Wednesday, 15 June 2016

ഫാഷിസത്തെ ചെറുക്കുക എന്നാല്‍...


അറിഞ്ഞിടത്തോളം വസ്തുതകള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ മനസിലാകുന്നത് കേരള നിയമസഭയില്‍ താമര വിരിഞ്ഞത് യൂഡിയെഫിന്‍റെ ചിലവില്‍ ആണെന്നാണ്‌. മണ്ണാര്‍ക്കാട്ട് പച്ച വിരിക്കാന്‍ ഇത‌ഃപര്യന്തം കാത്തു സൂക്ഷിച്ച മതേതരത്വത്തിനു മീതെ കാവി പുതപ്പിച്ച നടപടി ആശങ്കാജനകമാണ്. കോണ്ഗ്രസിന്‍റെ മൃദുല ഹിന്ദുത്വ സമീപനമാണ് ദേശീയ തലത്തില്‍ തന്നെ വര്‍ഗീയ ഫാഷിസത്തിന്‍റെ വളര്‍ച്ചക്ക് കാരണമായത് എന്ന് അനേകം പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഞങ്ങള്‍ ഹിന്ദുവിനെയല്ല, ഹിന്ദുത്വയെ ആണു വെറുക്കുന്നത്. നിഷ്കളങ്കരായ ഹിന്ദുക്കളുടെ മതവികാരം ഊതിക്കാച്ചി വര്‍ഗീയത വളര്‍ത്തുന്നത് ഹിന്ദുത്വയാണ്. അതിനു ബദല്‍ ആയി ഉയര്‍ന്നു വരാനുള്ള സാധ്യതയും ബാധ്യതയും കോണ്ഗ്രസിനുണ്ട്. ആ തിരിച്ചറിവിലേക്ക് അവര്‍ വളരണം. വര്‍ഗീയത ന്യൂനപക്ഷത്തിന്‍റെതായാലും ഭൂരിപക്ഷത്തിന്‍റെതായാലും വിഷമാണ്. അതിനാല്‍ കാവിഫാഷിസത്തെയും ഹരിതഫാഷിസത്തെയും ഒരുപോലെ ചെറുക്കുക. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ ധാര്‍മിക ബാധ്യതയാണത്

ഇതാണ് കോൺഗ്രസ് രാഷ്ട്രീയം.


ഞാന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മെമ്പറോ സഹയാത്രികനോ അല്ല. തിരഞ്ഞെടുപ്പ് കാലത്തോ അല്ലാതെയോ ഇത്തരത്തിലുള്ള വിഷയങ്ങളുടെ പൊതുചര്‍ച്ചകളില്‍ പങ്കെടുത്തിട്ടില്ല. എന്നിട്ടും ഇപ്പോള്‍ കോൺഗ്രസ് കൈവരിച്ച "നേട്ടത്തെ" ഭീതിയോടെ കാണുന്നു, അതേക്കുറിച്ച് നാം പ്രബുദ്ധരായിരിക്കണം എന്ന് വിചാരിക്കുകയും ചെയ്യുന്നു, കാരണം പറയാം.
നിലവില്‍ നേമത്ത് വര്‍ഗീയ ഫാഷിസത്തിന്‍റെ താമര യൂഡിയെഫ് വിടര്‍ത്തിയത് ഒരു ചാണക്യസൂത്രമാണ്. അന്താരാഷ്ട്രതലത്തില്‍ ഇസ്ലാമോഫോബിയ പരത്തി തന്‍റെ അധികാരമുറപ്പിക്കാനുള്ള യാങ്കിയുടെ തന്ത്രം അവര്‍ കടമെടുക്കുന്നു. ആളും അര്‍ത്ഥവും ആയുധവും കൊടുത്ത് ആഭ്യന്തര കലഹങ്ങള്‍ ഉണ്ടാക്കുന്ന ചെറിയ സംഘടനകളെ സൃഷ്ടിച്ചു ഇസ്‌ലാമിക രാജ്യങ്ങളിലെ ഭരണ സ്ഥിരത തകര്‍ക്കുകയും പിന്നീട് അതേ ഭരണകൂടങ്ങളെ ഉപയോഗിച്ച് "ഭീകരതക്കെതിരായ" പോരാട്ടം നയിക്കുകയും ചെയ്യുന്ന യാങ്കി തന്ത്രത്തിന്‍റെ ആവര്‍ത്തനമാണിത്.
കേരളത്തില്‍ ഇത്രകാലം വര്‍ഗീയ ഫാഷിസം ക്ലച് പിടിക്കാതിരുന്നതിന്‍റെ ഏറ്റവും ശരിയായ ഉത്തരം ഇടതുപക്ഷത്തിന്‍റെ സാന്നിധ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ദേശീയ തലത്തില്‍ അതിന്‍റെ ശേഷി പഴയപോലെ ഇല്ല. ഫാഷിസം വളരുമ്പോള്‍ അതിനൊത്തു ഒരു മൂന്നാം മുന്നണിയുടെ ഉയര്‍ച്ച നാം പ്രതീക്ഷിച്ച പ്രകാരം ഉണ്ടായില്ല. ആ സാധ്യത ഏറ്റവും നന്നായി അനുകൂലമായിട്ടുള്ളത് കോൺഗ്രസിനാണ്. പക്ഷെ, അതു വളര്‍ത്താന്‍ അവര്‍ സ്വീകരിച്ച അടവുകള്‍ നൃശംസനീയമാണ്. സ്വന്തം വോട്ടുബാങ്ക് കുതിരക്കച്ചവടം നടത്തി സങ്കിയെ വളര്‍ത്തുക. എന്നിട്ട്, അവനെ ചൂണ്ടിക്കാട്ടി ഇതാ സങ്കി വളരുന്നു എന്ന ഭീതി വളര്‍ത്തി കാലുറപ്പിക്കുക!! ഇതല്ലെങ്കില്‍ പിന്നെന്താണ് ചാണക്യസൂത്രം!!
ബ്രിട്ടീഷുകാരന്‍റെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്‍റെ ഉപോത്പന്നങ്ങളായിരുന്നു സവര്‍ക്കറുടെ "ഹിന്ദുത്വ"യും ജിന്നയുടെ "മുസ്ലിംലീഗും" എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍, കോൺഗ്രസ് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള നേതൃത്വത്തിലും നിയന്ത്രണത്തിലും രൂപീകരിക്കപ്പെട്ട പാര്‍ട്ടിയാണ്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്‍റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്ലൻഡുകാരനായ അലൻ ഒക്ടേവിയൻ ഹ്യൂം മുൻകയ്യെടുത്താണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്. 1860-ൽ സിറിയയില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തതിനെ തുടർന്നുണ്ടായ അനുരഞ്ജനശ്രമങ്ങളിൽ ബ്രിട്ടനെ പ്രതിനിധീകരിച്ചു ക്രൈസ്തവതാത്പര്യം സൂക്ഷിക്കുന്നതിൽ തനിക്കുള്ള പ്രതിബദ്ധത തെളിയിച്ചയാളാണ് ഡഫറിൻ പ്രഭു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത്. തങ്ങള്‍ തന്നെ സൃഷ്ടിച്ച ഹിന്ദു മുസ്‌ലിം വര്‍ഗീയ സംഘര്‍ഷങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് വരുത്തുക കൂടിയായിരുന്നു ക്രൈസ്തവ യൂറോപ്പിന്‍റെ ലക്‌ഷ്യം. ഇപ്പോളും കോൺഗ്രസ് അതേ ചിറ്റമ്മനയം തുടരുന്നു. വിത്ത്‌ഗുണം പത്തുഗുണം.
ഈ തിരഞ്ഞെടുപ്പില്‍ ഒലിച്ചുപോകുമെന്നു കോൺഗ്രസിനറിയാമായിരുന്നു, അത്രയ്ക്കുണ്ടല്ലോ അഴിമതിയുടെ വീരഗാഥകള്‍! എന്നാല്‍ നട്ടുച്ചയ്ക്ക് നട്ടപ്പതിരയാണെന്നു പറഞ്ഞാലും വിശ്വസിക്കുന്ന അണികളുള്ള ലീഗ് എങ്ങനെയും നിയമസഭയില്‍ എത്തും. അവര്‍ക്കൊരു "കൈ"ത്താങ്ങ് കൊടുത്താല്‍ "ഐക്യമുന്നണിയുടെ" ബലത്തില്‍ പ്രതിപക്ഷത്തെങ്കിലും ഇരിക്കാമല്ലോ. ചുരുക്കത്തില്‍ ലീഗ് ജയിച്ചാലും ഫാഷിസ്റ്റുകള്‍ ജയിച്ചാലും നേട്ടം വൈസ്രോയിയുടെ പാര്‍ട്ടിക്ക് തന്നെ!! ഇതാണ് കോൺഗ്രസ് രാഷ്ട്രീയം.

