യാത്രാവിവരണം/ രിസാല 25 മെയ് 2016
2016 ഏപ്രില്‍ പതിമൂന്ന്.
റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. നല്ല ആള്‍ത്തിരക്കുണ്ട്. സ്‌കൂള്‍ വിട്ട സമയത്ത് നമ്മുടെ നാട്ടിലെ ഏതോ ബസ് ടെര്‍മിനലില്‍ എത്തിയ പോലെ. വിമാനത്താവളം അതിഗംഭീരമാണ്. ആഢംബരപൂര്‍ണവും. മരുഭൂമിയുടെ ദുര്‍ഘടത കാരണം ദൂരയാത്രക്ക് നല്ലത് വിമാനം തന്നെ. വലിയ കീറാമുട്ടികളൊന്നുമില്ലാത്ത കസ്റ്റംസ് മുറിച്ചുകടന്നു.
റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. നല്ല ആള്‍ത്തിരക്കുണ്ട്. സ്‌കൂള്‍ വിട്ട സമയത്ത് നമ്മുടെ നാട്ടിലെ ഏതോ ബസ് ടെര്‍മിനലില്‍ എത്തിയ പോലെ. വിമാനത്താവളം അതിഗംഭീരമാണ്. ആഢംബരപൂര്‍ണവും. മരുഭൂമിയുടെ ദുര്‍ഘടത കാരണം ദൂരയാത്രക്ക് നല്ലത് വിമാനം തന്നെ. വലിയ കീറാമുട്ടികളൊന്നുമില്ലാത്ത കസ്റ്റംസ് മുറിച്ചുകടന്നു.
സഊദി സമയം 5:45. സായാഹ്നം. ജോര്‍ദാനിലേക്കുള്ള ഞങ്ങളുടെ വിമാനം SV0637 കൃത്യസമയത്ത് തന്നെ പറന്നുയര്‍ന്നു. ഇനി 1309കി.മി നിലം തൊടാതെ… താഴെ കണ്ടും കേട്ടും ഒരുപാട് വായിച്ചും പരിചയിച്ച മഹാ മരുഭൂമി. മുകളില്‍ അനന്തതയിലേക്ക് വിരിച്ചിട്ട വിഹായസ്സ്. എന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് ഒരു ബ്രിട്ടീഷുകാരനാണ്. പേര് തോമസ് എഡ്വാര്‍ഡ്! ഇതയാളായിരിക്കുമോ; ടി ഇ ലോറന്‍സ്? ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ് ചാരനായി ജോര്‍ദാനിലേക്ക് വന്ന ടി ഇ ലോറന്‍സ് എന്ന തോമസ് എഡ്വാര്‍ഡ് ലോറന്‍സ്? ഏതാണ്ടതുപോലെത്തന്നെ. വെളുമ്പന്‍ സ്‌കിന്നും പൂച്ചക്കണ്ണും. വെട്ടിയൊതുക്കിയ മുടി. മെലിഞ്ഞുനീണ്ട മുഖം. ആകെക്കൂടി ഒരു സ്ലിം ബ്യൂട്ടി. നിങ്ങളുടെ പേര് ലോറന്‍സിനോട് ചേരും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ മെല്ലെ ചിരിച്ചു. അയാളും ലോറന്‍സ് ഓഫ് അറേബ്യ കണ്ടിട്ടുണ്ട്. അറബികള്‍ക്കിടയില്‍ അവരുടെ വേഷവിധാനങ്ങളും മറ്റും സ്വീകരിച്ച് ജീവിക്കുകയും അവരോടൊപ്പം ഉസ്മാനിയ ഖിലാഫത്തിനെതിരെ പൊരുതുകയും ചെയ്ത ടി ഇ ലോറന്‍സിന്റെ (1888-1935) ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് ലോറന്‍സ് ഓഫ് അറേബ്യ. അദ്ദേഹം അറിയപ്പെട്ടിരുന്നത് ഈ പേരിലാണ്. പീറ്റര്‍ ഒടുള്‍ അഭിനയിച്ച ആ ഡോക്യുമെന്ററിയിലെ സാഹസികരംഗങ്ങളും മരുഭൂകാഴ്ചകളും ആര്‍ക്കും മറക്കാനാവില്ല. ഒന്നാം ലോക യുദ്ധാനന്തരം നടന്ന പാരീസ് പീസ് കോണ്‍ഫറന്‍സിന്റെ തീരുമാനമനുസരിച്ചുള്ള അറേബ്യന്‍ വിഭജനമടക്കമുള്ള ചരിത്രം പഠിക്കാന്‍ ആ ഡോക്യുമെന്ററി വലിയൊരളവോളം സഹായിക്കും. ലോറന്‍സ് തന്നെ എഴുതിയ ജ്ഞാനത്തിന്റെ സപ്തസ്തൂപങ്ങള്‍ (Seven Pillars of Wisdom) അവലംബിച്ച് തയ്യാറാക്കപ്പെട്ട ലോറന്‍സ് ഓഫ് അറേബ്യ ഏഴ് ഓസ്‌കാര്‍ അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്!
