Saturday 7 January 2017

യാ അല്ലാഹ്! - 3

യാ അല്ലാഹ്!
എന്നുമ്മ തൻ ഗർഭാശയത്തിൽ 
ഒരിളം തുടിപ്പായി ഞാനുയിർകൊണ്ടത് 
നിൻ ഹിതമായിരുന്നു. 
 ശൈശവത്തിൽ കണ്ണിണകളിൽ നിറഞ്ഞ നിദ്ര
നീ തന്നതായിരുന്നു.
ഉറങ്ങുന്ന കുഞ്ഞിന്റെ ചുണ്ടിളം പുഞ്ചിരി
നിന്റെ സമ്മാനമായിരുന്നു.
ഓരോ ചുവടുവെയ്പിലും തരളനിഗൂഢമായ്
നിറഞ്ഞു നിന്നത് നിന്റെ ജീവനസ്പർശം.
എന്റെ ബോധത്തിലീ ബോധ്യത്തിൻ ദീപം
കൊളുത്തിവെച്ചതും റബ്ബീ നീ തന്നെ.
ചിത്തത്തിലേക്കാണു നിൻ നോട്ടമെന്നറിഞ്ഞു
ചിന്തകൾ മിഥ്യകളിൽ നിന്നകറ്റി നിർത്താം,
സർവാംഗങ്ങളും നിനക്കു വിധേയമെന്നറിഞ്ഞു
സദാ വെടിപ്പായി കാത്തു കൊള്ളാം,
നിൻ ശക്തിയാണെൻ കർമശേഷിയെന്നറിഞ്ഞു
കരണചരണങ്ങൾ നിർമലമാക്കി വെക്കാം.
മറ്റൊന്നുമില്ലെന്റെ മാനത്തൊരു പൂതി മാത്രം,
നിൻ ദർശനത്തിനുൻമാദ ലഹിരിയിലലിയണം.



യാ അല്ലാഹ് - 2

യാ അല്ലാഹ്
നിന്നെ വർണിക്കാൻ മോഹിച്ചിരുന്നു ഞാൻ.
വാക്കുകൾ നാവിൻ തുമ്പോളമെത്തിയിട്ടും
പെയ്യാമഴയായി മാഞ്ഞു പോയി.
വിഭോ, എൻ പാഴ്ശ്രമങ്ങളെ പഴിച്ചു
പകലിരവുകൾ ചിരിയലകളുതിർക്കയാൽ
ഭ്രമിച്ചു പോയെൻ വാക്കുകൾ
ചങ്കിൽ ശിലയായുറച്ചു നിന്നു.
ഇനിയീ പ്രപഞ്ച വിസ്മയത്തിൽ നീ നിറച്ച
നിഗൂഢ സംഗീതത്തിനു കാതോർക്കട്ടെ ഞാൻ.
കിളികൂജനങ്ങളുടെ സംഗീതലഹരിയിൽ
നീലനഭസ്സിൽ സുവർണരാജി പരന്നു.
കടലിലും കരയിലും നിറഞ്ഞ ധവളപ്രഭ
ഈ സംഗീതത്തിന്റെ ഉജ്ജ്വല മുദ്ര.
ആർദ്രമീ സ്നേഹഗീതത്തിന്റെ ദിവ്യധാര
തടശ്ശിലകൾ തകർത്തു പ്രവഹിച്ചതാണു സമുദ്രം.
നിതാന്തമായി നിൻ കീർത്തനങ്ങൾ വാഴ്ത്തി അലകടലും സദാ തിരച്ചാർത്തുയർത്തി.
അഴകിന്റെ പുഷ്പകങ്കണങ്ങൾ നിവർത്തിവിരിച്ചു
പൂങ്കാവനങ്ങളും നിന്നെ വർണിച്ചു രസിച്ചു.
ഉലകിലാകെ വ്യാപരിക്കുമീ ലഹരിയിൽ
ഉൻമത്തനായ് നിന്നിലലിയാൻ കൊതിപ്പൂ ഞാൻ.
എന്നിട്ടുമെന്റെ മാനത്തു മാത്രം വർണരാജി വിരിഞ്ഞില്ല,
എന്റെ തംബുരു മാത്രം ശ്രുതി മീട്ടിയില്ല,
എന്റെ വാക്കുകൾ മാത്രം ഗാനമായ് തീർന്നില്ല,
എന്നാണെന്റെ ഹൃദയതന്ത്രികളിൽ
നിർവൃതിയുടെ സ്വരലയങ്ങളുതിരുക?

