Wednesday, 15 June 2016

ഇബ്നു ഹജരിൽ അസ്ഖലാനി(റ)വിനെ കാണാന്‍

posted on April 21, 2016

ഇമാമു നശ്ശാഫിഈ(റ)വിന്റെയും സകരിയ്യൽ അൻസ്വാരി (റ)വിന്റെയും മഖ്ബറയിൽ നിന്ന് ഇടുങ്ങിയ ഒരു വഴിയിലൂടെ 'പത്തു മിനിട്ട് നടന്നാൽ ഇബ്നു ഹജറിൽ അസ്ഖലാനി(റ)വിന്റെ അടുത്തെത്താം. പോകുന്ന വഴിയിൽ ഇരുവശത്തുമായി അഹ് ലുബൈത്തിൽ പെട്ടവരും അല്ലാത്തവരുമായ ധാരാളം പേരുടെ മഖ്ബറകൾ ഉണ്ട്, അതിനിടയിൽ കൊച്ചു കൊച്ചു കുടിലുകൾ കെട്ടി ധാരാളം സാധുക്കളെയും കണ്ടു. വഴിവക്കിൽ ചപ്പുചവറുകൾ കൂട്ടിയിട്ടതിൽ കയ്യിട്ട് തപ്പുന്ന ഒരു പടുവൃദ്ധൻ! ഒരു നേരത്തെ പശിയടക്കാൻ വല്ലതും കിട്ടുമോ എന്നു നോക്കുകയാണയാൾ. കരളലിയിപ്പിച്ച ആ രംഗം കാമറയിൽ പകർത്താനായി ഞാൻ ഫോക്കസ് ചെയ്തു. അപ്പോഴേക്കും എന്തോ ഒന്ന് കയ്യിൽ തടഞ്ഞ സന്തോഷത്തിൽ അയാൾ തലയുയർത്തി. മുഖമാകെ വികസിച്ചിട്ടുണ്ട്. അയാൾ കാണുമെന്ന് കരുതി ഫോട്ടോ എടുക്കാനുള്ള ശ്രമം ഞാനുപേക്ഷിച്ചു - ഒരാളുടെയും ആത്മാഭിമാനത്തിന് പോറലേൽപ്പിക്കരുതല്ലോ. ഇടയ്ക്ക് കുതിരകളെയും അവയെ തളയ്ക്കാറുള്ള ലായവും കണ്ടു.
ഇബ്നു ഹജരിൽ അസ്ഖലാനി(റ) ! ഫത്ഹുൽ ബാരിയുടെ രചയിതാവ്. എത്രയോ തവണ കേട്ടും വായിച്ചും പരിചയിച്ച വ്യക്തിത്വമാണ്, അങ്ങോട്ടുള്ള ഓരോ ചവിട്ടടിയിലും ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു. ഹദീസു വിമർശകരുടെ എത്രയെത്ര ആരോപണശരങ്ങളെയാണ് അദ്ദേഹം പ്രതിരോധിച്ചു നിർത്തിയത് !! പക്ഷെ .....! അവിടെയെത്തിയപ്പോൾ .....
ആകെ ഹൃദയം തകർന്നു പോയി. ചുറ്റുമതിലിന്റെ അകത്തേക്ക് കടക്കുവാനുള്ള കവാടം ആരോ കല്ലുകൾ വെച്ച് പൂർണമായും അടച്ചു കളഞ്ഞിരിക്കുന്നു. ഞങ്ങളുടെ യാത്രാ സംഘത്തിന് ഒപ്പം ഉണ്ടായിരുന്ന മിസ്രിയായ ത്വാരിഖ് അബ്ദുൽ ഹഫീള് മുഹമ്മദ് ആറു മാസം മുമ്പ് വരെ അവിടെ സന്ദർശിച്ചിട്ടുണ്ട് .അപ്പോഴൊന്നും ഈ കെട്ട് ഉണ്ടായിരുന്നില്ല, എനിക്കാകാംക്ഷയേറി. വഴിയടച്ചവർ ഖബറും പൊളിച്ചു കാണുമോ? ത്വാരിഖിന്റെ സഹായത്തോടെ മതിൽക്കെട്ടിന്റെ വിടവിൽപൊത്തിപ്പിടിച്ചു കയറി നോക്കി. നിരാശ ബാക്കിയായി. മുകൾഭാഗം പനയോലകൾ കൊണ്ട് മേൽക്കൂരയിട്ട് മുകളിൽ മണ്ണ് വാരിയിട്ടു ട്ടുണ്ട്. ഒരു ഭാഗത്ത് വിടവുണ്ട്' ഏന്തി വലിഞ്ഞു നോക്കി - കഴുത്തിന് നീളം പോരാ! ഇമാം ബുഖാരിയെയും