എട്ടുമണിക്ക് ക്യൂന്‍ ആലിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അര മണിക്കൂര്‍ വൈകിയിട്ടുണ്ട്. മഴയാണ്. മരുഭൂമിയില്‍ മഴ വിരളമാണല്ലോ. ജോര്‍ദാന്റെ വടക്കന്‍ ഭാഗങ്ങളിലും ജോര്‍ദാന്‍ നദിക്കരയിലും മാത്രമാണ് സാധാരണ മഴ ലഭിക്കാറുള്ളത്. കൃഷിയുള്ളതും അവിടെയൊക്കെത്തന്നെ. മഴയില്‍ എയര്‍പോര്‍ട്ട് സത്യത്തില്‍ ഉടുത്തൊരുങ്ങിയ രാജ്ഞിയെപ്പോലെ തോന്നിച്ചു. ചന്തമുള്ള എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ അകത്തും പുറത്തും കത്തുന്ന വര്‍ണദീപങ്ങള്‍ മഴകൊണ്ട് റണ്‍വേയില്‍ തട്ടി പ്രതിഫലിക്കുന്ന മനോഹര കാഴ്ച കാണേണ്ടതു തന്നെ. വൃത്തിയും വെടിപ്പുമുള്ള വിശാല സുന്ദരമായ എയര്‍പോര്‍ട്ട് ജോര്‍ദാന്റെ രണ്ട് ഇന്റര്‍നാഷണല്‍ വിമാനത്താവളങ്ങളിലൊന്നാണ്. പട്ടുടുത്ത ആ റണ്‍വേയിലൂടെ വിമാനം നീങ്ങിയപ്പോള്‍ വല്ലാത്ത ഹരം തോന്നി. എണീറ്റ് നടന്ന് കോറിഡോറിലൂടെ വരുന്ന വഴിയില്‍ തന്നെ ഞങ്ങളെ സ്വാഗതം ചെയ്ത് സംഘത്തെ നയിച്ചിരുന്ന അബ്ദുല്‍ ഗഫ്ഫാര്‍ സഅദിയുടെ പേരെഴുതിയ പ്ലക്കാര്‍ഡുമായി ട്രാവല്‍ ഏജന്‍സിയുടെ പ്രതിനിധി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ജോര്‍ദാനില്‍ ഓണ്‍ എറൈവല്‍ വിസ(ഢഛഅ) ലഭിക്കുന്നതുകൊണ്ട് ആ സൗകര്യം ഉപയോഗപ്പെടുത്തുവാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. വിസ സ്റ്റാമ്പ് ചെയ്തു കിട്ടുന്നതിന് ഞങ്ങള്‍ ഓരോരുത്തരും ക്യൂ നില്‍ക്കുന്ന മുഷിപ്പ് ട്രാവല്‍ ഏജന്റ് ഇടപെട്ട് ഒഴിവാക്കി. ആ സമയത്ത് ഞങ്ങള്‍ ലഗേജുകള്‍ സ്വീകരിക്കാമെന്ന് വെച്ചു. അപ്പോഴേക്ക് എല്ലാം ശരിയാക്കി യാത്രാനായകനുമെത്തി.
മനസ്സില്‍ ജോര്‍ദാനെക്കുറിച്ചുള്ള പലതരം വിചാരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഓര്‍ക്കാനും സന്തോഷിക്കാനും ചിരിക്കാനും പറ്റിയവയുണ്ട്. നൊമ്പരപ്പെട്ട് നെടുവീര്‍പ്പിടുന്ന കദനാനുഭവങ്ങളുമുണ്ട്. സമ്മിശ്രമായ വികാരങ്ങള്‍ മനസ്സില്‍ തിരത്തള്ളിച്ചയുണ്ടാക്കി.
പൂര്‍വകാല തിരുദൂതന്മാരുടെ പാദസ്പര്‍ശമേറ്റ മണ്ണാണിത്. അവരില്‍ പലരും ഇവിടെ അന്തിയുറങ്ങുന്നു. മുത്തുനബി(സ) ബാല്യകാലത്തും യുവാവായിരുന്നപ്പോഴും പ്രവാചകത്വ ലബ്ധിക്കുശേഷവുമൊക്കെ ഈ നാട്ടില്‍ വന്നിട്ടുണ്ട്. അനേകം സ്വഹാബികളുടെ ആത്മീയ സാന്നിധ്യവും ഈ മരുഭൂമിക്ക് കിട്ടിയിട്ടുണ്ട്. തിരുനബി(സ)യുടെ ജീവിതകാലത്തുതന്നെ നടന്ന മുഅ്തത് യുദ്ധം, എ.ഡി. 636ല്‍ ഖാലിദ്ബ്‌നു വലീദ്(റ)വിന്റെ ദിഗ്വിജയം അടയാളപ്പെടുത്തിയ യര്‍മൂക്ക് യുദ്ധം തുടങ്ങിയ പോരാട്ടങ്ങളുടെ രണഭൂമിയാണിത്. നൂറ്റാണ്ടുകള്‍ നീണ്ട ഇസ്‌ലാമിക ഖിലാഫത്തിന്റെ പ്രതാപവും പതനവും കണ്ട മണ്ണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഡെയ്‌സ് ഇന്‍ ഹോട്ടലിലേക്ക് നാല്‍പത്തിയൊന്ന് കിലോമീറ്ററുണ്ട്. സഹയാത്രികരില്‍ അധികവും ദീര്‍ഘമായ യാത്രയുടെ ക്ഷീണത്തില്‍ ഉറക്കത്തിലാണ്. ചരിത്രമുറങ്ങുന്ന മണ്ണിലൂടെയുള്ള വരും ദിവസങ്ങളിലെ യാത്രയെക്കുറിച്ച് മനക്കോട്ട കെട്ടുകയായിരുന്നു ഞാന്‍.