posted on may 21,2016

എല്ലുതുളക്കുന്ന തണുപ്പില്‍ ദാഹത്തോടെ


യാത്രാവിവരണം/ രിസാല 25 മെയ് 2016
2016 ഏപ്രില്‍ പതിമൂന്ന്.
റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. നല്ല ആള്‍ത്തിരക്കുണ്ട്. സ്‌കൂള്‍ വിട്ട സമയത്ത് നമ്മുടെ നാട്ടിലെ ഏതോ ബസ് ടെര്‍മിനലില്‍ എത്തിയ പോലെ. വിമാനത്താവളം അതിഗംഭീരമാണ്. ആഢംബരപൂര്‍ണവും. മരുഭൂമിയുടെ ദുര്‍ഘടത കാരണം ദൂരയാത്രക്ക് നല്ലത് വിമാനം തന്നെ. വലിയ കീറാമുട്ടികളൊന്നുമില്ലാത്ത കസ്റ്റംസ് മുറിച്ചുകടന്നു.
സഊദി സമയം 5:45. സായാഹ്നം. ജോര്‍ദാനിലേക്കുള്ള ഞങ്ങളുടെ വിമാനം SV0637 കൃത്യസമയത്ത് തന്നെ പറന്നുയര്‍ന്നു. ഇനി 1309കി.മി നിലം തൊടാതെ… താഴെ കണ്ടും കേട്ടും ഒരുപാട് വായിച്ചും പരിചയിച്ച മഹാ മരുഭൂമി. മുകളില്‍ അനന്തതയിലേക്ക് വിരിച്ചിട്ട വിഹായസ്സ്. എന്റെ തൊട്ടടുത്ത സീറ്റിലിരിക്കുന്നത് ഒരു ബ്രിട്ടീഷുകാരനാണ്. പേര് തോമസ് എഡ്വാര്‍ഡ്! ഇതയാളായിരിക്കുമോ; ടി ഇ ലോറന്‍സ്? ഒന്നാം ലോക യുദ്ധകാലത്ത് ബ്രിട്ടീഷ് ചാരനായി ജോര്‍ദാനിലേക്ക് വന്ന ടി ഇ ലോറന്‍സ് എന്ന തോമസ് എഡ്വാര്‍ഡ് ലോറന്‍സ്? ഏതാണ്ടതുപോലെത്തന്നെ. വെളുമ്പന്‍ സ്‌കിന്നും പൂച്ചക്കണ്ണും. വെട്ടിയൊതുക്കിയ മുടി. മെലിഞ്ഞുനീണ്ട മുഖം. ആകെക്കൂടി ഒരു സ്ലിം ബ്യൂട്ടി. നിങ്ങളുടെ പേര് ലോറന്‍സിനോട് ചേരും എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ മെല്ലെ ചിരിച്ചു. അയാളും ലോറന്‍സ് ഓഫ് അറേബ്യ കണ്ടിട്ടുണ്ട്. അറബികള്‍ക്കിടയില്‍ അവരുടെ വേഷവിധാനങ്ങളും മറ്റും സ്വീകരിച്ച് ജീവിക്കുകയും അവരോടൊപ്പം ഉസ്മാനിയ ഖിലാഫത്തിനെതിരെ പൊരുതുകയും ചെയ്ത ടി ഇ ലോറന്‍സിന്റെ (1888-1935) ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് ലോറന്‍സ് ഓഫ് അറേബ്യ. അദ്ദേഹം അറിയപ്പെട്ടിരുന്നത് ഈ പേരിലാണ്. പീറ്റര്‍ ഒടുള്‍ അഭിനയിച്ച ആ ഡോക്യുമെന്ററിയിലെ സാഹസികരംഗങ്ങളും മരുഭൂകാഴ്ചകളും ആര്‍ക്കും മറക്കാനാവില്ല. ഒന്നാം ലോക യുദ്ധാനന്തരം നടന്ന പാരീസ് പീസ് കോണ്‍ഫറന്‍സിന്റെ തീരുമാനമനുസരിച്ചുള്ള അറേബ്യന്‍ വിഭജനമടക്കമുള്ള ചരിത്രം പഠിക്കാന്‍ ആ ഡോക്യുമെന്ററി വലിയൊരളവോളം സഹായിക്കും. ലോറന്‍സ് തന്നെ എഴുതിയ ജ്ഞാനത്തിന്റെ സപ്തസ്തൂപങ്ങള്‍ (Seven Pillars of Wisdom) അവലംബിച്ച് തയ്യാറാക്കപ്പെട്ട ലോറന്‍സ് ഓഫ് അറേബ്യ ഏഴ് ഓസ്‌കാര്‍ അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്!
എട്ടുമണിക്ക് ക്യൂന്‍ ആലിയ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അര മണിക്കൂര്‍ വൈകിയിട്ടുണ്ട്. മഴയാണ്. മരുഭൂമിയില്‍ മഴ വിരളമാണല്ലോ. ജോര്‍ദാന്റെ വടക്കന്‍ ഭാഗങ്ങളിലും ജോര്‍ദാന്‍ നദിക്കരയിലും മാത്രമാണ് സാധാരണ മഴ ലഭിക്കാറുള്ളത്. കൃഷിയുള്ളതും അവിടെയൊക്കെത്തന്നെ. മഴയില്‍ എയര്‍പോര്‍ട്ട് സത്യത്തില്‍ ഉടുത്തൊരുങ്ങിയ രാജ്ഞിയെപ്പോലെ തോന്നിച്ചു. ചന്തമുള്ള എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ അകത്തും പുറത്തും കത്തുന്ന വര്‍ണദീപങ്ങള്‍ മഴകൊണ്ട് റണ്‍വേയില്‍ തട്ടി പ്രതിഫലിക്കുന്ന മനോഹര കാഴ്ച കാണേണ്ടതു തന്നെ. വൃത്തിയും വെടിപ്പുമുള്ള വിശാല സുന്ദരമായ എയര്‍പോര്‍ട്ട് ജോര്‍ദാന്റെ രണ്ട് ഇന്റര്‍നാഷണല്‍ വിമാനത്താവളങ്ങളിലൊന്നാണ്. പട്ടുടുത്ത ആ റണ്‍വേയിലൂടെ വിമാനം നീങ്ങിയപ്പോള്‍ വല്ലാത്ത ഹരം തോന്നി. എണീറ്റ് നടന്ന് കോറിഡോറിലൂടെ വരുന്ന വഴിയില്‍ തന്നെ ഞങ്ങളെ സ്വാഗതം ചെയ്ത് സംഘത്തെ നയിച്ചിരുന്ന അബ്ദുല്‍ ഗഫ്ഫാര്‍ സഅദിയുടെ പേരെഴുതിയ പ്ലക്കാര്‍ഡുമായി ട്രാവല്‍ ഏജന്‍സിയുടെ പ്രതിനിധി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ജോര്‍ദാനില്‍ ഓണ്‍ എറൈവല്‍ വിസ(ഢഛഅ) ലഭിക്കുന്നതുകൊണ്ട് ആ സൗകര്യം ഉപയോഗപ്പെടുത്തുവാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. വിസ സ്റ്റാമ്പ് ചെയ്തു കിട്ടുന്നതിന് ഞങ്ങള്‍ ഓരോരുത്തരും ക്യൂ നില്‍ക്കുന്ന മുഷിപ്പ് ട്രാവല്‍ ഏജന്റ് ഇടപെട്ട് ഒഴിവാക്കി. ആ സമയത്ത് ഞങ്ങള്‍ ലഗേജുകള്‍ സ്വീകരിക്കാമെന്ന് വെച്ചു. അപ്പോഴേക്ക് എല്ലാം ശരിയാക്കി യാത്രാനായകനുമെത്തി.
മനസ്സില്‍ ജോര്‍ദാനെക്കുറിച്ചുള്ള പലതരം വിചാരങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. ഓര്‍ക്കാനും സന്തോഷിക്കാനും ചിരിക്കാനും പറ്റിയവയുണ്ട്. നൊമ്പരപ്പെട്ട് നെടുവീര്‍പ്പിടുന്ന കദനാനുഭവങ്ങളുമുണ്ട്. സമ്മിശ്രമായ വികാരങ്ങള്‍ മനസ്സില്‍ തിരത്തള്ളിച്ചയുണ്ടാക്കി.
പൂര്‍വകാല തിരുദൂതന്മാരുടെ പാദസ്പര്‍ശമേറ്റ മണ്ണാണിത്. അവരില്‍ പലരും ഇവിടെ അന്തിയുറങ്ങുന്നു. മുത്തുനബി(സ) ബാല്യകാലത്തും യുവാവായിരുന്നപ്പോഴും പ്രവാചകത്വ ലബ്ധിക്കുശേഷവുമൊക്കെ ഈ നാട്ടില്‍ വന്നിട്ടുണ്ട്. അനേകം സ്വഹാബികളുടെ ആത്മീയ സാന്നിധ്യവും ഈ മരുഭൂമിക്ക് കിട്ടിയിട്ടുണ്ട്. തിരുനബി(സ)യുടെ ജീവിതകാലത്തുതന്നെ നടന്ന മുഅ്തത് യുദ്ധം, എ.ഡി. 636ല്‍ ഖാലിദ്ബ്‌നു വലീദ്(റ)വിന്റെ ദിഗ്വിജയം അടയാളപ്പെടുത്തിയ യര്‍മൂക്ക് യുദ്ധം തുടങ്ങിയ പോരാട്ടങ്ങളുടെ രണഭൂമിയാണിത്. നൂറ്റാണ്ടുകള്‍ നീണ്ട ഇസ്‌ലാമിക ഖിലാഫത്തിന്റെ പ്രതാപവും പതനവും കണ്ട മണ്ണ്. എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഡെയ്‌സ് ഇന്‍ ഹോട്ടലിലേക്ക് നാല്‍പത്തിയൊന്ന് കിലോമീറ്ററുണ്ട്. സഹയാത്രികരില്‍ അധികവും ദീര്‍ഘമായ യാത്രയുടെ ക്ഷീണത്തില്‍ ഉറക്കത്തിലാണ്. ചരിത്രമുറങ്ങുന്ന മണ്ണിലൂടെയുള്ള വരും ദിവസങ്ങളിലെ യാത്രയെക്കുറിച്ച് മനക്കോട്ട കെട്ടുകയായിരുന്നു ഞാന്‍.
പല ചരിത്രകാരന്മാര്‍ക്കും പിണഞ്ഞിട്ടുള്ള ഒരു ഭീമാബദ്ധമുണ്ട്. ആദ്യം സര്‍വത് സൗലതിനെ ഉദ്ധരിക്കാം. പാക്കിസ്താന്‍കാരനായ ബഹുഭാഷാപണ്ഡിതനും ചരിത്രകാരനുമാണ് സൗലത്. മുന്നൂറിലേറെ നിബന്ധങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ നാല് വാള്യങ്ങളുള്ള മില്ലത്തെ ഇസ്‌ലാമിയാ കീ മുഖ്ത്വസ്വര്‍ താരീഖ്- ഇസ്‌ലാമിക സമൂഹം കടന്നുപോയ ആയിരത്തി നാനൂറ് കൊല്ലത്തെ ചരിത്രം ചുരുക്കിപ്പറയുന്നുണ്ട്. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മലയാള പരിഭാഷയില്‍ ജോര്‍ദാനെ പരിചയപ്പെടുത്തുന്ന ഭാഗത്ത് ഇങ്ങനെ കാണാം:
‘പുരാതനമായ ബുസ്വ്‌റാ പട്ടണം സ്ഥിതി ചെയ്യുന്നത് ജോര്‍ദാനിലാണ്. പ്രവാചകത്വലബ്ധിക്കുമുമ്പ് നബിതിരുമേനി പിതൃവ്യന്‍ അബൂത്വാലിബിനോടൊപ്പം നടത്തിയ ശാം യാത്രക്കിടയില്‍ അവര്‍ ബുഹൈറാ എന്ന ക്രൈസ്തവ പുരോഹിതനെ കണ്ടുമുട്ടുകയും അയാള്‍ ബാലനായ മുഹമ്മദിന്റെ ഭാവി പ്രവചിക്കുകയും ചെയ്തത് പ്രസിദ്ധമാണല്ലോ. ബുസ്വ്‌റായില്‍ വെച്ചാണ് ആ സംഭവം നടന്നത്” (വാള്യം 3, പേ.277).
