച്ചു ജീവിക്കുന്നത് വളരെ പുണ്യം നിറഞ്ഞത്‌ തന്നെ. അതേസമയം അതിന്‍റെ ഗുണം അവരില്‍ മാത്രം ഒതുങ്ങുന്നതാണ് മിക്കപ്പോഴും നാം കാണുന്നത്. ധര്‍മം നിര്‍വഹിക്കുന്ന പണ്ഡിതനിലൂടെ നന്മ എല്ലായിടത്തും വ്യാപിക്കുന്നു. "ബനൂ ഇസ്രാഈലിലെ പ്രവാചകന്മാരെ അനന്തരമെടുത്തവരാരോ അവരാണ് യദാര്‍ത്ഥ പണ്ഡിതര്‍" എന്നു ഹദീസില്‍ വന്നിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അവഗണിച്ചു ദീനീ പ്രബോധനം നിര്‍വഹിച്ചവരാണ് അവര്‍. ആ ധര്‍മം നിര്‍വഹിക്കുമ്പോള്‍ മാത്രമാണ് ഒരാളില്‍ പാണ്ഡിത്യത്തിന്‍റെ ചൈതന്യം ദൃശ്യമാകുന്നത്.

കറാമതുകള്‍ അല്ലാഹു അവര്‍ക്ക് നല്‍കിയ ആദരവിന്‍റെ അടയാളമാണ്. ആവാക്കിന്‍റെ അര്‍ഥം തന്നെ അതാണ്‌. അതു പ്രാകൃത സന്ദര്‍ഭത്തില്‍ പ്രകടമായതാണ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഉലമാഇന്‍റെ ആദരവിനെയും പദവികളെയും ഖുര്‍ആനും ഹദീസും എത്രയോ തവണ പുകഴ്ത്തിയിരിക്കുന്നു. അത് അവരുടെ ആഗമനത്തിനു മുമ്പേ അവര്‍ക്ക് കിട്ടിയ അംഗീകാരമാണ്.
പണ്ഡിതന്‍മാരില്‍ നിന്ന് തീരെ കറാമതുകള്‍ ഉണ്ടായില്ലെന്നു പറയാമോ? പാണ്ഡിത്യത്തിന്‍റെ നിറകുടങ്ങളായിരുന്ന ഇമാം ശാഫിഈ, ഇമാം നവവി, ശൈഖ് ജീലാനി തുടങ്ങിയ എത്രയെത്ര മഹത്തുക്കളെ നമുക്കറിയാം. പാണ്ഡിത്യത്തിന്‍റെ മതപരവും ആത്മീയവുമായ മൂല്യങ്ങളെ ഖല്‍ബിലും കര്‍മത്തിലും നിലനിര്‍ത്തിയിരുന്നവരായിരുന്നു അവര്‍. അത്തരം ആളുകളെ കുറിച്ചാണ് "തന്‍റെ ദാസരില്‍ നിന്ന് അല്ലാഹുവിനെ ഭയപ്പെടുന്നത് ഉലമാഅ് മാത്രമാണ്" എന്ന് അല്ലാഹു പറഞ്ഞത് (അല്‍ ഫാത്വിര്‍: 28).
ഇമാം നവവി എഴുതുന്നു: “ആബിദുകളെക്കാള്‍ ശ്രേഷ്ടത ആലിമുകള്‍ക്ക് ആയിരുന്നിട്ടും അവരില്‍ നിന്ന് കറാമതുകള്‍ പ്രകടമാകാത്തത്, അവരില്‍ പ്രകടനപരത (രിയാഅ്) കയറിവരുന്നത് കൊണ്ടാണ്” (ബിഗ്‌­യതുല്‍ മുസ്തര്‍ശിദീന്‍ 5). രിയാഅ് ശിര്‍ക്കാണെന്ന് വരെ ഹദീസില്‍ കാണാം. അത്രയും ഗൌരവമേറിയ ദുര്‍ഗുണമാണെന്നര്‍ത്ഥം. അതിനാല്‍, പ്രവാചക ദൌത്യങ്ങളുടെ അനന്തരാവകാശികളാകാന്‍ യോഗ്യരാകുമാറ് ആത്മാര്‍ഥതയും അധ്യാത്മിക ഗുണങ്ങളും കര്‍മത്വരയും നേടിയെടുക്കാന്‍ നമുക്കാവണം. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.
കൂടുതല്‍ ചോദ്യോത്തരങ്ങള്‍ക്കും നിങ്ങളുടെ ചോദ്യം പോസ്റ്റു ചെയ്യാനും അല്‍ ജവാബ് എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കുമല്ലോ

Tuesday, 14 June 2016

അല്ലാഹുവോ സുലൈമാന്‍ നബിയോആദ്യം


Sajeer Bukhari
15/6/2016

ചോദ്യം: സൂറത്തുന്നംലിലെ 30-മത്തെ ആയതില്‍ സുലൈമാന്‍ നബി അ. ബില്ഖീസിനയച്ച കത്ത് പരാമര്‍ശിക്കുന്നു."അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിച്ചിട്ടുള്ളതാകുന്നു". ഇതില്‍ അല്ലാഹുവിന്‍റെ പേരിനേക്കാള്‍ അദ്ദേഹത്തിന്‍റെ പേരിന് പ്രാഥമ്യം കല്‍പ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?