പല ചരിത്രകാരന്മാര്‍ക്കും പിണഞ്ഞിട്ടുള്ള ഒരു ഭീമാബദ്ധമുണ്ട്. ആദ്യം സര്‍വത് സൗലതിനെ ഉദ്ധരിക്കാം. പാക്കിസ്താന്‍കാരനായ ബഹുഭാഷാപണ്ഡിതനും ചരിത്രകാരനുമാണ് സൗലത്. മുന്നൂറിലേറെ നിബന്ധങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ നാല് വാള്യങ്ങളുള്ള മില്ലത്തെ ഇസ്‌ലാമിയാ കീ മുഖ്ത്വസ്വര്‍ താരീഖ്- ഇസ്‌ലാമിക സമൂഹം കടന്നുപോയ ആയിരത്തി നാനൂറ് കൊല്ലത്തെ ചരിത്രം ചുരുക്കിപ്പറയുന്നുണ്ട്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മലയാള പരിഭാഷയില്‍ ജോര്‍ദാനെ പരിചയപ്പെടുത്തുന്ന ഭാഗത്ത് ഇങ്ങനെ കാണാം:
‘പുരാതനമായ ബുസ്വ്‌റാ പട്ടണം സ്ഥിതി ചെയ്യുന്നത് ജോര്‍ദാനിലാണ്. പ്രവാചകത്വലബ്ധിക്കുമുമ്പ് നബിതിരുമേനി പിതൃവ്യന്‍ അബൂത്വാലിബിനോടൊപ്പം നടത്തിയ ശാം യാത്രക്കിടയില്‍ അവര്‍ ബുഹൈറാ എന്ന ക്രൈസ്തവ പുരോഹിതനെ കണ്ടുമുട്ടുകയും അയാള്‍ ബാലനായ മുഹമ്മദിന്റെ ഭാവി പ്രവചിക്കുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ബുസ്വ്‌റായില്‍ വെച്ചാണ് ആ സംഭവം നടന്നത്” (വാള്യം 3, പേ.277).
ഉഷ്ണകാലത്തും ശൈത്യകാലത്തും മക്കയുടെ തെക്കും വടക്കും ഭാഗങ്ങളിലേക്ക് ഖുറൈശികള്‍ നടത്തിയിരുന്ന വാണിഭയാത്രകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലുണ്ട്; രിഹ്‌ലത്തുശ്ശിത്താഇ വസ്സ്വയ്ഫ്. ശൈത്യകാലത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളായ ദക്ഷിണ അറേബ്യയിലെ യമനിലേക്കും ചെങ്കടല്‍ കടന്ന് ഹബ്ശ(എത്യോപ്യ)യിലേക്കും വര്‍ത്തക സംഘങ്ങള്‍ പോയി. തഥൈവ, ഉഷ്ണകാലത്ത് ശൈത്യപ്രദേശങ്ങളായ മക്കയുടെ ഉത്തരഭാഗത്തുള്ള ശാം, ഇറാഖ് എന്നിവിടങ്ങളിലേക്കും വാണിജ്യ ലക്ഷ്യങ്ങളോടെ ഖുറൈശികള്‍ യാത്ര ചെയ്തു. നബിതിരുമേനി(സ)യുടെ പിതാമഹനായിരുന്ന അബ്ദുമനാഫിന്റെ നാലു മക്കളാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. യമനിലേക്കും ഹബ്ശയിലേക്കും യഥാക്രമം മുത്ത്വലിബും അബ്ദുശംസുമാണ് പോയിരുന്നത്. നൗഫല്‍ ഇറാഖിലേക്കുള്ള സംഘത്തെ നയിച്ചു. ഹാഷിം ശാമിലേക്കും പോയി. ശാമിലെ അനേകം പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും അവിടുത്തുകാരുമായി നന്നായി ഇടപഴകുകയും ചെയ്തിരുന്നു. ഫലസ്ത്വീനിലെ ഗസ്സയിലേക്കായിരുന്നു അദ്ദേഹം ഏറെ സഞ്ചരിച്ചത്. അവിടുത്തുകാരുടെ വിശേഷങ്ങള്‍ അറേബ്യയില്‍ വന്ന് അദ്ദേഹം മറ്റുള്ളവരോട് അതിശയത്തോടെ പറയും. അതിനാല്‍ ആ പ്രദേശത്തെ അറബികള്‍ ഗസ്സത്തുഹാഷിം (ഹാഷിമിന്റെ ഗസ്സ) എന്നാണ് വിളിച്ചിരുന്നത്.
തങ്ങളുടെ പിതാക്കളുടെ കാലശേഷം താന്താങ്ങളുടെ മക്കള്‍ തന്നെ അങ്ങോട്ടുള്ള വാണിഭ സംഘങ്ങളെ നയിച്ചു. ഹാഷിമിനു ശേഷം അദ്ദേഹത്തിന്റെ പുത്രനായിരുന്ന അബ്ദുല്‍മുത്വലിബും ശേഷം അബൂത്വാലിബും. ശാമിലേക്കാണ് കച്ചവടാവശ്യാര്‍ത്ഥം സഞ്ചരിച്ചിരുന്നത്. അത്തരത്തിലുള്ള ഒരു യാത്രയിലാണ് എ.ഡി. 582ല്‍ തിരുമേനി(സ) അബൂത്വാലിബിനെ അനുഗമിച്ചതും ബുസ്വ്‌റാ പട്ടണത്തില്‍ ഇറങ്ങിയതും ബഹീറയുടെ സല്‍കാരം സ്വീകരിച്ചതും പ്രവാചകത്വത്തിന്റെ മുദ്ര ബഹീറ തിരിച്ചറിഞ്ഞതുമൊക്കെ.