ഉഷ്ണകാലത്തും ശൈത്യകാലത്തും മക്കയുടെ തെക്കും വടക്കും ഭാഗങ്ങളിലേക്ക് ഖുറൈശികള്‍ നടത്തിയിരുന്ന വാണിഭയാത്രകളെക്കുറിച്ച് വിശുദ്ധ ഖുര്‍ആനിലുണ്ട്; രിഹ്‌ലത്തുശ്ശിത്താഇ വസ്സ്വയ്ഫ്. ശൈത്യകാലത്ത് ഉഷ്ണമേഖലാ പ്രദേശങ്ങളായ ദക്ഷിണ അറേബ്യയിലെ യമനിലേക്കും ചെങ്കടല്‍ കടന്ന് ഹബ്ശ(എത്യോപ്യ)യിലേക്കും വര്‍ത്തക സംഘങ്ങള്‍ പോയി. തഥൈവ, ഉഷ്ണകാലത്ത് ശൈത്യപ്രദേശങ്ങളായ മക്കയുടെ ഉത്തരഭാഗത്തുള്ള ശാം, ഇറാഖ് എന്നിവിടങ്ങളിലേക്കും വാണിജ്യ ലക്ഷ്യങ്ങളോടെ ഖുറൈശികള്‍ യാത്ര ചെയ്തു. നബിതിരുമേനി(സ)യുടെ പിതാമഹനായിരുന്ന അബ്ദുമനാഫിന്റെ നാലു മക്കളാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. യമനിലേക്കും ഹബ്ശയിലേക്കും യഥാക്രമം മുത്ത്വലിബും അബ്ദുശംസുമാണ് പോയിരുന്നത്. നൗഫല്‍ ഇറാഖിലേക്കുള്ള സംഘത്തെ നയിച്ചു. ഹാഷിം ശാമിലേക്കും പോയി. ശാമിലെ അനേകം പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും അവിടുത്തുകാരുമായി നന്നായി ഇടപഴകുകയും ചെയ്തിരുന്നു. ഫലസ്ത്വീനിലെ ഗസ്സയിലേക്കായിരുന്നു അദ്ദേഹം ഏറെ സഞ്ചരിച്ചത്. അവിടുത്തുകാരുടെ വിശേഷങ്ങള്‍ അറേബ്യയില്‍ വന്ന് അദ്ദേഹം മറ്റുള്ളവരോട് അതിശയത്തോടെ പറയും. അതിനാല്‍ ആ പ്രദേശത്തെ അറബികള്‍ ഗസ്സത്തുഹാഷിം (ഹാഷിമിന്റെ ഗസ്സ) എന്നാണ് വിളിച്ചിരുന്നത്.
തങ്ങളുടെ പിതാക്കളുടെ കാലശേഷം താന്താങ്ങളുടെ മക്കള്‍ തന്നെ അങ്ങോട്ടുള്ള വാണിഭ സംഘങ്ങളെ നയിച്ചു. ഹാഷിമിനു ശേഷം അദ്ദേഹത്തിന്റെ പുത്രനായിരുന്ന അബ്ദുല്‍മുത്വലിബും ശേഷം അബൂത്വാലിബും. ശാമിലേക്കാണ് കച്ചവടാവശ്യാര്‍ത്ഥം സഞ്ചരിച്ചിരുന്നത്. അത്തരത്തിലുള്ള ഒരു യാത്രയിലാണ് എ.ഡി. 582ല്‍ തിരുമേനി(സ) അബൂത്വാലിബിനെ അനുഗമിച്ചതും ബുസ്വ്‌റാ പട്ടണത്തില്‍ ഇറങ്ങിയതും ബഹീറയുടെ സല്‍കാരം സ്വീകരിച്ചതും പ്രവാചകത്വത്തിന്റെ മുദ്ര ബഹീറ തിരിച്ചറിഞ്ഞതുമൊക്കെ.
യേശുക്രിസ്തുവില്‍ ദൈവികത അധ്യാരോപിക്കുവാനുണ്ടായ പരിശ്രമങ്ങള്‍ എ ഡി നാലാം നൂറ്റാണ്ടിലാണ് ഉണ്ടായത്. എന്നാല്‍ തുടക്കം മുതലേ വളരെ വലിയ ഒരു കൂട്ടം ക്രിസ്തീയ പണ്ഡിതന്മാര്‍ ഇതിനെ എതിര്‍ത്തിരുന്നു. അദ്ദേഹം ദൈവസൃഷ്ടിയും പ്രവാചകനും ആണെന്നും ദൈവതുല്യം ആരാധിക്കുന്നത് തെറ്റാണെന്നും വാദിച്ച അരിയൂസിനെയും അനുയായികളെയും ഭരണമെഷിനറിയുടെ സഹായത്തോടെ അടിച്ചുപുറത്താക്കിയാണ് നിഖ്യായിലെ ആദ്യത്തെ സാര്‍വത്രിക സുന്നഹദോസ് ത്രിയേകത്വ വിശ്വാസം പ്രഖ്യാപിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന നെസ്‌തോറും ഇതേ ആശയക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് നെസ്‌തോറിയനിസം എന്ന പേരില്‍ പ്രസിദ്ധമായത്. ബാബിലോണിയ, സിറിയ (ശാം) തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇദ്ദേഹത്തിന് ധാരാളം അനുയായികളുണ്ടായി. കേരളത്തിലും നാലു ശതാബ്ധത്തിലേറെ കാലം ഈ ആശയം ശക്തമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍ദായസഭ നെസ്‌തോറിയനാണ് എന്നാണ് പറയപ്പെടുന്നത്.
മുത്തുനബിയും അബൂത്വാലിബും കണ്ട ബഹീറ നെസ്‌തോറിയനായിരുന്നു. വേദഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്റെ അടയാളങ്ങളെ തിരുമേനിയില്‍ അദ്ദേഹം കണ്ടു. ബഹീറ എന്നത് അഗാധപണ്ഡിതന്‍ എന്നര്‍ത്ഥം കുറിക്കുന്ന സുരിയാനീ ഭാഷയിലുള്ള ഒരു പദമാണെന്ന് മുഹമ്മദ് രിള എഴുതിയ മുഹമ്മദുര്‍റസൂലുല്ലാഹി(സ) എന്ന കൃതിയില്‍ വായിച്ചതോര്‍ക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവന്‍ എന്ന അര്‍ത്ഥത്തിലുള്ള അരാമ്യ പദമാകാം എന്നും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. രണ്ടായാലും പേരല്ല, ബഹുമതിപ്പട്ടമാണ്. പേര് സെര്‍ജിയൂസ്.
പറഞ്ഞുവന്നത് സര്‍വത് സൗലത് എഴുതിയതിനെ പറ്റിയായിരുന്നല്ലോ. ബഹീറയും നബിതിരുമേനിയും കണ്ടുമുട്ടിയ ബുസ്വ്‌റാ പട്ടണം ജോര്‍ദാനിലാണ് എന്ന സര്‍വത് സൗലതിന്റെ അഭിപ്രായം ശരിയല്ല. ആധുനിക സിറിയയുടെ ദക്ഷിണ ഭാഗത്തെ ദര്‍ആ ജില്ലയില്‍പെട്ട സ്ഥലമാണ് ബുസ്വ്‌റാ. ഇപ്പോഴും സന്ദര്‍ശകര്‍ക്ക് പോയിക്കാണാവുന്ന വിധത്തില്‍ ബഹീറയുടെ സന്യാസിമഠത്തിന്റെ (Monastery) കല്‍ച്ചുമരില്‍ തീര്‍ത്ത കെട്ടിടാവശിഷ്ടങ്ങള്‍ കാര്യമായ കേടുപാടുകളില്ലാതെ അവിടെ ശേഷിക്കുന്നുണ്ട്. ജോര്‍ദാനിലും ഒരു ബുസ്വ്‌റഃ പട്ടണമുണ്ട്. തലസ്ഥാന നഗരിയായ അമ്മാനിന്റെ ഇരുപത് കിലോമീറ്റര്‍ വടക്കു മാറിയാണ് അതു സ്ഥിതി ചെയ്യുന്നത്. അവിടെ നിന്ന് വീണ്ടും അറുപത് കിലോമീറ്റര്‍ വടക്കോട്ട് സഞ്ചരിച്ചാലേ അതിര്‍ത്തി കടന്ന് ദക്ഷിണ സിറിയയിലെ ബുസ്വ്‌റായിലെത്തൂ. അറബിയിലെഴുതുമ്പോള്‍ അവസാനത്തില്‍ ഹാത്താ (താഉ മര്‍ബൂത്വ) ചേര്‍ത്താണ് ജോര്‍ദാനിലെ ബുസ്വ്‌റഃ എഴുതുന്നത്. സിറിയയിലെ ബുസ്വ്‌റാ എഴുതുമ്പോള്‍ റാക്ക് ശേഷം ദീര്‍ഘ അകാരത്തെ കാണിക്കുന്ന യാഅ് ഉണ്ടാകും. പുരാതനകാലത്തെ ശാമിന്റെ(സിറിയ) ഭാഗമായിരുന്നു ഈ രണ്ടു പ്രദേശങ്ങളെങ്കിലും ബഹീറയുടെ നാടിന് മാത്രം ബുസ്വ്‌റശ്ശാം എന്ന് അപരനാമമുണ്ട്, മുമ്പും ഇപ്പോഴും.
വേദഗ്രന്ഥങ്ങളില്‍ അഗാധ പരിജ്ഞാനിയായിരുന്നു ബഹീറ. പ്രവചിത പ്രവാചകന്റെ ആഗമത്തിന് നേരമെടുത്തെന്ന് അദ്ദേഹം മനസ്സിലാക്കി. ചില നിവേദനങ്ങളില്‍ അതീന്ദ്രിയമായ ഒരു ദര്‍ശനവും അദ്ദേഹത്തെ തുണച്ചിരുന്നുവെന്ന് കാണുന്നുണ്ട്. അങ്ങനെയാണദ്ദേഹം ദെമ്മക്കേശില്‍ (ദമസ്‌കസ്) നിന്ന് യഥ്‌രിബിലേക്കുള്ള വഴിയുടെ പ്രാന്തത്തില്‍ മൊണാസ്റ്ററി സ്ഥാപിച്ച് കാത്തിരുന്നത്.
അവിടെ അകലെ ഒരു വൃക്ഷമുണ്ടായിരുന്നു. സാധാരണ യാത്രാസംഘങ്ങള്‍ സഞ്ചരിക്കുന്ന പാതയായിരുന്നതിനാല്‍ എല്ലാവര്‍ക്കും അതറിയാം. നൂറുകണക്കിന് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ വേറെ ഒരു കുറ്റിച്ചെടി പോലും ഉണ്ടായിരുന്നില്ല. കണ്ണില്‍ ആവി പതയ്ക്കുന്ന ആ മരുമണലില്‍ ആ മരച്ചോട്ടിലെത്തുമ്പോഴാണ് അവര്‍ക്കൊന്ന് വിശ്രമിക്കാനാവുക. അതുവഴി കടന്നുപോവുന്ന വര്‍ത്തകക്കൂട്ടങ്ങളെ ബഹീറ നിരീക്ഷിച്ചു കൊണ്ടേയിരുന്നു; വാഗ്ദത്ത ദൂതന്റെ ആഗമം അറിയിക്കുന്ന എന്തെങ്കിലും അടയാളങ്ങള്‍ കാണുന്നുണ്ടോ?!
അങ്ങനെയിരിക്കെ ബഹീറ കാത്തിരുന്ന ദൃശ്യമെത്തി. വളരെയകലെ ഒരു യാത്രാസംഘം. അവര്‍ മുന്നോട്ട് നീങ്ങുന്നതിനനുസരിച്ച് ഒരു മേഘക്കീറ് അവര്‍ക്ക് തണലിട്ട് ഒപ്പം സഞ്ചരിക്കുന്നു. തന്റെ മൊണാസ്റ്ററിയുടെ മുകള്‍ത്തട്ടില്‍ നിന്ന് അദ്ദേഹമത് കൃത്യമായി കണ്ടു. എല്ലാവര്‍ക്കും തണലില്ല, കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കൊച്ചുബാലന് മാത്രം! അവര്‍ വന്നുവന്ന് ആ മരത്തണലില്‍ വിശ്രമിക്കാനിരിക്കുന്നു. അത്ഭുതം, മേഘവും വിശ്രമിക്കുന്നു! അതു മരത്തിനു മുകളില്‍ തന്നെ നില്‍പാണ്. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളെ ചിറകിനടിയില്‍ സംരക്ഷിക്കുന്നത് പോലെ കാര്‍മുകില്‍ ആ സുന്ദരവദനനെ കരുതലോടെ കൊണ്ടുനടക്കുന്നു.
പിന്നീട് നടന്നതെല്ലാം നിങ്ങള്‍ പല തവണ വായിച്ചിരിക്കും. ബഹീറ ആകാംക്ഷ വിടാതെ മഠത്തില്‍ നിന്നിറങ്ങി ധൃതിയില്‍ അവരെ സമീപിച്ചത്, വിരുന്നിന് ക്ഷണിച്ചത്, എല്ലാവരും വന്നപ്പോള്‍ തിരുനബി അവിടെ തന്നെ നിന്നത്, ബഹീറ ചെന്നു വിളിച്ചത്, അപ്പോള്‍ തിരുനബിക്കൊപ്പം തണലിട്ട് കാര്‍മുകിലും വന്നത്, ലാത്ത-ഉസ്സയുടെ നാമത്തില്‍ വന്ന അന്നം നിഷേധിച്ചത്, അല്ലാഹുവിന്റെ പേരിലുള്ളത് മാത്രം സ്വീകരിച്ചത്, ‘ഖാതമുന്നുബൂവ്വ’ കണ്ടത്, ജൂതദൃഷ്ടിയില്‍പ്പെടാതെ മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടത്. എല്ലാമെല്ലാം…. സ്വല്ലല്ലാഹു അലയ്ക യാ റസൂലല്ലാഹ്!