യാ അല്ലാഹ് -1


യാ അല്ലാഹ്
പാടുവാനങ്ങ് കല്പിച്ചാൽ 
അഭിമാനഗർവത്തോടെ പാടാം
കടൽ താണ്ടി വരുന്ന കാറ്റിനെ പോലെ 
ശ്രുതി താളങ്ങളുടെ ചിറകു വിതിർക്കാം
കുന്നും മലയും താണ്ടി ആനന്ദത്തിന്റെ
അതിരറ്റ അവാച്യസ്വരങ്ങളുതിർക്കാം
ഹർഷലഹരിയിൽ സ്വയം മറന്ന്
നിത്യനവങ്ങളായ രാഗങ്ങൾ ഊതിയുണർത്താം
കൈക്കുടം നിറയ്ക്കാൻ പാരിതോഷികം വേണ്ട;

കണ്ണും ഖല്‍ബും നിറഞ്ഞുന്‍മത്തനായ്
നിന്നെയൊന്നനുഭവിച്ചു കണ്ടാല്‍ മതി.

Thursday 8 September 2016

മറിയ ദൈവമാണോ?

ഉസ്താദെ, മറിയം  (റ ) ദൈവമല്ല എന്നാണോ ദൈവമാണ് എന്നാണോ ക്രൈസ്തവർ വിശ്വസിക്കുന്നത്.? അതല്ലാതെ ചിലയാളുകൾ മാത്രമാണോ ദൈവമാണെന്ന് വിശ്വസിക്കുന്നത്.?
jaleel kalad

മറിയ ഇന്നത്തെ ക്രൈസ്തവ ത്രിയേകത്വത്തിലെ ഭാഗമല്ലെങ്കിലും അവർ സാധാരണ മനുഷ്യസ്ത്രീയാണെന്ന വിശ്വാസം ഭൂരിപക്ഷം പേർക്കുമില്ല. പ്രൊട്ടസ്റ്റന്റുകാരും നെസ്തോറിയൻകാരും ഒഴിച്ചുള്ള വർമറിയയെ തിയോടോകോസ് എന്നാണ് പരിചയപ്പെടുത്തുന്നത്. പൊതുവർഷം 431-ൽ എഫേസോസിൽ നടന്ന ഒന്നാം സൂനഹദോസ്, യേശുക്രിസ്തു, ദൈവ-മനുഷ്യ സ്വഭാവങ്ങൾ ഒത്തു ചേർന്ന ഏകവ്യക്തി ആയതിനാൽ മറിയം 'ദൈവജനനി' അല്ലെങ്കിൽ 'ദൈവസംവാഹക' (Theotokos) ആണെന്നു തീർപ്പുകല്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യേശുവിന്റെ അമ്മ മറിയത്തിന് കത്തോലിക്കരും പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഉൾപ്പെടെയുള്ള ചില ക്രിസ്തീയവിഭാഗങ്ങൾ ദൈവമാതാവ് എന്ന് വിളിക്കുന്നത്. ഈ വിഷയത്തിൽ എഫേസോസ് സൂനഹദോസ് എടുത്ത തീരുമാനത്തോടുള്ള എതിർപ്പിലാണ് നെസ്തോറിയൻ ക്രിസ്തീയതയുടെ തുടക്കം തന്നെ. നെസ്തോറിയന്മാർ മറിയത്തെ ക്രിസ്തുമാതാവ് (christotokos) മാത്രമായി അംഗീകരിക്കുന്നു.
@ Jaleel Kalad
മരിയ ഭക്തി ഇപ്പോഴും നിലനിൽക്കുന്നു. മറിയയെ വിളിച്ചു പ്രാർത്ഥിക്കുന്നു. അതിനെ അംഗീകരിക്കാത്തവർക്കെതിരെ വാഗ്വാദങ്ങൾ നടക്കുന്നു. ഒരുദാഹരണമാണ് താഴെ കൊടുത്തിട്ടുള്ള ഫേസ്ബുക്ക് പ്രൊഫൈൽ
 https://m.facebook.com/AVE.MARIYA777/?locale2=ml_IN

Wednesday 22 June 2016

നബിയേ...! അവന്‍ മരിച്ചു വീണിരിക്കുന്നു!!