യേശുക്രിസ്തുവില്‍ ദൈവികത അധ്യാരോപിക്കുവാനുണ്ടായ പരിശ്രമങ്ങള്‍ എ ഡി നാലാം നൂറ്റാണ്ടിലാണ് ഉണ്ടായത്. എന്നാല്‍ തുടക്കം മുതലേ വളരെ വലിയ ഒരു കൂട്ടം ക്രിസ്തീയ പണ്ഡിതന്മാര്‍ ഇതിനെ എതിര്‍ത്തിരുന്നു. അദ്ദേഹം ദൈവസൃഷ്ടിയും പ്രവാചകനും ആണെന്നും ദൈവതുല്യം ആരാധിക്കുന്നത് തെറ്റാണെന്നും വാദിച്ച അരിയൂസിനെയും അനുയായികളെയും ഭരണമെഷിനറിയുടെ സഹായത്തോടെ അടിച്ചുപുറത്താക്കിയാണ് നിഖ്യായിലെ ആദ്യത്തെ സാര്‍വത്രിക സുന്നഹദോസ് ത്രിയേകത്വ വിശ്വാസം പ്രഖ്യാപിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന നെസ്‌തോറും ഇതേ ആശയക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് നെസ്‌തോറിയനിസം എന്ന പേരില്‍ പ്രസിദ്ധമായത്. ബാബിലോണിയ, സിറിയ (ശാം) തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇദ്ദേഹത്തിന് ധാരാളം അനുയായികളുണ്ടായി. കേരളത്തിലും നാലു ശതാബ്ധത്തിലേറെ കാലം ഈ ആശയം ശക്തമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ദായസഭ നെസ്‌തോറിയനാണ് എന്നാണ് പറയപ്പെടുന്നത്.
മുത്തുനബിയും അബൂത്വാലിബും കണ്ട ബഹീറ നെസ്‌തോറിയനായിരുന്നു. വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്റെ അടയാളങ്ങളെ തിരുമേനിയില്‍ അദ്ദേഹം കണ്ടു. ബഹീറ എന്നത് അഗാധപണ്ഡിതന്‍ എന്നര്‍ത്ഥം കുറിക്കുന്ന സുരിയാനീ ഭാഷയിലുള്ള ഒരു പദമാണെന്ന് മുഹമ്മദ് രിള എഴുതിയ മുഹമ്മദുര്‍റസൂലുല്ലാഹി(സ) എന്ന കൃതിയില്‍ വായിച്ചതോര്‍ക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലുള്ള അരാമ്യ പദമാകാം എന്നും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. രണ്ടായാലും പേരല്ല, ബഹുമതിപ്പട്ടമാണ്. പേര് സെര്‍ജിയൂസ്.
പറഞ്ഞുവന്നത് സര്‍വത് സൗലത് എഴുതിയതിനെ പറ്റിയായിരുന്നല്ലോ. ബഹീറയും നബിതിരുമേനിയും കണ്ടുമുട്ടിയ ബുസ്വ്‌റാ പട്ടണം ജോര്‍ദാനിലാണ് എന്ന സര്‍വത് സൗലതിന്റെ അഭിപ്രായം ശരിയല്ല. ആധുനിക സിറിയയുടെ ദക്ഷിണ ഭാഗത്തെ ദര്‍ആ ജില്ലയില്‍പെട്ട സ്ഥലമാണ് ബുസ്വ്‌റാ. ഇപ്പോഴും സന്ദര്‍ശകര്‍ക്ക് പോയിക്കാണാവുന്ന വിധത്തില്‍ ബഹീറയുടെ സന്യാസിമഠത്തിന്റെ (Monastery) കല്‍ച്ചുമരില്‍ തീര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ കാര്യമായ കേടുപാടുകളില്ലാതെ അവിടെ ശേഷിക്കുന്നുണ്ട്. ജോര്‍ദാനിലും ഒരു ബുസ്വ്‌റഃ പട്ടണമുണ്ട്. തലസ്ഥാന നഗരിയായ അമ്മാനിന്റെ ഇരുപത് കിലോമീറ്റര്‍ വടക്കു മാറിയാണ് അതു സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് വീണ്ടും അറുപത് കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാലേ അതിര്‍ത്തി കടന്ന് ദക്ഷിണ സിറിയയിലെ ബുസ്വ്‌റായിലെത്തൂ. അറബിയിലെഴുതുമ്പോള്‍ അവസാനത്തില്‍ ഹാത്താ (താഉ മര്‍ബൂത്വ) ചേര്‍ത്താണ് ജോര്‍ദാനിലെ ബുസ്വ്‌റഃ എഴുതുന്നത്. സിറിയയിലെ ബുസ്വ്‌റാ എഴുതുമ്പോള്‍ റാക്ക് ശേഷം ദീര്‍ഘ അകാരത്തെ കാണിക്കുന്ന യാഅ് ഉണ്ടാകും. പുരാതനകാലത്തെ ശാമിന്റെ(സിറിയ) ഭാഗമായിരുന്നു ഈ രണ്ടു പ്രദേശങ്ങളെങ്കിലും ബഹീറയുടെ നാടിന് മാത്രം ബുസ്വ്‌റശ്ശാം എന്ന് അപരനാമമുണ്ട്, മുമ്പും ഇപ്പോഴും.