അതേ മരത്തണലിലാണ് ഇരുപത്തഞ്ചാം വയസ്സില്‍ ബീവി ഖദീജയുടെ ചരക്കുമായി പോകുമ്പോഴും മുത്തുനബി(സ്വ) വിശ്രമിച്ചത്. അന്നവിടെ വെച്ച് തിരുമേനിയെ കണ്ട നസ്ത്വൂറാ എന്ന ക്രൈസ്തവ പുരോഹിതന്‍ അത്ഭുതത്തോടെ അവിടുത്തെ അനുഗമിച്ചിരുന്ന മയ്‌സറത്തിനോട് പറഞ്ഞു: ‘മാ നസല തഹ്ത ഹാദിഹി ശ്ശജറതി ഖത്ത്വു ഇല്ലാ നബിയ്യുന്‍… ആ മരത്തണലില്‍ വിശ്രമിക്കാനിരുന്നത് ഒരു നബിയല്ലാതെ മറ്റാരുമാകാന്‍ തരമില്ല…’
സൗഭാഗ്യവതിയായ ആ പുണ്യവൃക്ഷത്തെ നിങ്ങള്‍ക്കിപ്പോഴും കാണാം! ഇവിടെ, ജോര്‍ദാനിലാണതുള്ളത്. അമ്മാനില്‍ നിന്നു 150 കിലോമീറ്റര്‍ വടക്ക് ബഖീആവിയയില്‍. സിറിയയോട് ഏതാണ്ട് അടുത്ത് സര്‍ഖയുടെയും മഫ്‌റഖിന്റെയും ഇടയില്‍, മഫ്‌റഖില്‍ നിന്ന് 90 കിലോമീറ്റര്‍. സ്വഫാവീയെന്നും ആ നാടിനു പേരുണ്ട്. സര്‍ക്കാര്‍ അങ്ങോട്ടുമാത്രമായി പാതയൊരുക്കുകയും കമ്പി കൊണ്ടുള്ള ചുറ്റുവേലി കെട്ടി വൃക്ഷം പ്രത്യേകം സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പതിനൊന്നു മീറ്റര്‍ ഉയരവും 283 സെ.മി ചുറ്റളവുമുള്ള മരം. ഇപ്പോഴും നൂറുകണക്കിന് ചതുരശ്ര കിലോമീറ്റര്‍ പരിസരത്ത് ഒരു പുല്‍ക്കൊടി പോലുമില്ല!! 1450 വര്‍ഷത്തെ പഴക്കം കണക്കാക്കുന്ന ഈ വൃക്ഷത്തെ ജോര്‍ദാന്‍ രാജാവിന്റെ മകന്‍ ഗാസി ബിന്‍ മുഹമ്മദ് രാജകുമാരന്‍ വിശേഷിപ്പിച്ചത് The Sahabee Tree എന്നായിരുന്നു. ഈയിടെ ദിവംഗതനായ സിറിയയിലെ പ്രസിദ്ധ സ്വൂഫി പണ്ഡിതനായ ശൈഖ് റമളാന്‍ ബൂത്വിക്കും കേരളക്കാര്‍ക്ക് സുപരിചിതനായ ശൈഖ് ഹബീബ് ജിഫ്രിക്കുമൊപ്പം ഈ മരം കാണാന്‍ പോയപ്പോഴാണ് രാജകുമാരന്‍ അഭിമാനത്തോടെ ഇങ്ങനെയൊരു വിശേഷണം പറഞ്ഞത്. മുത്തുനബിക്ക് തണലും വിശ്രമവും നല്‍കിയ, തിരുസ്പര്‍ശത്താല്‍ പുളകിതമായ ആ സ്‌നേഹവൃക്ഷം ഇപ്പോഴും ഹരിതഖുബ്ബ പോലെ വിടര്‍ന്നു നിന്നു നമ്മെ മാടി വിളിക്കുകയാണ്. മുഅ്തസ്സു ബില്ലാഹിയെ പറ്റിയുള്ള ബഹ്തരിയുടെ വരികള്‍ പാടേണ്ടതിവിടെയാണ്: കണ്ണുള്ളവര്‍ കാണേണ്ടതിതാണ്, കാതുള്ളവര്‍ കേള്‍ക്കേണ്ടതീ വൃത്താന്തമാണ് – അന്‍യറാ മുബ്‌സ്വിറുന്‍ വ യസ്മഅ വാഈ…
ഞങ്ങള്‍ അര്‍റാബിയയിലെത്തി. ഉമര്‍ബ്ന്‍ അബ്ദില്‍ അസീസ് സ്ട്രീറ്റിലാണ് ഡെയ്‌സ് ഇന്‍ ഇന്റര്‍നാഷണല്‍ ഹോട്ടല്‍. ബസില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വല്ലാത്ത തണുപ്പ്. മഴ നിലച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ മകരമാസത്തിലെ മരംകോച്ചുന്ന തണുപ്പത്ത് വയനാട്ടിലും ഹൈറേഞ്ചിലുമൊക്കെ ഞാന്‍ പോയിട്ടുണ്ട്. കാശ്മീറിലെ നനുനനുത്ത മഞ്ഞിന്റെ സ്പര്‍ശവും അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഈ തണുപ്പ് അതല്ല, എല്ലാ റെയിഞ്ചിനും പുറത്താണിത്. അതിലപ്പുറം തുളക്കുന്ന കാറ്റും. ഘോരമായ മുഴക്കത്തോടെ സീല്‍ക്കാരം പുറപ്പെടുവിച്ച് ഞങ്ങളുടെ അസ്ഥിയും തുളച്ച് അത് ഉള്ളില്‍ കയറി വീശിക്കൊണ്ടേയിരുന്നു. ഞാന്‍ മുഹമ്മദ് അസദിനെയും ആടുജീവിതത്തിലെ നജീബിനെയും ഓര്‍ത്തു. വായിച്ചറിഞ്ഞതിനെക്കാള്‍ ഘോരമാണ് കൊണ്ടറിഞ്ഞതെന്ന് പറയാതെ വയ്യ. എല്ലാവരും അവനവന്റെ ലഗേജുകളുമെടുത്ത് ഹോട്ടലിലേക്ക് കയറിവരുന്നത് ഞാന്‍ മുന്നില്‍നിന്ന് കണ്ടു. തണുപ്പ് സഹിക്കാത്തതുകൊണ്ട് വെറും ഹാന്‍ഡ് ബാഗുമെടുത്ത് ഞാന്‍ എപ്പോഴേ റിസപ്ഷനിലേക്ക് ഓടിക്കയറിയിരുന്നു. പിന്നീട് അബ്ദുല്‍കരീം ഖാസിമിയാണ് എന്റെ ലഗേജുകള്‍ അകത്തെത്തിച്ചത്.
വളരെ കണ്ണായ സ്ഥലത്താണ് ഞങ്ങളുടെ ഹോട്ടല്‍. വെറും ഒരു മിനിറ്റ് നടന്നെത്താവുന്ന ദൂരത്തില്‍ ഗ്രാന്റ് ഹുസൈന്‍ മസ്ജിദ്. അഞ്ച് മിനിറ്റ് നടക്കാനില്ലാത്ത ദൂരത്തില്‍ ജോര്‍ദാന്‍ നാഷണല്‍ ഗാലറി ഓഫ് ഫൈന്‍ ആന്‍ഡ് ആര്‍ട്‌സ്. രണ്ടു കി.മീ മാത്രം ദൂരത്തില്‍ അമ്മാന്‍ സിറ്റാഡില്‍. അറബിയില്‍ ജബലുല്‍ ഖല്‍അഃ എന്നറിയപ്പെടുന്ന പര്‍വതനിരകളാണ് അമ്മാന്‍ സിറ്റാഡില്‍. അമ്മാന്‍ നഗരത്തിന്റെ കാവല്‍ക്കോട്ട പോലെ എല്‍(ഘ) ഷെയ്പില്‍ നിരയൊപ്പിച്ച് നില്‍ക്കുന്ന ഏഴു പര്‍വതങ്ങള്‍. ഈ പര്‍വതങ്ങളെ സൂചിപ്പിക്കുന്നതാണ് ജോര്‍ദാന്റെ ദേശീയ പതാകയില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഏഴ് നക്ഷത്രങ്ങള്‍. നിയോലിത്തിക് കാലം മുതല്‍ ഇതഃപര്യന്തം കണ്ണിയറ്റുപോവാതെ മനുഷ്യവാസം നിലനിന്ന ഭൂമിയിലെ അത്യപൂര്‍വമായ ഒരു പ്രദേശമാണിത്. വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും കളിത്തൊട്ടിലാവാനും അമ്മാന്‍ സിറ്റാഡിലിനു ഭാഗ്യമുണ്ടായി. ഇത് തെളിയിക്കുന്ന പല സ്മാരകങ്ങളും ഇവിടെ കാണാം. റോമന്‍ ആധിപത്യക്കാലത്തുണ്ടാക്കിയ ഹെര്‍ക്കുലീസ് ക്ഷേത്രവും ബൈസന്റിയന്‍ കാലത്തെ ചര്‍ച്ചും ഉമവികള്‍ നിര്‍മിച്ച പാലസും ഇപ്പോഴുമുണ്ട്. 1951ലാണ് ഇവിടെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഉണ്ടാക്കിയത്. ബി സി 6000 മുതല്‍ 8000 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിക്കപ്പെട്ട, ഇതുവരെ കണ്ടെടുക്കപ്പെട്ടതില്‍ മനുഷ്യനിര്‍മിതമായ ഏറ്റവും പഴക്കം ചെന്ന ഐന്‍ ഗസല്‍ പ്രതിമകള്‍ ഈ മ്യൂസിയത്തിന്റെ മുഖ്യമായ ആകര്‍ഷക ഘടകമാണ്.
രാത്രി വൈകിയതിനാല്‍ ഇന്നിനി യാത്രയില്ല. ഭക്ഷണം, വിശ്രമം. ഞങ്ങള്‍ റെസ്റ്റോറന്റിലേക്കു പോയി. അവിടെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ പല വിധത്തിലും തരത്തിലുമുള്ളതുണ്ട്. നമ്മള്‍ ശീലിച്ചതിനോട് ഒത്തുപോവുന്നത് അവയില്‍ വളരെ കുറവായിരുന്നെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. പക്ഷേ ഞങ്ങളെ കുഴക്കിയത് കുടിവെള്ളം കിട്ടാതിരുന്നപ്പോഴാണ്. വിഭവങ്ങള്‍ എമ്പാടും; പക്ഷേ, കുടിക്കാന്‍ തുള്ളി വെള്ളമില്ല. ബോട്ട്ല്‍ഡ് വാട്ടര്‍ കിട്ടും. ചോദിച്ചപ്പോള്‍ കണ്ണുതള്ളുന്ന ഡോളര്‍ കണക്ക് പറഞ്ഞു. കാപ്പാട് ബീച്ചില്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌കിട്ടാന്‍ അഞ്ചുരൂപയാണ്. എന്നാല്‍ വിദേശികള്‍ക്ക് നൂറുരൂപയാണ്.നമ്മുടെ നാട്ടില്‍ കോവളത്തും മറൈന്‍ ഡ്രൈവിലും മറീനാബീച്ചിലും ഡോളര്‍ചാക്ക് കെട്ടിവരുന്ന ടൂറിസ്റ്റുകളെപ്പോലെ അവര്‍ക്ക് നമ്മളും ടൂറിസ്റ്റുകളാണ്. ലോകത്ത് എല്ലായിടത്തും ടൂറിസ്റ്റുകള്‍ക്ക് വേറെ നീതിയാണ്!
അടക്കവും ഒതുക്കവും ലംഘിച്ചില്ലെങ്കിലും ഞങ്ങളുടെ സംഘത്തിലെ എല്ലാവരും വെള്ളം തന്നെ ചോദിച്ചുകൊണ്ടിരുന്നു. അതിനിടക്ക് ആ അറിയിപ്പ് കിട്ടി. നാളെ കാലത്ത് എട്ടുമണിക്ക് നമുക്ക് യാത്ര തുടരുവാനുള്ള വാഹനമെത്തും. എല്ലാവരും തയാറായിരിക്കണം. ഒപ്പം ഓരോ കുപ്പിവെള്ളവും കിട്ടും. അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നേരത്തേക്ക് കുടിക്കാന്‍ ഒരു കുപ്പി!
അതുവരെ ദാഹിച്ചിരിക്കാനോ?! ഇത്രയും വിഭവങ്ങളില്‍ രണ്ടോ മൂന്നോ വെട്ടിക്കുറച്ചിട്ട് ഒരുഗ്ലാസ് വെള്ളം തന്നൂടേ? ആരോ ചോദിച്ചു.
എന്റെ മുമ്പില്‍ ബെന്യാമിന്റെ നജീബും ഹക്കീമും വന്നുനില്‍ക്കുന്നപോലെ തോന്നി. മസറയില്‍നിന്ന് അര്‍ബാബില്ലാത്ത നേരം നോക്കി രക്ഷപ്പെട്ടിട്ട് രണ്ടു രാത്രിയും ഒന്നര പകലും കഴിഞ്ഞിരുന്നു. സൂര്യന്റെ തീക്കനലില്‍ കത്തിത്തിളങ്ങുന്ന മരുഭൂമിയില്‍ വിശ്രമമില്ലാതെ വേച്ചുവേച്ച് നടക്കുകയാണ്. എല്ലാ നിലക്കും ദാഹം അസഹ്യമായപ്പോള്‍ ഹക്കീം തൊണ്ടപൊട്ടി കരഞ്ഞു. അപ്പോള്‍ ഇബ്‌റാഹിം ഖാദിരിയുടെ ശാസന: "അമിതമായി ഭോഗിച്ചുശീലിച്ചതിന്റെ കേടാണിത്. ഒരു മനുഷ്യന് പതിനാല് ദിവസം വരെ വെള്ളവും ആഹാരവുമില്ലാതെ ജീവിക്കാന്‍ കഴിയും. അല്ലാഹുവിനെ ധ്യാനിച്ച് നടക്കാന്‍ നോക്ക്…"
തുടരും