Muhammad Sajeer Bukhari's photo.


ഹിജ്റ രണ്ടാമാണ്ട് റമളാന്‍ പതിനേഴിനാണ് യുദ്ധം നടന്നത്. പതിനാലു പേരാണ് യുദ്ധത്തില്‍ ശഹീദായത്. മുഹാജിറുകളില്‍ നിന്ന് ആറും അന്സ്വാറുകളില്‍ നിന്ന് എട്ടും. ഈയിടെ ബദ്ര്‍ രണാങ്കണം സന്ദര്ശി ച്ചിരുന്നു. അവിടെ ശുഹദാഇന്‍റെ നാമം എഴുതിവെച്ചിട്ടുണ്ട്.

മുഹാജിറുകളില്‍ നിന്ന് ഉമൈര്‍ ബിന്‍ അബീവഖാസ്, ഉബൈദതുബ്നുല്‍ ഹാരിസ്, ദുശ്ശിമാലൈന്‍, ആഖിലു ബ്നുല്‍ ബുകൈര്‍, മഹ്ജഅ്, സ്വഫ്വാന്‍ ബിന്‍ ബൈളാഅ് എന്നിവരാണ് ശഹീദായത്. ചില ചരിത്രകാരന്മാര്‍ മറ്റു ചില പേരുകളും പറയുന്നുണ്ട്.

ഹാരിസ ബിന്സുറാഖ, സഅ്ദ്ബിന്ഖൈസമ, മുബശ്ശിര്‍ ബ്ന്‍ അബ്ദില്‍ മുന്‍ദിര്‍, യസീദ്ബിന്ഹാരിസ്, ഉമൈര്‍ ബ്നുല്‍ ഹമാം, റാഫിഉ ബ്നുല്‍ മുഅല്ലാ, ഔഫ്ബിന്ഹാരിസ്, മുഅവ്വിദ്ബിന്ഹാരിസ് എന്നിവരാണ് അന്സ്വാറുകളായ ശുഹദാക്കള്‍.

ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഉമൈര്‍ ബിന്‍ അബീ വഖാസ്(റ) ആയിരുന്നു. പതിനാറ് വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. തിരുനബി സ്വ. ബദ്റിലേക്ക് പുറപ്പെടാനുള്ള സംഘത്തെ തയ്യാറാക്കുകയാണ്. കൂട്ടത്തിലൊരാള്‍ തന്‍റെ കണ്ണില്‍ പെടാതെ ഒളിഞ്ഞു നില്ക്കുന്നത് അവിടത്തെ ശ്രദ്ധയില്‍പെട്ടു. ഉമൈറായിരുന്നു അത്. കുട്ടികളാണെന്ന് തോന്നിയാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും തിരിച്ചയക്കപ്പെടുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, രക്തസാക്ഷിയാവാനുള്ള അടങ്ങാത്ത മോഹം ഉമൈറിനെ പിന്തിരിപ്പിച്ചില്ല. അദ്ദേഹത്തെ തിരിച്ചറിഞ്ഞ മുത്തുനബി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഉമൈര്‍ പൊട്ടിക്കരഞ്ഞു. ഉമൈറിന്‍റെ ആവേശവും ആത്മഅര്‍ത്ഥയും മനസ്സിലാക്കിയ തിരുമേനി അവസാനം സമ്മതം മൂളുകയായിരുന്നു.

ബദ്റിലെ ആദ്യത്തെ രക്തസാക്ഷി ഹാരിസ ബിന്‍ സുറാഖയാണ്. അദ്ദേഹം ശഹീദായ വാര്‍ത്ത കേട്ട് അവരുടെ മാതാവ് റബീഅ തിരുനബിയുടെ സമീപത്ത് ഓടിയെത്തി: "നബിയേ...! ഞാന്‍ എന്‍റെ പുത്രനെ എത്രയധികം സ്നേഹിക്കുന്നുവെന്ന് അങ്ങേക്കറിയാമല്ലോ. അവന്‍ മരിച്ചു വീണിരിക്കുന്നു. അവന്‍ ഇതോടെ സ്വര്‍ഗാവകാശിയായിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്നായി അവനെ അര്‍പ്പിക്കാനായതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അല്ലാത്തപക്ഷം, ഞാന്‍ ചെയ്യാന്‍ പോകുന്നത് താങ്കള്‍ കാണേണ്ടിവരും."
മുത്തുനബി പ്രതികരിച്ചു: "സ്വര്‍ഗം ഒന്നല്ല, പലതാണ്. അവയില്‍ ഏറ്റവും ഉന്നതമായ ഫിര്‍ദൌസിലാണ് ഹാരിസയുടെ സ്ഥാനം."
അത് കേട്ട ആ ധീരമാതാവ് സന്തോഷത്തോടെ തിരിച്ചുപോയി, അവരുടെ നയനങ്ങള്‍ സന്തോഷാശ്രു പൊഴിക്കുന്നുണ്ടായിരുന്നു