ഉത്തരം: ബില്‍ഖീസിനോട് തന്‍റെ കൊട്ടാരത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് അന്നത്തെ ഏറ്റവും വലിയ ചക്രവര്‍ത്തി കൂടിയായ സുലൈമാന്‍ നബി അ. കത്തയച്ചത്. കത്ത് കിട്ടിയ ശേഷം തന്‍റെ ദര്‍ബാറിലെ ഉപദേഷ്ടാക്കളോട് രാജ്ഞി സംസാരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ആഖ്യാനം ഇങ്ങനെയാണ്:


"രാജ്ഞി പറഞ്ഞു: `അല്ലയോ പ്രമാണികളേ, ഗൌരവമേറിയ ഒരു സന്ദേശം എന്നിലേക്കെറിയപ്പെട്ടിരിക്കുന്നു. അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. തീര്‍ച്ചയായും അത്:റഹ്മാനും റഹീമുമായ അല്ലാഹുവിന്‍റെ നാമത്തില്‍ എന്ന് ആരംഭിച്ചിട്ടുള്ളതാകുന്നു. എന്നോട് ധിക്കാരം പ്രവര്‍ത്തിക്കരുത്. അനുസരണമുള്ളവരായി എന്‍റെ സന്നിധിയില്‍ ഹാജരാകേണം!എന്നുമാണ് അതിലുള്ളത്. രാജ്ഞി തുടര്‍ന്നു: `അല്ലയോ നാട്ടുമുഖ്യന്മാരേ, ഈ പ്രശ്നത്തില്‍ നിങ്ങളെനിക്ക് ആവശ്യമായ നിര്‍ദേശം തരിക.. ഞാന്‍ നിങ്ങളുടെ ഉപദേശം കൂടാതെ ഒരു കാര്യവും തീരുമാനിക്കാറില്ലല്ലോ''

വെറുതെ ഒരാവര്‍ത്തി വായിച്ചാല്‍ തന്നെ ഇതിന്‍റെ സ്വഭാവം നിങ്ങള്‍ക്ക് പിടികിട്ടും. സുലൈമാന്‍ അ. അല്ലാഹുവിന്‍റെ പേരിനു മുമ്പ് തന്‍റെ പേര് എഴുതിയിട്ടില്ല. അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു എന്ന വാക്യം ബില്ഖീസ് പറയുന്നതാണ്. ചോദ്യകര്‍ത്താവ് വായിച്ച വിവര്‍ത്തനത്തിന്‍റെ ഭാഷക്കാണ് കുഴപ്പം.

സുലൈമാന്‍ നബിയുടെ കത്താണെന്നു ബില്ഖീസ് അറിഞ്ഞതെങ്ങനെ എന്ന് ചില വ്യാഖ്യാതാക്കള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതു സന്ദേശം ഉള്‍ക്കൊള്ളിച്ച കവറിനു പുറത്ത്സുലൈമാനില്‍ നിന്ന് എന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയതാവാം എന്നു ചിലര്‍. അതല്ല, വിചിത്രവും അസാധാരണവുമായരീതിയിലൂടെയാണ് കത്ത് കിട്ടുന്നത്. ഒരു പ്രതിനിധി കൊണ്ടുവന്നതല്ല. മറിച്ചു ഒരു പക്ഷി തന്‍റെ മുന്നിലേക്കെറിയുകയായിരുന്നു. അങ്ങനെയാണ് രാജ്ഞി മനസ്സിലാക്കിയതെന്ന് മറ്റു ചിലര്‍. രണ്ടായാലും അത് സുലൈമാനില്‍ നിന്നുള്ളതാകുന്നുഎന്നത് സന്ദേശത്തില്‍ ഉള്ളതല്ല. വിശദ വായനക്ക് തഫ്സീറുര്‍റാസി 1/169

>>
കൂടുതല്‍ ചോദ്യോത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ അയക്കുന്നതിനും എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക: http://ajwibathulbukhari.blogspot.in/