എന്‍റെ റസൂല്‍


അലി ജാ അലി ഇസ്സത് ബെഗോവിച്ചിന്റെ Islam between East and West വളരെ മുമ്പ് വായിച്ചതാണ്. ചില ഭാഗങ്ങൾ ഒന്നുകൂടെ ആവർത്തിച്ചു വായിക്കുന്നത് നന്നെന്ന് തോന്നി പഴയ പുസ്തക ശേഖരത്തിൽ നിന്ന് ആ ഗ്രന്ഥം വലിച്ചൂരി. വായിക്കുന്നതിന് മുമ്പ് വെറുതെയൊരു കൗതുകത്തിന് ഒന്നു മറിച്ചു നോക്കി. ഒരു പഞ്ചവരിക്കവിത! എഴുതിയ തിയ്യതിയും അടിയിൽ കുറിച്ചിട്ടുണ്ട്. സാഹചര്യം ഓർമയില്ല. വെറുതേയൊരു രസത്തിന് ഞാനത് യെഫ് ബീയിൽ പ്രസിദ്ധീകരിക്കുന്നു.
വിഷാദം വിരുന്നു വരും
പുലർകാല യാമങ്ങളിൽ
വിരഹ നൊമ്പരങ്ങൾക്കിടയിലും
സാന്ത്വനമായെൻ ഖൽബിനെ
പുണരുന്നനുഭവമാണെനിക്കു റസൂൽ!
.......... എം.എസ്. വള്ളിക്കാട്
.......... ബുഖാരി, 16/7/20O9
posted on 2016, june 4