വേദഗ്രന്ഥങ്ങളില്‍ അഗാധ പരിജ്ഞാനിയായിരുന്നു ബഹീറ. പ്രവചിത പ്രവാചകന്റെ ആഗമത്തിന് നേരമെടുത്തെന്ന് അദ്ദേഹം മനസ്സിലാക്കി. ചില നിവേദനങ്ങളില്‍ അതീന്ദ്രിയമായ ഒരു ദര്‍ശനവും അദ്ദേഹത്തെ തുണച്ചിരുന്നുവെന്ന് കാണുന്നുണ്ട്. അങ്ങനെയാണദ്ദേഹം ദെമ്മക്കേശില്‍ (ദമസ്‌കസ്) നിന്ന് യഥ്‌രിബിലേക്കുള്ള വഴിയുടെ പ്രാന്തത്തില്‍ മൊണാസ്റ്ററി സ്ഥാപിച്ച് കാത്തിരുന്നത്.
അവിടെ അകലെ ഒരു വൃക്ഷമുണ്ടായിരുന്നു. സാധാരണ യാത്രാസംഘങ്ങള്‍ സഞ്ചരിക്കുന്ന പാതയായിരുന്നതിനാല്‍ എല്ലാവര്‍ക്കും അതറിയാം. നൂറുകണക്കിന് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വേറെ ഒരു കുറ്റിച്ചെടി പോലും ഉണ്ടായിരുന്നില്ല. കണ്ണില്‍ ആവി പതയ്ക്കുന്ന ആ മരുമണലില്‍ ആ മരച്ചോട്ടിലെത്തുമ്പോഴാണ് അവര്‍ക്കൊന്ന് വിശ്രമിക്കാനാവുക. അതുവഴി കടന്നുപോവുന്ന വര്‍ത്തകക്കൂട്ടങ്ങളെ ബഹീറ നിരീക്ഷിച്ചു കൊണ്ടേയിരുന്നു; വാഗ്ദത്ത ദൂതന്റെ ആഗമം അറിയിക്കുന്ന എന്തെങ്കിലും അടയാളങ്ങള്‍ കാണുന്നുണ്ടോ?!
അങ്ങനെയിരിക്കെ ബഹീറ കാത്തിരുന്ന ദൃശ്യമെത്തി. വളരെയകലെ ഒരു യാത്രാസംഘം. അവര്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് ഒരു മേഘക്കീറ് അവര്‍ക്ക് തണലിട്ട് ഒപ്പം സഞ്ചരിക്കുന്നു. തന്റെ മൊണാസ്റ്ററിയുടെ മുകള്‍ത്തട്ടില്‍ നിന്ന് അദ്ദേഹമത് കൃത്യമായി കണ്ടു. എല്ലാവര്‍ക്കും തണലില്ല, കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കൊച്ചുബാലന് മാത്രം! അവര്‍ വന്നുവന്ന് ആ മരത്തണലില്‍ വിശ്രമിക്കാനിരിക്കുന്നു. അത്ഭുതം, മേഘവും വിശ്രമിക്കുന്നു! അതു മരത്തിനു മുകളില്‍ തന്നെ നില്‍പാണ്. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നത് പോലെ കാര്‍മുകില്‍ ആ സുന്ദരവദനനെ കരുതലോടെ കൊണ്ടുനടക്കുന്നു.
പിന്നീട് നടന്നതെല്ലാം നിങ്ങള്‍ പല തവണ വായിച്ചിരിക്കും. ബഹീറ ആകാംക്ഷ വിടാതെ മഠത്തില്‍ നിന്നിറങ്ങി ധൃതിയില്‍ അവരെ സമീപിച്ചത്, വിരുന്നിന് ക്ഷണിച്ചത്, എല്ലാവരും വന്നപ്പോള്‍ തിരുനബി അവിടെ തന്നെ നിന്നത്, ബഹീറ ചെന്നു വിളിച്ചത്, അപ്പോള്‍ തിരുനബിക്കൊപ്പം തണലിട്ട് കാര്‍മുകിലും വന്നത്, ലാത്ത-ഉസ്സയുടെ നാമത്തില്‍ വന്ന അന്നം നിഷേധിച്ചത്, അല്ലാഹുവിന്റെ പേരിലുള്ളത് മാത്രം സ്വീകരിച്ചത്, ‘ഖാതമുന്നുബൂവ്വ’ കണ്ടത്, ജൂതദൃഷ്ടിയില്‍പ്പെടാതെ മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടത്. എല്ലാമെല്ലാം…. സ്വല്ലല്ലാഹു അലയ്ക യാ റസൂലല്ലാഹ്!