ഇബ്നു ഹജർ തങ്ങളെയും മനസ്സിരുത്തി വിളിച്ചു കാനോണിന്റെ കാമറ നീട്ടിപ്പിടിച്ചു ഫോക്കസ് ചെയ്തു ഫലമുണ്ടായില്ല മതിലിൽ നിന്ന് പിറകോട്ട് ചാടിയിറങ്ങിയപ്പോൾ ചുറ്റും ഉയർന്നു പൊങ്ങിയ പൊടിപടലം പോലെ എന്റെ മനസും ധൂളിയായിരുന്നു. ഇമാം ബുഖാരിയെ സിയാറത്ത് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. അതിന് പകുതി ആശ്വാസമാകുമെന്ന് നിനച്ചിരുന്നതാണ് പക്ഷെ ....
അപ്പോൾ അബ്ല്ല സഅദി ഓടി വന്നു പറഞ്ഞു നീണ്ട ആ മതിൽക്കെട്ടിന്റെ കുറച്ചപ്പുറത്ത് അതിന്റെ മുകളിൽ ഒരു ചെറിയ കുട്ടി നിൽക്കുന്നു, അവന്റെ കയ്യിൽ കൊടുത്താൽ അവൻ ഫോട്ടോ എടുത്തു തരും. ഞാനങ്ങോട്ടോടി. മുകളിൽ ഒരു ചെറിയ കുട്ടി നിൽക്കുന്നു. ഏഴോ എട്ടോ വയസ് പ്രായം കാണും. അവൻ കാമറക്കു കൈ നീട്ടി. എനിക്കു തോന്നി, ഞാൻ തന്നെ കയറിയിലെന്താ ?! ഞാനും അവന്റെ ഭാരം തന്നേ കാണൂ! വെറും ഒറ്റവരി ഇഷ്ടികയിൽ കെട്ടിയ മതിലിൽ തൊട്ടപ്പോൾ അതു ഇളകിയാടി. അടുത്തു തന്നെ നിന്നിരുന്ന മറ്റൊരു കുട്ടിക്ക് എന്റെ ആഗ്രഹമെന്തെന്ന് മനസ്സിലായി. ഏതാണ്ട് പന്ത്രണ്ട് വയസു കാണും. അവൻ രണ്ടു കൈകളും കോർത്തു പിടിച്ച് അതിൽ ചവിട്ടിക്കയറാൻ പറഞ്ഞു. ഞാനതു സ്വീകരിച്ചില്ല. കാമറ താഴെയുള്ളവരെ ഏല്പിച്ച് മതിലിൽ അള്ളിപ്പിടിച്ച് കയറി. മുകളിൽ നിന്ന ചെറിയ കുട്ടി കൈ നീട്ടിയെങ്കിലും അതും വേണ്ടെന്നു വെച്ചു - വീണാൽ രണ്ടു പേരും വീഴും. എന്റെ ആഗ്രഹത്തിന്റെ കൂടി തീവ്രത കൊണ്ടാവാം അതിന്റെ മുകളിലെത്തിയത് എത്ര വേഗത്തിലായിരുന്നെന്നോ. അകത്തു കടന്നു അലപം മുന്നോട്ട് നsന്നു മഖ്ബറയിലേക്ക് പ്രവേശിച്ചു. സലാം പറയുമ്പോൾ കാമറ ആ കുട്ടിയെ ഏല്പിച്ചു. ആ മിടുക്കൻ രണ്ടോ മൂന്നോ തവണ ക്ലിക്ക് ചെയ്തു. അതിനവന് സാധിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. പിന്നീട് ഞാനും മഖ്ബറയുടെയും ശിലാഫലകത്തിന്റെയും ഒന്നു രണ്ടു ഷോട്ടുകൾ എടുത്തു. ഒരു പക്ഷെ, ഇനി ഇതിനും അവസരമില്ലാതായെങ്കിലോ? അല്ലാഹു തുണ! ആ കുട്ടികളുടെ പേര് ഞാൻ അന്വേഷിച്ചിരുന്നു. മറന്നു പോയി. അല്ലാഹു അവർക്ക് റഹ്മത്ത് ചെയ്യട്ടെ! ഇമാം ബുഖാരിയെയും ഇബ്നു ഹജറ് തങ്ങളെയും വിളിച്ചത് വെറുതെയായില്ലെന്ന ആത്മസായൂജ്യത്തോടെയാണ് അവിടെ നിന്ന് മടങ്ങിയത്.

0 comments:

Post a Comment