അല്‍റയ്യാന്‍ ; സ്വര്‍ഗവാതില്‍ക്കലേക്ക് വിളിക്കുന്നു


( രിസാലയിൽ എഴുതിയത്)
വിശ്വസിച്ചവരായുള്ളോരേ… നിങ്ങളുടെ പൂര്‍വീകര്‍ക്കെന്നപോലെ വ്രതാനുഷ്ഠാനം നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മ-ഭക്തിയുള്ളവര്‍ ആകുന്നതിനത്രെ അത് (വി. ഖുര്‍ആന്‍).
പുണ്യങ്ങളുടെ പൂക്കാലം വിടര്‍ന്നിരിക്കുന്നു. വിശ്വാസിയുടെ കണ്ണിലും ഖല്‍ബിലും വസന്തം പൂത്തുനില്‍ക്കുന്നു. ഇലാഹീ പ്രീതിയില്‍ സ്വയം വിലയം പ്രാപിച്ച് വ്രതാനുസാരിയായി ആ മഹദ് സന്നിധിയില്‍ വിജയ പക്ഷം ചേരാനാണ് ഓരോ വിശ്വാസിയുടെയും ഹൃദയം വ്യഗ്രപ്പെടുന്നത്. നാഥാ… റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് അനുഗ്രഹം വര്‍ഷിക്കേണമേ… വിശുദ്ധ റമളാനിലേക്കെത്തിക്കുകയും നിസ്‌കാര വ്രതാദികര്‍മങ്ങളും വര്‍ധിത ഖുര്‍ആന്‍ പാരായണവും നിര്‍വഹിക്കാന്‍ കടാക്ഷിക്കേണമേ…! എന്ന ഹൃദയമുരുകിയുള്ള പ്രാര്‍ത്ഥനകളുടെ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിലാണ് നാമീ വസന്തത്തെ സ്വീകരിച്ചത്. തീര്‍ച്ചയായും അല്‍ റയ്യാന്‍ നമ്മെയാണ് സ്വാഗതം ചെയ്യുന്നത്. ഐഹിക ജീവിതത്തിന്റെ തുടര്‍ച്ചയായാണ് പരലോക ജീവിതം സംവിധാനിക്കപ്പെട്ടിരിക്കുന്നത്. അനുസരിക്കുന്നവര്‍ക്ക് രക്ഷയും ധിക്കരിക്കുന്നവര്‍ക്ക് ശിക്ഷയും നല്‍കപ്പെടുന്ന വിധിനാളിന്റെ സമാപ്തി. കൃഷിയിടമായി ഒരുക്കിത്തന്ന ഭൗമജീവിതത്തില്‍ മുള്ളും മുല്ലയും പാകിയവര്‍ വിതച്ചതു കൊയ്യുന്ന ദിനം. വിധിപൂര്‍വ്വകം വിലയിരുത്തി സുവര്‍ണ സുന്ദരമായ സ്വര്‍ഗത്തിലേക്ക് ആനയിക്കപ്പെടുന്ന വിശ്വാസികളില്‍ നോമ്പുകാര്‍ക്ക് മാത്രം സ്വാഗതമരുളാന്‍ എന്ന നിലയില്‍ ധന്യമായി പ്രഭാസിക്കുന്ന ഗോപുര കവാടമാണ് അല്‍റയ്യാന്‍. മഹാസുകൃതികള്‍ പോലും സ്വര്‍ഗപ്പൂങ്കാവനത്തിന്റെ ഇതരകവാടങ്ങളിലൂടെ അകംപ്രവേശിക്കുമ്പോള്‍ ഇലാഹിന്റെ സ്‌നേഹാശ്ലേഷമായി നോമ്പുകാരനെ പുല്‍കുകയാണ് അല്‍റയ്യാന്‍. അവന്‍ തന്നെ പറഞ്ഞുവല്ലോ: നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നവനും ഞാന്‍തന്നെ!.
വ്രതത്തിന്റെ ശ്രേഷ്ഠതയും അകക്കാമ്പും പരാമര്‍ശിക്കാന്‍ ആയുമ്പോഴൊക്കെ തിരുവചനങ്ങള്‍ ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ അറിയാതെയറിയാതെ വാചാലമാവുന്നതും ആവേശപ്പെടുന്നതും കാണാനാവും. ‘ജനങ്ങളേ! നിങ്ങള്‍ക്കിതാ റമളാന്‍ സമാഗതമായിരിക്കുന്നു. ദിവ്യാനുഗ്രഹീത മാസമാണിത്. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ഒരു രാവുണ്ടതില്‍. അതിന്റെ പുണ്യം ആര്‍ക്കു തടയപ്പെട്ടുവോ അയാള്‍ സര്‍വ നന്മകളും തടയപ്പെട്ടവനെപ്പോലെയായി. ആരാധനകളില്‍ താല്‍പര്യമില്ലാത്ത നിര്‍ഭാഗ്യവാന്മാര്‍ക്കാല്ലാതെ അത് തടയപ്പെടുകയില്ല. റമളാന്റെ പകലില്‍ നിങ്ങള്‍ക്ക് അല്ലാഹു വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിലെ രാത്രി നിസ്‌കാരം (തറാവീഹ്) സുന്നത്തുമത്രെ, അതില്‍ ഒരു ഐഛിക നന്മ അനുഷ്ഠിക്കുന്നവന് ഇതര മാസങ്ങളില്‍ ഒരു നിര്‍ബന്ധ കര്‍മം അനുഷ്ടിച്ചതു പോലെയുള്ള പ്രതിഫലം നല്‍കപ്പെടും. നിര്‍ബന്ധ കര്‍മത്തിനാകട്ടെ, ഇതര മാസങ്ങളിലെ എഴുപത് നിര്‍ബന്ധ കര്‍മത്തിന്റെ പ്രതിഫലമാണ് നല്‍കപ്പെടുന്നത്(ബുഖാരി).
നോമ്പുകാരന്റെ ശ്വാസഗന്ധമാണ് കസ്തൂരിയുടെ പരിമളത്തെക്കാള്‍ അല്ലാഹുവിന് ഹൃദ്യം എന്നു കൂടിയുണ്ട് വിശുദ്ധാധ്യാപനത്തില്‍. മുന്തിയ അന്നപാനീയങ്ങളുടെയോ വിശിഷ്ഠ ഭോജ്യങ്ങളുടെയോ മോഹിപ്പിക്കുന്ന ഗന്ധമല്ല ആ ശ്വാസഗന്ധിയെ ഇഷ്ടപ്പെടുത്തുന്നത്. പ്രത്യുത, അവനില്‍ മേളിതമായ വ്യക്തി വിശുദ്ധിയുടെ മഹത് ശിഖരങ്ങള്‍- പ്രതികാരവാഞ്ജ വറ്റിയ മനസും അപരാധം കാണിക്കാത്ത കരങ്ങളും അസത്യമുരയാത്ത അധരങ്ങളുമാണവനെ സൃഷ്ടി സാകല്യത്തില്‍ നിന്ന് വേറിട്ട് അടയാളപ്പെടുത്തിയത്. സകലമാന തിന്മകളില്‍ നിന്നും അകന്നു നില്‍ക്കുകയും സദാചാര നിഷ്ഠമായ ആരാധനകളിലവസ്ഥാനം ചെയ്യുകയും ചെയ്യുന്ന ഒരു സുകൃതമാനസന്റെ വ്രതനിശ്വാസത്തിന് അനിതര സാധാരണമായ സൗരഭ്യം ഉണ്ടെന്ന് പറയുന്നതില്‍ അതിശയോക്തിയൊന്നുമില്ല.
ഇതര നിര്‍ബന്ധ കര്‍മങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് നോമ്പ്. നിസ്‌കാരമോ സകാത്തോ ഹജ്ജോ ആവട്ടെ, ആചരിക്കുന്നത് മറ്റുള്ളവരുടെ നേത്രവട്ടത്തില്‍ നിന്ന് ഒളിച്ചുപിടിക്കാനാവില്ല. എന്നാല്‍ വ്രതം സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള നിഗൂഢമായ വ്യവഹാരമത്രെ. ശരിയായി വ്രതം അനുഷ്ടിക്കുന്നവനെ ശ്രദ്ധിക്കുന്നവനും നിയാമകനും നിയന്താവുമായ ഉടയവന്‍ മാത്രം. അതുകൊണ്ടു കൂടിയാണ് അവന്‍ അരുള്‍ ചെയ്തത്: നോമ്പ് എനിക്കുള്ളതാണ്. അതിന് ഫലം ചെയ്യുന്നതും ഞാന്‍ തന്നെ.
എന്നാല്‍ ഇന്ന് കാര്യങ്ങളുടെ സ്ഥിതി നേരെ മറിച്ചായിരിക്കുന്നു. വ്രതാനുഷ്ഠാനം പോലും പ്രകടനപരതയില്‍ വഴിമുട്ടി പോവുന്നു. മറ്റുള്ളവര്‍ക്കു മുമ്പില്‍ ആഹാരപാനങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രം കിട്ടുന്നതാണോ നോമ്പ്? നോമ്പിന്റെ സമ്പൂര്‍ത്തിക്ക് ഒരുവന്‍ നിര്‍ബന്ധ ബുദ്ധിയാ അനുസരിച്ചിരിക്കേണ്ട അനേകം നിയമങ്ങളും നിര്‍ദേശങ്ങളും മതം മുന്നോട്ടുവെക്കുന്നു. അവയത്രയും വ്യക്തിജീവിതത്തില്‍ അക്ഷരംപ്രതി ആവിഷ്‌കൃതമാവുന്നില്ലെങ്കില്‍ പ്രകടനപരതയുടെ മലവെള്ളപ്പാച്ചിലില്‍ നമ്മുടെ വ്രതവും കൂലംകുത്തിയൊലിച്ചുപോവും. കാമ്പ് കളഞ്ഞു തൊലിയില്‍ സായൂജ്യമടഞ്ഞ വിഡ്ഡിയായ വെള്ളക്കാരന്റെ ജ്ഞാന ശൂന്യമായ നിര്‍വൃതിയായിരിക്കും നമുക്കും കിട്ടുക. ദോഷബാധക്കെതിരെ ആത്മ നിയന്ത്രണങ്ങള്‍ കൊണ്ട് ശക്തമായ പ്രതിരോധം ഉയര്‍ത്തിയാവണം വൃതാനുസാരി ചലിക്കേണ്ടത്. സൂക്ഷ്മഭക്തിയുള്ളവരാകാന്‍ വേണ്ടിയാണല്ലോ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്. പൊളിവാക്കുരയുകയും തെറ്റ് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കപട ഭക്തിയാണ്. അതിനെതിരെ തിരുപ്രവാചകര്‍ ഏറെ രോഷപ്പെട്ടിട്ടുണ്ട്: ഒരുവന്‍ വ്യാജം മൊഴിയുന്നതും തദനുസാരം കപടം പ്രവര്‍ത്തിക്കുന്നതും വര്‍ജിക്കുന്നില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങളെ വെടിയണമെന്ന് അല്ലാഹുവിന് തീരെ താല്‍പര്യമില്ല.
മറ്റൊരിക്കല്‍ അവിടുന്ന് ഇപ്രകാരം അരുള്‍ ചെയ്യുകയുണ്ടായി: എത്രയെത്ര നോമ്പുകാര്‍!! തങ്ങളുടെ വ്രതം കൊണ്ടു വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും നേടാന്‍ ആവാത്തവര്‍! എത്രയെത്ര രാത്രി നിസ്‌കാരക്കാര്‍!! രാത്രി മുഴുവന്‍ നിന്ന് നിസ്‌കരിക്കുന്നതിനായി ഏറെ ഉറക്കമിളച്ചെന്നല്ലാതെ മറ്റൊന്നും കിട്ടാത്തവര്‍!.
