ഇന്നലെ രാത്രി 10:50 ന് (ഇന്ത്യൻ ടൈം 2: 20) ഈജിപ്തിലെ അലക്സാൺട്രിയയിലെ ബുർജുൽ അറബ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് SV3332 നമ്പർ വിമാനത്തിൽ ജിദ്ദയിലേക്ക് കയറുമ്പോൾ മനസ്സിൽ നിറയെ വേപഥു ആയിരുന്നു.
മിസ്൪...., നീയെത്ര ഭാഗ്യവതിയാണ്! എത്രയെത്ര മഹത്തുക്കളാണ് നിന്റെ മടിത്തട്ടിൽ അന്ത്യവിശ്രമം കൊള്ളുന്നത്. ആ പുണ്യപുരുഷരെ അന്വേഷിച്ച് എത്രയെങ്ങാനും പേർ നിന്നെത്തേടി വന്നു!! അവരുടെ അധ്യാത്മിക ദാഹം തീർക്കാൻ ഭാഗ്യം കിട്ടിയ നിന്നെപ്പിരിയാൻ മനസ് വരുന്നില്ല. കയ്റോയിൽ ഇമാം സുയൂത്വിയുടെയോ ഇമാം അസ്ഖലാനിയുടെയോ ജ്ഞാനസാഗരമായ ഇമാമുനാ ശ്ശാഫിഈയുടെയോ ചാരത്തു തന്നെയങ്ങു കൂടിയാൽ മതിയായിരുന്നു. ജീവിതം ഏല്പിച്ചു തന്ന കനത്ത ഉത്തരവാദിത്തങ്ങൾ അതിനു സമ്മതിക്കുന്നില്ലല്ലൊ. അറിവിന്റെ ആ മഹാസാഗരങ്ങളോട് യാത്ര ചോദിക്കാൻ മനസില്ലാതെ ആഫ്രിക്കൻ വൻകരയിൽ നിന്ന് തിരിച്ചുവരവ് ആരംഭിച്ചു. പറ്റിയാൽ അധികം താമസിയാതെ ഇറാഈലും ഈജിപ്തും സന്ദർശിക്കാൻ വീണ്ടും വരാമെന്ന് ഇസ്രാഈലിലെ ഗൈഡ് ജമീലിനോടും ഈജിപ്തിലെ സഹായി സയ്യിദ് മുസ്ത്വഫായോടും പറഞ്ഞതു യാഥാർത്ഥ്യമാകട്ടെ എന്ന അകം നിറഞ്ഞ ആഗ്രഹത്തോടെ.
വരുന്നതിന് മുമ്പ് ദാനിയാൽ നബിയുടെയും ലുഖ്മാനുൽ ഹകീം തങ്ങളുടെയും അടുത്തും സ്വഹാബിയായ അബുദ്ദർദ്ദാഅ (റ)വിന്റെ ചാരത്തും പോയി. അതിന്റെ ശേഷമാണ് ലോകത്തെ ഒട്ടുമിക്ക ഭാഷകളിലെയും എല്ലാ വിജ്ഞാന ശാഖകളിലെയും ഗ്രന്ഥങ്ങൾ സമാഹരിച്ചിട്ടുള്ള Bibliotheca Alexandrina സന്ദർശിച്ചത്. അതു വല്ലാത്തൊരു ലോകമാണ്! യാത്രാ വിവരണത്തിലാകട്ടെ ബാക്കി വിശേഷങ്ങൾ. നിങ്ങളുടെ കാത്തിരിപ്പു ഇൻഷാ അല്ലാഹ് വെറുതെയാകില്ല, ദുആ ചെയ്യുമല്ലോ.
0 comments:
Post a Comment