ഹിജ്റ രണ്ടാമാണ്ട് റമളാന്‍ പതിനേഴിനാണ് യുദ്ധം നടന്നത്. പതിനാലു പേരാണ് യുദ്ധത്തില്‍ ശഹീദായത്. മുഹാജിറുകളില്‍ നിന്ന് ആറും അന്സ്വാറുകളില്‍ നിന്ന് എട്ടും. ഈയിടെ ബദ്ര്‍ രണാങ്കണം സന്ദര്ശി ച്ചിരുന്നു. അവിടെ ശുഹദാഇന്‍റെ നാമം എഴുതിവെച്ചിട്ടുണ്ട്.
മുഹാജിറുകളില്‍ നിന്ന് ഉമൈര്‍ ബിന്‍ അബീവഖാസ്, ഉബൈദതുബ്നുല്‍ ഹാരിസ്, ദുശ്ശിമാലൈന്‍, ആഖിലു ബ്നുല്‍ ബുകൈര്‍, മഹ്ജഅ്, സ്വഫ്വാന്‍ ബിന്‍ ബൈളാഅ് എന്നിവരാണ് ശഹീദായത്. ചില ചരിത്രകാരന്മാര്‍ മറ്റു ചില പേരുകളും പറയുന്നുണ്ട്.
ഹാരിസ ബിന്സുറാഖ, സഅ്ദ്ബിന്ഖൈസമ, മുബശ്ശിര്‍ ബ്ന്‍ അബ്ദില്‍ മുന്‍ദിര്‍, യസീദ്ബിന്ഹാരിസ്, ഉമൈര്‍ ബ്നുല്‍ ഹമാം, റാഫിഉ ബ്നുല്‍ മുഅല്ലാ, ഔഫ്ബിന്ഹാരിസ്, മുഅവ്വിദ്ബിന്ഹാരിസ് എന്നിവരാണ് അന്സ്വാറുകളായ ശുഹദാക്കള്‍.
ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഉമൈര്‍ ബിന്‍ അബീ വഖാസ്(റ) ആയിരുന്നു. പതിനാറ് വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രായം. തിരുനബി സ്വ. ബദ്റിലേക്ക് പുറപ്പെടാനുള്ള സംഘത്തെ തയ്യാറാക്കുകയാണ്. കൂട്ടത്തിലൊരാള്‍ തന്‍റെ കണ്ണില്‍ പെടാതെ ഒളിഞ്ഞു നില്ക്കുന്നത് അവിടത്തെ ശ്രദ്ധയില്‍പെട്ടു. ഉമൈറായിരുന്നു അത്. കുട്ടികളാണെന്ന് തോന്നിയാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും തിരിച്ചയക്കപ്പെടുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. പക്ഷേ, രക്തസാക്ഷിയാവാനുള്ള അടങ്ങാത്ത മോഹം ഉമൈറിനെ പിന്തിരിപ്പിച്ചില്ല. അദ്ദേഹത്തെ തിരിച്ചറിഞ്ഞ മുത്തുനബി മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഉമൈര്‍ പൊട്ടിക്കരഞ്ഞു. ഉമൈറിന്‍റെ ആവേശവും ആത്മഅര്‍ത്ഥയും മനസ്സിലാക്കിയ തിരുമേനി അവസാനം സമ്മതം മൂളുകയായിരുന്നു.
ബദ്റിലെ ആദ്യത്തെ രക്തസാക്ഷി ഹാരിസ ബിന്‍ സുറാഖയാണ്. അദ്ദേഹം ശഹീദായ വാര്‍ത്ത കേട്ട് അവരുടെ മാതാവ് റബീഅ തിരുനബിയുടെ സമീപത്ത് ഓടിയെത്തി: "നബിയേ...! ഞാന്‍ എന്‍റെ പുത്രനെ എത്രയധികം സ്നേഹിക്കുന്നുവെന്ന് അങ്ങേക്കറിയാമല്ലോ. അവന്‍ മരിച്ചു വീണിരിക്കുന്നു. അവന്‍ ഇതോടെ സ്വര്‍ഗാവകാശിയായിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്നായി അവനെ അര്‍പ്പിക്കാനായതില്‍ എനിക്ക് സന്തോഷമേയുള്ളൂ. അല്ലാത്തപക്ഷം, ഞാന്‍ ചെയ്യാന്‍ പോകുന്നത് താങ്കള്‍ കാണേണ്ടിവരും."
മുത്തുനബി പ്രതികരിച്ചു: "സ്വര്‍ഗം ഒന്നല്ല, പലതാണ്. അവയില്‍ ഏറ്റവും ഉന്നതമായ ഫിര്‍ദൌസിലാണ് ഹാരിസയുടെ സ്ഥാനം."
അത് കേട്ട ആ ധീരമാതാവ് സന്തോഷത്തോടെ തിരിച്ചുപോയി, അവരുടെ നയനങ്ങള്‍ സന്തോഷാശ്രു പൊഴിക്കുന്നുണ്ടായിരുന്നു
"ശഹീദായവര്‍ക്കെല്ലാം ഇറയ്ഹന്നാനെ
ശറഫാല്‍ വഴങ്ങ് നിന്‍ രിള മന്നാനെ
വഹബാല്‍ തുലയ്ക്ക് എന്‍റെ മുറാദും ദയ്നാ
ഒക്കാ ബിഹഖിഹിം ഉനയ്ക്കുള്‍ ഔനാല്‍"