ഉദ്ധൃത വചനങ്ങള്‍ തെര്യപ്പെടുത്തുന്നത് എന്താണ്? ഏറെ ഉറക്കം ഒഴിവാക്കുന്നതോ അന്നപാനീയങ്ങളെ ഉപേക്ഷിക്കുന്നതോ അല്ല ഇബാദത്ത് -പരമമായ വണക്കം. അത് ലോകരുടെ അഭയവും ശരണസ്ഥനുമായ അല്ലാഹുവിനു മുമ്പില്‍ പൂര്‍വാധികം എളിമയോടും വിധേയത്വത്തോടുമുള്ള സര്‍വാധി സമര്‍പ്പണമാണ്. വിദ്വേഷങ്ങളുടെ അപശ്രുതികളും ദുഷ്‌ചെയ്തികളുടെ അസ്വാരാസ്യങ്ങളും മാത്രം നിറഞ്ഞ ജീവപരിസരത്തോട് സമരസപ്പെടാനല്ല, സമരം ചെയ്യാനാണ് നോമ്പ് നിങ്ങളെ ക്ഷണിക്കുന്നത്. അടങ്ങാത്ത ഇഛാശക്തിയുടെയും അണയാത്ത ആത്മപ്രചോദനത്തിന്റെയും പിന്‍ ബലമില്ലെങ്കില്‍ ശാരീരികമായ വ്രതാനുഷ്ഠാനം കൊണ്ട് ഫലമൊന്നുമില്ല. അത് ആന്തരികമായ ഉപവാസത്തിന്റെ യഥാരൂപത്തിലുള്ള ബാഹ്യാവിഷ്‌കരണമായിരിക്കണം. സത്യം പ്രകാശിപ്പിക്കുന്നതിനുള്ള, സത്യമല്ലാതെ മറ്റൊന്നും പ്രകാശിപ്പിക്കാതിരിക്കാനുള്ള അദമ്യമായ അഭിലാഷമാണ് വ്രതം സമ്മാനിക്കുന്നത.് അതിനാല്‍ സത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ക്കും എതിരാളികളെ കുറിച്ച് പോലും സ്‌നേഹം വെച്ച് പുലര്‍ത്തുന്നവര്‍ക്കും മൃഗീയ വികാരങ്ങളില്‍ നിന്നു മുക്തി നേടിയവര്‍ക്കും മാ്രതമേ ഭൗതിക സമ്പത്തുകളും അഭിലാഷങ്ങളും വര്‍ജിച്ച് വ്രതം നല്‍കുന്ന ആത്മ വിശുദ്ധിയുടെ അന്തര്‍ധാരയെ പുല്‍കാന്‍ സാധിക്കൂ.
നോമ്പ് നിര്‍ബന്ധമാക്കിയത് നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയാണെന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. തഖ്‌വക്ക് നല്‍കിയ സൂക്ഷ്മഭക്തി എന്ന അര്‍ത്ഥം അപൂര്‍ണമാണ്. ശരിയായ അര്‍ത്ഥം അല്ലാഹുവിന്റെ കല്‍പനകളെ പൂര്‍ണമായും നിര്‍ബന്ധബുദ്ധ്യാ അനുസരിക്കുകയും നിരോധനങ്ങളെല്ലാം കര്‍ശന ബുദ്ധ്യാ വെടിയുകയും ചെയ്യുക എന്നതാണ്. പരിശുദ്ധിയുടെയും സമ്പൂര്‍ണതയുടെയും ആത്മാര്‍പ്പണത്തിന്റെയും നിത്യഭാസുരമായ സത്യത്തിന്റെ രാജവീഥിയാണത്. അച്ചടക്കവും അനുധ്യാനവും തുടുത്തുനില്‍ക്കേണ്ട കഠിനമായ ആത്മീയ സാധനയാണ ്വ്രതത്തെ ശ്രേഷ്ടമാക്കുന്നത്. അതിനാലെത്ര വ്രതത്തിന്റെ അഭിവാജ്യ ഘടകമായി പ്രാര്‍ത്ഥന പരാമര്‍ശിക്കപ്പെട്ടത്.
മനുഷ്യജീവിതം അനുവദിക്കപ്പെട്ടത് തന്നെ അല്ലാഹുവിനെ ഉപാസിക്കാനും ആരാധിക്കാനുമാണ് എന്നാണല്ലോ ഖുര്‍ആനികാധ്യാപനം. ജീവിതത്തോണിയുടെ പങ്കായമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയെന്നാല്‍ സമയക്രമങ്ങളും ചിട്ടവട്ടങ്ങളുമൊപ്പിച്ച് നിര്‍വഹിക്കുന്ന ഒരു പ്രത്യേക ഉപാസനയാെണന്നാണല്ലോ പ്രഥമദൃഷ്ട്യാ ഗ്രഹിക്കാറ്. എന്നാല്‍ അതിനെക്കാളേറെ വിശാലമായ അര്‍ത്ഥതലങ്ങളുണ്ട് പ്രാര്‍ത്ഥനക്ക്. പ്രാര്‍ത്ഥന തന്നെയാണ് ആരാധന. പ്രാര്‍ത്ഥന ആരാധനയുടെ സത്തയത്രെ! തുടങ്ങിയ പ്രവാചക മൊഴികള്‍ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവിശാലതയെ സ്ഥാനപ്പെടുത്തുന്നുണ്ട്. പ്രാര്‍ത്ഥനയെക്കുറിച്ച് ഖുര്‍ആന്‍ നടത്തിയ ഏറ്റവും ശ്രദ്ധേയമായ പരാമര്‍ശം വ്രതത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ക്കിടയിലാണ്: എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് അവിടുത്തോട് ആരാഞ്ഞാല്‍(അങ്ങ് പറയുക) നിശ്ചയം ഞാനവരുടെ സമീപസ്ഥനത്രെ. പ്രാര്‍ത്ഥിക്കുന്നവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍ ഞാനവന് ഉത്തരം ചെയ്യും. അതിനാല്‍ അവര്‍ എന്റെ വിളിക്കുത്തരം ചെയ്യുകയും എന്നാല്‍ എന്നില്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ. പ്രാര്‍ത്ഥനയും വ്രതവും അഭേദ്യമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ വചനം. വ്രതം ഒരു ആരാധനയാണ്. ആരാധനകളുടെ സത്തയാണ് പ്രാര്‍ത്ഥന. വ്രതം എന്ന ശരീരത്തിന്റെ ആത്മാവാണ് പ്രാര്‍ത്ഥന. ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ ഒന്ന് ഗ്രഹിക്കാം; വ്രതം ഒരു സാധനയാവണം. നിത്യവ്യവഹാരത്തില്‍ ഉദ്ദേശിക്കപ്പെടാറുള്ളത് പോലെ ഏകാഗ്രമായ ഒരു ആത്മീയ പ്രക്രിയ ആയിരിക്കണം അത്. ശരീരവും മനസ്സും ത്രസിക്കുന്ന ആത്മീയാനുഭൂതിയായി നോമ്പ് മാറണം. വിരസമായ ഒരു പൂജാമുറയല്ല അത്. മാനുഷിക ധര്‍മത്തിന്റെ തെളിമയും ചൈതന്യവുമത്രെ. ആത്മീയ ഔന്നിത്യത്തിലേക്കുള്ള പടിപടിയായ വളര്‍ച്ചയുടെ അനുഭൂതിധായകമായ പ്രചോദകമാണ് വ്രതം.
മനുഷ്യന്റെ ഏറ്റവും മൗലികമായ രണ്ട് വികാരങ്ങളാണ് വിശപ്പും കാമവും. മനഃശാസ്ത്രപരമായ ഒരു വസ്തുത ഉണ്ട്, മനുഷ്യനിലെ മൗലിക വികാരങ്ങളില്‍ ഒന്നിനെ പോലും ആമൂലാഗ്രം പിഴുതെറിയാനാവില്ല എന്ന.് പ്രത്യുത, അവയെ വിമലീകരിക്കുകയാണ് വേണ്ടത്. തദ്വാരാ അപരിഷ്‌കൃതനായ ഒരു ജീവി മാലാഖയെക്കാള്‍ ഉയര്‍ന്ന വിതാനത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു.
യഥാര്‍ത്ഥത്തില്‍ വ്രതം ഒരു അഗ്നി പരീക്ഷയാണ്. വികാരങ്ങളെ വിവേകപൂര്‍ണമായി അതിജയിക്കാനുള്ള ഇഛാശക്തിയും ആത്മബലവും നല്‍കുന്ന അനുപമ സാധന. അത് നേടിയെടുക്കേണ്ടത് അഭംഗുരം തുടരുന്ന ആത്മനിയന്ത്രണവും ധ്യാനവും അനുശീലിക്കുന്നതിലൂടെയാണ്. ജീവിതത്തെ വീട്ടുമുറ്റത്ത് അഴിച്ചെറിഞ്ഞ് കാനനമേറിയല്ല ഈ ധ്യാനം നടത്തേണ്ടത്. പ്രത്യുത നഗ്ന യാഥാര്‍ത്ഥ്യങ്ങളുടെ പകല്‍വെളിച്ചത്തില്‍ ജീവിച്ചുകൊണ്ട് ശാരീരികമായ ദുര്‍മേദസ്സുകളെ അഴിച്ചുമാറ്റാനും മനോവൈകല്യങ്ങളെയും അന്തരാത്മാവിലെ മാലിന്യങ്ങളെയും കഴുകിക്കളഞ്ഞ് ധ്യാന ധന്യരാവാനും കഴിയണം. അതിനാണ് വ്രതാനുഷ്ടാനം നമ്മെ ശക്തിപ്പെടുത്തുന്നത്. അത് മൗലികമൂല്യങ്ങളെ പിഴുതെറിയുകയല്ല, വിമലീകരിക്കുകയാണ്. നിയന്ത്രണമില്ലാതെ ലക്ഷ്യം തെറ്റി ഓടുന്ന മനസ്സിന് കടിഞ്ഞാണിടുകയാണ് കഠിനമായ ആത്മനിയന്ത്രണത്തിലൂടെ വ്രതാനുസാരി ചെയ്യുന്നത്. ശരീരത്തിന്റെ ഇഛകള്‍ക്കെതിരെ ആര്‍ജിച്ചെടുക്കുന്ന ആ വിജയമാണ് ഏറ്റവും പ്രാധാന്യമാവുന്നത്.
ശത്രുക്കള്‍ക്കെതിരെ യുദ്ധം ജയിച്ച് വരുന്ന തന്റെ സഖാക്കളോട് പ്രവാചകര്‍ നടത്തിയ, ‘നിങ്ങള്‍ യുദ്ധം ജയിച്ചുവരികയാണല്ലേ എങ്കില്‍ ഏറ്റവും വലിയ യുദ്ധം (ജിഹാദുല്‍ അക്ബര്‍) ഇപ്പോഴും ശേഷിക്കുന്നു’ എന്ന പ്രാക്തന വചസ് നമുക്ക് പാഠമാണ്. ശരീരത്തിന്റെ ഇഛകള്‍ക്കെതിരെയുള്ള അധമമായ കാമവിചാരങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് തിരുദൂതര്‍ ഉദ്ദേശിച്ച ജിഹാദുല്‍ അക്ബര്‍. ഈ ജിഹാദുല്‍ അക്ബറിന്റെ നിര്‍വഹണ വേദിയത്രെ ശഹ്‌റു റമളാന്‍. ഏറ്റവും മുന്തിയ വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ മുന്നിലുണ്ടാവുമ്പോഴും കണ്ണിറുക്കിയടച്ച് വിശപ്പിനെ ഉപാസിക്കുക, മധുര പാനീയങ്ങള്‍ യഥേഷ്ടം പാനം ചെയ്യാനുള്ള അവസരം ഉണ്ടായിട്ടും ദാഹമൂര്‍ഛയെ വരിക്കാന്‍ സര്‍വ്വാത്മനാ തയ്യാറാവുക, അതിശക്തമായ പ്രലോഭനങ്ങളുടെ പ്രകോപനങ്ങള്‍ ഉണ്ടായിട്ടും ഒരു വിരാഗിയെപ്പോലെ പ്രണയിനിയില്‍ നിന്ന് അകന്ന് നില്‍ക്കുക, ഏറെ സാഹചര്യങ്ങള്‍ പ്രേരിപ്പിച്ചിട്ടും പൊളിവാക്കുരയുകയോ വ്യാജം ചെയ്യുകയോ ചെയ്യാതിരിക്കുക… വ്രതത്തിലൂടെ ഒരാള്‍ ആര്‍ജിക്കുന്ന ഈ ആത്മസംസ്‌കരണമല്ലാതെ മറ്റെന്താണ് ജിഹാദുല്‍ അക്ബര്‍. അതെ, ശഹ്‌റുറമളാനില്‍ ജയിക്കുന്നവര്‍ ജിഹാദുല്‍ അക്ബര്‍ ജയിച്ചവര്‍ മാത്രം!