അതേ മരത്തണലിലാണ് ഇരുപത്തഞ്ചാം വയസ്സില്‍ ബീവി ഖദീജയുടെ ചരക്കുമായി പോകുമ്പോഴും മുത്തുനബി(സ്വ) വിശ്രമിച്ചത്. അന്നവിടെ വെച്ച് തിരുമേനിയെ കണ്ട നസ്ത്വൂറാ എന്ന ക്രൈസ്തവ പുരോഹിതന്‍ അത്ഭുതത്തോടെ അവിടുത്തെ അനുഗമിച്ചിരുന്ന മയ്‌സറത്തിനോട് പറഞ്ഞു: ‘മാ നസല തഹ്ത ഹാദിഹി ശ്ശജറതി ഖത്ത്വു ഇല്ലാ നബിയ്യുന്‍… ആ മരത്തണലില്‍ വിശ്രമിക്കാനിരുന്നത് ഒരു നബിയല്ലാതെ മറ്റാരുമാകാന്‍ തരമില്ല…’
സൗഭാഗ്യവതിയായ ആ പുണ്യവൃക്ഷത്തെ നിങ്ങള്‍ക്കിപ്പോഴും കാണാം! ഇവിടെ, ജോര്‍ദാനിലാണതുള്ളത്. അമ്മാനില്‍ നിന്നു 150 കിലോമീറ്റര്‍ വടക്ക് ബഖീആവിയയില്‍. സിറിയയോട് ഏതാണ്ട് അടുത്ത് സര്‍ഖയുടെയും മഫ്‌റഖിന്റെയും ഇടയില്‍, മഫ്‌റഖില്‍ നിന്ന് 90 കിലോമീറ്റര്‍. സ്വഫാവീയെന്നും ആ നാടിനു പേരുണ്ട്. സര്‍ക്കാര്‍ അങ്ങോട്ടുമാത്രമായി പാതയൊരുക്കുകയും കമ്പി കൊണ്ടുള്ള ചുറ്റുവേലി കെട്ടി വൃക്ഷം പ്രത്യേകം സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പതിനൊന്നു മീറ്റര്‍ ഉയരവും 283 സെ.മി ചുറ്റളവുമുള്ള മരം. ഇപ്പോഴും നൂറുകണക്കിന് ചതുരശ്ര കിലോമീറ്റര്‍ പരിസരത്ത് ഒരു പുല്‍ക്കൊടി പോലുമില്ല!! 1450 വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഈ വൃക്ഷത്തെ ജോര്‍ദാന്‍ രാജാവിന്റെ മകന്‍ ഗാസി ബിന്‍ മുഹമ്മദ് രാജകുമാരന്‍ വിശേഷിപ്പിച്ചത് The Sahabee Tree എന്നായിരുന്നു. ഈയിടെ ദിവംഗതനായ സിറിയയിലെ പ്രസിദ്ധ സ്വൂഫി പണ്ഡിതനായ ശൈഖ് റമളാന്‍ ബൂത്വിക്കും കേരളക്കാര്‍ക്ക് സുപരിചിതനായ ശൈഖ് ഹബീബ് ജിഫ്രിക്കുമൊപ്പം ഈ മരം കാണാന്‍ പോയപ്പോഴാണ് രാജകുമാരന്‍ അഭിമാനത്തോടെ ഇങ്ങനെയൊരു വിശേഷണം പറഞ്ഞത്. മുത്തുനബിക്ക് തണലും വിശ്രമവും നല്‍കിയ, തിരുസ്പര്‍ശത്താല്‍ പുളകിതമായ ആ സ്‌നേഹവൃക്ഷം ഇപ്പോഴും ഹരിതഖുബ്ബ പോലെ വിടര്‍ന്നു നിന്നു നമ്മെ മാടി വിളിക്കുകയാണ്. മുഅ്തസ്സു ബില്ലാഹിയെ പറ്റിയുള്ള ബഹ്തരിയുടെ വരികള്‍ പാടേണ്ടതിവിടെയാണ്: കണ്ണുള്ളവര്‍ കാണേണ്ടതിതാണ്, കാതുള്ളവര്‍ കേള്‍ക്കേണ്ടതീ വൃത്താന്തമാണ് – അന്‍യറാ മുബ്‌സ്വിറുന്‍ വ യസ്മഅ വാഈ…
ഞങ്ങള്‍ അര്‍റാബിയയിലെത്തി. ഉമര്‍ബ്ന്‍ അബ്ദില്‍ അസീസ് സ്ട്രീറ്റിലാണ് ഡെയ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍. ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വല്ലാത്ത തണുപ്പ്. മഴ നിലച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ മകരമാസത്തിലെ മരംകോച്ചുന്ന തണുപ്പത്ത് വയനാട്ടിലും ഹൈറേഞ്ചിലുമൊക്കെ ഞാന്‍ പോയിട്ടുണ്ട്. കാശ്മീറിലെ നനുനനുത്ത മഞ്ഞിന്റെ സ്പര്‍ശവും അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഈ തണുപ്പ് അതല്ല, എല്ലാ റെയിഞ്ചിനും പുറത്താണിത്. അതിലപ്പുറം തുളക്കുന്ന കാറ്റും. ഘോരമായ മുഴക്കത്തോടെ സീല്‍ക്കാരം പുറപ്പെടുവിച്ച് ഞങ്ങളുടെ അസ്ഥിയും തുളച്ച് അത് ഉള്ളില്‍ കയറി വീശിക്കൊണ്ടേയിരുന്നു. ഞാന്‍ മുഹമ്മദ് അസദിനെയും ആടുജീവിതത്തിലെ നജീബിനെയും ഓര്‍ത്തു. വായിച്ചറിഞ്ഞതിനെക്കാള്‍ ഘോരമാണ് കൊണ്ടറിഞ്ഞതെന്ന് പറയാതെ വയ്യ. എല്ലാവരും അവനവന്റെ ലഗേജുകളുമെടുത്ത് ഹോട്ടലിലേക്ക് കയറിവരുന്നത് ഞാന്‍ മുന്നില്‍നിന്ന് കണ്ടു. തണുപ്പ് സഹിക്കാത്തതുകൊണ്ട് വെറും ഹാന്‍ഡ് ബാഗുമെടുത്ത് ഞാന്‍ എപ്പോഴേ റിസപ്ഷനിലേക്ക് ഓടിക്കയറിയിരുന്നു. പിന്നീട് അബ്ദുല്‍കരീം ഖാസിമിയാണ് എന്റെ ലഗേജുകള്‍ അകത്തെത്തിച്ചത്.