"ശഹീദായവര്‍ക്കെല്ലാം ഇറയ്ഹന്നാനെ
ശറഫാല്‍ വഴങ്ങ് നിന്‍ രിള മന്നാനെ
വഹബാല്‍ തുലയ്ക്ക് എന്‍റെ മുറാദും ദയ്നാ
ഒക്കാ ബിഹഖിഹിം ഉനയ്ക്കുള്‍ ഔനാല്‍"

Tuesday 21 June 2016

ഓര്‍മകളില്‍ ബളര്‍ക്കൊടി മൂണ്ടെണ്ണം



ഇന്ന്‍ബദ്ര്‍ദിനം,
ലോക ചരിത്രം എക്കാലത്തും ഉള്‍പ്പുളകത്തോടെ ഓര്‍ക്കുന്ന വിസ്മയമാണ് ബദ്ര്‍ യുദ്ധം. പൂര്‍ണ നിരായുധരും നിസ്സഹായരുമായ ഒരു ചെറുസംഘം സര്‍വായുധ സജ്ജരായി യുദ്ധഭേരി മുഴക്കിവന്ന അലകടലിനു മീതെ വിജയകാഹളം മുഴക്കിയ ഐതിഹാസിക പോരാട്ടത്തിന്‍റെ സ്മരണ. ആയുധമല്ല, വിശ്വാസമാണ് ശക്തി എന്നു തെളിയിച്ച സമരമുഖം.

ഓര്‍മകളില്‍ തിരുനബിയും സഹചരും ബദ്റിലേക്ക് പുറപ്പെടുന്ന രംഗം തെളിയുന്നുണ്ട്:
                  "ബദ്‌റുല്‍ ഹുദാ യാസീനന്നബി ഖറജായന്നേരം
                    ബളര്‍ക്കൊടി മൂണ്ടെണ്ണം കെട്ടിടയതിലുണ്ടെ- അബ്‌യള്
                    വര്‍ണമതാം ഫിന്‍രണ്ടും അസ്‌വദുമാമേ..."


അഹങ്കാരത്തിന്‍റെ കൊടുമുടിയില്‍ ആയുധ വിഭൂഷിതരായി അണിഞ്ഞൊരുങ്ങിയാണ് ശത്രുവ്യൂഹം വന്നത്: "പുറപ്പെട്ട ബുജാഹിലുടന്‍ കിബര്‍ പൊങ്കിയെളുന്ത ലിബാസ് ചമയ്ന്ത്..." കത്തിക്ക് മൂര്‍ച്ചയുണ്ട്, കുന്തത്തിനു മുനയുണ്ട്, വാള്‍ത്തല മിനുങ്ങുന്നുണ്ട്.... എന്നിട്ടും അവര്‍ തോറ്റു. കാരണം അപ്പുറത്തെ ആയുധം അല്ലാഹു അഹദ് എന്ന വിശുദ്ധ മന്ത്രണമാണ്.