posted on 2016 June 9

മതപ്രബോധനം നടത്തേണ്ടതാര്?



● ഡോ. സഈദ് റമളാൻ ബൂത്വി
ഇസ്‌ലാമിക പ്രബോധനം മതത്തിന്റെ ആഴമേറിയ ജ്ഞാനത്തിലേക്കും സൂക്ഷ്മതയിലേക്കുമുള്ള ആവശ്യകത അടിവരയിടുന്നു. ദേഹേച്ഛക്ക് വശംവദരായും അറിവില്ലായ്മയിലകപ്പെട്ടും എത്രയധികം മതപ്രബോധകരാണ് നിർബന്ധമായും അനുധാവനം ചെയ്യേണ്ട തെളിഞ്ഞ പാതയിൽ നിന്നു വ്യതിചലിക്കുന്നത്.
അതുകൊണ്ടുതന്നെ ആധുനികകാല പ്രതിസന്ധികളുടെ സ്വഭാവത്തെക്കുറിച്ചും സാമൂഹ്യ മൂല്യത്തിൽ വിശ്വസിച്ച് മതജീവിതം നയിക്കുന്നതിനെക്കുറിച്ചും നിസ്വാർത്ഥരായ മതപ്രബോധകർക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. പ്രബോധനം സാർത്ഥകമാകാൻ ചില നിബന്ധനകളുണ്ട്.
പ്രബോധകനിൽ യഥാർത്ഥ ഇസ്‌ലാം രൂഢമൂലമാകുകയാണ് പ്രഥമമായി വേണ്ടത്. ഇതിന്റെ അനിവാര്യത മനസ്സിലാകുന്ന ഒരാൾക്കും തന്റെ പക്കലില്ലാത്ത ഒന്ന് പകർന്ന് നൽകാനാകില്ല. ഇസ്‌ലാമിന്റെ നിയമങ്ങളും മര്യാദകളും അനുധാവനം ചെയ്യാത്ത വിശ്വാസിയും ഇതൊക്കെ അനുധാവനം ചെയ്യുന്നുണ്ടെങ്കിൽ കൂടി അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിക്കാതിരിക്കുന്ന വിശ്വാസിയും ഇതിൽ നിന്ന് ഗുണപാഠം കണ്ടെത്തേണ്ടതുണ്ട്. മുസ്‌ലിമായ ഒരു വ്യക്തി സ്വന്തം മതത്തിന്റെ നിയമങ്ങൾക്കും മര്യാദകൾക്കും വഴിപ്പെടുകയും അത് അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടാകുന്നതിന്റെയും മറ്റുള്ളവർക്ക് പ്രബോധനം ചെയ്യുന്നതിന് ഉണർവ് നൽകുന്നതിന്റെയും അടിസ്ഥാന പ്രേരണ ഒന്നു തന്നെയാണ്.
പ്രബോധന മേഖലയിൽ വ്യാപൃതനായ ഉത്സാഹം നിറഞ്ഞ ഒരു മനുഷ്യൻ സ്വന്തം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവനാണെങ്കിൽ അവൻ പ്രബോധനം നടത്തുന്നതിൽ ഔത്സുക്യം കാണിക്കുന്നതിന്റെ പ്രേരണ മറ്റുപലതുമായിരിക്കും. ഇലാഹിയ്യായ ആധാരങ്ങളല്ല യഥാർത്ഥത്തിൽ അവനെ വഴിനടത്തുക. വിചിത്രമായ ഇത്തരമൊരു ഔത്സുക്യത്തിന് പ്രേരിപ്പിച്ചേക്കാവുന്ന ഘടകങ്ങൾ വിവിധങ്ങളാണ്. ഈ ആവേശമൊക്കെ ചിലപ്പോൾ ശരീരത്തിന് നല്ല ആരോഗ്യമുള്ള സമയത്തും ദേഹേച്ഛക്ക് വഴിപ്പെടുന്ന മറ്റു സമയങ്ങളിലും ഇല്ലാതെയാവും. ഇത്തരമൊരു പ്രബോധനോദ്യമത്തിൽ ആരും ഒരു ഫലവും നേടുകയില്ല.
ഈയൊരു ദഅ്‌വ പരിസരത്തിൽ നാം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടത് യഥാർത്ഥ ഇസ്‌ലാമിന്റെ സ്വത്വത്തെ കുറിച്ചാണ്. ഇസ്‌ലാം മറ്റു മതങ്ങളെ ഭയപ്പെടുത്തുന്ന ഒരു പ്രത്യയശാസ്ത്രമാണോ അതോ ഇതര സംഘടനകളോട് കിടപിടിക്കുന്ന സംഘടനയാണോ? അതല്ല പരസ്പരം വിഘടിച്ചുനിൽക്കുന്ന വലതുപക്ഷമോ ഇടതുപക്ഷമോ ആണോ? ഇവയൊന്നുമല്ല എന്നതാണ് ഉത്തരം. മറിച്ച് ഇസ്‌ലാമെന്നത് ആ പദം വിളിച്ചറിയിക്കുന്നതു പോലെ ആരാധ്യനായ അല്ലാഹുവിന് മുമ്പിലുള്ള പൂർണമായ കീഴൊതുങ്ങലാണ്. അവന്റെ കൽപനകൾക്കും നിരോധങ്ങൾക്കും അനുസരണ കാണിക്കലാണ്.
ഹൃദയത്തിൽ രൂഢമൂലമാകേണ്ട പൂർണമായ വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനശില. എന്നാൽ, ഹൃദയത്തിനുള്ള വിശ്വാസ ബലം ഇച്ഛകളിൽ നിന്നും ദുഷിച്ച സ്വഭാവങ്ങളിൽ നിന്നും ബന്ധം വിച്ഛേദിക്കുക വഴിയല്ലാതെ നടക്കുകയില്ല. ഈ ആത്മ സംസ്‌കരണത്തെക്കുറിച്ചാണ് ഖുർആൻ ഇങ്ങനെ പരാമർശിക്കുന്നത്: ‘നിശ്ചയം ഹൃദയത്തെ തിന്മകളിൽ നിന്നു ശുദ്ധീകരിച്ചവർ വിജയം പുൽകിയിരിക്കുന്നു. ഹൃദയാന്തരാളങ്ങളിൽ തിന്മ മറച്ചുപിടിച്ചവൻ നാശമടയുകയും ചെയ്തിരിക്കുന്നു’ (സൂറത്തുശ്ശംസ്). ഒരാൾ ആത്മാവിനെ സംസ്‌കരിക്കുന്നത് നിശ്ചയം അവനു വേണ്ടിത്തന്നെയാണ്. മടക്കം അല്ലാഹുവിലേക്കാണ് (സൂറത്തുൽ ഫാതിർ). സ്വച്ഛമായ ഹൃദയവുമായി കടന്നുവന്നവനല്ലാതെ സന്താനവും സമ്പത്തും ഉപകാരം ചെയ്യാത്ത ദിനമാണത് (സൂറത്തുശ്ശുഅറാഅ്). ഇതു തയൊണ് റസൂൽ(സ്വ)യുടെ വാക്കിന്റെ പൊരുളും: ‘അറിയണം നിങ്ങൾ, നിങ്ങളുടെ ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നാകുന്ന പക്ഷം ശരീരം മുഴുവനും നന്നാവുന്നു. അതു ചീത്തയാകുന്ന പക്ഷം ശരീരം മുഴുവനും ദുഷിക്കുകയും ചെയ്യുന്നു. നിശ്ചയം അത് ഹൃദയമാണ്.’
ഓരോ മുസ്‌ലിമിലും ഉണ്ടായിരിക്കേണ്ടത് ഹൃദയത്തിലാകെയും വ്യാപിച്ചു കിടക്കുന്ന തെളിഞ്ഞ വിശ്വാസമാണ്. ഈ വിശ്വാസമാണ് ഇസ്‌ലാമിന്റെ ജീവനാഡി. ഇതു തന്നെയാണതിന്റെ ശ്വസനവായുവും ജീവിതോപാധിയും. ഈ വിശ്വാസത്തിനു ഭംഗം വരാതെ സംശുദ്ധമായി നിലനിർത്താൻ അല്ലാവിന്റെ കൽപനകൾക്ക് വഴിപ്പെടുന്നത് വഴി മനുഷ്യന് സാധ്യമാകുന്നു. ഇതിനായി ഓരോ മുസ്‌ലിമിൽ നിന്നുമുണ്ടാവേണ്ടത് ഐഹിക ലോകത്തോടുള്ള ഭ്രമത്തിൽ നിന്നുള്ള മോചനവും കഠിനാധ്വാനവും അതുവഴി വിശുദ്ധിയുടെ ഉത്തുംഗത്തിലേക്ക് സ്ഥാനാരോഹണം ചെയ്യപ്പെടലുമാണ്. പുണ്യപ്രവാചകർ(സ്വ) പറഞ്ഞതുപോലെ ‘അങ്ങനെയാവുമ്പോൾ തെറ്റുകൾക്ക് പ്രേരിപ്പിക്കുന്ന മനസ്സിന്റെ ചാപല്യങ്ങൾ സ്വാധീനം ചെലുത്താത്ത അവസ്ഥയിലേക്ക് എത്തിച്ചേരും. അവന്റെ ഹൃദയം പടച്ചവനെക്കുറിച്ചുള്ള ചിന്ത മാത്രം വെളിപ്പെടുന്ന തിളങ്ങുന്ന കണ്ണാടിയായി രൂപാന്തരപ്പെടും. ഈ ഹൃദയത്തിന്റെ ഉടമ പടച്ചവനെ ആരാധിക്കുകയും അവന്റെ ഹൃദയത്തിൽ റബ്ബിനെക്കുറിച്ചുള്ള വിചാരങ്ങൾ സജീവമാവുകയും ചെയ്യുന്ന പക്ഷം അവൻ അല്ലാഹുവിനെ കാണുന്നത് പോലെയാണ്. ഈ വെളിപാടിനെ ആത്മാവിന്റെ ചപലതകളോ ദേഹേച്ഛകളോ ഐഹികമായ ഭ്രമങ്ങളോ തടഞ്ഞുനിർത്തുകയില്ല.’
മുസ്‌ലിം ജീവിക്കുന്നതും ജനങ്ങളെ പ്രബോധനം ചെയ്യുന്നതും ഈ മതത്തിനു വേണ്ടിയാണ്. ഈ മതം മറ്റു മതപ്രസ്ഥാനങ്ങളെപ്പോലെ ഒരു കേവല പ്രസ്ഥാനമാണെന്ന ധാരണ പാടില്ല. ഇതര മതങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ബാഹ്യമായ നിലനിൽപ്പ് മാത്രമേയുള്ളൂ.
ഇസ്‌ലാം മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ പൊതിഞ്ഞുനിന്ന് പരന്നൊഴുകുന്ന പ്രകാശമാണ്. അത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് തുടങ്ങി അംഗങ്ങളുടെ പ്രകടഭാഗങ്ങൾ വരെ വിസ്തൃതമായിക്കിടക്കുന്നു. ഖുർആൻ ഓർമപ്പെടുത്തുന്നത് നോക്കുക: ‘നബിയേ നിങ്ങൾ പറഞ്ഞുകൊടുക്കണം, എന്റെ നിസ്‌കാരവും ആരാധനകളും ജീവിതം തന്നെയും പ്രപഞ്ചനാഥനായ അല്ലാഹുവിന് വേണ്ടിയാണ്. അവന് പങ്കുകാരില്ല. ഈ ഏകദൈവ വിശ്വാസം കൊണ്ട് ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. ഞാനാണ് ആദ്യമായി അവന് വഴിപ്പെടുന്നവൻ.’
പ്രസ്തുത യാഥാർത്ഥ്യങ്ങളുള്ള ഇസ്‌ലാമാണ് ഓരോ മുസ്‌ലിമിലും രൂഢമൂലമാകേണ്ടത്. അതുതന്നെയാണ് ഓരോ പ്രബോധകനും അനുവർത്തിക്കേണ്ടതും.
ഇസ്‌ലാമിക ബോധനം ആദ്യമായി മുസ്‌ലിംകളുടെ ജീവിതത്തിലാണ് സക്രിയമായി വേരു പിടിക്കേണ്ടത്. അതുവഴി അവർ ഈ സൽസരണിയിൽ ലയിച്ചു ചേരുകയും സ്വജീവിതത്തിൽ ഇസ്‌ലാമിക സംസ്‌കാരവും മൂല്യങ്ങളും വേരുറക്കുകയും ചെയ്യുന്നു. ഈ സന്മാർഗികളുടെ ജീവിതം ഇതര മത പ്രസ്ഥാനങ്ങളുടെ പ്രശ്‌ന കാലുഷ്യങ്ങളെയും ഇരുളടഞ്ഞ ചക്രവാളങ്ങളെയും ഭേദിക്കും. അത് ഇസ്‌ലാമിന്റെ ആന്തരിക യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാൻ വഴി വെക്കുകയും ശേഷം അതിനെ ജീവിതത്തിൽ പുൽകാൻ ഉത്സാഹിപ്പിക്കുകയും ചെയ്യും.
അശക്തരാണെന്നോ മറ്റോ ന്യായീകരണം പറഞ്ഞ് ജീവിതം നന്നാക്കാതെയും ഇസ്‌ലാമിക ജീവിതം അനുവർത്തിക്കാതെയും മറ്റുള്ളവരെ അല്ലാഹുവിലേക്ക് ക്ഷണിക്കാനും ഇസ്‌ലാം കൊണ്ട് മാർഗദർശനം നൽകാനും ഒരുമ്പെടുന്നത് തികഞ്ഞ അപരാധമാണ്. കാരണം ഈ മതത്തെ കുറിച്ചുള്ള അജ്ഞതയേക്കാളുപരി മുസ്‌ലിംകളുടെ പരിതാപകരമായ അവസ്ഥാ വിശേഷമാണ് അവരെ ഈ സത്യ മതത്തെ തൊട്ട് ഒരു പരിധിവരെ അകറ്റുക.
ഇന്ന് മുസ്‌ലിംകൾ അനുഭവിക്കുന്ന ദാരുണമായ അവസ്ഥാവിശേഷത്തിന് പ്രതിവിധി ആത്മസംസ്‌കരണമാണ്. തങ്ങളുടെ പരിതാവസ്ഥയെക്കുറിച്ച് ആത്മവിചിന്തനം സാധ്യമാക്കുന്നതിലുപരി യൂറോപ്പിന്റെയും അമേരിക്കയുടെയും വിശാലദേശങ്ങളിലും ആഫ്രിക്കയുടെ നിബിഢതകളിലും ഇസ്‌ലാം അനുഭവിക്കുന്ന പ്രതിസന്ധികളെ ഓർത്ത് കരയുന്ന പ്രവണതയാണ് ഇന്ന് കാണുന്നത്. ഇവയുടെ അനന്തരഫലം നാം നേരിടുന്ന യഥാർത്ഥ പ്രതിസന്ധികൾ അവഗണിക്കപ്പെടുകയും നമ്മുടെ കഴിവ് സക്രിയമല്ലാത്ത രീതികളിൽ പാഴാക്കിക്കളയുകയും ചെയ്യൽ മാത്രമായിരിക്കും.
മത പ്രബോധനം വിശ്വാസി ബാധ്യതയാണ്. എന്നാൽ അതിന്റെ മര്യാദകൾ അടക്കമുള്ള ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചു പ്രബോധകന് പൂർണബോധ്യമുണ്ടാകണം. പ്രബോധനത്തിന് ചില പ്രത്യേക പക്ഷം ചേർന്നുള്ള അളവുകോലുകൾ മാനദണ്ഡമായി സ്വീകരിക്കുവാനും പാടില്ല. അല്ലാഹുവിലേക്ക് മാത്രമായി ക്ഷണിക്കുന്നു എന്ന വാദമുന്നയിക്കുകയും പക്ഷപാത സ്വഭാവം പ്രബോധനത്തിൽ പുലർത്തുകയും ചെയ്യുന്നത് ശരിയല്ല. മതം ലളിതമാണ്. പ്രബോധനവും ലളിതമാവണം. സുവാർത്തയറിയിക്കൂ, വെറുപ്പിക്കല്ലേ എന്നാണ് വിശുദ്ധവാക്യം.
പകര്‍ത്തിയത്: സുന്നിവോയ്സ്, 2016 ഏപ്രില്‍16

വർത്തമാനത്തിന്‍റെ വൃത്താന്തം *

ഞാൻ കണ്ട സഹസ്രം കിനാക്കളിൽ
പ്രഭാവം പുലർത്തി വാണായിരം മോഹങ്ങളിൽ
ഇരുളിന്റെ ഘന രൂപങ്ങളെ ഭേദിച്ച്
ദിവ്യശോഭയുടെ വെള്ളിക്കീറുകൾ പകർന്നത്
പുകമഞ്ഞിന്റെ ധവളിമ മാത്രമാണെന്നറിയുമ്പോൾ
ഉലക മൊട്ടാകെ ചുറ്റും നിലക്കാതെ കറങ്ങുന്നു.
സ്വന്തം വാലുതേടിയലഞ്ഞ ശ്വാനനെപ്പോലെ ഞാൻ.
ഉരുകിത്തീർന്ന മെഴുകിന്റെ ഇത്തിരി വെട്ടത്തിൽ
ചിറകു കരിഞ്ഞു വീണ ഈയ്യാംപാറ്റ ഞാൻ.
മഥിച്ചു നിന്നൊരായിരം ഭാവനകളിൽ
വിശുദ്ധ സിംഹാസനത്തിൻ നിഴലെന്ന പൂതി
കാലമിടിച്ചു വീഴ്ത്തിയ ചിതൽപ്പുറ്റായി മാറവെ
ഹൃദ്യമെന്ന ഹങ്കരിച്ചീ താളുകളിൽ
കോറിയിട്ട വരികളെന്നെ പല്ലിളിക്കുമ്പോൾ
നീറി നീറിപ്പിടയുമീ ഭഗ്നന്റെ ലീലകൾ
വിശുദ്ധ തേജസിൽ രമിക്കുമെന്നോർത്ത്
സദയം ക്ഷമിച്ചിടുക, മനസേ-
യീ ജൻമ മഭിശപ്തമാവാതിരിക്കാൻ നീ തുണ
കണ്ണീരിന്റെ പുകമറയിൽ കണ്ട
കയ്ക്കുന്നായിരമായിരം കിനാക്കളും
വിഷാദം വിതുമ്പിയ പകലോന്റെ
ശോഭയിൽ മുങ്ങിയ വേദനകളും
ദിവ്യസ്നേഹ പ്രഭയിൽ ജ്വലിച്ചടങ്ങിയ
നൂറു നൂറായിരം ചിന്തകളും
ക്രോധത്തിൽ ചുട്ടെടുത്ത പാഴ്വാക്കുകളുടെ
മനസുപൊള്ളിക്കുന്ന ബർണറിൽ വീഴുമ്പോൾ
ഭഗ്നനായി നിർവിഘ്നം തുടർന്നീ-
യഭ്യാസത്തെ യെന്തു പേർ വിളിക്കും ഞാൻ .
* മാർച്ച് 6, 2005 ന് എഴുതിയത്
posted on 2016, June 12 at 6:04am