വളരെ കണ്ണായ സ്ഥലത്താണ് ഞങ്ങളുടെ ഹോട്ടല്‍. വെറും ഒരു മിനിറ്റ് നടന്നെത്താവുന്ന ദൂരത്തില്‍ ഗ്രാന്റ് ഹുസൈന്‍ മസ്ജിദ്. അഞ്ച് മിനിറ്റ് നടക്കാനില്ലാത്ത ദൂരത്തില്‍ ജോര്‍ദാന്‍ നാഷണല്‍ ഗാലറി ഓഫ് ഫൈന്‍ ആന്‍ഡ് ആര്‍ട്‌സ്. രണ്ടു കി.മീ മാത്രം ദൂരത്തില്‍ അമ്മാന്‍ സിറ്റാഡില്‍. അറബിയില്‍ ജബലുല്‍ ഖല്‍അഃ എന്നറിയപ്പെടുന്ന പര്‍വതനിരകളാണ് അമ്മാന്‍ സിറ്റാഡില്‍. അമ്മാന്‍ നഗരത്തിന്റെ കാവല്‍ക്കോട്ട പോലെ എല്‍(ഘ) ഷെയ്പില്‍ നിരയൊപ്പിച്ച് നില്‍ക്കുന്ന ഏഴു പര്‍വതങ്ങള്‍. ഈ പര്‍വതങ്ങളെ സൂചിപ്പിക്കുന്നതാണ് ജോര്‍ദാന്റെ ദേശീയ പതാകയില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഏഴ് നക്ഷത്രങ്ങള്‍. നിയോലിത്തിക് കാലം മുതല്‍ ഇതഃപര്യന്തം കണ്ണിയറ്റുപോവാതെ മനുഷ്യവാസം നിലനിന്ന ഭൂമിയിലെ അത്യപൂര്‍വമായ ഒരു പ്രദേശമാണിത്. വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും കളിത്തൊട്ടിലാവാനും അമ്മാന്‍ സിറ്റാഡിലിനു ഭാഗ്യമുണ്ടായി. ഇത് തെളിയിക്കുന്ന പല സ്മാരകങ്ങളും ഇവിടെ കാണാം. റോമന്‍ ആധിപത്യക്കാലത്തുണ്ടാക്കിയ ഹെര്‍ക്കുലീസ് ക്ഷേത്രവും ബൈസന്റിയന്‍ കാലത്തെ ചര്‍ച്ചും ഉമവികള്‍ നിര്‍മിച്ച പാലസും ഇപ്പോഴുമുണ്ട്. 1951ലാണ് ഇവിടെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഉണ്ടാക്കിയത്. ബി സി 6000 മുതല്‍ 8000 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ട, ഇതുവരെ കണ്ടെടുക്കപ്പെട്ടതില്‍ മനുഷ്യനിര്‍മിതമായ ഏറ്റവും പഴക്കം ചെന്ന ഐന്‍ ഗസല്‍ പ്രതിമകള്‍ ഈ മ്യൂസിയത്തിന്റെ മുഖ്യമായ ആകര്‍ഷക ഘടകമാണ്.
രാത്രി വൈകിയതിനാല്‍ ഇന്നിനി യാത്രയില്ല. ഭക്ഷണം, വിശ്രമം. ഞങ്ങള്‍ റെസ്റ്റോറന്റിലേക്കു പോയി. അവിടെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ പല വിധത്തിലും തരത്തിലുമുള്ളതുണ്ട്. നമ്മള്‍ ശീലിച്ചതിനോട് ഒത്തുപോവുന്നത് അവയില്‍ വളരെ കുറവായിരുന്നെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. പക്ഷേ ഞങ്ങളെ കുഴക്കിയത് കുടിവെള്ളം കിട്ടാതിരുന്നപ്പോഴാണ്. വിഭവങ്ങള്‍ എമ്പാടും; പക്ഷേ, കുടിക്കാന്‍ തുള്ളി വെള്ളമില്ല. ബോട്ട്ല്‍ഡ് വാട്ടര്‍ കിട്ടും. ചോദിച്ചപ്പോള്‍ കണ്ണുതള്ളുന്ന ഡോളര്‍ കണക്ക് പറഞ്ഞു. കാപ്പാട് ബീച്ചില്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌കിട്ടാന്‍ അഞ്ചുരൂപയാണ്. എന്നാല്‍ വിദേശികള്‍ക്ക് നൂറുരൂപയാണ്.നമ്മുടെ നാട്ടില്‍ കോവളത്തും മറൈന്‍ ഡ്രൈവിലും മറീനാബീച്ചിലും ഡോളര്‍ചാക്ക് കെട്ടിവരുന്ന ടൂറിസ്റ്റുകളെപ്പോലെ അവര്‍ക്ക് നമ്മളും ടൂറിസ്റ്റുകളാണ്. ലോകത്ത് എല്ലായിടത്തും ടൂറിസ്റ്റുകള്‍ക്ക് വേറെ നീതിയാണ്!