ബദ്റിന്‍റെ ഓരോ രംഗവും ലോകത്തെവിടെയുമുള്ള മുസ്‌ലിം സമൂഹത്തിനു സര്‍വത്ര പാഠമാണ്. കേരളത്തില്‍ അമുസ്‌ലിം സഹോദരങ്ങളുടെ നാക്കിന്‍ തുമ്പത്തു പോലും ആ രണഭേരിയുടെ തപ്തസ്മരണകള്‍ നിലനിര്‍ത്താന്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ടിനു സാധിച്ചിട്ടുണ്ട്:
                 
               "പുടവി കിടുകിട നെടിയെ നെടില്‍കളും
                ചൊടിയെ മുതുകിട ചമയം സമനെടു
                കുടവെ ഇടയിട ചിലര്‍കള്‍ കയറയും
               ഇടയില്‍ നട നട പുനവെ വരിവരി
     വരികള്‍ തിക്കുവതായും - ഇടയില്‍ നിക്കുവതായും
     വരുവര്‍ ഒക്കുവതായും - അണികള്‍ ഇപ്പടിതായം"

അല്ലാഹുവില്‍ വിശ്വസിക്കുക. അവന്‍റെ സഹായമാണ് വലുത്. ബദര്‍ ല്‍കുന്ന ഏറ്റവും നല്ല പാഠമാണിത്. ഖുര്‍ആന്‍ പറഞ്ഞു: “ഉറപ്പാണ്, ബദ്റില്‍ അല്ലാഹുനിങ്ങളെ സഹായിച്ചിരിക്കുന്നു. സത്യത്തില്‍ നിങ്ങള്‍ ദുര്‍ബലരായിരുന്നു.” (ആലു ഇംറാന്‍)

അസ്ഹാബുല്‍ ബദ്റിന്‍റെ സഹായം തന്നു അല്ലാഹു നമ്മെയും അനുഗ്രഹിക്കട്ടെ
                 "ബെല്ലാന്‍ ബദ് രീങ്കള്‍ സഹബോര്‍ ഹഖാല്‍
                  വീട്ടെന്‍ ദുയൂന്‍ ഇഹ്സില്‍ മുറാദും മിക്കാ
                  ചൊല്ലും ഫിഅ്ല്‍ കേള്‍വി നള്റാല്‍ വന്തേ
                  ദോഷം അടങ്കലും പൊറുത്തീടള്ളാ..."

Monday 20 June 2016

നോമ്പും നിയ്യതും



ചോദ്യം: നോമ്പിനു നിയ്യത്ത് വെക്കാന്‍ മറന്നു പോയാല്‍ പരിഹാരമുണ്ടോ?
--- ത്വാലിബ്‌, ഭൂതാനം

ഉത്തരം: പരിഹാരമുണ്ട്, പറയാം.
ഏതു കര്‍മത്തിനും നിയ്യത്ത് നിര്‍ബന്ധമാണ്‌. അതു യഥോചിതം നിര്‍വഹിക്കണം. കുറുക്കുവഴികള്‍ ആരാധനയുടെ വിഷയത്തില്‍ ഉണ്ടാകരുത്. ഇക്കാര്യം  മനസിലുണ്ടായിരിക്കട്ടെ.

രാത്രി നിയ്യത്ത് വെക്കാന്‍ മറന്നു പോയവര്‍ക്ക് ഇമാം അബൂഹനീഫ (റ) വിന്‍റെ മദ്ഹബ് തഖ്‍ലീദ് ചെയ്ത് പകലാദ്യത്തില്‍ നിയ്യത്ത് ചെയ്താല്‍ അന്നത്തെ നോമ്പു നഷ്ടപ്പെടില്ല.

അതുപോലെ, റമളാനിന്‍റെ ആദ്യരാത്രിയില്‍ ഈ റമളാനിലെ എല്ലാ നോമ്പും നിര്‍വഹിക്കുവാന്‍ നിയ്യത് വെച്ചാല്‍ അതു മതിയാകുമെന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം. അതിനാല്‍ ആ രാത്രി അങ്ങനെ നിയ്യത്ത് വെക്കല്‍ നല്ലതാണെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. പക്ഷേ, ശാഫിഈ മദ്ഹബ് പ്രകാരം നിയ്യത്തിനു അത് മതിയാവില്ല. അതു കൊണ്ട് പ്രസ്തുത നിയ്യത് ചെയ്യുന്നത് ഇമാം മാലിക് (റ)വിനെ തഖ്‍ലീദ് ചെയ്തു കൊണ്ടായിരിക്കണം. അങ്ങനെ തഖ്‍ലീദ് ചെയ്തിട്ടുണ്ടെങ്കില്‍, രാത്രിയില്‍ പ്രത്യേകം നിയ്യത്ത് ചെയ്യാന്‍ വിട്ടു പോയ നോമ്പിനു അത് മതിയാകും, ഖളാഅ് വീട്ടേണ്ടതില്ല.