രാത്രി വൈകിയതിനാല്‍ ഇന്നിനി യാത്രയില്ല. ഭക്ഷണം, വിശ്രമം. ഞങ്ങള്‍ റെസ്റ്റോറന്റിലേക്കു പോയി. അവിടെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ പല വിധത്തിലും തരത്തിലുമുള്ളതുണ്ട്. നമ്മള്‍ ശീലിച്ചതിനോട് ഒത്തുപോവുന്നത് അവയില്‍ വളരെ കുറവായിരുന്നെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. പക്ഷേ ഞങ്ങളെ കുഴക്കിയത് കുടിവെള്ളം കിട്ടാതിരുന്നപ്പോഴാണ്. വിഭവങ്ങള്‍ എമ്പാടും; പക്ഷേ, കുടിക്കാന്‍ തുള്ളി വെള്ളമില്ല. ബോട്ട്ല്‍ഡ് വാട്ടര്‍ കിട്ടും. ചോദിച്ചപ്പോള്‍ കണ്ണുതള്ളുന്ന ഡോളര്‍ കണക്ക് പറഞ്ഞു. കാപ്പാട് ബീച്ചില്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌കിട്ടാന്‍ അഞ്ചുരൂപയാണ്. എന്നാല്‍ വിദേശികള്‍ക്ക് നൂറുരൂപയാണ്.നമ്മുടെ നാട്ടില്‍ കോവളത്തും മറൈന്‍ ഡ്രൈവിലും മറീനാബീച്ചിലും ഡോളര്‍ചാക്ക് കെട്ടിവരുന്ന ടൂറിസ്റ്റുകളെപ്പോലെ അവര്‍ക്ക് നമ്മളും ടൂറിസ്റ്റുകളാണ്. ലോകത്ത് എല്ലായിടത്തും ടൂറിസ്റ്റുകള്‍ക്ക് വേറെ നീതിയാണ്!
അടക്കവും ഒതുക്കവും ലംഘിച്ചില്ലെങ്കിലും ഞങ്ങളുടെ സംഘത്തിലെ എല്ലാവരും വെള്ളം തന്നെ ചോദിച്ചുകൊണ്ടിരുന്നു. അതിനിടക്ക് ആ അറിയിപ്പ് കിട്ടി. നാളെ കാലത്ത് എട്ടുമണിക്ക് നമുക്ക് യാത്ര തുടരുവാനുള്ള വാഹനമെത്തും. എല്ലാവരും തയാറായിരിക്കണം. ഒപ്പം ഓരോ കുപ്പിവെള്ളവും കിട്ടും. അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്ക് കുടിക്കാന്‍ ഒരു കുപ്പി!
അതുവരെ ദാഹിച്ചിരിക്കാനോ?! ഇത്രയും വിഭവങ്ങളില്‍ രണ്ടോ മൂന്നോ വെട്ടിക്കുറച്ചിട്ട് ഒരുഗ്ലാസ് വെള്ളം തന്നൂടേ? ആരോ ചോദിച്ചു.
അതുവരെ ദാഹിച്ചിരിക്കാനോ?! ഇത്രയും വിഭവങ്ങളില്‍ രണ്ടോ മൂന്നോ വെട്ടിക്കുറച്ചിട്ട് ഒരുഗ്ലാസ് വെള്ളം തന്നൂടേ? ആരോ ചോദിച്ചു.
എന്റെ മുമ്പില്‍ ബെന്യാമിന്റെ നജീബും ഹക്കീമും വന്നുനില്‍ക്കുന്നപോലെ തോന്നി. മസറയില്‍നിന്ന് അര്‍ബാബില്ലാത്ത നേരം നോക്കി രക്ഷപ്പെട്ടിട്ട് രണ്ടു രാത്രിയും ഒന്നര പകലും കഴിഞ്ഞിരുന്നു. സൂര്യന്റെ തീക്കനലില്‍ കത്തിത്തിളങ്ങുന്ന മരുഭൂമിയില്‍ വിശ്രമമില്ലാതെ വേച്ചുവേച്ച് നടക്കുകയാണ്. എല്ലാ നിലക്കും ദാഹം അസഹ്യമായപ്പോള്‍ ഹക്കീം തൊണ്ടപൊട്ടി കരഞ്ഞു. അപ്പോള്‍ ഇബ്‌റാഹിം ഖാദിരിയുടെ ശാസന: "അമിതമായി ഭോഗിച്ചുശീലിച്ചതിന്റെ കേടാണിത്. ഒരു മനുഷ്യന് പതിനാല് ദിവസം വരെ വെള്ളവും ആഹാരവുമില്ലാതെ ജീവിക്കാന്‍ കഴിയും. അല്ലാഹുവിനെ ധ്യാനിച്ച് നടക്കാന്‍ നോക്ക്…"
തുടരും
0 comments:
Post a Comment